Sunday, May 25, 2025
HomeSTORIESവിധിയുടെ ഗതി.

വിധിയുടെ ഗതി.

ശ്രീ കുമാർ ഭാസ്കരൻ.

തൊണ്ണൂറുകളിൽ നാട്ടിൽ നിന്നും ഒരുപാട് വിദ്യാർഥികൾ ഉത്തരേന്ത്യയിൽ പഠിക്കാൻ എത്തിയിരുന്നു. കാരണം നാട്ടിൽ മിക്കവാറും കോളജുകളിൽ സയൻസ് വിഷയങ്ങളിൽ പി. ജി. ഉണ്ടാകാറില്ല. ഉണ്ടെങ്കിൽ തന്നെയും പരിമിതമായ സീറ്റുകളെ ഉണ്ടാകാറുള്ളൂ. അതിൽ നല്ല മാർക്കുള്ള കുട്ടികൾക്ക് മാത്രമേ പ്രവേശനം കിട്ടാറുള്ളൂ. ബാക്കി പഠിക്കാൻ താല്പര്യം ഉള്ള കുട്ടികൾക്ക് സയൻസ് വിഷയത്തിൽ പി. ജി. കിട്ടാതെ നിരാശരാവേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഉത്തരേന്ത്യൻ കോളേജുകൾ ഒരു അഭയകേന്ദ്രമാകുന്നത്. നമ്മുടെ സംസ്ഥാനത്ത് സ്വകാര്യ മാനേജ്മെൻറ് കോളേജുകൾ ആ നിലയിൽ അനുവദിച്ചിരുന്നില്ല അന്ന്. അതുകൊണ്ട് വിദ്യാർത്ഥികൾക്ക് ഉത്തരേന്ത്യയെ ശരണം പ്രാപിക്കേണ്ടി വന്നു.
ഉത്തരേന്ത്യയിൽ കോളേജുകൾ ധാരാളം. അതിൽ എല്ലാം സയൻസ് വിഷയങ്ങൾക്ക് കൂടുതൽ സീറ്റുകൾ. എന്നാല്‍ അവിടെയുള്ളവർ ആകട്ടെ എങ്ങനെയെങ്കിലും ഡിഗ്രി കഴിഞ്ഞാൽ മിക്കവാറും ബിസിനസിലേക്ക് തിരിയും. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർ കോളേജിൽ പോകാൻ ശ്രമിക്കാറുമില്ല. പകരം ആദ്യംതന്നെ നിലനിൽപ്പിനു വേണ്ടിയുള്ള കൃഷിപ്പണിയും മറ്റുമായി അങ്ങ് കൂടും. അതുകൊണ്ട് കോളേജുകളിൽ സീറ്റുകൾ ധാരാളം ഒഴിവുണ്ടാകും. ഇതാണ് സൗത്ത് ഇന്ത്യൻ വിദ്യാർത്ഥികൾ നോർത്ത് ഇന്ത്യയിൽ എത്താൻ കാരണം.
പി. ജി. ക്ക് ചേർന്നു കഴിഞ്ഞാൽ എല്ലാ ദിവസവും കോളേജിൽ പോയേ മതിയാവൂ എന്ന് നിർബന്ധമില്ല. കാരണം ഹാജർ എടുക്കാറില്ല. പക്ഷേ എല്ലാ പ്രാക്ടിക്കലിനും കൃത്യമായി ഹാജരാവണം. നിർബന്ധമാണ്. അതുകൊണ്ട് വർഷം മുഴുവൻ നമുക്ക് അവിടെ നിൽക്കേണ്ടി വരുന്നു. പക്ഷേ അങ്ങനെയല്ലാത്ത ഭാഗ്യവാൻമാരും ഉണ്ട്. നിയമ വിദ്യാർത്ഥികൾ. അവർ പരീക്ഷ എഴുതാൻ വേണ്ടി മാത്രം വരുന്നു. ബാക്കി സമയം നാട്ടിൽ ബിസിനസ്, രാഷ്ട്രീയം, വായിനോട്ടം ഒക്കെയായി കറങ്ങി നടക്കും. എല്ലാവർഷവും പരീക്ഷാ സമയത്ത് മാത്രം അവര്‍ കാണ്‍പൂരിലെത്തും. ദേശാടനപ്പക്ഷികളെപ്പോലെ. പരീക്ഷ കഴിയുമ്പോൾ ഉടന്‍ അവർ തിരിച്ചു നാട്ടിലേക്ക് പോകും.
അങ്ങനെയാണ് നിയമ വിദ്ധ്യാര്‍ത്ഥിയായ ധർമ്മേന്ദ്ര കാണ്‍പൂരിലെത്തുന്നത്. ഒരു പരീക്ഷാ കാലത്ത്. ധർമേന്ദ്രൻ മാത്രമല്ല, അവർ നിയമ വിദ്യാർത്ഥികൾ നാല് പേർ ഉണ്ടായിരുന്നു. രണ്ടുപേർ ഞങ്ങൾക്കൊപ്പം കൂടി. അതിൽ ഒരാളായിരുന്നു ധർമ്മേന്ദ്ര. ബാക്കി രണ്ടുപേർ സിറ്റിയിലേക്ക് പോയി.
നിയമ വിദ്യാർത്ഥികൾ പൊതുവേ സുഖിമാൻമാരും സരസന്മാരും ആണ്. പഠനത്തിൻറെ ടെൻഷൻ ഒരിക്കലും അവരിൽ കണ്ടിട്ടില്ല. വരുന്ന എല്ലാവരുമായും ഞങ്ങൾ വളരെ പെട്ടെന്ന് കമ്പനി ആവാറാണ് പതിവ്. അവർ ഞങ്ങളുടെ അതിഥികൾ കൂടിയാണല്ലോ. മിക്കവാറും അവർ മൂന്നോ നാലോ ആഴ്ച മാത്രമേ ഉണ്ടാകാറുള്ളൂ. അതിനുള്ളിൽ പരീക്ഷ കഴിയും.
അതുവരെ താമസം, ഭക്ഷണം ഇതൊക്കെ ഞങ്ങളുടെ ഉത്തരവാദിത്വമായിരുന്നു. എന്തൊക്കെയായാലും ഒരേ നാട്ടുകാരല്ലേ. ഞങ്ങൾക്കും അവരെ അതിഥികളായി സ്വീകരിക്കുന്നതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. നിയമവിദ്യാർത്ഥികൾ കാണ്‍പൂരിലെത്തിയ ആ ശുഭദിനം ഞാനിന്നും ഓർക്കുന്നു. കാരണം അന്നാണല്ലോ ഞാൻ ഒരു ഗ്രാൻഡ് പറ്റിപ്പിന് ഇരയായത്.
സാധാരണ കടയില്‍പ്പോയി സാധനങ്ങൾ വാങ്ങാനുള്ള ഉത്തരവാദിത്വം ശ്രീജിത്തിന്റേതാണ്. പക്ഷേ അന്ന് അവൻ അവന്റെ സുഹൃത്തിനെ കാണാൻ ടൗണിൽ പോയതായിരുന്നു. ഐ.ഐ.ടി യ്ക്ക് മുന്നിൽ നിരനിരയായി പലതരത്തിലുള്ള കടകൾ ഉണ്ട്. മെഡിക്കൽ സ്റ്റോർ മുതൽ ബേക്കറി വരെ. അവിടെ പല പുതിയ കടകളും ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തുകയും പിന്നെ ഏതാനും ദിവസങ്ങൾക്കകം പൂട്ടിക്കെട്ടുകയും ചെയ്യും.
സാധാരണ ഗതിയിൽ മനുഷ്യപ്പറ്റുള്ള ഒരു കടയും അടയ്ക്കേണ്ടി വരാറില്ല. അത്ര കടുംപിടുത്തക്കാർക്കു മാത്രമേ ഐ. ഐ. ടി. കവാടത്തിൽ കട അടച്ചു പൂട്ടേണ്ടി വരാറുള്ളൂ. സായാഹ്നങ്ങളിൽ ഐ. ഐ. ടി. ഉദ്യോഗസ്ഥർ പ്രധാന കവാടത്തിൽ ഉള്ള കടകളിൽ നിന്നാണ് സാധനങ്ങൾ വാങ്ങാറ്. ഐ. ഐ. ടി. യ്ക്കകത്ത്‌ നല്ല ഒരു സുപ്പെര്‍മാര്‍ക്കെറ്റ് ഉണ്ടെങ്കിലും അവര്‍ പുറത്ത് നിന്നാണ് മിക്കവാറും സാധനങ്ങള്‍ വാങ്ങാറ്. കാരണം സുപ്പെര്‍മാര്‍ക്കെറ്റില്‍ സാധനങ്ങള്‍ക്ക് വില കൂടുതലാണ്.
അന്ന് ഞാൻ സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ, സാധനങ്ങൾ എന്നു പറയാൻ ഒരുപാടില്ല. അല്പം അരിയും പഞ്ചസാരയും മാത്രമേയുള്ളൂ. ഞങ്ങളുടെ ജീവിതചര്യയിൽ ആർഭാടത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. ലളിത ജീവിതത്തെ പറ്റിയുള്ള ഉദാത്തമായ കാഴ്ചപ്പാട് കൊണ്ടോ ഉന്നത ചിന്താഗതി കൊണ്ടോ ആയിരുന്നില്ല ഈ ജീവിതം. മറിച്ച് വീട്ടിൽ നിന്നും അയച്ചുതരുന്ന തുകയുടെ വലിപ്പം അത്രയേ ഉണ്ടായിരുന്നുള്ളൂ. അന്യദേശത്ത് പോയി പഠിക്കുമ്പോൾ മക്കൾ ആർഭാടത്തിൽ തലതിരിഞ്ഞു പോകേണ്ട എന്നുള്ള മാതാപിതാക്കളുടെ ഉദാത്തമായ കാഴ്ചപ്പാടായിരുന്നു ഞങ്ങളുടെ കുചേല ജീവിതത്തിന് ആധാരം. അതിൻറെ അനന്തരഫലമോ, തൊട്ടപ്പുറത്തുള്ള ഞങ്ങളുടെ പ്രിയപ്പെട്ട ക്ഷീരകർഷനായ തിവാരിയുടെ അടുത്തുനിന്നും മാസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം അര ലിറ്റർ പാൽ വാങ്ങാൻ മാത്രമേ ഞങ്ങൾ ആ വീടിൻറെ പടി ചവിട്ടിയിരുന്നുള്ളൂ. അന്ന് അര ലിറ്ററിന് നാലു രൂപ. അതൊരു മികച്ച തുക തന്നെ ആയിരുന്നു.
തിവാരി സാധാരണ എല്ലാവരും ചെയ്യുന്നതുപോലെ പാലിൽ വെള്ളം ചേർക്കും. മിക്കവാറും ദിവസങ്ങളിൽ ഞങ്ങളുടെ ടെറസിൽ നിന്ന് ഞങ്ങൾ ഇത് കാണാറുമുണ്ട്. ഞാൻ മുൻപ് സൂചിപ്പിച്ചത് പോലെ തിരുവാരിയുടെ വീടിന് രണ്ടും മുറിയും പൂജാമുറിയും കഴിഞ്ഞാൽ മുന്നിൽ കല്ല് വിരിച്ച ഒരു വലിയ മുറ്റമാണ്. അതിന് ചുറ്റും വലിയ ഒരു മതില്‍. അതിൻറെ നടുവിൽ ഒരു പടിപ്പുരവാതില്‍. മുറ്റത്തിന്റെ മുകൾഭാഗം മറച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഞങ്ങളുടെ വീടിൻറെ മുകളിൽ നിന്ന് നോക്കിയാൽ തിവാരിയുടെ ബിസിനസ് നന്നായി കാണാം. എരുമയെ കറക്കുന്നതുൾപ്പെടെ.
കറന്നെടുത്ത പാൽ വലിയ അലുമിനിയം ബക്കറ്റുകളിൽ നിറയ്ക്കുന്നു. പിന്നെ മുക്കാല്‍ ഭാഗം നിറഞ്ഞ ബക്കറ്റുകൾ ഓരോന്നും കുഴൽക്കിണറിനടുത്ത് കൊണ്ടുവന്ന ശേഷം പാൽ ബക്കറ്റുകളിൽ ഓരോന്നിലേക്കും ഇളയ മകൻ അഞ്ചു പ്രാവശ്യംവീതം കുഴൽ കിണറിന്റെ ലിവർ അടിക്കുന്നു. ഒന്നാന്തരം തെളിഞ്ഞ വെള്ളം ബക്കറ്റിൽ വീണ് ശേഷിക്കുന്ന ശൂന്യമായ ഭാഗവും നിറയ്ക്കുന്നു. അങ്ങനെ പാൽ ബക്കറ്റുകൾ പൂര്‍ണമായി നിറച്ച് ഐശ്വര്യമുള്ളതാക്കി നിരത്തിവെക്കുന്നു. ഈ സമയം നാട്ടുകാരായ സ്ത്രീകൾ ചെറിയ അര ലിറ്റർ ഒരു ലിറ്റർ സ്റ്റീൽ പാത്രങ്ങളുമായി പുറത്ത് നിൽക്കുന്നുണ്ടാവും. അപ്പോൾ പ്രധാന കവാടം അല്ലെങ്കിൽ പടിപ്പുര തുറന്നിട്ടുണ്ടാവുകയില്ല. പ്രധാന കവാടം ആദ്യമേ തുറന്നിട്ടിരുന്നാൽ അകത്തു നടക്കുന്ന വെള്ളം ചേർക്കൽ പരിപാടി നടക്കില്ല. അല്ലെങ്കിൽ പാലിനെ ഐശ്വര്യമാക്കല്‍ കലാപരിപാടി നടക്കില്ല. അതുകൊണ്ട് അകത്തെ എല്ലാ കർമ്മങ്ങളും കഴിഞ്ഞു പാലിൻറെ കാഠിന്യം കുറച്ചു കഴിയുമ്പോൾ, കന്നാലിച്ചെക്കൻ എന്ന് ഞങ്ങൾ വിളിക്കുന്ന കൊച്ചുതിവാരി പടിപ്പുര വാതില്‍ തുറക്കും.
അവനെ കന്നാലിച്ചെക്കന്‍ എന്ന് വിളിക്കാന്‍ കാരണം രണ്ടാണ്. ഒന്ന്, അവൻ സ്കൂളിൽ പോകുന്നില്ല. രണ്ട്, അവൻ അവന്റെ ജീവിതം എരുമകൾക്കായി ഡെഡിക്കേറ്റ് ചെയ്തിരിക്കുകയാണ്.
അവൻ പ്രധാന വാതിൽ തുറക്കും. സ്ത്രീകൾ അകത്തേക്ക് പ്രവേശിച്ച് ക്യു ആയി നിന്ന് പാൽ വാങ്ങി പൈസ കൊടുക്കും. പൈസ വാങ്ങുന്നതും പാല്‍ കൊടുക്കുന്നതും വലിയ തിവാരിയാണ്. അദ്ദേഹം മുറ്റത്തിട്ടിരിക്കുന്ന ഒരു കയറ്റുകട്ടിലില്‍ ഉണ്ടാകും. സദാ സമയവും. ആ മനുഷ്യൻ ആരോടും ഒന്നും സംസാരിക്കാറില്ല. എന്തിന് ചിരിക്കുക പോലുമില്ല.
പലപ്പോഴും അപ്പുറത്തുനിന്ന് കന്നാലി ചെക്കനെ തിവാരി ചീത്ത വിളിക്കുന്നതും ഉറക്കെ ബഹളം വയ്ക്കുന്നതും കേൾക്കാം. എരുമകൾക്ക് സമയത്ത് വെള്ളം കൊടുക്കാനോ കുളിപ്പിക്കാനോ മറ്റോ ആകാം അത്. വലിയതിവാരിയുടെ ജീവിതം ഏതാണ്ട് പൂർണ്ണമായും ആ കയറ്റുകട്ടിലിൽ ഒതുങ്ങിയ മട്ടാണ്. എപ്പോഴും ആ കട്ടിലിൽ തന്നെ കാണാം. തീറ്റിയും കുടിയും എല്ലാം അതിലിരുന്നു തന്നെ.
തിവാരിയുടെ വേഷം ഒരു പാളത്താറാണ്. സാധാരണ ഉത്തരേന്ത്യൻ കർഷകർ ധരിക്കുന്ന പോലെ. അതെപ്പോഴും പരമാവധി മുഷിഞ്ഞിരിക്കും. ആ വേഷത്തിൽ എല്ലാ പരിപാടിക്കും പോകും. അത്തരം ചില സന്ദർഭങ്ങളിൽ തിവാരിയെ പുറത്തുവച്ച് കാണുമ്പോൾ അദ്ദേഹം നമ്മളോട് ഒരു പരിചയവും കാണിക്കാറില്ല. നോക്കില്ല, ചിരിക്കില്ല, സംസാരിക്കില്ല.
ഞാൻ നേരത്തെ പറഞ്ഞുവല്ലോ ഞങ്ങൾ മാസത്തിൽ അപൂർവമായി പാലുവാങ്ങാൻ ചെല്ലും. ഒന്നുകിൽ ഞാൻ അല്ലെങ്കിൽ ശ്രീജിത്ത്. ചെല്ലുന്നതിനു മുൻപ് വീടിനു മുകളിൽ നിന്ന് കന്നാലി പയ്യനോട് ഞങ്ങൾ വരുന്ന വിവരം അറിയിക്കും. കഥകളി ഭാഷയില്‍. എല്ലാവരും പോയിക്കഴിഞ്ഞ് വി. ഐ. പി ലെവലിൽ എത്തുന്ന ഞങ്ങൾക്കും അതേ വെള്ളം ചേർത്ത പാല്‍ അല്പം പോലും കൂടിപ്പോകാതെ തിവാരി അളന്നു തരും. ഈ സമയം ഒരു സ്റ്റീൽ ഗ്ലാസിൽ അല്പം പാലുമായി കൊച്ചുതിവാരി പുറകെ വരും. പടിപ്പുരയ്ക്ക് പുറത്തെത്തിയാൽ അത് ഞങ്ങളുടെ പാത്രത്തിലേക്ക് അത് ഒഴിച്ച് തരും. പാലിൽ ചേർത്തിട്ടുള്ള വെള്ളത്തിൻറെ നഷ്ടപരിഹാരം.
ഇതൊക്കെയാണെങ്കിലും ചായ പുറത്ത് നിന്നും കുടിക്കുന്നതാണ് നല്ലത്. സത്യം പറഞ്ഞാൽ അവർ എടുത്തു തരുന്ന ചായയുടെ പകുതി നന്നാവില്ല നമ്മൾ ഉണ്ടാക്കിയാൽ. പുറമേ നിന്ന് കിട്ടുന്ന ചായ നല്ല കൊഴുത്ത ചായ തന്നെയാണ്. അവരുടേതാണ് ചായ. ഒരു ഒന്നൊന്നര ചായ. അതൊരു കലയാണ്. ചായ ഉണ്ടാക്കൽ എന്ന കല.
കടക്കാര്‍ പാലിൽ ആദ്യമേ തന്നെ വേണ്ടത്ര വെള്ളം ചേർത്തിരിക്കും. ചായ ഉണ്ടാക്കുമ്പോൾ, ആവശ്യത്തിന് നീണ്ട പിടിയുള്ള ഒരു ചെമ്പു പാത്രത്തിൽ പാല്‍ ഒഴിച്ച് അത് ചെമ്പഴുക്ക പരുവത്തിൽ ഇരിക്കുന്ന കൽക്കരിക്ക് മുകളിൽ വെക്കും. ശേഷം തേയില ഇഞ്ചി പഞ്ചസാര എന്നിവ ചേർക്കും. പെട്ടെന്ന് ചായ തിളയ്ക്കും. പതഞ്ഞു വരുമ്പോൾ പാത്രം കൽക്കരിയിൽ നിന്നും മാറ്റും. വീണ്ടും കൽക്കരിയിൽ വച്ച് തിളപ്പിക്കും. ഇങ്ങനെ രണ്ടു മൂന്നു പ്രാവശ്യം തിളപ്പിച്ചതിനുശേഷം ചായ അരിപ്പയിലൂടെ ക്ലാസുകളിൽ പകരും. നല്ല മധുരവും നല്ല കടുപ്പവും ഇഞ്ചിയുടെ ടേസ്റ്റും നല്ല രുചിയും ആയിരിക്കും ആ ചായക്ക്‌. വില ഒരു രൂപ. ഹാഫ് ടീ കിട്ടും. അതിന് അമ്പതു പൈസ കൊടുത്താൽ മതി.
ചായയുടെ ഗുണനിലവാരത്തിന്റെ, അല്ലെങ്കിൽ മികവിന്റെ ശാസ്ത്രീയ രഹസ്യം ഫിസിക്സ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ ശ്രീജിത്ത് എനിക്ക് ഒരിക്കൽ വിശദീകരിച്ചു തന്നു. ചായ കുടിച്ചു വരുന്ന വഴിയായിരുന്നു ആ വെളിപാട്. അവൻ പറഞ്ഞു.
“എടാ ചായയിൽ ആദ്യംതന്നെ പഞ്ചസാരയിട്ടാൽ അതിന്റെ ബോയിലിംഗ് പോയിൻറ് കൂടും. അപ്പോൾ ആ ഉയർന്ന ചൂടിൽ തേയില, ഇഞ്ചി, പാൽ ഇവ നന്നായി വേകും. നന്നായി സത്ത് ഇറങ്ങും. പാലിലെ വെള്ളം കൂടുതൽ ബാഷ്പീകരിച്ച് ചായക്ക് കൂടുതൽ കൊഴുപ്പ് നൽകും. അതാണ് ഈ ചായയുടെ ടേസ്റ്റിന്റെ രഹസ്യം.”
ഞാൻ അവനെ ഒന്ന് നോക്കി. ജീവിതത്തിൽ ഒരിക്കലും ഒരു ചായ പോയിട്ട് ഒരു കട്ടൻചായ പോലും ഇട്ടിട്ടില്ലാത്ത മോനാണ് ചായയുടെ ശാസ്ത്രീയ രഹസ്യം പറയുന്നത്. ഞാൻ അവനോട് പറഞ്ഞു.
“ഇത്രയൊക്കെ ശാസ്ത്രീയത നിനക്കറിയാമെങ്കിൽ ഒരു പ്രാവശ്യം, ഒറ്റ പ്രാവശ്യം അതുപോലെ ഒരു ചായ ഉണ്ടാക്കിത്താ. ഞാൻ സമ്മതിക്കാം.”
ശ്രീജിത്ത് നിന്നു. പിന്നെ ഗൗരവത്തോടെ എന്നോട് ചോദിച്ചു.
“ഏതെങ്കിലും ഒരു ഓട്ടോമൊബൈൽ എൻജിനീയർ സ്വന്തമായി ഒരു വണ്ടി അസംബിള്‍ ചെയ്തതായി നിനക്കറിയാമോ.”
“ഇല്ല.” ഞാൻ സമ്മതിച്ചു.
“എന്തുകൊണ്ടാ, അസംബ്ൾ ചെയ്താൽ ഒരുപിടി നട്ടും ബോള്‍ട്ടും അധികംവരും. അത് തന്നെ കാര്യം. എന്നാൽ ഓട്ടോമൊബൈൽ എഞ്ചിനീയറിങ് പഠിച്ചിട്ടില്ലാത്ത പത്താംതരം തോറ്റ ശേഷം ഏതെങ്കിലും വർഷോപ്പിൽ നിന്ന് പണി പഠിച്ച ഒരുവൻ ഈസിയായി ഒരു വണ്ടി അസംബ്ൾ ചെയ്തു തരും. ഒരു നട്ടും ബോള്‍ട്ടും ബാക്കി വരാതെ. എന്താ കാര്യം?” അവൻ എന്നോട് ചോദിച്ചു.
“എന്താ കാര്യം.” ഞാൻ അവനോട് തിരിച്ചു ചോദിച്ചു.
“പ്രായോഗിക ജ്ഞാനം. അതുതന്നെ കാര്യം.” അവൻ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടിയില്ല. ചായ ഉണ്ടാക്കാൻ അവനെക്കൊണ്ട് പറ്റില്ല എന്ന് വ്യക്തമായില്ലേ. പിന്നെന്തു പറയാൻ.
അന്ന് ശ്രീജിത്തിന്റെ അഭാവത്തില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഞാൻ ഐ. ഐ. ടി. കവാടത്തിൽ എത്തിയപ്പോൾ, ഞങ്ങൾ സ്ഥിരമായി സാധനങ്ങൾ വാങ്ങാറുള്ള കടയുടെ സമീപം ഉള്ള മറ്റൊരു കടയുടെ മുന്നില്‍ കുറച്ച് ആളുകൾ കൂടി നിൽക്കുന്നു. ഒരു കൗതുകത്തിന്റെ പേരിൽ ഞാൻ അങ്ങോട്ട് ചെന്നു. അത് ഒരു കടയുടെ ഉദ്ഘാടനമായിരുന്നു. ഒരു പുതിയ കബാബ് സെൻറർ അവിടെ തുറക്കുന്നു. ചിക്കൻ കബാബ് സെൻറർ. എന്താണ് അവിടെ നടക്കുന്നത് എന്ന് നോക്കാൻ ചെന്ന എന്നെ കണ്ടപാടെ, അകത്തുനിന്നും ഒരു മാന്യൻ ഓടിവന്ന് “ആവോ സാബ്, ആവോ” എന്ന് പറഞ്ഞ് കൈക്ക് പിടിച്ചു വലിച്ച് അകത്തേക്ക് കൊണ്ടുപോയി. ഞാനൊരു ഐ. ഐ. ടി. വിദ്യാർത്ഥി ആണെന്നാണ് പാവപ്പെട്ടവൻ കരുതിയത്. ഞാൻ ആ ധാരണ തിരുത്താനും പോയില്ല. ചുളുവിൽ കുറച്ചുപേരുടെ മുന്നിൽ വി. ഐ. പി. ആയതല്ലേ. പക്ഷേ ആ തെറ്റിന് ഞാൻ താമസിയാതെ വലിയ വില കൊടുക്കേണ്ടി വന്നു.
അകത്തേക്ക് എന്നെ കൊണ്ടുപോയ ആ മാന്യൻ എന്തൊക്കെയോ പറഞ്ഞു. നല്ല ഒന്നാന്തരം ഹിന്ദിയിൽ. എനിക്കൊന്നും മനസ്സിലായില്ല. അപ്പോൾ അദ്ദേഹം മുറിഇംഗ്ലീഷിൽ കാര്യങ്ങൾ വിവരിച്ചു. സംഭവം എനിക്ക് ഊഹിക്കാൻ പറ്റി. കടയുടെ ആദ്യ കസ്റ്റമർ ഞാനാണ്, എന്നാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് ആദ്യ കബാബ് ഞാൻ വാങ്ങി കട ഉദ്ഘാടനം ചെയ്യണം. അദ്ദേഹം ഒരു ടോക്കണുമായി എൻറെ അടുത്തുവന്നു. അത് എൻറെ കയ്യിൽ തന്നു. എന്നിട്ട് എയ്റ്റീന്‍ റുപ്പീസ് എന്ന് പറഞ്ഞു. എന്ന് പറഞ്ഞാൽ ഞാൻ ആ തുക കൊടുക്കണം. ഞാൻ ഞെട്ടിപ്പോയി. അരി വാങ്ങാൻ കൊണ്ടുവന്ന പൈസയാണ്. ഒരു കിലോ അരിക്ക് ആറു രൂപ മാത്രമുള്ള കാലം. അരക്കിലോ ആട്ടിറച്ചിക്ക് കേവലം പതിനേഴു രൂപ മാത്രമുള്ള സമയം. അപ്പോഴാണ് ഒരു കോഴിക്കാലിന് പതിനെട്ടു രൂപ. കൊടുക്കാതെ എന്ത് ചെയ്യും. എല്ലാവരും നോക്കി നിൽക്കുകയല്ലേ. ഞാൻ കൊടുത്തു. അത് വാങ്ങി പോക്കറ്റിലിട്ട് ഒരു പ്ലേറ്റിൽ ഒരു കോഴിക്കാലും അതിൻറെ സൈഡിൽ അല്പം മല്ലിയില ചട്നിയും അയാള്‍ കൊണ്ടുവന്നു തന്നു. ഞാന്‍ കോഴിക്കാല് കടിച്ചപ്പോള്‍ എല്ലാവരും കൈ അടിച്ചു. അങ്ങനെ ആ കടയുടെ ഉദ്ഘാടനം നടന്നു.
കോഴിക്കാൽ എന്ന് പറഞ്ഞാൽ ഇത്രയും ചെറിയൊരു കോഴിക്കാല് എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായി കാണുകയായിരുന്നു, അവസാനമായും. അങ്ങനെ ഞാൻ മനസ്സറിയാതെ ഒരു ഉദ്ഘാടകനായി. എനിക്ക് നല്ല ദുഃഖമാണ് തോന്നിയത്. മൂന്നു കിലോ അരിയുടെ പൈസയാണ് ഒരു തേമ്പിയ കോഴിക്കാലിനു ചിലവായത്. അവിടെ മാറിയിരുന്ന് ഒന്ന് പൊട്ടിക്കരയണമെന്ന് എനിക്ക് തോന്നി. അക്ഷരാർത്ഥത്തിൽ അറപ്പ്. ഒരു കോഴിക്കാലിന് പതിനെട്ടു രൂപ. ഞാൻ മനസ്സിൽ ശപിച്ചു പോയി.
അരിവാങ്ങാൻ പോയ ഞാൻ വെറുംകയ്യോടെ വരുന്നത് കണ്ട് ശ്രീജിത്ത് കാര്യം അന്വേഷിച്ചു. അപ്പോഴേക്കും ടൗണിൽ കൂട്ടുകാരനെ കാണാൻ പോയ അവൻ തിരിച്ചു വന്നിരുന്നു. എൻറെ ദേഷ്യം കുരുട്ട് ബുദ്ധിയായി പ്രവർത്തിച്ചു. അവൻ കാരണമാണല്ലോ എനിക്ക് ഈ ഗതികേട് ഉണ്ടായത്. അവന്‍ ഉണ്ടായിരുന്നെങ്കിൽ കടയിൽ അവൻ പോകുമായിരുന്നു. കാരണം കടയിൽ പോക്ക് അവൻറെ ഡ്യൂട്ടിയായിരുന്നു.
ഞാൻ അവനോട് പറഞ്ഞു.
“അവിടെ ഒരു പുതിയ കബാബ് കട തുടങ്ങി. അതിൻറെ തുടക്കച്ചവടം എന്ന നിലയിൽ നാലു രൂപയ്ക്ക് നല്ല ഒരു പീസ് കബാബ് കിട്ടും. ചിക്കൻ കബാബ്. കൂട്ടുകറി വേറേയും.”
കേട്ടപാടെ ശ്രീജിത്ത് പുറത്തേക്ക് പാഞ്ഞു. അവന് എന്നും ആഹാരം ഒരു വീക്ക്നെസ്സ് ആയിരുന്നു. പാതിരാത്രി പന്ത്രണ്ടു മണിക്ക് അലാറം വെച്ചുണര്‍ന്ന് ബൂസ്റ്റ്‌ കലക്കിക്കുടിക്കുന്ന മോനാണവന്‍.
അല്പം കഴിഞ്ഞ് ശ്രീജിത്ത് ചവിട്ടിക്കുതിച്ച് തിരിച്ചുവരുന്നത് ഞാൻ ടെറസിൽ നിന്നും കണ്ടു. അവനും പറ്റിക്കപ്പെട്ടു. എനിക്കെന്തോ ഒരു സന്തോഷം തോന്നി. മനസ്സിന് ഒരു വല്ലാത്ത കുളിർമ.
ശ്രീജിത്ത് നേരെ മുകളിലേക്ക് വന്നു. അവൻറെ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു. ഒരു കിലോയുടെ ഒരു പൊതി. അത് തുറന്നു. ആപ്പിൾ. ചുവന്നുതുടുത്ത നല്ല ഒന്നാന്തരം ആപ്പിൾ. അവൻ ഒരക്ഷരം മിണ്ടാതെ അതത്രയും എൻറെ മുന്നിൽ വച്ച് തിന്നു. ഞാനൊന്നും പറഞ്ഞില്ല. പറഞ്ഞിരുന്നുവെങ്കിൽ അവൻ എന്നെ ടെറസിൽ നിന്നും പൊക്കിയെടുത്ത് താഴെ ഇട്ടേനെ. അത്രയ്ക്ക് ദേഷ്യം അവന് എന്നോട് അപ്പോൾ ഉണ്ടായിരുന്നു.
ഞങ്ങൾ രണ്ടുപേരും പറ്റിക്കപ്പെട്ട ആ സുദിനത്തിലാണ് നാട്ടിൽ നിന്നും നിയമവിദ്യാർഥികൾ കാൺപൂരിൽ പരീക്ഷ എഴുതാൻ എത്തിയത്. അന്ന് വൈകിട്ട് അവർ ഞങ്ങൾ താമസിക്കുന്ന വീട്ടിലെത്തി. അത് പരീക്ഷാക്കാലം ആയിരുന്നു. അപ്രതീക്ഷിതമായി ഒരു വൈകുന്നേരം ധർമേന്ദ്ര ഛർദ്ദിച്ചു. അത്താഴത്തിന് കഴിച്ച ഡാലിന്റെ പരിണിതഫലം ആയിരിക്കും എന്ന് കരുതി ഞങ്ങൾ സമാധാനിച്ചു. ഞങ്ങൾ ചന്തയിൽ പോകുമ്പോൾ വാങ്ങിക്കൊണ്ടു വരുന്നതാണ് ഡാല്‍. കടയിൽ നിന്നും വാങ്ങാറില്ല. കാരണം വില കൂടുതൽ തന്നെ. പക്ഷേ ചന്തയിൽ വരുന്ന ഡാലിന് കേസരിപ്പരിപ്പു മായമായി ചേർക്കാറുണ്ട് എന്ന് കേട്ടിരുന്നു. കേസരിപ്പരിപ്പ് വിഷമാണ്. ഉള്ളില്‍ ചെന്നാല്‍ ഒന്ന് രണ്ട് പ്രാവശ്യം ഛർദ്ദിക്കും. അതോടെ അത് തീരും.
പക്ഷേ ധർമ്മേന്ദ്രയുടെ ഛർദ്ദില്‍ നിന്നില്ല. അത് രാത്രി മൊത്തം തുടർന്നു. ഞങ്ങൾക്കാർക്കും കുഴപ്പമില്ല. അടുത്ത പ്രഭാതത്തിൽ അഞ്ച് കിലോമീറ്റർ അകലെയുള്ള സാമാന്യം ഭേദപ്പെട്ട ഹോസ്പിറ്റലിൽ അവനെ അഡ്മിറ്റ് ചെയ്തു. ഛർദ്ദിലിന് മരുന്നു കൊടുത്തു. അല്പം കുറഞ്ഞു. ഞങ്ങൾ ആശ്വസിച്ചു. ധർമ്മേന്ദ്രയ്ക്ക് കൂട്ടായി ഞാൻ, അണ്ണൻ, ശ്രീജിത്ത് തുടങ്ങിയവർ ഹോസ്പിറ്റലിൽ തന്നെ നിന്നു. ഇടയ്ക്ക് എൻ. എസ്. ഐ. യിൽ നിന്നും വൈകുന്നേരങ്ങളിൽ നന്ദുവേട്ടൻ വന്ന് സുഖാന്വേഷണം നടത്തി പോകും. രണ്ടു ദിവസം കഴിഞ്ഞപ്പോൾ, ശ്രീജിത്തിന് ചെറുതായി പനി വന്നു. അന്നവൻ കോളേജിൽ പോയില്ല. ഞാൻ കോളേജിൽ നിന്ന് വൈകിട്ട് വരുമ്പോൾ ശ്രീജിത്ത് തുള്ളി വിറക്കുകയാണ്. അന്ന് വൈകുന്നേരം ശ്രീജിത്തും ധർമ്മേന്ദ്രയ്ക്ക് കമ്പനിയായി. ശ്രീജിത്തും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി.
രണ്ടുദിവസം കഴിഞ്ഞപ്പോൾ ധർമ്മേന്ദ്ര എന്നോട് പറഞ്ഞു.
“യൂറിനൊരു ചെറിയ കളർവ്യത്യാസം ഉണ്ട് ശ്രീ.”
ഞാൻ ഒരു ബയോളജിസ്റ്റ് ആയിരുന്നല്ലോ. അതുകൊണ്ടാവണം ധർമ്മേന്ദ്ര എന്നോട് പറഞ്ഞത്. കാരണം അറിയാൻ വേണ്ടിയിട്ടാണ്. അപ്പോഴും ഹോസ്പിറ്റലിൽ ചികിത്സയിലാണ് ധർമ്മേന്ദ്ര. അവന്റെ പനിക്ക് കാര്യമായ മാറ്റമില്ല. ഒപ്പം നല്ല ക്ഷീണവും.
“യൂറിൻ ഒന്നു കൊണ്ടു വരൂ.”
ഞാനൊരു പ്ലാസ്റ്റിക് ഗ്ലാസ്സ് ധർമ്മേന്ദ്രയുടെ കയ്യിൽ കൊടുത്തു. ഗ്ലാസിന്റെ മുക്കാൽഭാഗം യൂറിൻ നിറച്ച് ധർമ്മേന്ദ്ര എന്നെ കാണിച്ചു. ഞാൻ ഞെട്ടിപ്പോയി. കട്ടൻചായയെ വെല്ലുന്ന പിങ്കു നിറം.
സംഭവം ഗുരുതരമാണെന്ന് എനിക്ക് മനസ്സിലായി. ശ്രീജിത്തിന്റെ അവസ്ഥയും മെച്ചമല്ല. ട്രീറ്റ്മെൻറ് ഏൽക്കുന്നില്ല എന്ന് വ്യക്തം. അന്ന് വൈകിട്ട് ഞാനും അണ്ണനും ഞങ്ങളുടെ സുഹൃത്തുക്കളുമായി കൂടിയാലോചന നടത്തി. എല്ലാവരും ആലോചിച്ച് ഒരു തീരുമാനത്തിലെത്തി. രണ്ടുപേരെയും നാട്ടിലെത്തിക്കുക. ട്രീറ്റ്മെൻറ് ഇനിയും അവിടെ മതി. ഇല്ലെങ്കിൽ ജീവൻ അപകടത്തിലാവും.
മൂന്നാഴ്ച കഴിഞ്ഞാൽ ധർമേന്ദ്രയുടെ പരീക്ഷയാണ്. അതിനുള്ളിൽ നാട്ടിൽ പോയി വരണം. ആര് കൂടെ പോകും.
“ഞാൻ കൊണ്ടുപോകാം.” ഞാൻ പറഞ്ഞു.
എനിക്ക് പ്രാക്ടിക്കൽ കോച്ചിംഗ് നടക്കുന്ന സമയം. ഡോക്ടർ മാത്തൂർ ആണ് കോച്ചിങ്ങിന്റെ ഇൻ ചാർജ്. പത്ത് ദിവസം പ്രധാനമാണ്. അതിൻറെ ഹാജർ മാത്രമാണ് പ്രധാനം. ഇല്ലെങ്കിൽ പണി കിട്ടും. പക്ഷെ ജീവനാണല്ലോ അതിലും പ്രധാനം. ഞാന്‍ രോഗികളെയും കൊണ്ട് നാട്ടിലേക്ക് തിരിച്ചു.
ധർമ്മേന്ദ്രക്കും ശ്രീജിത്തിനും ടൈഫോയിഡ് ആയിരുന്നു. രോഗം അറിയാതെ ചികിത്സിച്ചതുകൊണ്ട് ധർമ്മേന്ദ്രയ്ക്ക് കൂടെ മഞ്ഞപ്പിത്തവും പിടിപ്പെട്ടു. മെഡിക്കല്‍ ടോക്സിസിറ്റി. വീട്ടിലെത്തി ടൈഫോയിഡിനും മഞ്ഞപ്പിത്തത്തിനും ധർമ്മേന്ദ്ര ഫലപ്രദമായ ചികിത്സ തേടി. ശ്രീജിത്തിനും ടൈഫോയിഡ് ആയിരുന്നു. അവന്‍ നാട്ടില്‍ ചികിത്സയിലായി. ഒരാൾ കൊല്ലത്ത്, മറ്റൊരാൾ കണ്ണൂരിൽ.
രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും ഞങ്ങൾ മൂവരും തിരിച്ചുപോയി. ധർമ്മേന്ദ്രയുടെയും ഞങ്ങളുടെയും പരീക്ഷ അടുത്തടുത്ത് നടന്നു. എന്‍റെ പ്രാക്ടിക്കൽ പരീക്ഷയുടെ വൈവയ്ക്ക് ഡോക്ടർ മാത്തൂർ ആയിരുന്നു ഇന്റേണൽ എക്സാമിനർ.
വൈവ എനിക്ക് ബുദ്ധിമുട്ടായില്ല. ഒന്നാം ചോദ്യം, കനാല്‍ സിസ്റ്റം എന്താണ്. രണ്ടാം ചോദ്യം, ഇകൈനോടെര്‍മേറ്റയുടെ കനാല്‍ സിസ്റ്റം, പോറിഫറയുടെ കനാല്‍ സിസ്റ്റത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു. മൂന്നാം ചോദ്യം, കനാല്‍ സിസ്റ്റത്തിന്‍റെ ഉദ്ദേശ്യം എന്ത്. മൂന്നിനും ഞാൻ ഭംഗിയായി ഉത്തരം പറഞ്ഞു. ശേഷം മാത്തൂർ കോച്ചിംഗ് ഹാജർരജിസ്റ്റർ എടുത്തു നോക്കി. പിന്നെ രൂക്ഷമായി എന്നെ നോക്കിയിട്ട് പൊക്കോളാൻ ആംഗ്യം കാണിച്ചു.
കാറ്റ് പോയ ബലൂൺ പോലെയായി ഞാൻ. എനിക്കറിയാം ഇനിയെന്ത് സംഭവിക്കുമെന്ന്. എന്നിട്ടും വെറുതെ മാത്തൂരിൽ നിന്നും ഒരു ഉദാരത, മനുഷ്യത്വം ഞാൻ പ്രതീക്ഷിച്ചു. പക്ഷെ അതുണ്ടായില്ല. ഡോ. മാത്തൂര്‍ കർക്കശക്കാരനായ ഒരു അധ്യാപകനായിരുന്നു.
പരീക്ഷയുടെ റിസൾട്ട് വന്നപ്പോൾ, നന്നായി പെർഫോം ചെയ്ത എനിക്ക് കഷ്ടിച്ച് പാസ്സ് മാർക്ക്. കിട്ടാൻ സാധ്യത ഉണ്ടായിരുന്നതിൽ നിന്നും നാല്പതു മാർക്ക് കുറച്ച്. അത് എന്‍റെ മൊത്തം റിസൾട്ടിനെയും കാര്യമായി ബാധിച്ചു. ഞാൻ ആരോടും പറഞ്ഞില്ല. തുടർവിദ്യാഭ്യാസം ഏറെക്കുറെ അസാധ്യം എന്ന് ഞാന്‍ കരുതി. പക്ഷേ വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.
അനന്ത വൃത്താന്തം
വർഷങ്ങൾക്കിപ്പുറം ഒരു ദിവസം വൈകിട്ട് കേബിൾ ചാനലിൽ ഞാന്‍ ന്യൂസ് കണ്ടുകൊണ്ടിരിക്കെ, അതാ ധർമ്മേന്ദ്ര. ചാനലുകളുടെ ക്യാമറകളാൽ ചുറ്റപ്പെട്ട്. അപ്പോൾ ധർമ്മേന്ദ്ര പ്രശസ്തനായ ഒരു സർക്കാർ അഭിഭാഷകനായി മാറിയിരുന്നു. സംസ്ഥാനത്തുണ്ടായ ഒരു യുവാവിന്റെ കൊലപാതകത്തിൽ, അഭിമാന കൊലപാതകത്തിൽ വാദിക്കുവേണ്ടി ഹാജരായത് സർക്കാർ അഭിഭാഷകനായ ധര്‍മേന്ദ്രനായിരുന്നു.
കേസ് വളരെ ഫലപ്രദമായി നടത്തി, ധർമ്മേന്ദ്ര പ്രതിക്ക് കോടതിയിൽ നിന്നും കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ വാങ്ങി കൊടുത്തിരുന്നു. സാധാരണഗതിയിൽ അങ്ങനെ സംഭവിക്കാറില്ല. സർക്കാർ അഭിഭാഷകർ കേസിൽ പരാജയപ്പെടുകയാണ് പതിവ്. പരാജയപ്പെടാൻ വേണ്ടി മാത്രം കേസ് വാദിക്കുന്ന ആളുകളാണ് സർക്കാർ അഭിഭാഷകർ. ആ പതിവ് തെറ്റിച്ച് ഇവിടെ ഇതാ ധർമ്മേന്ദ്ര.
ചാനലുകൾ അവനെ വളഞ്ഞു ചുറ്റിയിരിക്കുകയാണ്. പ്രതിക്ക് കിട്ടിയ ശിക്ഷാവിധിയുടെ വിശദവിവരം കുറഞ്ഞ സമയത്തിൽ വ്യക്തമായി ധർമേന്ദ്ര വിശദീകരിച്ചുകൊടുക്കുകയാണ്. കാര്യമായ മാറ്റം അവനില്ല. മുടിയിൽ അല്പം നരകയറി എന്നത് ഒഴിച്ചാൽ.
ഞാൻ അവന്റെ മുഖം തന്നെ നോക്കിയിരുന്നു. ഏറെനേരം. മറ്റൊന്നും ഞാൻ കണ്ടില്ല.
അപ്പോൾ എൻറെ മുന്നിൽ തെളിഞ്ഞുവന്നത്, മുക്കാലും നിറഞ്ഞ പ്ലാസ്റ്റിക് ഗ്ലാസിലെ പിങ്ക് നിറമാണ്. അവൻ എൻറെ മുന്നിൽ ഉയർത്തിപ്പിടിച്ച ഗ്ലാസിലെ യൂറിന്റെ നിറം. കട്ടൻച്ചായയെ വെല്ലുന്ന കടുത്ത നിറം.
dr.sreekumarbhaskaran@gmail.com
********************

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments