ആർച്ച ആരോമൽ. (Street Light fb group)
എനിക്കുമുൻപിലെ കസേരകളിലൊന്നിൽ തലകുനിച്ചിരിക്കുകയായിരുന്നവൾ, അമൃത.
അച്ഛന്റെ അമ്മു.
കരയുകയാണവൾ,
കരയട്ടെ.
ഈ ലോകത്തവളേറ്റവും സ്നേഹിക്കുന്നത് അവളുടെ അച്ഛനെയാണെന്നെനിക്കറിയാം. ജീവിതത്തിനും മരണത്തിനുമിടയിൽ ഒരു തുലാസിലെന്ന പോലെ ആ ജീവൻ ആടിയുലയുമ്പോൾ ആശ്വാസവാക്കുകൾക്ക് പ്രസക്തിയില്ല. സങ്കടങ്ങൾ ഒരു കുത്തൊഴുക്കിലെന്നവണ്ണം ഒലിച്ചു പോകട്ടെ.
അവളെത്തന്നെ നോക്കിയിരുന്നു ഞാൻ. എന്റെ കൈകളിൽ മുറുകെപ്പിടിച്ചിരുന്ന ആ കൈവിരലുകൾ അയയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. ഒടുവിൽ തലയുയർത്തുമ്പോൾ, ചുവന്നുകലങ്ങിയ കണ്ണുകളിൽ കണ്ണീർ വറ്റിയിരുന്നു. പകരമൊരു തിളക്കം ഞാൻ ആ കണ്ണുകളിൽ കണ്ടു.
ദൃഢസ്വരത്തിൽ അവൾ പറഞ്ഞുതുടങ്ങി.
“ഞാൻ തീരുമാനിച്ചു മാഡം. അച്ഛനെ രക്ഷിക്കാൻ എനിക്കേ കഴിയൂ. ഞാൻ അതു ചെയ്യും”
“അമൃത,
മോളുടെ മനസ്സെനിക്ക് മനസ്സിലാവുന്നുണ്ട്. അച്ഛനോടുള്ള സ്നേഹവും.
പക്ഷേ, വികാരത്തിന്റെ പുറത്ത് എടുക്കേണ്ട ഒരു തീരുമാനമല്ലിത്.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, കേരളത്തിൽ തന്നെ വിരളമായേ നടന്നിട്ടുള്ളൂ. വൃക്കമാറ്റിവയ്ക്കൽ പോലെയല്ല, ഇവിടെ കരൾദാതാവിനും സങ്കീർണ്ണതകൾ ഏറെയാണ്. കൂടാതെ അദ്ദേഹത്തിന്റെ പൊതുവായ ആരോഗ്യം, അതും തീർത്തും മോശമായ അവസ്ഥയിൽ…” ഞാൻ പറഞ്ഞുനിർത്തി.
“പിന്നെ,..
പിന്നെ ഞാനെന്തു ചെയ്യണം?
മാഡം പറയൂ.
അറിഞ്ഞു കൊണ്ട് അച്ഛനെ മരണത്തിനു വിട്ടുകൊടുക്കാൻ എനിക്കാവില്ല. ഞാൻ മരിച്ചാലും സാരമില്ല, എനിക്കെന്റച്ഛനെ രക്ഷിക്കണം” അവൾ തേങ്ങി.
“മോൾ അമ്മയോടുകൂടി ആലോചിച്ചിട്ട് ഉചിതമായ തീരുമാനം എടുക്കൂ.” അവളെ ചിന്തകൾക്കൊപ്പമലയാൻ വിട്ട് ഞാൻ പതിയെ പുറത്തേക്ക് നടന്നു.
അമൃത, അവളെ ആദ്യം കണ്ട ദിവസം ഞാനിന്നു മോർക്കുന്നു.
“അമൃത രാജ്‌കുമാർ” അഡ്മിഷൻ ലിസ്റ്റിലെ പേരുറക്കെ വിളിച്ചുപറഞ്ഞപ്പോൾ, ഒരു രാജകുമാരിയെപ്പോലെയാണവൾ അകത്തു പ്രവേശിച്ചത്. കുസൃതിനിറഞ്ഞ വെള്ളാരംകണ്ണുകളാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. പിന്നെയാ ചിരി. മുട്ടോളമെത്തുന്ന തലമുടി. സ്വർണ്ണവർണ്ണം. ഒരു നിമിഷം കൊണ്ടു തന്നെയവൾ ആ ഹാളിലുള്ളവരുടെയെല്ലാം ശ്രദ്ധാകേന്ദ്രമായി.
“അമ്മൂ…
ആ അഡ്മിറ്റ് കാർഡെടുക്ക്”
അതെ, അമ്മുവെന്നാണയാളവളെ വിളിച്ചത് . സുമുഖനായ ഒരു മധ്യവയസ്ക്കൻ. അമ്മുവിന്റെ അച്ഛൻ.
പാഠ്യ പാഠ്യേതര വിഷയങ്ങളിൽ മികവു പുലർത്തുക വഴി വളരെപ്പെട്ടെന്നാണവൾ കോളേജിലെല്ലാവർക്കും പ്രിയങ്കരിയായ് മാറിയത്.
സന്തോഷങ്ങൾക്കല്ലെങ്കിലും അൽപ്പായുസ്സാവുമല്ലോ.
ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് അമ്മുവിന്റെ അച്ഛൻ ആശുപത്രിയിലായി. പ്രൊഫഷണൽ കോഴ്സിന്റെ ഭാരിച്ച ചിലവും കുടുംബനാഥന്റെ രോഗാവസ്ഥയും കുടുംബത്തെയൊട്ടാതെ തളർത്തി. കരൾ മാറ്റിവച്ചാലല്ലാതെ അദ്ദേഹത്തെ രക്ഷിക്കാൻ ഒരു മാർഗ്ഗവുമില്ലെന്ന് ഡോക്ടർമാർ തീർത്തുപറഞ്ഞു.
ആഴ്ചകൾ നീണ്ട ടെസ്റ്റുകൾക്കൊടുവിൽ അമ്മുവാകും ദാതാവാകാൻ ഏറ്റവും അനുയോജ്യയെന്ന് ഡോക്‌ടർമാർ വിലയിരുത്തി. കുട്ടിയുടെ പഠിത്തം, ഭാവിജീവിതം എല്ലാം പറഞ്ഞ് ഏവരുമെതിർത്തെങ്കിലും അവൾ തന്റെ തീരുമാനത്തിലുറച്ചു നിന്നു. ഓപ്പറേഷനാകുന്ന ഭാരിച്ച തുക കണ്ടെത്തലായിരുന്നു അടുത്ത കടമ്പ.
ഇന്ന്,
കേരള ആരോഗ്യ സർവ്വകലാശാലയിലെ പ്രൗഢഗംഭീര വേദിയിൽ ബിരുദദാനച്ചടങ്ങ് നടക്കുകയാണ്.
എം.ബി.ബി.എസിന് ഒന്നാം റാങ്ക് അമൃത രാജ് കുമാർ. അനൗൺസ് മെന്റ് മുഴങ്ങിയപ്പോൾ അവൾ പതിയെ വേദിയിലേക്ക് കടന്നുവന്നു. പഴയ പ്രസരിപ്പോടെ. ഗവർണറുടെ കൈയിൽ നിന്നും അവൾ സ്വർണ്ണ മെഡലേറ്റു വാങ്ങവേ, സന്തോഷാശ്രുക്കളാൽ കാഴ്ച്ച മങ്ങുന്നത് ഞാനറിഞ്ഞു.
മറുപടി പ്രസംഗത്തിൽ അമൃത പറഞ്ഞു.
” എന്റെ ഈ നേട്ടം കാണാൻ
എനിക്കച്ഛനെ, ജീവനോടെ വേണമായിരുന്നു”
വാർദ്ധക്യത്തിൽ മാതാപിതാക്കൾ ഒരു ശാപമായ്ക്കരുതുന്ന അനേകർക്കൊരു പ്രഹരമെന്ന പോൽ, അവളുടെ ശബ്ദം ചുമരുകളിൽ തട്ടി പ്രതിധ്വനിച്ചുകൊണ്ടിരുന്നു.