Sunday, May 25, 2025
HomeSTORIESകുള്‍പ്പ മിയാ കുള്‍പ്പ .

കുള്‍പ്പ മിയാ കുള്‍പ്പ .

ശ്രീ കുമാർ ഭാസ്കരൻ.

ലിന്‍സി. അതായിരുന്നു അവളുടെ പേര്. കാണാൻ യാതൊരു വർഗ്ഗത്തും ഉള്ള പെണ്ണായിരുന്നില്ല. എന്നിട്ടും അവൾ സാം അണ്ണന്റെ മാനസസരസ്സിലെ അരയന്നമായി.
ഞങ്ങള്‍ താമസിക്കുന്ന വീടിന് മുന്നിൽ റെയിൽവേ ട്രാക്കാണ്. അതിനുമപ്പുറം ചേരി പോലെ കുറെ വീടുകളും കടകളും. അതിനു മുന്നിൽ ഗ്രാന്‍ഡ്‌ ട്രങ്ക് റോഡ്. ഇതായിരുന്നു ഞങ്ങളുടെ താമസസ്ഥലത്തിന്റെ ഒരേകദേശ രൂപം.
ട്രാക്കിന് അപ്പുറത്തുള്ള ചെറുവീടുകളിൽ പത്തു മുപ്പത് കുടുംബങ്ങൾ താമസിച്ചിരുന്നു. ഒരു ചേരി പോലെ. അവിടെയാണ് ലിൻസിയും അവളുടെ കുടുംബവും താമസിച്ചിരുന്നത്. അവളുടെ കുടുംബത്തില്‍ ആരൊക്കെ ഉണ്ട് എന്നെനിക്കറിയില്ല. ഞാന്‍ അവളെയും അവളുടെ അനുജത്തിയേയും മാത്രമേ കണ്ടിട്ടുള്ളു. അവര്‍ രണ്ടു പേരും ഞങ്ങളുടെ താമസ സ്ഥലത്ത് വരുമായിരുന്നു. കാരണം അവിടെ ശാന്തി ഉണ്ടായിരുന്നു.
ശാന്തി നേപ്പാളിയാണ്. അതിസുന്ദരി. ചില കലണ്ടറുകളിൽ കാണുന്ന ചൈനീസ് സുന്ദരിമാരെ വെല്ലുന്ന സൗന്ദര്യം. ഞങ്ങൾ താമസിച്ചിരുന്ന വീടിൻറെ ഒരുമുറി അവർക്ക് കൊടുത്തിരിക്കുകയായിരുന്നു. ഒരു മുറി എങ്കിലും അല്പം വലുത്. അതിൽ ചെറുതല്ലാത്ത ഒരു കുടുംബം. ശാന്തി, അവരുടെ അമ്മായിയമ്മ, ഭർത്താവ്, പിന്നെ രണ്ടു കുട്ടികൾ, സോനു, മോനു.
ലിൻസിക്ക് ഏകദേശം ഇരുപത്തിയേഴു വയസ്സ് കുറയാതെ കാണും. വലിയ വിദ്യാഭ്യാസമില്ല. സ്കൂൾ പഠനം കടന്നുകൂടിയ മട്ടില്ല. ഏകദേശം അഞ്ച് അടി മാത്രം പൊക്കം. ഇരുനിറത്തിലും കൂടുതല്‍ കറുത്ത നിറം. മുഖശ്രീ ഒട്ടുമില്ല. ഒട്ടിയ കവിളുകള്‍. ചെമ്പിച്ച എലിവാലിനെ അനുസ്മരിപ്പിക്കുന്ന മുടി. മുഖത്ത് എപ്പോഴും ഒരു ക്രൗര്യം തെളിഞ്ഞു നില്‍ക്കും. ആരോടൊക്കെയോ ഉള്ള വെറുപ്പുപോലെ. പോരാഞ്ഞ് അല്പം മുന്നോട്ടു കുനിഞ്ഞു കുലുങ്ങിയുള്ള നടത്തം. ഒറ്റ നോട്ടത്തില്‍ ഒരുമാതിരി കുട്ടിഗ്ഗോറില്ലയാണെന്നു തോന്നും. നടപ്പു കണ്ടാൽ.
ലിൻസിക്ക് ഒരു അനുജത്തിയുണ്ട്. എനിക്ക് അവളുടെ പേരറിയില്ല. പക്ഷെ പേരറിയേണ്ട ഒരു കഥാപാത്രമാണ്. ഒരൊത്ത പെണ്ണ്. ചാരസുന്ദരി മാതാഹാരിയുടെ പുനരവതാരം എന്ന് വേണേല്‍ പറയാം. നല്ല വെളുപ്പ് നിറം. കാണാൻ ആകര്‍ഷകമായ മുഖം. മനോഹരമായ ചിരി. പ്രായത്തിൽ കഴിഞ്ഞ ശരീരവളർച്ച. ആരും ഒന്നു നോക്കിപ്പോകുന്ന രൂപം. ‘സെക്സി’ എന്ന ഒറ്റപ്പദംകൊണ്ടവളെ വിശേഷിപ്പിക്കാം. വിലാസലോല നടപ്പാണവളുടേത്. അവളും സ്കൂൾ കടന്നിട്ടില്ല. ഏകദേശം ഇരുപത്തിരണ്ടു വയസ്സ് വരും. അവള്‍ക്കു ഈ കഥയില്‍ വലിയ റോള്‍ ഇല്ലെങ്കിലും ഒരു ചെറിയ റോള്‍ അവള്‍ക്കും ഉണ്ട്. മനോജിനെ ഞെട്ടിച്ച റോള്‍. അത് മനോജ്‌ എന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ.
ലിന്‍സിയും അനുജത്തിയും വല്ലപ്പോഴും ശാന്തിയെ കാണാൻ വരും. കുശലം പറഞ്ഞിരിക്കും. കുറെ കഴിഞ്ഞ് പോകും. അവർ ചിലപ്പോൾ ഞങ്ങളുടെ ബോർ വെല്ലില്‍ നിന്നും വെള്ളം എടുക്കാൻ വരും. സാധാരണ അവർ ജി. ടി റോഡിൻറെ സൈഡിലുള്ള പൊതു ടാപ്പിൽ നിന്നാണ് വെള്ളം എടുക്കാറ്.
ഒരിക്കൽ, പി. ജി. യ്ക്ക് നഷ്ട്ടപ്പെട്ട ബാക്ക്പേപ്പർ എഴുതിയെടുക്കാന്‍ നാട്ടില്‍ നിന്നും വന്ന മനോജ്, അത്യപൂര്‍വ്വമായ ഒരു കാഴ്ച കണ്ടു. ലിന്‍സിയുടെ അനുജത്തി അരയിൽ രണ്ടറ്റവും കൂട്ടിമുട്ടാത്ത ഒരു ചെറിയ ടവ്വൽ മാത്രം ചുറ്റി ബോർവെല്ലിന് അടുത്ത് നിന്ന് കുളിക്കുന്നു. ഒരു മറയുമില്ലാതെ. പകല്‍ പതിനൊന്നു മണിക്ക്. ഞങ്ങൾ കോളേജിൽ പോയ സമയം. അവിടെ ആരും ഉണ്ടാവില്ല എന്ന് അവൾ കരുതിക്കാണും. പക്ഷേ മനോജ് അവിടെ ഉണ്ടായിരുന്നു. മനോജ് ഒരാഴ്ചയെ അവിടെ കാണുകയുള്ളൂ. അതിനുള്ളില്‍ പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിപ്പോകും.
റെഗുലര്‍ പരീക്ഷയിൽ ഒരു പേപ്പർ നഷ്ടപ്പെട്ടാൽ, ആ പേപ്പർ പിന്നീട് അടുത്തവർഷം ബാക്ക് പേപ്പർ ആയിട്ട് എഴുതിയെടുക്കാം. അങ്ങനെ പലപ്പോഴും ആളുകൾ നാട്ടിൽ നിന്നും വരാറുണ്ട്. ആ സമയത്ത് അവർ താമസിക്കുന്നത് ഞങ്ങളുടെ കൂടെയാണ്. പുറത്ത് റൂമെടുത്ത് താമസിച്ചാൽ ഉണ്ടാകുന്ന വലിയ പണച്ചിലവ് ഒഴിവാക്കാൻ സാധിക്കും. പരമാവധി ഒന്നോ രണ്ടോ ആഴ്ച ഞങ്ങളുടെ കൂടെ താമസിച്ചു പരീക്ഷ എഴുതിപ്പോകുന്ന പി. ജി. ക്കാരും എൽ. എൽ. ബി. ക്കാരും അന്ന് ഉണ്ടായിരുന്നു. അവര്‍ക്ക് താമസവും ഭക്ഷണവും ഒക്കെ ഞങ്ങള്‍ കൊടുക്കും.
അങ്ങനെ ഒരു ബാക്ക് പേപ്പര്‍ എഴുതാന്‍ എത്തിയതാണ് മനോജ്‌. പുറത്ത് ബോർവെൽ അടിക്കുന്ന ശബ്ദം കേട്ട് അടുക്കളയുടെ ജനലിന്‍റെ വിടവിലൂടെ നോക്കുമ്പോൾ അവൻ കണ്ടതാണ് ഈ ഞെട്ടിക്കുന്ന കാഴ്ച. ഇൻറർനെറ്റിന്റെ അതിപ്രസരമില്ലാത്ത തൊണ്ണൂറുകളില്‍ ഇതൊരു ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു.
പ്രാരംഭത്തിൽ വല്ലപ്പോഴും വെള്ളമെടുക്കാൻ എത്തിയിരുന്ന ലിൻസി, പിന്നീട് മിക്കവാറും എത്തിത്തുടങ്ങി. വെള്ളമല്ലേ ആർക്കും ചേതമില്ലാത്ത ഉപകാരമല്ലേ എന്നു കരുതി നമ്മൾ ആ വരവ് വിലക്കിയില്ല. ലിൻസിയുടെ വെള്ളമെടുക്കാനുള്ള വരവ് സാം അണ്ണന്റെ മനസ്സിനെ ഇളക്കി. അതൊരു തുടക്കമായിരുന്നു. ഒരു വിചിത്ര പ്രണയത്തിൻറെ തുടക്കം.
ഹിന്ദി അത്യാവശ്യം നന്നായി അറിയാം സാമണ്ണന്. അണ്ണന്‍ കാൺപൂരില്‍ത്തന്നെ പി. ജി. കഴിഞ്ഞ് ഗവേഷകനായി തുടരുകയാണ്. ആറു വർഷമായി അണ്ണന്‍ അവിടെയുണ്ട്. ശാന്തി മിക്കവാറും സംസാരിക്കുന്നത് അണ്ണനോട് മാത്രമാണ്. അതിന് രണ്ടു കാരണങ്ങളാണ്. ഒന്ന് ഭാഷ. രണ്ട് ദീർഘകാലത്തെ പരിചയം.
അണ്ണന്റെ ഗൈഡ് ഡോക്ടർ പി. കെ. ബാജ്പേയ് ആയിരുന്നു. പ്രഭാത് കുമാർ ബാജ്പേയ്. ദയാനന്ദ ആഗ്ലോ വേദിക് കോളേജിലെ എണ്ണപ്പെട്ട ഒരു അദ്ധ്യാപകനായിരുന്നു അദ്ദേഹം. മറ്റ് പലരുടേയും സ്റ്റുഡൻസിനെ കോ-ഗൈഡ് ചെയ്തിരുന്നത് ബാജ്പേയ് ആയിരുന്നു. അദ്ദേഹത്തിന് ഏകദേശം ആറരയടി പൊക്കവും നൂറ്റി മുപ്പത്തിയാറ് കിലോ തൂക്കവും നല്ല പവൻ നിറവും ആയിരുന്നു. ബാജ്പേയിക്ക് ഏകദേശം അമ്പത് വയസ്സ് ഉണ്ടായിരുന്നു. കണ്ടാൽ തന്നെ ബഹുമാനം തോന്നുന്ന രൂപം. അല്പം കുലുങ്ങി കുലുങ്ങിയാണ് നടപ്പ്. എന്നും കോളേജിൽ എത്തിയിരുന്നത് പഴയ ഒരു ബജാജ് സ്കൂട്ടറില്‍ ആയിരുന്നു. ബാജ്പേയ് സ്കൂട്ടറിൽ ഇരുന്നാൽ പിന്നെ സ്കൂട്ടറിന്റെ ഹാൻഡിൽ മാത്രമേ കാണുകയുള്ളൂ.
ഡോക്ടർ പി. കെ. ബാജ്പേയ് ഒരു സഹൃദയൻ, സ്നേഹവാൻ, പണ്ഡിതൻ, പരോപകാരി, നല്ല ഒന്നാന്തരം മദ്യപാനി ഒക്കെ ആയിരുന്നു. ഒരു ഇരിപ്പിന് ഒരു ഫുൾ കാലിയാക്കും. പിന്നെ ഒന്നും സംഭവിക്കാത്ത പോലെ കൂളായി സ്കൂട്ടർ ഓടിച്ചു പോകും. ഇന്നേവരെ ഒരു അപകടവും ഉണ്ടാക്കിയ ചരിത്രമില്ല. ഇത്ര തിരക്കേറിയ കാൺപൂർ നഗരത്തിലും.
പ്രൊഫസർ ബാജ്പേയി ഒരു കഥാപാത്രമാണ്. അല്ലെങ്കിൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ പറ്റിയ ഒരു പാഠപുസ്തകം. ഡിഗ്രിക്ക് അദ്ദേഹത്തിന് കഷ്ട്ടിച്ചു ഒരു സെക്കന്റ്‌ ക്ലാസ്സെ ഉണ്ടായിരുന്നുള്ളൂ. പി. ജിക്ക് അല്പം ഉയർന്ന സെക്കന്റ് ക്ലാസ്. അതുകഴിഞ്ഞാൽ, കൃത്യമായി പറഞ്ഞാൽ ഗവേഷണ കാലഘട്ടത്തിലാണ് ബാജ്പേയിയുടെ പ്രതിഭ മിന്നിയത്. നാലു മണിക്കൂറാണ് പി. എച്ച്. ഡി. വൈവായ്ക്ക് ബാജ്പേയിയെ എക്സ്റ്റെര്‍ണല്‍സ് ഇരുത്തി പൊരിച്ചത്. പക്ഷേ അവർ പരാജയപ്പെട്ടു. ഒരു ചോദ്യത്തിൽ പോലും ബാജ്പേയിയെ വെള്ളം കുടിപ്പിക്കാൻ അവർക്ക് സാധിച്ചില്ല. കൃത്യമായി എല്ലാത്തിനും ഉത്തരം പറഞ്ഞു. ഒന്നിനും തെറ്റിയില്ല. അങ്ങനെ നാലു മണിക്കൂർ. പ്രതിഭ മിന്നിയ നാലുമണിക്കൂർ. പിന്നീട് ആ കോളേജിൽ തന്നെ അദ്ദേഹം അധ്യാപകനായി. സ്വന്തം പ്രൊഫസറുടെ മകളെ വിവാഹം കഴിച്ചു. ഞാൻ പഠിക്കുമ്പോൾ ജന്തുശാസ്ത്ര വിഭാഗം മേധാവി പ്രൊഫസര്‍ ത്രിപാഠിയാണ്. വാജ്പേയിയുടെ ഭാര്യാ പിതാവ്. കൂടാതെ അദ്ദേഹത്തിൻറെ അധ്യാപകനും. അങ്ങനെ അമ്മായിയപ്പനും മരുമോനും ഒരേ ഡിപ്പാർട്ട്മെന്റില്‍ ഒന്നിച്ച് വർക്ക് ചെയ്തു.
പലപ്പോഴും ഞങ്ങളുടെ താമസ സ്ഥലത്ത് ബാജ്പേയ് വരും. മദ്യപിക്കാൻ മാത്രമായിട്ടുള്ള വരവാണ്. അണ്ണൻ ഒരു ഫുൾ ബോട്ടിൽ കരുതിവയ്ക്കും. കൂടെ സമൂസയും. അവിടെ വന്നാൽ കുറെ നേരം ബാജ്പേയ് സര്‍ സംസാരിച്ചിരിക്കും. അദ്ദേഹം എന്റെയും അദ്ധ്യാപകനാണ്. ഞാനും അദ്ദേഹത്തിന്റെ ഒരു സ്റ്റുഡന്റാണ്. ഫിഷറീസ് സ്റ്റുഡൻറ്. പക്ഷെ എന്തെന്നറിയില്ല ഒരിക്കലും എൻറെ മുന്നിൽ വെച്ച് ബാജ്പേയി സര്‍ മദ്യപിച്ചിരുന്നില്ല. എന്നോട് അദ്ദേഹം സംസാരിക്കും. സംസാരം നീണ്ടു പോയാൽ, അണ്ണൻ കണ്ണ് കാണിക്കും. ഞാൻ നയപരമായി ടെറസിലേക്ക് പോകും. പിന്നെ അകത്ത് ആഘോഷമാണ്.
മദ്യപിക്കുമ്പോൾ സര്‍ അണ്ണനെ ഒരു വിദ്യാർത്ഥി എന്ന നിലയ്ക്കല്ല ഒരു കമ്പനി അല്ലെങ്കില്‍ കൂട്ടുകാരൻ എന്ന നിലയ്ക്കാണ് കരുതുക. ഒരു ഫുൾ ബോട്ടിൽ തീരുന്ന തുവരെ അദ്ദേഹം പറയുന്നത് അദ്ദേഹത്തിൻറെ പ്രണയകഥകൾ ആയിരിക്കും. എന്നും ഒരേ കഥ. അത് തന്നെ പതിവ്. പ്രണയകഥകളുടെ സ്ഥിരമായ ആവർത്തനം. പിന്നെ കയറ്റുകട്ടിൽ പുറത്തെ മാവിൻചുവട്ടില്‍ എടുത്തിട്ട് അല്പം ഉറക്കം. ഉറക്കം കഴിഞ്ഞ് എണീറ്റാൽ അണ്ണനോട് യാത്ര പറഞ്ഞു പിരിയും. സ്കൂട്ടറിന്റെ ശബ്ദം അകന്നു പോകുമ്പോൾ മാത്രമേ ഞാൻ ടെറസിൽ നിന്നും താഴെയിറങ്ങു. ഒരു വിചിത്ര ഗുരു-ശിഷ്യ ബന്ധമായിരുന്നു അണ്ണനും സാറും തമ്മില്‍.

ഭാഷാപരമായ പിടിപാടുകൊണ്ട് ശാന്തി മിക്കവാറും സംസാരിക്കുന്നത് അണ്ണനോടാണ്. എനിക്ക് ഹിന്ദിഭാഷ വഴങ്ങില്ല. പ്രാരംഭത്തില്‍ ഒരിക്കല്‍ ശാന്തി വന്ന് എന്നോട് എന്തോ പറഞ്ഞു. എനിക്കൊന്നും മനസ്സിലായില്ല. അതുകൊണ്ട് വെറുതെ ഒന്ന് ചിരിച്ചു. ശാന്തിക്ക് തോന്നി എനിക്ക് ഹിന്ദി അറിയാമെന്ന്. പിന്നെ കുറെ നേരം എന്തൊക്കെയോ പറഞ്ഞു. ശാന്തി എന്നിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു എന്ന് എനിക്ക് തോന്നുമ്പോള്‍ ഞാൻ വെറുതെ ചെറുതായി ചിരിക്കും. അതിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടുകൊണ്ട് ശാന്തി ആവേശത്തോടെ സംസാരിച്ചുകേറി. സംസാരം ഏതാണ്ട് അര മണിക്കൂര്‍ തുടർന്നപ്പോൾ ഞാൻ പതുക്കെ അകത്തേക്ക് വലിഞ്ഞു. എത്ര സമയമാണ് ഒരു പാവം സ്ത്രീയെ പറ്റിക്കുന്നത്. അവർ പറഞ്ഞ ഒരു വാക്കുപോലും എനിക്ക് മനസ്സിലായില്ല.
പിന്നെ ഞാൻ ബുദ്ധിപരമായി പ്രവർത്തിച്ചു തുടങ്ങി. ശാന്തി വെള്ളമെടുക്കാൻ ബോര്‍വെല്ലിന്റെ അരുകില്‍ വരുന്ന സമയം എനിക്ക് മനസ്സിലായി. ആ സമയം പിന്നാമ്പുറത്തിരിക്കാതിരിക്കാൻ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ശാന്തി വെള്ളമെടുത്തു പോയതിനുശേഷം മാത്രം ഞാൻ പുസ്തകമായി പിന്നാമ്പുറത്തേക്ക് പോകും. പിന്നാമ്പുറത്തെ മാവിന്റെ ചുവട്ടിലായിരുന്നു എന്‍റെ പഠനം നടന്നിരുന്നത്. മുറിക്കകത്ത് നല്ല ചൂടായിരുന്നു.
ഞങ്ങളുടെ വീടിന് പിന്നിൽ ഇഷ്ടിക വിരിച്ച ഒരു മുറ്റമുണ്ട്. പിന്നെ രണ്ടു സെൻറ് സ്ഥലവും. മുറ്റത്തിന്റെ നടുക്കായി ഒരു വലിയ മാവ്. പച്ചയ്ക്കും പുളിയില്ലാത്ത മാങ്ങയാണ് അതിന്‍റേത്. പഴുത്താൽ ചെമ്പഴുക്കാ നിറവും കിനിഞ്ഞിറങ്ങുന്ന മധുരവുമാണ്. അതിൻറെ ചുവട്ടിൽ ഒരു സിമൻറ് ബെഞ്ച്‌ ഉണ്ട്. അതിൽ ഉച്ചസമയങ്ങളിൽ ഇരുന്നാൽ നല്ല തണലും കാറ്റുമാണ്. മിക്കവാറും എൻറെ വായന അവിടെ ഇരുന്നാണ്. മാവ് കൂടാതെ ഒരു വലിയ പേരമരം രണ്ട് പപ്പായ ഒരു നീർമാതളം. ഇത്രയും വൃക്ഷങ്ങളാണ് അവിടെയുള്ളത്.
ഒരിക്കൽ നാട്ടിൽ നിന്നും കപ്പയുടെ ഏതാനം കമ്പ് മുറിച്ച് ഞാന്‍ അവിടെ കൊണ്ടു വന്നു നട്ടു. അത്ഭുതപ്പെടുത്തുന്ന വളർച്ചയായിരുന്നു കപ്പയുടേത്. എന്തായാലും ഞാൻ പി. ജി പരീക്ഷ കഴിഞ്ഞ് നാട്ടിലെത്തിയതിനു ശേഷമാണ് അണ്ണന്‍ അത് പറിച്ചു നോക്കിയത്. എല്ലാ കപ്പയിലും ചൂലുപോലെ ഒരു മീറ്റർ നീളം വേരുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു കിഴങ്ങ് പോലും കിട്ടിയില്ല എന്ന് അണ്ണൻ പിന്നീട് എന്നെ കത്ത് മുഖാന്തരം അറിയിച്ചു. എനിക്ക് അത്ഭുതം തോന്നി. ഇത്ര വളർച്ച ഉണ്ടായിട്ടും. മണ്ണിൻറെ പ്രത്യേകതയാവും.
ശാന്തിയുമായുള്ള അണ്ണന്റെ സൗഹൃദസംഭാഷണങ്ങളില്‍ പതുക്കെ ലിൻസിയും കൂട്ടായി. ശാന്തി സാധാരണഗതിയിൽ റൂമിനു പുറത്ത് അങ്ങനെ ഇറങ്ങാറില്ല. കാരണം തൊട്ട് മുന്നിലുള്ള ട്രാക്കിൽക്കൂടി ട്രെയിൻ അധികം വേഗതയില്ലാതെയാണ് പാസ് ചെയ്യുന്നത്. മിക്കവാറും കൽക്കരി ട്രെയിൻ ആണ്. ട്രെയിന്റെ അകത്തുള്ളതിനെക്കാളും കൂടുതൽ ആളുകള്‍ പുറത്തായിരിക്കും ഉണ്ടാവുക. ഒരു വലിയ ജനക്കൂട്ടം തന്നെ മുകളില്‍ ഉണ്ടാകും. ഒരാൾ പോലും ടിക്കറ്റ് എടുക്കാറില്ല. ആരും ടിക്കറ്റ് അന്വേഷിക്കാറുമില്ല. നാട്ടുകാരുടെ ഒരു സായാഹ്ന സവാരി വാഹനമാണ് മിക്കവാറും അവിടുത്തെ ട്രെയിനുകൾ. അവർ ട്രെയിനിന്‍റെ പുറത്തിരുന്ന് ചീട്ടു കളിക്കും. ആ ഒരു വേഗതയെ ട്രെയിനിന് ഉള്ളൂ. എന്നാൽ ട്രെയിനിന്റെ മുകളിലുള്ള ആളുകൾ ശാന്തിയെ കണ്ടാൽ വലിയ വായില്‍ കൂവും.
എന്തുകൊണ്ടാണ് ശാന്തിയെ ഇങ്ങനെ കൂവുന്നത് എന്ന് ഞാൻ അണ്ണനോട് ഒരിക്കല്‍ ചോദിച്ചപ്പോൾ, അണ്ണൻ സമീപത്തുള്ള വേശ്യാത്തെരുവിന്റെ പേര് പറഞ്ഞു. ആ തെരുവിൽ വേശ്യാവൃത്തി ചെയ്യുന്നത് കൂടുതലും നേപ്പാളി പെൺകുട്ടികളാണ്. വിലയ്ക്ക് വാങ്ങി കൊണ്ടു വരുന്നതും, വിവാഹം കഴിച്ചു കൊണ്ടുവന്നു ചതിച്ച് അവിടെ ആക്കുന്നതും ആയ നേപ്പാളി പെൺകുട്ടികള്‍. അതിസുന്ദരിമാരായ കൊച്ചു നേപ്പാളി പെൺകുട്ടികളാണ് അവിടെ എത്തപ്പെടുന്നത്. ലോകപരിചയമോ, വിദ്ധ്യാഭ്യാസമോ, സമ്പത്തോ ഇല്ലാത്ത പാവം പെണ്‍കുട്ടികള്‍. ആ വർഗ്ഗത്തിൽപെടുന്ന ഒരു സ്ത്രീയോട് കാണിക്കുന്ന പ്രതികരണമാണ് ഈ കൂവൽ. അത് ശാന്തി മൈൻഡ് ചെയ്യാറില്ല.
ശാന്തിയുമായുള്ള അണ്ണന്റെ സൗഹൃദസംഭാഷണങ്ങൾക്ക് പതുക്കെ ലിൻസിയും കൂട്ടായി. ക്രമേണ സംഭാഷണത്തിന്റെ സമയം നീണ്ടു. ഒപ്പം അണ്ണന്റെ പെരുമാറ്റത്തിലും കാര്യമായി മാറ്റമുണ്ടായി. ഗവേഷകനായ അണ്ണൻ ഒരു പത്താം ക്ലാസുകാരനെ തോൽപ്പിക്കുന്ന വിധം തുള്ളിച്ചാടി നടന്നു. എപ്പോഴും. ഗവേഷണത്തിന്റെ ടെൻഷൻ ലെവലേശം ഇല്ല. കൃത്യം അഞ്ചുമണിക്ക് തന്നെ കോളേജിൽ നിന്നും വന്നു തുടങ്ങി. നേരത്തെ ഏഴുമണിക്ക് വന്നുകൊണ്ടിരുന്ന മനുഷ്യനാണ്. വന്നാൽ ഉടൻ ചായയുമായി ടെറസിൽ കയറും. അല്പം കഴിഞ്ഞ് ലിൻസി വെള്ളം എടുക്കാൻ വരും. ഉടന്‍ അണ്ണൻ താഴേക്കിറങ്ങും. ശാന്തിയുടെ മുറിക്ക് മുന്നിൽ അപ്പോൾ ശാന്തിയും ലിൻസിയും നിന്ന് സംസാരിക്കുന്നുണ്ടാവും. അണ്ണൻ അവരോടൊപ്പം കൂടും. ആ ദിനചര്യ മുടക്കമില്ലാത്ത നടന്നുപോയി.
ഒരു ദിവസം അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അണ്ണൻ എന്നോട് ചോദിച്ചു.
“എടൊ ശ്രീ വണ്ണം വെക്കാനുള്ള വഴി എന്താ?”
“അതല്ലേ നമ്മളിപ്പോ ചെയ്തുകൊണ്ടിരിക്കുന്നത്”. ഞാൻ പറഞ്ഞു.
അണ്ണന് ശുണ്ഠിയായി. “അങ്ങനെയല്ല. പെട്ടെന്ന് വണ്ണം വെക്കണം”.
ഞാൻ അണ്ണനെ നോക്കി. മുഖത്ത് ഒരു നൂറ് വാട്ട് ബൾബ് കത്തി നിൽക്കുന്നു. ചെറിയ ഒരു നാണം.
“ഒരു കുപ്പി ബൂസ്റ്റ് വാങ്ങി കഴിച്ചു നോക്ക്.” ഞാന്‍ പറഞ്ഞു.
“അതെനിക്കറിയാം. തന്റെ ഉപദേശം വേണ്ട. വലിയ ചിലവില്ലാത്ത വഴിയാണ് തന്നോട് ചോദിച്ചത്.” അണ്ണന് നീരസമായി.
“ബൂസ്റ്റില്‍ പ്രധാനമായും ഗോതമ്പാണ്. ആട്ടപ്പൊടി നന്നായിരിക്കും”. ഞാൻ പറഞ്ഞു.
“ആട്ടപ്പൊടി എന്ത് ചെയ്യണം”
“അല്പം പാലു വാങ്ങി തിളപ്പിച്ച് അതിൽ രണ്ടു സ്പൂൺ ആട്ടയും ഒരു സ്പൂൺ പഞ്ചസാരയും ഇട്ട് നന്നായി ഇളക്കി കുഴമ്പ് രൂപത്തിലാക്കി ചെറുചൂടോടെ കഴിക്കുക. ഫലമുണ്ടാകും.” ഞാന്‍ പറഞ്ഞു.
അടുത്ത ദിവസം മുതല്‍ അണ്ണന്‍ ആട്ടപ്രയോഗം തുടങ്ങി. ദിവസവും കുറഞ്ഞത് മൂന്നു നേരമെങ്കിലും. ഏതാനും ആഴ്ചകള്‍ക്കുള്ളിൽ അതിൻറെ ചെറിയ ഫലം കണ്ടുതുടങ്ങി. പിന്നെ ആട്ടക്കുഴമ്പായി അണ്ണന്റെ പ്രധാന ഭക്ഷണം.
ഒരിക്കല്‍ അണ്ണന്‍ അദ്ദേഹത്തിൻറെ മുടി നേരെ പുറകോട്ടു ചീകി വെക്കാന്‍ ഒരു ശ്രമം നടത്തി. ഞാനും ശ്രീജിത്തും ഒക്കെ മുടി പുറകോട്ട് ചീകി വെച്ച് നടക്കുകയായിരുന്നു. ഉയരം കുറഞ്ഞ അണ്ണന് ഉയരം അല്പം കൂട്ടാൻ കണ്ട വഴി അതായിരുന്നു. മുടി പുറകോട്ട് ചീകി വെക്കുക. അണ്ണന്‍ അതുവരെ മുടി വശത്തോട്ടു ചീകി ആണ് വെച്ചിരുന്നത്. മുടി പുറകോട്ടാക്കുന്നതിനെപ്പറ്റി അണ്ണന്‍ എന്നോട് ചോദിച്ചു.
“മുടി ആദ്യം ഹീറ്റ് ചെയ്ത് നേരെയാക്കണം. പിന്നീട് പുറകോട്ട് ചീകി വെച്ചാൽ ഇരുന്നോളും.” ഞാൻ ഉപദേശിച്ചു.
പക്ഷെ സമീപത്തെങ്ങും മോഡേൺ ഹെയർ കട്ടിംഗ് സലൂൺ ഇല്ല. ഉള്ളത് നാട്ടുകാരുടെ പട്ടാളക്രോപ്പ് മാത്രം. അതിൻറെ അഞ്ചാറ് കടകൾ റോഡിൻറെ സൈഡിൽ നിരനിരയായിട്ട് ഉണ്ട് താനും. എന്ത് ചെയ്യും. അണ്ണന്‍ തന്നെ അതിനും വഴി കണ്ടെത്തി. വെള്ളം ചൂടാക്കി സ്റ്റീൽ പാത്രത്തിൽ അടച്ചിട്ട് മുടിക്കു മുകളിലൂടെ അമർത്തി മുകളിലോട്ട് തിരുമ്മുക. പക്ഷേ ആ സാഹസം കൊണ്ട് ഫലം കണ്ടില്ല. കുറേ ആഴ്ച മെനകെട്ടതിനു ശേഷം അണ്ണന്‍ ആ പരിപാടി ഉപേക്ഷിച്ചു. പുക വലിക്കുന്ന ശീലം ഉണ്ടായിരുന്നു അണ്ണന്. ചുണ്ട് കറക്കും എന്ന് കരുതി അതും നിർത്തി. അണ്ണൻ ആകെ മാറി.
വീട്ടുമുറ്റത്തുള്ള ശാന്തി ക്ലബ് ദിവസേനയായി. അതിൻറെ ദൈർഘ്യവും കൂടി വന്നു. ആദ്യമൊക്കെ എന്റെ പാചകസംരംഭത്തിന് അണ്ണൻ കാര്യമായി സഹായിക്കുമായിരുന്നു. എന്നാൽ ക്രമേണ അത് കുറഞ്ഞുവന്നു. പിന്നെ തീരെ ഇല്ലാതെയായി. അത്താഴം കഴിക്കാൻ മാത്രം അണ്ണൻ കൂടിത്തുടങ്ങി.
ഒരിക്കല്‍ ലിൻസിയുമൊത്ത് അടുത്തുള്ള പക്ഷി സങ്കേതത്തിൽ അണ്ണനെ കണ്ടതായി ചില ചാരൻമാർ അറിയിച്ചു. അപ്പോഴാണ് അണ്ണൻ എല്ലാ ദിവസവും ഒരുങ്ങിക്കെട്ടി പോകുന്നത് കോളേജിലേക്ക് അല്ല എന്ന സത്യം എനിക്ക് മനസ്സിലായത്. പിന്നെ ലിന്‍സിയുടെ കൂടെ ഭക്ഷണം, കറക്കം, സമ്മാനം കൈമാറൽ, അങ്ങനെ പോയി ആ ബന്ധം. പ്രണയം അണ്ണന്റെ അസ്ഥിക്ക് പിടിച്ചു തുടങ്ങി എന്ന് എനിക്ക് തോന്നി.
ഒരിക്കൽ ഞാന്‍ രാവിലെ എഴുന്നേറ്റ് ടെറസിൽ വന്ന് പ്രഭാതത്തിന്റെ സൗന്ദര്യം ആസ്വദിച്ചു കൊണ്ട് നിൽക്കുമ്പോൾ അല്പം അകലെ ഒരു കാഴ്ച കണ്ടു. അണ്ണൻ ലിൻസിയെ സ്കൂട്ടർ പഠിപ്പിക്കുന്നു. അവിടെ സ്കൂട്ടർ വാടകയ്ക്ക് കിട്ടും. മണിക്കൂർ അടിസ്ഥാനത്തിലാണ് വാടക. ആ പഠിപ്പീര്കലാപരിപാടി ഏതാനം ദിവസം നീണ്ടുനിന്നു. പിന്നീട് ലിൻസി രാത്രി എട്ടുമണിക്ക് വന്ന് അണ്ണനെ വിളിക്കും. അവർ മുറ്റത്ത് ഒരു മണിക്കൂർ ചിലവിടും. അണ്ണന്റെ പ്രണയം കൊടുംപിരി കൊള്ളൂന്നതിന്റെ എല്ലാ ലക്ഷണവും കണ്ടു തുടങ്ങി. മുതിർന്ന ഒരു വ്യക്തിയുടെ വ്യക്തിപരമായ കാര്യം എന്ന നിലയിൽ ഞാൻ അതിനെ അവഗണിച്ചു.
ഒരിക്കൽ രാത്രി അണ്ണൻ വളരെ പരിഭ്രമത്തോടെ മുറിയിലേക്ക് കയറി വന്നു. പിന്നെ ഒന്നും മിണ്ടാതെ ടെറസിലേക്ക് പോയി. അതുവരെ അണ്ണൻ ലിൻസിയുമായി പുറത്തുനിന്ന് സംസാരിക്കുകയായിരുന്നു. അന്ന് അണ്ണൻ അത്താഴം കഴിച്ചില്ല. കിടപ്പ് ടെറസിൽ ആക്കി. അടുത്ത ചില ദിവസങ്ങളിൽ അണ്ണൻ കൃത്യസമയത്ത് കോളേജിൽ പോയി. വൈകുന്നേരങ്ങളില്‍ പതിവുള്ള ലിൻസി മീറ്റിംഗ് നിലച്ചു. ഏതാനും ദിവസം ലിൻസിയെയും ആ പരിസരത്ത് കണ്ടില്ല. ഒന്ന് രണ്ടാഴ്ച കഴിഞ്ഞ് പഴയപോലെ ലിൻസി വൈകുന്നേരങ്ങളിൽ ശാന്തിയുമായി സംസാരം തുടങ്ങി. പക്ഷെ ആ കമ്പനിയിൽ അണ്ണന്‍ ഉണ്ടായിരുന്നില്ല. അണ്ണൻ പതുക്കെ ഒഴിഞ്ഞുമാറി. എന്തു സംഭവിച്ചു എന്ന് എനിക്ക് മനസ്സിലായില്ല. ഞാൻ ചോദിക്കാനും പോയില്ല.
ഒരു ദിവസം വൈകിട്ട് ഞാൻ ടെറസിൽ നിൽക്കുമ്പോൾ അണ്ണൻ അടുത്ത് വന്നു. ഒരു മുഖവുരയും ഇല്ലാതെ പറഞ്ഞു തുടങ്ങി.
“എടോ ആകെ പ്രശ്നമായി”.
“എന്ത്”. ഞാൻ ചോദിച്ചു.
“അവൾ വളരെ സീരിയസ് ആണ്. ഞാൻ കരുതിയതുപോലെയല്ല”. അണ്ണൻ പറഞ്ഞു. ഞാൻ ഒന്നും മിണ്ടിയില്ല. അണ്ണൻ തുടർന്നു.
“ഞങ്ങളിപ്പോൾ സംസാരിക്കാറില്ല”.
“ഞാൻ ശ്രദ്ധിച്ചു” ഞാൻ പറഞ്ഞു.
അല്പം കഴിഞ്ഞ് അണ്ണൻ പറഞ്ഞു. “അന്ന് രാത്രി അവൾ ഒരു ചെമ്പു മോതിരം കൊണ്ടു വന്നിരുന്നു.” അവസാനമായി അവർ സംസാരിച്ചു പിരിഞ്ഞ രാത്രിയെപ്പറ്റിയാണ് അണ്ണൻ പറയുന്നത്.
“ഞാനത് അവളുടെ കൈയ്യില്‍ ഇട്ടു കൊടുക്കണം എന്നവള്‍ എന്നോട് ആവശ്യപ്പെട്ടു. പിന്നെ നിര്‍ബന്ധിച്ചു.”
“അതിനെന്താ ഇട്ടുകൊടുക്കണം”. എനിക്ക് തമാശയാണ് തോന്നിയത്.
“താനെന്താ ഈ പറയുന്നത്. മോതിരം വിരലില്‍ ഇടുക എന്ന് പറഞ്ഞാൽ മന:സമ്മതം അല്ലേ”.
“ആണോ?”
“അതേ. അങ്ങനെ ആയാൽ ഞാൻ അവളെ കെട്ടേണ്ടി വരും. മോതിരം അവൾ എല്ലാവരെയും കൊണ്ടുനടന്നു കാണിക്കും.” അണ്ണൻ തുടർന്നു.
“ഷി ഈസ്‌ വെല്‍ പ്ലാന്‍ഡ്‌”. അണ്ണന്‍ അല്പം നേരം മൂകനായി. പിന്നെപ്പറഞ്ഞു.
“ഞാൻ അങ്ങനെയൊന്നും കരുതിയിട്ടില്ല. അങ്ങനെ ഒരു ഉദ്ദേശ്യവും എനിക്കില്ല. ഒരു ടൈംപാസ് എന്നതിലുപരി ഞാൻ ഒന്നും താൽപര്യപ്പെടുന്നില്ല.” ഞാനൊന്നും മിണ്ടിയില്ല.
അല്പം കഴിഞ്ഞ് അണ്ണൻ പറഞ്ഞു. “ആകെ പ്രശ്നമാകുമെന്ന് തോന്നുന്നു. അവൾ വല്ലാത്ത വാശിയിലാണ്. ബന്ധുക്കളും ഒക്കെയായി വന്ന് ആകെ ചളമാക്കുമോ എന്നൊരു ഭയമുണ്ട്.”
പക്ഷേ അങ്ങനെ ഒന്നും സംഭവിച്ചില്ല. പകരം മറ്റൊന്നാണ് സംഭവിച്ചത്. ഒരു ദിവസം രാത്രി അവൾ വന്ന് അണ്ണനെ വിളിച്ചു. പുറത്തുനിന്ന് അവർ സംസാരിക്കുന്നത് കണ്ടിട്ടാണ് ഞാൻ ടെറസിലേക്ക് പോയത്. താഴെ അവളുടെ ശബ്ദം ഒന്ന് രണ്ട് തവണ ഉച്ചത്തിൽ ആയത് ഞാൻ കേട്ടു. അണ്ണന്റെ ശബ്ദം കേട്ടില്ല. പെട്ടെന്ന് എന്തോ താഴെ വീണ പോലെ ഒരു ശബ്ദം കേട്ടു. അല്പം കഴിഞ്ഞ് അവൾ ചവിട്ടിക്കുതിച്ചു നടന്നു പോകുന്നതും ടെറസിൽ നിന്ന് ഞാൻ കണ്ടു. ഞാൻ താഴേക്ക് വന്നു. അണ്ണൻ ഡൈനിങ് ടേബിളിനരുകില്‍ ഒരു കസേരയിൽ ഇരിപ്പുണ്ട്. കൈമുട്ട് പൊട്ടിയിട്ടുണ്ട്. ഞാനൊന്നും മിണ്ടിയില്ല. അകത്തെ മുറിയിലേക്ക് പോയി. അവിടെ ശ്രീജിത്ത് തെർമോഡൈനാമിക്സിലെ ഒരു പ്രോബ്ലം ചെയ്തു തീർക്കാനുള്ള ബദ്ധപ്പാടിൽ ആയിരുന്നു. പിന്നീട് ലിന്‍സിയെ ഞങ്ങളുടെ വീടിന്റെ പരിസരത്ത് ഞാന്‍ കണ്ടിട്ടില്ല. ശാന്തി ക്ലബ്‌ അങ്ങനെ അവസാനിച്ചു.

അനന്ത വൃത്താന്തം

പി. ജി. ഫൈനൽ എക്സാം കഴിഞ്ഞ് ഞാൻ നാട്ടിലേക്ക് പോന്നു. ഏതാനും മാസങ്ങൾ കഴിഞ്ഞ് അണ്ണൻ തീസീസ് സർവ്വകലാശാലയില്‍ സമർപ്പിച്ചതിനു ശേഷം നാട്ടിലെത്തി. വന്നപാടെ അണ്ണൻ എന്നെ വിളിച്ച് എത്തിയ വിവരം പറഞ്ഞു. ഞാൻ അണ്ണനെ കാണാൻ വീട്ടിലേക്ക് ചെന്നു. ഏറെ നേരം പലതും സംസാരിച്ചു. പലരെപ്പറ്റിയും സംസാരിച്ചു. സംസാരത്തിൽ ലിൻസിയുടെ പേര് വരാതിരിക്കാൻ ഞാനും അണ്ണനും പ്രത്യേകം ശ്രദ്ധിച്ചു.
ഭക്ഷണം കഴിഞ്ഞ് ഞാൻ തിരിച്ചു പോരുമ്പോൾ അണ്ണനും എൻറെ കൂടെ വന്നു. റോഡിലേക്ക് കുറച്ചു ദൂരമുണ്ട്. പെട്ടെന്ന് അപ്രതീക്ഷിതമായി അണ്ണൻ പറഞ്ഞു.
“അവൾ അതുകൊണ്ടും അടങ്ങിയില്ല.”
ലിൻസിയുടെ കാര്യമാണ്, അണ്ണനെ അടിച്ച കാര്യമാണ് പറയുന്നത്. അണ്ണൻ തുടർന്നു.
“എനിക്ക് നേരെ പിന്നീടൊന്നും ഉണ്ടായില്ല. താനും ശ്രീജിത്തും പോയതിനു ശേഷം ഞാൻ ഒറ്റയ്ക്കായിരുന്നുവല്ലോ. അവൾ പിന്നീട് അങ്ങോട്ട് വന്നില്ല. പക്ഷേ…”
അണ്ണൻ ഒന്ന് നിർത്തി. പിന്നെ പതുക്കെപ്പറഞ്ഞു.
“അവൾക്ക് വല്ലാത്ത പകയും പ്രതികാരവും ആയിരുന്നു. ഒരുപക്ഷേ ആത്മനിന്ദയും. ഒരു ദിവസം ഉച്ചയ്ക്ക് അവളുടെ അനുജത്തി നോക്കി നില്‍ക്കെ, തെർമൽ പവ്വർപ്ലാന്റിലേക്ക് കൽക്കരിയുമായി പോയ ഗുഡ്സ് ട്രെയിനിന്റെ ഇടയിലേക്ക് അവൾ നടന്നു കയറി.”
ഞങ്ങൾ നടത്തം നിര്‍ത്തി. അണ്ണന്‍ ദൂരേക്ക് നോക്കി സാവധാനം പറഞ്ഞു.
“ഒരു കുട്ടയിൽ വാരിക്കൂട്ടാനുള്ള മാംസക്കഷണങ്ങളെ കിട്ടിയുള്ളൂ.” ഞാന്‍ നിശ്ശബ്ദം കേട്ടൂ നിന്നു. അല്‍പസമയത്തെ നിശ്ശബ്ദതയ്ക്കു ശേഷം അണ്ണന്‍ എന്നോട് ചോദിച്ചു.
“എനിക്ക് പിഴച്ചോ. എൻറെ പിഴവായിരുന്നോ അത്”.
ഞാനൊന്നും മിണ്ടിയില്ല. ഞാൻ എന്ത് പറയാൻ?.
dr.sreekumarbhaskaran@gmail.com

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments