ശ്രീകുമാർ ഭാസ്കരൻ.
“നോ” അയാൾ അലറി.
ഞാൻ അമ്പരന്നു. പിന്നെ എന്‍റെ കയ്യിലിരുന്ന എയര്‍ഗണ്‍ അയാള്‍ ബലമായി പിടിച്ചു വാങ്ങി.
“ഇത് ലോഡു ചെയ്തിട്ടുള്ളതാണ്. കളിയ്ക്കാന്‍ പറ്റിയ സാധനമല്ല.” സുദേവ് വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു.
“ഇത് എയര്‍ഗണ്‍ അല്ലെ, എന്താണിത്ര പേടിക്കാന്‍”
“അതോ പേടിക്കാനുണ്ട്. അബദ്ധംപറ്റി കൈ ട്രിഗറില്‍ അമര്‍ന്നാല്‍ പിന്നെ നോക്കണ്ട. ഇതിന്റെ ബാരലിന്റെ നീളം കണ്ടോ. ബാരലിന് നല്ല നീളമുള്ളത് കൊണ്ട് ഷൂട്ട് ചെയ്യുമ്പോള്‍ പെല്ലറ്റു നല്ല ഫോഴ്സിലാണ് പുറത്തേക്ക് പായുന്നത്. അടുത്ത് നിന്നാവുമ്പോള്‍ ഒരു ജീവനെടുക്കാന്‍ ഒറ്റ പെല്ലറ്റു ധാരാളം.” അയാള്‍ നിന്ന് കിതയ്ക്കുകയാണ്.
എനിക്ക് അതിശയമാണ് തോന്നിയത്. “നിങ്ങള്‍ കരുതും പോലെ ഞാന്‍ ഒരു കൊച്ചു കുട്ടിയൊന്നുമല്ല.” ഈര്‍ഷ്യയോടെ ഞാന്‍ പറഞ്ഞു.
അതിന് അയാള്‍ മറുപടി പറഞ്ഞില്ല. അയാള്‍ ആ ഗണ്‍ ഭിത്തിയില്‍ അടിച്ചു വെച്ചിരുന്ന ആണിയില്‍ നാല്പത്തഞ്ചു ഡിഗ്രി ആംഗിളില്‍ വളരെ ശ്രദ്ധയോടെ ചരിച്ചു വെച്ചു. എന്നിട്ട് രണ്ടടി പിന്നിലോട്ടു മാറി തല ചരിച്ച് അതിനെ നോക്കി ഇരുപ്പു ശരിയെന്നു ഉറപ്പു വരുത്തി. അയാളുടെ മുഖത്തുനിന്നും ഭയം അപ്പോഴും വിട്ടു മാറിയിരുന്നില്ല.
എന്‍റെ കൈയ്യില്‍നിന്നും അയാള്‍ ഗണ്‍ പിടിച്ചു വാങ്ങിയതില്‍ എനിക്കല്പം അഭിമാന പ്രശ്നം തോന്നി. സുദേവ് എന്‍റെ സുഹൃത്ത് അനൂപിന്റെ അയല്‍ക്കാരനാണ്. ഞാന്‍ അവനെ കാണാന്‍ വന്നതായിരുന്നു. ഈ ഹൈറേഞ്ചില്‍. അവന്‍ കുളിക്കാന്‍ തുടങ്ങുന്നതിനു മുന്‍പ് കുളി കഴിയുന്നത് വരെ സംസാരിച്ചിരിക്കാന്‍ പരിചയപ്പെടുത്തിയതാണ് സുദേവ് എന്ന അവന്റെ അയല്‍ക്കാരനെ.
സുദേവ് ഒരു നല്ല കര്‍ഷകനാണ്. എനിക്കും കൃഷി വളരെ താല്പര്യം ഉള്ള വിഷയമാണ്. അതുകൊണ്ടുകൂടിയാണ് ഞാന്‍ സുദേവിന്റെ വീട്ടിലേക്കു വന്നത്.
“കാട്ടുപന്നികളുടെ ശല്യം വളരെ കൂടുതലുള്ള സ്ഥലമാണിത്. അതിനെ തുരത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ല.” അയാള്‍ തിരിഞ്ഞ് ഒന്നും സംഭിവിക്കാത്തത് പോലെ എന്നോട് പറഞ്ഞു.
“അപകടമാണെന്നറിഞ്ഞു കൊണ്ട് ഗണ്‍ ലോഡു ചെയ്തു വെക്കുന്നത് എന്തിനാണ്. പന്നി വരുമ്പോള്‍ ലോഡു ചെയ്‌താല്‍ പോരെ.” ഞാന്‍ ചോദിച്ചു. ആ ചോദ്യത്തില്‍ അയാളുടെ പ്രവൃത്തിയിലുള്ള എന്‍റെ എല്ലാ അനിഷ്ടവും ഉണ്ടായിരുന്നു. പക്ഷെ അയാള്‍ ആ അനിഷ്ടം വകവെക്കാതെ മറുപടി പറഞ്ഞു.
“അതിനു സമയംകിട്ടി എന്ന് വരില്ല. പന്നിയുടെ ഓട്ടം കണ്ടിട്ടുണ്ടോ. ചെറിയ ശബ്ദം കേട്ടാല്‍പോലും അത് റോക്കറ്റ് പോലെ ഓടിമറയും. ചിലപ്പോള്‍ ഗണ്‍ എടുക്കാനുള്ള സമയംപോലും നമുക്ക് കിട്ടത്തില്ല. അപ്പോള്‍ പിന്നെ ഗണ്‍ എടുത്തിട്ട് ലോഡു ചെയ്യുമ്പോഴേക്കും പന്നിയുടെ പൊടിപോലും ഉണ്ടാവില്ല.” അയാള്‍ പറഞ്ഞു.
അത്രയും അയാള്‍ സംസാരിച്ചപ്പോള്‍ എനിക്ക് അയാളോടുള്ള നീരസം അല്പമൊന്നു കുറഞ്ഞു.
“കഴിഞ്ഞ വര്‍ഷം അഞ്ചുഏക്ര സ്ഥലത്ത് ഏത്തവാഴ വെച്ചതാ. ഓണം കണക്കാക്കി. ഇരുനൂറ്റിപ്പതിനേഴു വാഴയാണ് പന്നി പലപ്പോഴായി കുത്തിമറിച്ചത്. പന്നിക്ക് വാഴമാണം വലിയ ഇഷ്ടമാണ്”.
“കാട്ടുപന്നിയെ വെടി വെക്കുന്നത് നിയമവിരുദ്ധമല്ലേ.”
“അതെ. പക്ഷെ കൃഷിയിടത്ത് വരുന്നതിനെ വെടി വെക്കാന്‍ അനുവാദമുണ്ട്. തിന്നരുതന്നേയുള്ളു. കൊന്നാല്‍ കുഴിച്ചു മൂടണം. അല്ലെങ്കില്‍ കത്തിച്ചു കളയണം.” അയാള്‍ പറഞ്ഞു.
“കൊന്നാല്‍ തിന്നുന്നതിനെന്താ കുഴപ്പം. എന്തായാലും ചത്തില്ലേ.”
“കുഴപ്പം ഉണ്ട്. തിന്നാന്‍ തുടങ്ങിയാല്‍ കാട്ടില്‍ക്കയറി പന്നിയെ വെടിവെച്ചുകൊന്നിട്ട് കൃഷിസ്ഥലത്ത് വന്നതാണെന്ന് പറയും. പന്നിവേട്ട കൂടും. കാട്ടില്‍ കയറി പന്നിയെ വേട്ടയാടിക്കൊല്ലുന്നത് തടയാനാണ് പന്നിമാംസം കഴിക്കുന്നത് കുറ്റകരമാണെന്നു പറയുന്നത്. എല്ലാ കാട്ടുമൃഗങ്ങളും സംരക്ഷിത കാറ്റഗറിയില്‍പ്പെടുന്നതാണ്”. അയാള്‍ വ്യക്തമാക്കി.
അല്പം കഴിഞ്ഞു അയാള്‍ പറഞ്ഞു “ഇവിടെ ഹൈറേഞ്ചിൽ പലരും നാടൻതോക്ക് ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്. നാടൻതോക്ക് ഉണ്ടാക്കുന്നതിൽ ഇവിടുത്തെ കൊല്ലന്മാർ വിദഗ്ധരാണ്. എന്നാൽ ഞാൻ എയർഗൺ മാത്രമേ ഉപയോഗിക്കൂ. ലൈസൻസ് ഉള്ള ഒറിജിനല്‍ തോക്കുകൾ ചില ആളുകളുടെ കൈവശം ഉണ്ട്. മതിയായ കാരണം ഉണ്ടെങ്കിൽ മാത്രമേ തോക്ക് ഉപയോഗിക്കാന്‍ ലൈസൻസ് സർക്കാരിൽ നിന്നും കിട്ടുകയുള്ളൂ. അതിന് നല്ല രാഷ്ട്രീയബന്ധങ്ങൾ വേണം. കൂടാതെ നല്ല സാമ്പത്തികവും വേണം. പിന്നെ ഏതെങ്കിലും വി ഐ പി ഇവിടെ വരുമ്പോള്‍ തോക്ക് പോലീസ് സ്റ്റേഷനില്‍ സറണ്ടര്‍ ചെയ്യണം. അങ്ങനെ പല പൊല്ലാപ്പുകള്‍ ഉണ്ട്. എയർഗണ്ണിന് ലൈസൻസ് ആവശ്യമില്ല. അത് ആളെ കൊല്ലാൻ പര്യാപ്തമല്ല എന്നാണ് വെപ്പ്. എന്നാൽ അതും സുക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അപകടമാണ്.” അയാള്‍ വിശദമായിത്തന്നെ കാര്യങ്ങള്‍ എന്നോട് പറഞ്ഞുകൊണ്ടിരുന്നു.
പക്ഷെ എനിക്ക് അപ്പോഴും മനസ്സിലാകാതിരുന്ന കാര്യം അയാള്‍ അലങ്കാരം പോലെ ഭിത്തിയിൽ ചരിച്ചു വെച്ചിരുന്ന എയർഗൺ ഞാന്‍ എടുത്തപ്പോള്‍ എന്തിനാണ് ഇത്ര വയലന്‍ട് ആയത്. അമ്പരപ്പോടെ ആ തോക്ക് പിടിച്ചുവാങ്ങിയത്. അത് എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ഞാൻ ഒരിക്കൽ പോലും അയാളുടെ നേരെ തോക്ക് ചൂണ്ടിയിരുന്നില്ല. എന്നിട്ടും………
ഞാൻ അല്പം അനിഷ്ടത്തോടെ പുറത്തേക്കിറങ്ങി നടന്നു. അല്പം മുന്നോട്ടു പോയപ്പോൾ അയാൾ എന്നെ വിളിച്ചു.
“ജോൺ ഒന്ന് നിൽക്കൂ”.
അയാൾ അപ്പോഴേക്കും സമചിത്തത കൈവരിച്ചിരുന്നു. അയാളുടെ മുഖത്ത് തികഞ്ഞ സൗഹൃദം തെളിഞ്ഞു കാണാമായിരുന്നു. ഞാൻ നിന്നു. അയാൾ എന്റെ ഒപ്പമെത്തി എന്‍റെ തോളത്ത് കൈവച്ച് മുന്നോട്ടു നടന്നു. ഞങ്ങൾ സമീപത്തുള്ള ചെറിയ ചായക്കടയിൽ നിന്നും നല്ല കടുപ്പത്തിൽ ഓരോ ചായ വാങ്ങിക്കുടിച്ചു.
ഹൈറേഞ്ചിൽ തന്നെ ഉൽപ്പാദിപ്പിക്കുന്ന തേയിലയുടെ രണ്ടാം ഗ്രേഡ് പൊടിയാണ് പ്രാദേശികമായി ചായക്ക് ഉപയോഗിക്കുന്നത്. ഒന്നാം ഗ്രേഡ് സാധാരണ കയറ്റി അയക്കാറാണ് പതിവ്. എന്നാലും ചായക്ക് നല്ല രുചിയും നിറവും ഉണ്ടായിരുന്നു.
“സാധാരണ ഇവിടെ ചായയില്‍ ഏലക്ക ഇടും. അതില്ലാത്തപ്പോള്‍ ഇഞ്ചി ചതച്ച് ചേർത്ത് രുചികൂട്ടി ചായ തരും” അയാൾ പറഞ്ഞു.
എന്തുതന്നെയായാലും നല്ല ഒരു ചായ ആയിരുന്നു അത്. ഞാന്‍ ചായ കുടിക്കുമ്പോള്‍ അയാള്‍ വിദൂരതയിലേക്ക് നോക്കിനിന്ന് സാവധാനം ചായ മൊത്തിക്കുടിക്കുകയായിരുന്നു.
അല്പം കഴിഞ്ഞ് സുദേവ് എന്നോട് പറഞ്ഞു “ഞാനല്പം ഓവറായി അല്ലേ, സോറി മനപ്പൂർവ്വം അല്ല. എനിക്ക് അത്ര സുഖകരമല്ലാത്ത ഒരു ഭൂതകാലം ഉണ്ട്. എൻറെ ജീവിതത്തിൽ സംഭവിക്കാൻ പാടില്ലാത്ത ചില സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആ ഭൂതകാലം നിങ്ങൾക്ക് അറിവില്ല. ഈ പ്രദേശത്തുള്ള ആർക്കും അത് പരിചിതവും അല്ല. ഞാൻ അത് ആരോടും പറഞ്ഞിട്ടില്ല.”
എന്നിട്ട് അയാൾ അല്പം നേരം മൗനം പൂണ്ടു. “ജോൺ ഞാനിവിടെ ഏഴ് വർഷം മുമ്പ് എത്തിയതാണ്. എന്നെ ഈ നാട്ടുകാര്‍ക്ക് കേവലം ഏഴ് വർഷത്തെ പരിചയം മാത്രമേ ഉള്ളൂ. പ്രാരംഭത്തിൽ ഞാനിവിടെ ലീസിന് സ്ഥലം എടുത്ത് വാഴകൃഷി ചെയ്യുകയായിരുന്നു. കുഴപ്പമില്ലാത്ത ലാഭം വാഴകൃഷിയില്‍ ഉണ്ടായിരുന്നു. വാഴക്കുല സാധാരണ ഗതിയിൽ ഇവിടെയുള്ളവർ കമ്പത്തു കൊണ്ടുപോയി വില്‍ക്കുകയായിരുന്നു പതിവ്. കമ്പത്ത് ഇഷ്ടം പോലെ കുലകൾ വന്ന് മറിയാറുണ്ട്. അതുകൊണ്ടുതന്നെ കമ്പത്ത് വാഴക്കുലകൾക്ക് നല്ല വില കിട്ടാറില്ല. പൊതുവേ അവരുടെ കൃഷി റോബസ്റ്റാ വാഴകളാണ്. നേന്ത്രവാഴകൃഷി മലയാളിയുടെ മാത്രം പ്രത്യേകതയാണ്. അതിൻറെ കാരണം ഓണത്തിനും വിവാഹത്തിനും ഒക്കെ ഉപ്പേരി ഏത്തക്കയിൽ ഉണ്ടാക്കുക എന്നുള്ളതാണ് നമ്മുടെ ശീലം”.
അയാള്‍ ഒന്ന് നിര്‍ത്തി. പിന്നെ തുടര്‍ന്നു. “ഞാൻ കമ്പത്ത് കൊണ്ടുപോയിരുന്ന നേന്ത്രക്കുലകള്‍ക്ക് ഉദ്ദേശിച്ച വില കിട്ടുമായിരുന്നില്ല. റോബസ്റ്റാകായയുടെ വില മാത്രമേ അവർ തരുമായിരുന്നുള്ളൂ. അത് എനിക്ക് ആദായകരമായി തോന്നിയില്ല. പിന്നീട് ഞാൻ കുലകൾ ലോഡ് ചെയ്ത് വൈക്കത്ത് കൊണ്ടുപോയി വിറ്റു തുടങ്ങി. വൈക്കത്ത് നല്ല വില ലഭിക്കുമായിരുന്നു. പ്രാരംഭത്തിൽ അഞ്ചേക്കർ സ്ഥലം ലീസിന് എടുത്താണ് കൃഷി തുടങ്ങിയത് എന്ന് ഞാന്‍ പറഞ്ഞുവല്ലോ. ഇപ്പോള്‍ ഏഴേക്കർ സ്ഥലം എനിക്ക് സ്വന്തമായി ഉണ്ട്. ഞാൻ അതിൽ ഏത്തവാഴകൃഷി നടത്തുകയും ചെയ്യുന്നു. ജോൺ ആ തോക്ക് കാണുമ്പോൾ എനിക്ക് ശരിക്കും ഭയമാണ്. എന്നാൽ കൃഷി സംരക്ഷിക്കാൻ തോക്ക് ഇല്ലാതെ പറ്റുകയുമില്ല. ഞാൻ ലൈസൻസ് എടുത്ത് ഒറിജിനൽ തോക്ക് വാങ്ങാതിരിക്കുന്നതിന്റെ കാരണം അതുകൊണ്ട് ഒരു അപകടം ആർക്കും ഉണ്ടാകരുത് എന്ന് കരുതിയിട്ടാണ്.”
അയാൾ അല്പനേരം വിദൂരതയിലേക്ക് നിശബ്ദം നോക്കി നിന്നു. പിന്നീട് തുടർന്നു.
“ഞാൻ ഒരാളുടെ ജീവനെടുത്തിട്ടുണ്ട്.”
“അതെനിക്കറിയാം. ഒരു ലോറി ആക്സിഡൻറ് നിങ്ങൾ ഉണ്ടാക്കിയത് അനൂപ് എന്നോട് പറഞ്ഞിട്ടുണ്ട്”. ഞാൻ പറഞ്ഞു
“പക്ഷേ നടന്നത് ലോറി ആക്സിഡൻറ് ആയിരുന്നില്ല.” അയാൾ എന്നോട് പറഞ്ഞു. “അതൊരു ഗൺഷൂട്ട് ആയിരുന്നു. അബദ്ധം പറ്റി സംഭവിച്ചതാണ്. പക്ഷേ അതിൽ ഒരു ജീവൻ നഷ്ടപ്പെട്ടു.”
അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാൾ എന്നോട് പറഞ്ഞു. “ഞാൻ മുമ്പ് താമസിച്ചിരുന്നത് എൻറെ കുടുംബവീടിന് അടുത്തുതന്നെയാണ്. ഒരു പഴയവീട്. ഒരേക്കർ സ്ഥലത്തോടുകൂടി ഞാന്‍ ആ വീട് വിലയ്ക്ക് വാങ്ങി താമസിക്കുകയായിരുന്നു. ആ വീടിൻറെ സമീപത്തായി ഒരു പാടശേഖരം ഉണ്ട്. പണ്ട് രാജാവിൻറെ കാലഘട്ടത്തിൽ സമീപത്തുള്ള നദിയിൽനിന്ന് ചാലുവെട്ടി പുഞ്ചയിലേക്ക് വെള്ളം എത്തിക്കുമായിരുന്നു. ആ വെള്ളം അവിടെ കെട്ടിക്കിടക്കാതെ താഴേക്ക് ഒരു ചാലുകീറി ഒഴുക്കിക്കളഞ്ഞിരുന്നു. അതൊരു ഒന്‍പതു കിലോമീറ്റർ താഴെ വിശാലമായ മറ്റൊരു പാടശേഖരത്തിലേക്ക് എത്തിച്ചേരും. കാലക്രമത്തിൽ രാജാവ് വെട്ടിയ ചാൽ പലവട്ടത്തെ വെള്ളപ്പൊക്കത്തിൽ വലുതായി. ഇപ്പൊ അതൊരു ചെറിയ നദിയുടെ വലിപ്പമുണ്ട്. നമുക്ക് കാണാം രാജാവ് വെട്ടിയ ചാലിന് മൂന്നു മീറ്റർ വീതിയേ ഉണ്ടായിരുന്നുള്ളു. എന്നാൽ പാടശേഖരത്തിന്റെ മദ്ധ്യത്തിലുള്ള ചാലിന് ഇപ്പോള്‍ നാല്പതു മീറ്റർ വീതി ഉണ്ട്. ഒരു ചെറിയ നദിയുടെ വലിപ്പം. വേനലില്‍ ചാലിന്റെ നടുക്ക് മാത്രമേ വെള്ളം കാണുകയുള്ളൂ. എന്നാല്‍ വര്‍ഷകാലമായാല്‍ അത് കുത്തിയൊഴുകുന്ന നദിയായിമാറും.” അയാള്‍ അല്‍പനേരം എന്തോ ആലോചിച്ചു നിന്നു. പിന്നെപ്പറഞ്ഞു.
“ആദ്യ രണ്ടു മഴ കഴിയുംപോഴേക്കും ചാലില്‍ വെള്ളം നിറഞ്ഞുകവിഞ്ഞ് അത് പാടശേഖരത്തിലേക്ക് കയറും. കുളിക്കാനോ മറ്റോ ആ വെള്ളം ഉപയോഗിക്കാൻ കൊള്ളില്ല. കാരണം ആഫ്രിക്കൻപായൽ ധാരാളമായി അതിൽ വളർന്ന് ചീഞ്ഞളിഞ്ഞ് വെള്ളത്തിന് ഒരു തവിട്ടു നിറമാണ്. എന്നാൽ അതിൽ ധാരാളം മീനുകൾ ഉണ്ട്. വരാലും ചേറുമീനും അങ്ങനെ ധാരാളം. ഈ മീനുകൾ നദിയിൽ സാധാരണ കാണുന്നതല്ല. അല്ലെങ്കിൽ നദിയിൽ സാധാരണ കാണാത്ത വലിയ മീനുകൾ ഈ ചാലിൽ ഉണ്ട്. മഴപെയ്ത് പുതുവെള്ളം നിരക്കുന്ന സമയത്ത് നമ്മള്‍ ചൂണ്ടയിട്ട് മീൻ പിടിക്കുക പതിവാണ്. അങ്ങനെ ഒരിക്കൽ പുതുമഴ രണ്ടെണ്ണം പെയ്തു കഴിഞ്ഞ് അല്പം വെള്ളം ഉയർന്ന് പാടശേഖരത്തിലേക്ക് കയറിയ സമയത്ത് എൻറെ അയൽക്കാരന്‍ സ്റ്റാലിൻ അവിടെ ചൂണ്ടയിടാൻ പോയി. പാടശേഖരത്തിന്‍റെ തിട്ടയ്ക്ക് മൂന്നടി ഉയരമുണ്ട്. അവിടെ ഇരുന്നാണ് എൻറെ അയൽക്കാരൻ ചൂണ്ടയിട്ടിരുന്നത്.
വെള്ളത്തിലെ ചെറു മീനുകളെ കൊത്താന്‍ ധാരാളം കൊക്കുകളും അവിടെ വന്നിരിക്കാറുണ്ട്. അതിനെ വെടിവെക്കാൻ ഞാൻ ഒരു ദിവസം എയര്‍ഗണ്ണുമായിട്ടു പോയി. കൊക്കുകൾ പാടത്തെ ഉയർന്ന വരമ്പിൽ നിരനിരയായി ഇരിക്കുകയായിരുന്നു. ഞാൻ വെള്ളക്കെട്ടില്‍ നിന്നും ഒരു പത്തു മീറ്റർ പിന്നിലേക്ക് മാറി നിൽക്കുകയായിരുന്നു. എൻറെ അയൽക്കാരൻ സ്റ്റാലിന്‍ തിട്ടയില്‍ വെള്ളത്തോട് ചേർന്ന് ഇരുന്ന് മീൻ പിടിക്കുകയായിരുന്നു. ഞാൻ ഗണ്‍ ലോഡ്ചെയ്തു കൊക്കിനെ ലാക്കാക്കി ഷൂട്ട് ചെയ്യുന്ന സമയത്ത് എന്താന്നറിയില്ല എൻറെ കയ്യിൽ ആരോ തട്ടിയ പോലെ എനിക്ക് തോന്നി. തോക്ക് തെന്നിമാറി ചൂണ്ട ഇട്ടു കൊണ്ടിരുന്ന സ്റ്റാലിൻറെ തലയ്ക്ക് പിന്നിൽ പെല്ലറ്റ് തറച്ചു. ആള് ഒരു നിലവിളിയോടെ നിലത്ത് വീണു. ഞാൻ പെട്ടെന്ന് തന്നെ ആളിനെ പൊക്കിയെടുത്ത് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു. കുഴപ്പമാകില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ പെല്ലറ്റ് തലയുടെ പിൻഭാഗത്ത് മെഡുല്ലയിലേക്കാണ് തറച്ചുകയറിയത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആ പറച്ചിലിൽ ഒരു നിരാശയുണ്ടായിരുന്നു. അവര്‍ പെല്ലറ്റ് പുറത്തെടുത്തു. പക്ഷേ ധാരാളം ചോര നഷ്ടപ്പെട്ടു. പെല്ലറ്റ് ഉള്ളിലേക്ക് ഒന്നര ഇഞ്ചിലധികം കടന്നുപോയിരുന്നു. സർജറി വിജയമായിരുന്നു എന്ന് വേണമെങ്കിൽ പറയാം. പക്ഷേ അതിനുശേഷം ഉണ്ടായ ഇൻഫെക്ഷൻ കൊണ്ടാണോ എന്നറിയില്ല മൂന്നാം നാൾ സ്റ്റാലിന്‍ മരിച്ചു.”
അയാള്‍ ഏതാനം നിമിഷം മൂകനായി നിന്നു. പിന്നെ പതിയെപ്പറഞ്ഞു. ”ഞാന്‍ ആ മൂന്നു ദിവസവും സ്റ്റാലിന്റെ കൂടെ ഉണ്ടായിരുന്നു. മരിക്കും മുമ്പ് സ്റ്റാലിന്‍ എന്നോട് പറഞ്ഞത് ‘നീ ഇതിൻറെ അനുഭവിക്കും. നിൻറെ വിധിയും ഇതൊക്കെ തന്നെയായിരിക്കും’ എന്നാണ്. ഒരു ശാപം പോലെ ഒരു പ്രാക്ക് പോലെ. സ്റ്റാലിന്‍ മരിക്കുന്നതുവരെ വിചാരിച്ചിരുന്നത് ഞാനാ മനുഷ്യനെ പിന്നിൽ നിന്നും മന:പൂര്‍വ്വം വെടിവെച്ചു എന്ന് തന്നെയാണ്. എനിക്ക് അബദ്ധം പറ്റിയതാണെന്ന് സ്റ്റാലിന്‍ മരിക്കുന്നതുവരെ വിശ്വസിച്ചിരുന്നില്ല.”
“വീട്ടുകാര്‍ കേസിനു പോയില്ലേ” ഞാന്‍ ചോദിച്ചു.
“പോയി”. അയാള്‍ പറഞ്ഞു. “ആ കേസ് ഒതുക്കിത്തീർക്കാൻ വീട്ടുകാർക്കും പോലീസിനും നല്ലൊരു തുക കൊടുക്കേണ്ടി വന്നു. എനിക്ക് ഒരു ലോറി ഉണ്ടായിരുന്നു. ക്വാറിയിൽനിന്ന് കല്ലുകൾ ലോഡടിച്ച് നല്ല രീതിയിൽ വരുമാനം ഉണ്ടാക്കിക്കൊണ്ടിരുന്ന ഒരു ലോറി. ആ ലോറി എനിക്ക് വില്‍ക്കേണ്ടി വന്നു. എന്നിട്ടാണ് ആ കേസ് ഒതുക്കിത്തീർത്തത്.”
അയാള്‍ ചായ ഒരു കവിള്‍ മൊത്തിക്കുടിച്ചു. പിന്നെപ്പറഞ്ഞു. “പിന്നീട് അവിടെ തുടരാൻ എനിക്ക് മനസ്സ് വന്നില്ല. ഞാനാസ്ഥലം വിറ്റ് ഇങ്ങോട്ടേക്ക് താമസം മാറി.”
അല്പം കഴിഞ്ഞു അയാള്‍ പറഞ്ഞു. “എനിക്ക് ഉറപ്പുണ്ട് ആ ഗണ്ണിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് ആരോ തട്ടിയ പോലെ ഞാൻ ഫീൽ ചെയ്തു. ഉറപ്പാണ് ആരോ തട്ടി. പക്ഷെ ഇതാരോടും പറഞ്ഞാല്‍ വിശ്വസിക്കില്ല. അതിനു ശേഷം ഞാന്‍ ആ ഗണ്‍ ഉപയോഗിച്ചിട്ടില്ല. ലോഡു ചെയ്തു ഭിത്തിയില്‍ വെച്ചിരിക്കുകയാണ്. ജോൺ എനിക്ക് നല്ല ഭയമുണ്ട്. ആ മനുഷ്യൻറെ ശാപം ഫലിക്കുമോ എന്ന ഭയം. അതുകൊണ്ടാണ് ആ ഗൺ എടുത്ത് നീ പരിശോധിച്ചപ്പോൾ ഞാൻ അങ്ങനെ പെരുമാറിയത്. മന:പൂർവ്വമല്ല നിയന്ത്രണം വിട്ടു പോയതാണ്.”
ആ മനുഷ്യൻ ഇത്രയും പറഞ്ഞത് എൻറെ മുഖത്ത് നോക്കാതെയാണ്. എനിക്ക് അതൊരു പുതിയ അറിവായിരുന്നു. ഇങ്ങനെ ഒരു ചരിത്രം ആ മനുഷ്യന് ഉണ്ടന്ന് അറിയില്ലായിരുന്നു. ഒരുപക്ഷെ ആ പ്രദേശത്തുള്ള ആര്‍ക്കും അത് അറിയില്ലായിരിക്കാം. ഒരു പ്രത്യേക സാഹചര്യത്തില്‍ ആ പാവത്തിന് അത് എന്നോട് പറയേണ്ടി വന്നതാണ്.
ഞാൻ ആ മനുഷ്യനെ നോക്കിയിട്ട് പറഞ്ഞു “ഇത് തികച്ചും ഒരു അന്ധവിശ്വാസമാണ്. അങ്ങനെയൊന്നും സംഭവിക്കാന്‍ പോകുന്നില്ല. നിങ്ങള്‍ ഇത്ര ബാലിശമായി ചിന്തിക്കല്ലേ.”
പക്ഷെ അയാള്‍ അതിനുത്തരം പറഞ്ഞില്ല. ഞാന്‍ ചായ കുടിച്ചു തീരുമ്പോഴേക്കും സുദേവ് ചായയുടെ പണം കൊടുത്തിട്ട് എന്നോട് യാത്ര പറഞ്ഞ് പോയിക്കഴിഞ്ഞിരുന്നു.
ഞാന്‍ അനൂപിന്റെ വീട്ടിലെത്തുമ്പോള്‍ അവന്‍ കുളികഴിഞ്ഞ് തയ്യാറാ യിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ ഒരു ചെറിയ ഔട്ടിങ്ങിനു പുറപ്പെട്ടു. അവനാണ് ബൈക്ക് ഓടിച്ചിരുന്നത്. പോകുംവഴി ഞാന്‍ നടന്ന കാര്യങ്ങള്‍ വിശദമായി അവനോടു പറഞ്ഞു.
“ഇത്രയുമാണ് അവിടെ സംഭവിച്ചത്.” ഞാന്‍ പറഞ്ഞവസാനിപ്പിച്ചു.
പക്ഷെ എന്‍റെ സുഹൃത്തിന്റെ മുഖം വളരെ സീരിയസ് ആയിരുന്നു. അവന്‍ പറഞ്ഞു “അയാള്‍ പറയുന്നതില്‍ ചില കാര്യങ്ങള്‍ ഉണ്ടോ എന്ന് എനിക്കും ചില സംശയങ്ങള്‍ ഉണ്ട്.”
“എന്ത് ശാപമോ. നോണ്‍സെന്‍സ്.” ഞാന്‍ അവനെ പരിഹസിച്ചു.
അവന്‍ ശാന്തനായി തുടര്‍ന്നു. “ശാപം എന്ന് പറയുന്നില്ല. എന്നാല്‍ അയാൾ പറഞ്ഞതിൽ കുറെ വസ്തുതയുണ്ടെന്ന് എനിക്ക് തോന്നുകയാണ്. ഇതിന് മുമ്പ് രണ്ടു പ്രാവശ്യം ഇതുപോലുള്ള സംഭവം അയാള്‍ക്ക് നേരെ ഉണ്ടായിട്ടുണ്ട്.” അല്പസമയത്തെ മൌനത്തിനു ശേഷം അവന്‍ പറഞ്ഞു.
“ഒരു പ്രാവശ്യം അയാളുടെ അയൽക്കാരൻ കാട്ടുപന്നിയെ വെടിവെച്ചപ്പോള്‍ കൊണ്ടത് അല്പം അകലെ വാഴക്ക് തടം എടുത്തുകൊണ്ടുനിന്ന അയാളുടെ കാലിനാണ്. ദൂരക്കൂടുതല്‍ ആയിരുന്നതുകൊണ്ട് മുറിവ് സാരമായില്ല. പിന്നീട് ഒരിക്കല്‍ അയാള്‍ കിടന്നുറങ്ങുപ്പോള്‍ വെളുപ്പിനെ കിടപ്പുമുറിയുടെ ജനലിന്‍റെ ചില്ലില്‍ എന്തോ വന്നുകൊണ്ട് ഒരു തുളയുണ്ടായി. ഒരു പെല്ലറ്റിന്റെ വലിപ്പമുള്ള തുള”.
അനൂപ് വളരെ സീരീസ് ആയിട്ടാണ് ഇതൊക്കെ എന്നോട് പറഞ്ഞത്. പക്ഷെ അത് കേട്ടപ്പോള്‍ എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്. ഞാന്‍ അവനോടു പറഞ്ഞു.
“മഹാഭാരതത്തില്‍ ഒരു സംഭവം പറയുന്നുണ്ട്. വനവാസക്കാലത്ത് പാണ്ഡവര്‍ നടന്നു വലഞ്ഞ് ഒരു സ്ഥലത്ത് വിശ്രമിക്കുമ്പോള്‍ കുടിക്കാന്‍ അല്പം വെള്ളം കിട്ടുമോ എന്ന് നോക്കാന്‍ യുധിഷ്ഠിരന്‍ ഭീമനോട് പറഞ്ഞു. ഭീമന്‍ വെള്ളം അന്വേഷിച്ചു പുറപ്പെട്ടു. വെള്ളം കൊണ്ടുവരാന്‍ ഒറ്റയ്ക്ക് പോയ ഭീമന്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചു വരാത്തതുകൊണ്ട് പുറകെ അര്‍ജുനനും, നകുലനും, സഹദേവനും പോയി. ആരും തിരിച്ചു വരാതിരുന്നപ്പോള്‍ അവസാനം യുധിഷ്ഠിരന്‍ അവരെ അന്വേഷിച്ചു പോയി. അല്പം നടന്നപ്പോള്‍ ഒരു താമരപ്പൊയ്ക കണ്ടു. അതിന്റെ തീരത്ത് മരിച്ചു കിടക്കുന്ന തന്റെ സഹോദരന്മാരെയും. പെട്ടെന്ന് യുധിഷ്ഠിരന്‍റെ മുന്നില്‍ ഒരു യക്ഷന്‍ പ്രത്യക്ഷപ്പെട്ടു എന്നിട്ടുപറഞ്ഞു ഞാനാണിവരെ കൊന്നത്. എനിക്കിവരെ ജീവിപ്പിക്കാന്‍ പറ്റും. പക്ഷെ അങ്ങനെ ചെയ്യണമെങ്കില്‍ ഞാന്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എല്ലാം നീ ശരിഉത്തരം പറയണം. ഉത്തരങ്ങള്‍ എല്ലാം ശരിയാണെങ്കില്‍ ഞാന്‍ ഇവരുടെ ജീവന്‍ തിരിച്ചു നല്‍കാം. അങ്ങനെ യക്ഷന്‍ ചോദ്യങ്ങള്‍ ചോദിച്ചു. അതില്‍ ഒരു ചോദ്യം ‘ലോകത്തില്‍ എല്ലാവരും ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് എന്തിനെയാണ്?’ യുധിഷ്ഠിരന്‍ പറഞ്ഞു ‘മരണത്തെ’. ആ ഉത്തരം ശരിയായിരുന്നു.” ഞാന്‍ അവനോടു പറഞ്ഞു.
“മരണഭയമാണ് ഏറ്റവും വലിയ ഭയം. അത് ഭ്രാന്ത് പിടിപ്പിക്കും. മരണഭയത്തില്‍ പെട്ടുഴലുന്ന ഒരു മനുഷ്യന്റെ ജല്പനങ്ങള്‍ എനിക്ക് മനസ്സിലാകും. പക്ഷെ നീയും അങ്ങനെ ചിന്തിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒന്നുമല്ലെങ്കിലും നീയും ഒരു ഇന്‍ജിനീയറിങ്ങ് ബിരുദധാരിയല്ലേ”.
അതിന് അവന്‍ മറുപടി പറഞ്ഞില്ല. പകരം മറ്റൊന്ന് ചോദിച്ചു.
“നീ എന്നാണ് ഖത്തറിലേക്ക് പോകുന്നത്?”
“അടുത്ത വ്യാഴം”
“ഇനി നാല് ദിവസം. ഓക്കേ. ബെസ്റ്റ് ലക്ക്.” എന്‍റെ സുഹൃത്ത് എനിക്ക് കൈ തന്നുപിരിഞ്ഞു.
ഞാന്‍ ആ സംഭവം മറന്നു. ഒരാഴ്ചക്കുള്ളില്‍ ഞാന്‍ ഖത്തറില്‍ എത്തി. സൈറ്റ് ഇന്‍ജിനീയര്‍ ആയി ജോയിന്‍ ചെയ്തു.
തിരക്കിന്റെ ദിനങ്ങള്‍ ആയിരുന്നു പിന്നെ. പുതിയതായി ജോയിന്‍ ചെയ്യുന്ന യുവഇന്‍ജിനീയര്‍മാര്‍ക്ക് വലിയ പണിയാണ്. ഒരു ഇന്‍ജിനീയര്‍ എന്ന നിലക്കല്ല മറിച്ച് ഒരു ഇന്‍ജിനീയറിംഗ് ട്രെയിനി എന്ന നിലക്കാണ് എല്ലാവരും ട്രീറ്റ് ചെയ്യുക. സൈറ്റില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ ഏതാണെന്നും അതിന്റെയെല്ലാം യാത്ര എവിടേക്കാണെന്നും ലോഗ്ബുക്ക് പരിശോധിച്ച് ഉറപ്പുവരുത്തുക, നിർമ്മാണ ത്തൊഴിലാളികളുടെ ഹാജർ നോക്കുകക, കാന്റീനിൽ ഭാഷ്യവസ്ത്തുകളുടെ ഷോർട്ടേജ് ഉണ്ടോ എന്നു നോക്കുക, തുടങ്ങി എല്ലാ പണിയും ഒരു സൈറ്റ് ഇന്‍ജിനീയര്‍ ചെയ്യണം. ഇതെല്ലാം കഴിഞ്ഞ് കുളിച്ചു കിടക്കുമ്പോള്‍ പാതിരാത്രിയാകും. അടുത്ത ദിവസം രാവിലെ ഏഴുമണിക്ക് വീണ്ടും തുടങ്ങും പണി.
ആകെ വട്ടുപിടിക്കുന്ന അവസ്ഥയില്‍ ഞാന്‍ മറ്റെല്ലാം മറന്നു. മൂന്നു മാസത്തിനുശേഷം അനൂപിന്റെ കോള്‍ വരുന്നത് വരെ. കോള്‍ വന്നപ്പോള്‍ ഞാന്‍ സൈറ്റില്‍ ആയിരുന്നു. വൈകിട്ട് റൂമിലെത്തുമ്പോള്‍ റൂംമേറ്റ് ഹക്കിംഷാ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. ഹക്കിംഷാ പറഞ്ഞു.
“നിന്റെ ഒരു ഫ്രെണ്ട് അനൂപ് നാട്ടില്‍ നിന്ന് വിളിച്ചിരുന്നു. ഉച്ചക്ക്.”
“എന്ത് പറഞ്ഞു. തിരിച്ചു വിളിക്കാന്‍ പറഞ്ഞോ” ഞാന്‍ ചോദിച്ചു.
“ഇല്ല. നിന്നെ ഒരു മരണവിവരം അറിയിക്കാന്‍ വേണ്ടി വിളിച്ചതാണ്”
“മരണമോ. ആരുടെ” എനിക്ക് അമ്പരപ്പായിരുന്നു. വീട്ടില്‍ ആര്‍ക്കെങ്കിലും…..
ഹക്കിംഷാ എന്‍റെ ഉള്ളു മനസ്സിലാക്കിപ്പറഞ്ഞു. ”വീട്ടിലെ ആരുടേയും മരണമല്ല. നിന്റെ പരിചയത്തിലുള്ള ഒരു സുദേവ് മരിച്ചു എന്നാണ് പറഞ്ഞത്”.
“സുദേവോ”
“ആഹ് അങ്ങനെയാണ് പറഞ്ഞത്.”
ഞാന്‍ അമ്പരപ്പോടെ ഹക്കിംഷായെ നോക്കി.
“എങ്ങനെ മരിച്ചു എന്നാണ്….”
“അതൊരു ആക്സിഡന്‍ട് ആയിരുന്നു എന്നാണ് പറഞ്ഞത്. വാഴത്തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ വെടിയേറ്റത്രേ” ഹക്കിം പറഞ്ഞു.
എന്നെ ഒരു മരവിപ്പ് ബാധിച്ചു. ഞാന്‍ കസേരയില്‍ ഇരുന്നു.
“ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം എന്നാണ് പറഞ്ഞത്” ഹക്കിംഷാ പറഞ്ഞു.
അല്പം കഴിഞ്ഞ് ഞാന്‍ പതിയെ ചോദിച്ചു.
“തലയ്ക്ക് പിന്നിൽ…. എന്നാണോ അനൂപ് പറഞ്ഞത്”
ഹക്കിംഷാ അത്ഭുതത്തോടെ എന്നെ നോക്കി.
“ആഹ്. അതു നീയെങ്ങനെ അറിഞ്ഞു.”
ഞാൻ ഒന്നും മിണ്ടിയില്ല. അവസാനം അതു സംഭവിച്ചു. എന്‍റെ മുഖത്തെ അമ്പരപ്പ് മറച്ചുപിടിക്കാന്‍ ഞാന്‍ മുഖം തിരിച്ചു.
dr.sreekumarbhaskaran@gmail.com
Ph-7034361359
