ശ്രീ കുമാർ ഭാസ്കരൻ.
ഡി. എ. വി. കോളേജിൻറെ ഒരു പ്രത്യേകത അവിടെ രാജ്യത്തെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും കുട്ടികൾ ഉണ്ടായിരുന്നു എന്നുള്ളതാണ്. കാശ്മീരിൽ നിന്നും റോഷ്നി കൗര്‍ കേരളത്തിൽ നിന്നും ഞാൻ, അങ്ങനെ എല്ലാ സംസ്ഥാനത്തേയും പ്രതിനിധികൾ അവിടെ ഉണ്ടായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികള്‍ ഉണ്ടായിരുന്നത് വങ്കദേശ പ്രജകളാണ്, ബംഗാളികൾ.
എൻറെ ക്ലാസിൽ എത്ര പേരുണ്ടായിരുന്നു എന്ന കൃത്യമായ കണക്ക് എനിക്കറിഞ്ഞുകൂടാ. ഒരുപക്ഷേ അത് ആർക്കും അറിയാൻ സാധ്യതയില്ല. പല വിദ്യാർത്ഥികളും അധ്യാപകരേക്കാൾ പ്രായമുള്ളവർ ആയിരുന്നു. അവർ എല്ലാം തന്നെ ഉദ്യോഗസ്ഥരും. തൊഴിൽ മേഖലയിൽ പ്രമോഷന് പി. ജി. ബിരുദം സഹായകരമാണ് അല്ലെങ്കിൽ അനിവാര്യമാണ് എന്ന് വരുമ്പോഴാണ് അവർ പി. ജി. ചെയ്യാൻ എത്തിയിരുന്നത്. അതുകൊണ്ടുതന്നെ എല്ലാ ദിവസവും അവർ എത്താറില്ല.
ക്ലാസിൽ യാതൊരു ഔപചാരികതകളും ഇല്ല. ക്ലാസ് നടന്നുകൊണ്ടിരിക്കെ നിങ്ങൾക്ക് കടന്നുവരാം. ഇറങ്ങിപ്പോകാം. അതിൽ അധ്യാപകർ ആരും അനിഷ്ട്ടം കാണിച്ചിരുന്നില്ല. അനുവാദം ചോദിക്കുന്നതാണ് അവർക്ക് ബുദ്ധിമുട്ട്. കാരണം ക്ലാസിന്റെ ഒഴുക്ക് നഷ്ടപ്പെടും.
ഞാനാരെയും കാര്യമായി പരിചയപ്പെട്ടിരുന്നില്ല. വിരലിൽ എണ്ണാവുന്ന സൗഹൃദങ്ങളെ എനിക്ക് ക്ലാസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ബംഗാളികളായ അർജുൻ ചക്രവർത്തി, രൂപ്മേ ശർമ്മ, കാൺപൂരുകാരനായ കല്യാൺകുമാർ, പിന്നെ കാശ്മീരി റോഷിനി കൗര്‍. കഴിഞ്ഞു ക്ലാസിലെ എൻറെ സൗഹൃദം.
ക്ലാസിൽ പെൺകുട്ടികൾ ആകെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. കോളേജ്, തുടക്കം മുതലേ ഒരു ആൺപള്ളിക്കൂടം ആയിരുന്നു. ആര്യസമാജത്തിന്റെ അഭിമാന സ്തംഭങ്ങളിൽ ഒന്ന്. ഉത്തരേന്ത്യയിൽ ആര്യസമാജത്തിന്റെ സ്വാധീനം വളരെ വലുതാണ്, പ്രത്യേകിച്ചും വിദ്യാഭ്യാസ മേഖലയിൽ.
കോളേജിൽ പെൺകുട്ടികളെ അനുവദിക്കാതിരുന്നത് ഒരുപക്ഷേ പെൺപിള്ളാരുടെ പിറകെ പ്രണയം കളിച്ചു നടന്ന് ആൺകുട്ടികളുടെ സമയവും കഴിവും നഷ്ടപ്പെടുത്തേണ്ട എന്ന ഉദ്ദേശ്യം കൊണ്ടായിരിക്കണം. എന്നാൽ സ്ത്രീകൾ കോളേജിൽ പഠിപ്പിച്ചിരുന്നു.
ജനാധിപത്യസംവിധാനത്തിൽ സർവ്വകലാശാലയ്ക്കും അതിൻറെ വിദ്യാർഥി മഹാമന്ത്രിക്കും വലിയ പ്രസക്തിയും സ്ഥാനമാനങ്ങളും വന്നപ്പോൾ, കോളേജ് അന്തരീക്ഷം കലാപകലുഷിതമായി. കാരണം സർവ്വകലാശാല ഭരിച്ചിരുന്നത് ഡി. എ. വി കോളേജ് ചെയർമാൻ ആയിരുന്നു. അവർ പിന്നീട് തെരഞ്ഞെടുപ്പുകളിൽ, പല രാഷ്ട്രീയ പാർട്ടികളുടെയും മത്സരാർത്ഥികളായി, നിയമസഭാസാമാജികരായി. ചിലർ പാർലമെൻറ് മെമ്പർമാരുമായി. പ്രാദേശിക രാഷ്ട്രീയത്തിൽ ഡി. എ. വി കോളേജ് സ്ഥാനം ഉറപ്പിച്ചതോടെ, കോളേജിൽ അതിൻറെ അനുരണനങ്ങൾ ഉണ്ടായി.
കോളേജിനു പുറമേയുള്ള തർക്കങ്ങൾ, വഴക്കുകൾ ഇവയൊക്കെ ക്യാമ്പസിനകത്ത് തല്ലിത്തീർക്കുന്ന ഘട്ടം വരെ എത്തി കാര്യങ്ങൾ. കോളേജ് അന്തരീക്ഷം രക്തരൂക്ഷിതം ആകും എന്ന് തോന്നിയ ഘട്ടത്തിൽ അധികൃതർ ഉണർന്ന് പ്രവർത്തിച്ചു. വിദ്യാർത്ഥികളിലെ വയലൻസ് മനോഭാവം മാറ്റാൻ അല്ലെങ്കിൽ കുറയ്ക്കാൻ അവസാനം കണ്ടെത്തിയ വഴി, സ്ത്രീപ്രവേശനം ആയിരുന്നു. അങ്ങനെ അവർ കോളേജിൽ പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചു. പെൺകുട്ടികൾക്ക് പ്രവേശനം അനുവദിച്ചിട്ടും അവരുടെ അംഗസംഖ്യ തുലോം തുച്ഛമായിരുന്നു. എങ്കിലും കാര്യമായ ഫലസിദ്ധിയുണ്ടായി. കലാലയ അന്തരീക്ഷത്തിന്റെ ചൂട് കുറഞ്ഞു.
എൻറെ ക്ലാസിൽ നാല് പെൺകുട്ടികളെ ഉണ്ടായിരുന്നുള്ളൂ. അതിൽ എന്നോട് സൗഹൃദം കാണിച്ചത് ആകട്ടെ റോഷിനി കൗര്‍ മാത്രം. ഞാന്‍ കോളേജിൽ പോകുന്ന ദിവസം ഒന്നോ രണ്ടോ ക്ലാസ്സിൽ ഇരിക്കും. ബാക്കി സമയം ഗ്രീൻപാർക്ക് സ്റ്റേഡിയത്തിന്റെ ഗ്യാലറിയിൽ വെറുതെ പോയിരിക്കും.
സ്റ്റേഡിയം പൂർണമായും ശൂന്യമായിരിക്കും. പുറത്തെ ആരവങ്ങളും ബഹളങ്ങളും ഒന്നുമേശാത്ത തികച്ചും ശാന്തമായ അന്തരീക്ഷം. അങ്ങനെയുള്ള ചില അവസരങ്ങളിൽ രൂപ്മേ ശർമ എന്നോടൊപ്പം കൂടും, ഗാലറിയിൽ. അവിടെ ഇരുന്ന് അവൻ അവൻറെ കുടുംബവിശേഷങ്ങള്‍ പറയും. അവന് ഒരു അനുജൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവനെക്കാൾ കൂടുതൽ കഴിവുകളുള്ള അനുജൻ. അതില്‍ അവന്‍ അഭിമാനം കൊണ്ടു.
ഷർട്ട് ഊരിയാൽ ശര്‍മ്മയുടെ അവസ്ഥ പരമദയനീയമായിരുന്നു. ഒരുമാതിരി സോമാലിയ ജനതയെ ഓർമ്മിപ്പിക്കുന്ന പ്രകൃതം. വയർ നട്ടെല്ലിനോട് ഒട്ടിനിൽക്കുന്നു. അവൻ എപ്പോഴും മുന്നോട്ടു വളഞ്ഞാണ് നിൽക്കാറ്. ശരീര ശക്തി പ്രകടമാക്കുന്ന നിൽപ്പ്. നല്ല വെളുപ്പ് നിറമാണ്. ശരീരത്തിന് കുറുകെ ഒരു പൂണ്നൂല്‍ ഉണ്ട്. ബംഗാളി ബ്രാഹ്മണൻ ആണ്.
ബംഗാളി ബ്രാഹ്മണർക്ക് മത്സ്യം നിഷിദ്ധമല്ല. അത് സസ്യമായിട്ടാണ് അവർ കരുതുന്നത്. ബംഗാളി ബ്രാഹ്മണർ മത്സ്യത്തെ ജലപുഷ്പം അല്ലെങ്കിൽ വാട്ടർ ഫ്ലവർ എന്നാണ് പറയുക. അതുപോലെതന്നെ പൂവൻ കൊത്താത്ത മുട്ട അതായത് ബീജസങ്കലനം നടക്കാത്ത മുട്ട കഴിക്കുന്നതിലും അവർക്ക് എതിരില്ല. നമ്മൾ നോൺവെജ് എന്ന് കരുതുന്ന മീനും മുട്ടയും ബംഗാളി ബ്രാഹ്മണന് വെജിറ്റേറിയൻ ഐറ്റം ആണ്. നിങ്ങൾ ഒരു ബംഗാളി സുഹൃത്തും ആയി ഹോട്ടലിൽ ചെന്നാൽ അവിടെ അവർ പറയുന്നത് വെജിറ്റേറിയൻ വിത്ത് ഫിഷ് എന്നാണ് അല്ലെങ്കിൽ വെജിറ്റേറിയൻ വിത്ത് എഗ്ഗ് എന്നാണ്. സ്പെഷ്യൽ വെജിറ്റേറിയൻ എന്ന നിലയിലാണ് മീനും മുട്ടയും അവർ കരുതിയിരുന്നത്.
രൂപ്മേ മുട്ട കഴിക്കും. എല്ലാ മുട്ടയുമില്ല. ഭാവിയിൽ ജീവൻ വയ്ക്കാത്ത മുട്ട. അല്ലെങ്കിൽ ബീജസങ്കലനം നടക്കാത്ത മുട്ട. അതെങ്ങനെ തിരിച്ചറിയും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. അവനും അതിനുത്തരമില്ല. കടക്കാരൻ തരുന്ന മുട്ട ബീജസങ്കലനം നടന്നിട്ടില്ല എന്ന് കരുതി കഴിക്കുക, അത്രതന്നെ.
ഇത്തരം വിശ്വാസം എല്ലാ കാലഘട്ടത്തിലും എല്ലാവർക്കും ഉണ്ട് എന്ന് തോന്നുന്നു. വിശ്വാസത്തിന് ഒരു താങ്ങു മാത്രം മതി. വിശ്വാസം ആഗ്രഹത്തിൻറെ പിന്നാലെ പോകും. അല്ലെങ്കിൽ ആഗ്രഹം വിശ്വാസത്തിന് അതീതമായി നിൽക്കും.
ദരിദ്രമായ സാമ്പത്തിക ചുറ്റുപാടികളിലും ശരീരം മെച്ചപ്പെടുത്താൻ രൂപ്മേ മുട്ട കഴിക്കുമായിരുന്നു. ഏതാണ്ട് എല്ലാദിവസവും. അവന്‍ തികച്ചും മനുഷ്യത്വമുള്ള ഒരു നല്ല സുഹൃത്തായിരുന്നു. അവൻറെ കൂടെയുണ്ടായിരുന്ന അർജുൻ ചക്രവർത്തിയുടെ രീതിയായിരുന്നില്ല ശര്‍മ്മയ്ക്ക്. അർജ്ജുനുമായി എനിക്ക് അധികം അടുപ്പം ഉണ്ടായിരുന്നില്ല. ഹിപ്പീയ സംസ്കാരത്തിന്റെ വക്താവായ അർജുനനോട് എനിക്കുള്ളുകൊണ്ട് ഒരു അകൽച്ചയായിരുന്നു. എന്നാൽ അങ്ങനെ ആയിരുന്നില്ല രൂപ്മേ. അവനോട് എനിക്കൊരു മമത തോന്നിയിരുന്നു. എന്തെന്നാൽ അവൻ തികച്ചും യാഥാർത്ഥ്യബോധമുള്ളവനായിരുന്നു. മാത്രമല്ല ആത്മാർത്ഥതയുള്ളവനുമായിരുന്നു. ജാഡ ഒട്ടും ഇല്ലാത്ത വ്യക്തി.
ഒരിക്കൽ രൂപ്മേ എന്നെ അവന്റെ വാസസ്ഥലത്ത് കൊണ്ടുപോയി. ഒരു ചെറിയ മുറി. അതിലായിരുന്നു എല്ലാം. പാചകം ഉൾപ്പെടെ. പാചകത്തിനായി മുറിയിൽ ഉണ്ടായിരുന്നത് ഒരു മണ്ണെണ്ണ സ്ടൌവ്വും ഏതാനും പാത്രങ്ങളും. പിന്നെ രണ്ടു പ്ലേറ്റുകൾ. കഴിഞ്ഞു പാചക സന്നാഹങ്ങൾ.
ഞാൻ അവിടെ പോയത് ഒരു ഉച്ചസമയത്തായിരുന്നു. അത് പാടില്ലായിരുന്നു എന്ന് പിന്നീട് എനിക്ക് തോന്നി. കാരണം രൂപ്മേ കഴിക്കാൻ വച്ചിരുന്ന മുട്ടക്കറി, അത് മാത്രമായിരുന്നു ഒരേയൊരു കറി, എനിക്ക് വിളമ്പി. ഞാൻ ഊരിപ്പോരാൻ പരമാവധി ശ്രമിച്ചിട്ടും നടന്നില്ല. ഞാൻ കഴിക്കുന്നത് അവൻ നോക്കിയിരുന്നു. കഴിച്ചു കഴിഞ്ഞപ്പോൾ ഒരു ചടങ്ങ് പോലെ എൻറെ കയ്യിൽ നിന്നും എച്ചിൽ പാത്രം വാങ്ങി അവൻ കഴുകി വച്ചു. കുശലം പറഞ്ഞശേഷം ഞാൻ പോന്നു.
അന്ന് ഞാൻ കരുതി, ഒരിക്കൽ അവനെ വിളിച്ച് ഐ. ഐ. ടി. യിൽ, എന്റെ വാസസ്ഥലത്ത് കൊണ്ടുപോകണം. പിന്നെ മനസ്സുനിറച്ച് സമൃദ്ധമായ ഒരു ഭക്ഷണം കൊടുക്കണം. പക്ഷേ ആ ആഗ്രഹം ഒരിക്കലും സാധിച്ചില്ല. സംഭവങ്ങൾ ഞാൻ പ്രതീക്ഷിച്ചമാതിരി അല്ല പിന്നീട് നടന്നത്. മുകളിലിരുന്ന ആ വലിയ സംവിധായകൻറെ സ്റ്റോറി ബോർഡിൽ വരച്ചു വെച്ചിരുന്നത് മറ്റൊന്നായിരുന്നു. ഞാൻ തീര്‍ത്തും പ്രതീക്ഷിക്കാതിരുന്ന ഒന്ന്.
സംഭവബഹുലം അല്ലെങ്കിലും വിരസമായ ജീവിതചര്യയായിരുന്നു വേനല്‍ക്കാലങ്ങളില്‍ എന്റേത്. മിക്ക ദിനങ്ങളിലും ഉറക്കം ശരിയാവില്ല. കാലാവസ്ഥ മോശം. കടുത്ത ചൂട്. ഒരുമാതിരി വാടിയ ചേമ്പിൻതണ്ട് പോലെ ഓരോ ദിനവും എണീക്കും. ടെറസിലേക്ക് പോകും, കാറ്റുകൊള്ളാൻ. മുറിക്കകത്ത് നല്ല ചൂടും കൊതുകവും ആണ്. തറയിൽ വിരിച്ച ഒരു കമ്പളത്തിലാണ് ഞങ്ങളുടെ കിടപ്പ്. ഞാൻ, ശ്രീജിത്ത്. സാമണ്ണന് കിടക്കാൻ ഒരു ഒടിഞ്ഞ കട്ടിലുണ്ട്. അത് ഇഷ്ടികപ്പുറത്ത് സുരക്ഷിതമാണ്. ഒരുപാട് ചലിപ്പിക്കരുത് എന്ന് മാത്രം.
കിടക്കുന്നതിനു മുമ്പ് മുറിയിലാകെ ഞങ്ങൾ വെള്ളം കോരി ഒഴിക്കും. അത് പെട്ടെന്ന് ഉണങ്ങും. ഫാന്‍ സാധാരണ പരമാവധി വേഗതയിലാണ് കറങ്ങുക. എങ്കിൽ മാത്രമേ കൊതുകടിയിൽ നിന്നും രക്ഷപ്പെടാൻ പറ്റുകയുള്ളൂ. ഫാൻ ഇട്ടാൽ ഉഷ്ണക്കാറ്റാണ്. നല്ല ചൂട് കാറ്റ്. ഒരുമാതിരി ഓവനിൽ കിടന്നുറങ്ങുന്ന അവസ്ഥയാണ്. കാറ്റിൽ ശരീരത്തിലെ വെള്ളത്തിൻറെ അംശം കുറയും. അത് പരിഹരിക്കാൻ ഇടയ്ക്കിടയ്ക്ക് എണീറ്റ് പോയി വെള്ളം കുടിക്കണം.
ശ്രീജിത്ത് ആഹാരപ്രിയനാണ്. അവൻ ഏറ്റവും പ്രധാനം സ്വന്തം ശരീരം തന്നെ. ശരീരം മെച്ചപ്പെടുത്താൻ വ്യായാമം ഒന്നും ചെയ്യാറില്ല. മറിച്ച് നല്ല ഭക്ഷണം കഴിക്കും. സാമാന്യം ഭേദപ്പെട്ട കുടുംബത്തിലെ അംഗം. മാതാപിതാക്കൾ അധ്യാപകർ. ഇവൻ ഒരേയൊരു ആൺതരി.
മിക്കവാറും ചിരിക്കുന്ന മുഖത്തോടെ അവനെ കാണാൻ കഴിയു. അല്ലാതെ കാണണമെങ്കിൽ അവൻ എന്നോട് ഇടപെടണം. മിക്കവാറും ഞങ്ങൾ തമ്മിൽ നല്ല ഇടിയാണ്. അത് കടയിൽ പോയി സാധനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ്. കട കഷ്ട്ടിച്ചു നൂറ്റമ്പതു മീറ്റർ അകലെയാണ്. പക്ഷേ അത്രയും നടക്കുന്നത് അവന് ഇഷ്ടമല്ല. മിക്ക ദിവസവും അവനു കടയിൽ പോകാനുള്ള പണി ഞാൻ കൊടുക്കും. മന:പൂർവ്വമല്ല. അങ്ങനെ സംഭവിച്ചു പോകുന്നതാണ്. നൂറു ഗ്രാം തേയിലയ്ക്ക്, അരക്കിലോ പഞ്ചസാരയ്ക്ക്, കാല്‍ കിലോ കടുകെണ്ണക്ക്, അങ്ങനെ പലതിനും. ഇതൊക്കെ കുറച്ചു കൂടുതൽ വാങ്ങി വെക്കണം എന്ന് ശ്രീജിത്ത്. അതിന് അത്രയും കാശ് മുടക്കാൻ നമ്മൾ ടാറ്റയുടെയോ ബിര്‍ളയുടെയോ മക്കളല്ല എന്ന് ഞാൻ.
എൻറെ മാനേജ്മെൻറ് ബാലപാഠങ്ങൾ ഞാന്‍ അവിടെ പരിശീലിക്കുകയായിരുന്നു. പ്രത്യേകിച്ചും സാമ്പത്തിക മാനേജ്മെൻറ്. അതിനു ഫലം ഉണ്ടായി. ഏതാനും മാസങ്ങൾക്കുള്ളിൽ ഞാൻ ഒരു സാമ്പത്തിക വിദഗ്ധനായി.
സാധനങ്ങൾ വാങ്ങാൻ പറഞ്ഞാൽ, ശ്രീജിത്ത് ആദ്യം ചീത്ത വിളിക്കും പിന്നെപ്പോയി വാങ്ങിക്കൊണ്ടുവരും. അതിൻറെ ഇടയ്ക്ക് കണ്ണൂർ ഭാഷയിൽ ഒരു കെട്ട് തെറി എന്നെ പറഞ്ഞുകഴിഞ്ഞിരിക്കും. ഭാഗ്യം എനിക്ക് ഒരിക്കലും അതിൽ പലതിന്റെയും അർത്ഥം മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല.
ഭക്ഷണം ചോറാണ്, എന്നും. ചോറിന് കറി ഉണ്ടാകാറില്ല. അത് മോരുംവെള്ളമാണ്. അവിടെ നിന്നും മൂന്നു കിലോമീറ്റർ അകലെ താമസിക്കുന്ന ഒരു പയ്യൻ രാവിലെ കൃത്യം ആറുമണിക്ക് തൈര് കൊണ്ടുവരും. അപ്പോള്‍ കറന്നെടുക്കുന്ന പാലില്‍ ഒരു പച്ചില പിഴിഞോഴിച്ചു ഉണ്ടാക്കുന്ന തൈര് ആണത് എന്നാണ് അണ്ണൻ പറഞ്ഞത്. സാദ്ധ്യതയുണ്ട്. ഗ്രാമീണരുടെ പ്രയോഗികജ്ഞാനം നമ്മള്‍ കരുതുന്നതിലും അപ്പുറമാണ്. പച്ചിലച്ചാറു ഒഴിച്ചാല്‍ പാല്‍ പെട്ടെന്ന് കട്ടിയാവും. നല്ല പുളിയും ഉണ്ടാകും. അത് അല്പം വെള്ളം ചേർത്ത് ഒന്ന് കലക്കി തൈരാക്കിക്കൊണ്ട് പയ്യന്‍ വരും. തൈരുകലം ഒരു സൈക്കിളിന് പിന്നിൽ വച്ചിരിക്കും.
തൈര് കൊണ്ടുവരുന്നത് ഏകദേശം പതിനഞ്ചു വയസ്സ് തോന്നുന്ന ഒരു പയ്യനാണ്. അവൻ ഒരിക്കലും കുളിച്ചതായി തോന്നില്ല കണ്ടാൽ. വേഷം, കീറിയ ഒരു പഴയ പാൻസും മുഷിഞ്ഞ ബനിയനും. അവൻ കൃത്യം ആറുമണിക്ക് എത്തും. എന്നും. വന്നാൽ വാതിലിൽ ആഞ്ഞിടിക്കും. ഞങ്ങൾ ഉണരുന്നത് ആ ഇടി കേട്ടാണ്. ഞാൻ എണീറ്റുപോയി തൈര് വാങ്ങി വെക്കണം. അതെന്റെ ഡ്യൂട്ടിയാണ്. ഈ പരിപാടി വേനൽക്കാലത്ത് കുഴപ്പമില്ല. പക്ഷേ മഞ്ഞുകാലത്ത് പ്രത്യേകിച്ചും, സെപ്റ്റംബർ കഴിഞ്ഞാൽ ബുദ്ധിമുട്ടാണ്. മഞ്ഞുകാലത്ത് നേരം വെളുക്കുന്നത് വൈകും. എട്ടു മണിയൊക്കെയാവും. നല്ല തണുപ്പും. ആ സമയത്ത് രാവിലെ ആറു മണിക്കുള്ള എണീക്കല്‍ വിഷമകരം തന്നെയാണ്.
പക്ഷേ എന്തുചെയ്യാം. എണീറ്റേ പറ്റൂ. ഇല്ലങ്കില്‍ ശ്രീജിത്ത് പുതപ്പിനടിയില്‍ കിടന്നുകൊണ്ട് ചീത്തവിളി തുടങ്ങും. അവന്‍ ഒരിക്കലും തൈര് വാങ്ങി വെക്കാറില്ല. തൈര് അളക്കുന്നത് ഒരു അലുമിനിയം കപ്പ് കൊണ്ടാണ്. ഒരിക്കലും കഴുകാത്ത ഒരു കപ്പ്. അതിൻറെ വക്ക് പലടത്തും പൊട്ടിയിരിക്കും. കുളിക്കാത്ത പയ്യൻ അഴുക്കുപിടിച്ച കപ്പ് തൈരിൽ പൂർണമായും മുക്കി നിറച്ചെടുക്കും. പക്ഷേ ഞങ്ങളുടെ ജഗ്ഗിൽ ഒഴിക്കുന്നതിനു മുമ്പ് തൈര് കപ്പിന്റെ മുക്കാൽ ഭാഗമാകും. കാല്‍ ഭാഗം തൈര് അവന്റെ പാത്രത്തിലേക്ക് തന്നെ തിരിച്ചു വീഴും. അളക്കുന്നത് ഒരു കപ്പാണ്, പക്ഷെ കിട്ടുന്നത് മുക്കാൽ കപ്പ്. തൈരിന് രണ്ട് രൂപയാണ് വില. ഇത് രാവിലെ കഴിക്കാനാണ്. വൈകിട്ട് രണ്ടു രൂപയ്ക്ക് ജഗ്ഗുനിറയെ സാമ്പാർ നായര്‍ മെസ്സില്‍ നിന്നും കിട്ടും.
മുക്കാൽ കപ്പ് തൈരിൽ ഒരു ലിറ്റർ പച്ചവെള്ളം ചേർത്ത് പച്ചമുളക്, അല്പം സവാള, ഉപ്പ് ഇവ ചേർത്തു നന്നായി ഇളക്കിയാല്‍ രാവിലത്തെ കറി റെഡി. ഒരു നീണ്ട മോരുംവെള്ളം. അത് ചോറിൽ ഒഴിച്ചാണ് ഞങ്ങൾ സാധാരണ പ്രഭാതഭക്ഷണം കഴിക്കുന്നത്. പ്രഭാതഭക്ഷണം മിക്കവാറും ചോറ് തന്നെ. അപൂർവ്വമായി റവ കൊണ്ട് ഉപ്പുമാവ് ഉണ്ടാകും. ഉപ്പുമാവ് കഴിച്ചാൽ അടിക്കടി വെള്ളം കുടിക്കണം. ദാഹിക്കും. അതുകൊണ്ട് പ്രധാന പ്രഭാതഭക്ഷണം ചോറായി, മിക്ക ദിവസങ്ങളിലും.
രൂപ്മേ തന്ന മുട്ടക്കറിയാണ് ഞാൻ കാണ്‍പൂരില്‍ ആദ്യമായി കഴിക്കുന്ന മുട്ടക്കറി, അവസാനമായും. ഞങ്ങൾ മുട്ട വാങ്ങാറില്ലായിരുന്നു. മിക്കവാറും സസ്യഭക്ഷണം.
മഞ്ഞുകാലത്തിന്റെ പ്രാരംഭത്തിൽ, നേപ്പാളിൽ നിന്നും ലോറിക്ക് ആടിനെ കാൺപൂരിൽ കൊണ്ടുവരും. ലോറിയില്‍ കുത്തിനിറച്ചാണ് കൊണ്ടുവരിക. അപ്പോൾ ആട്ടിറച്ചിക്ക് വളരെ സഹായ വിലയായിരിക്കും. ആട് വന്നാല്‍, ആ വിവരം മൈക്കിൽ വിളിച്ചുപറഞ്ഞ് കടക്കാര്‍ ജീപ്പിൽ സഞ്ചരിക്കുന്നുണ്ടാവും. ഇത് മഞ്ഞുകാലം തീരുന്നതുവരെയുണ്ടാവും. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് ആട്ടിറച്ചിക്ക് നല്ല വില ആയിരിക്കും. അപ്പോൾ നേപ്പാളിൽ നിന്നും ആടിൻറെ വരവ് ഉണ്ടാകാറില്ല.
മഞ്ഞുകാലത്തിന്റെ പ്രാരംഭത്തിൽ മാത്രം, ഒന്നോ രണ്ടോ പ്രാവശ്യം ഞങ്ങൾ ആട്ടിറച്ചി അരക്കിലോ വെച്ച് വാങ്ങും. ഒരു കിലോ തികച്ചു വാങ്ങാൻ ഞങ്ങളുടെ സാമ്പത്തികനില അനുവദിച്ചിരുന്നില്ല. വിഭവസമൃദ്ധമായ പോഷകമൂല്യമുള്ള ഭക്ഷണമാണ് ശ്രീജിത്തിന്റെ ജീവിതാഭിലാഷം. പക്ഷേ ആ അഭിലാഷം സാധിച്ചുകൊടുക്കാൻ ഞങ്ങൾക്കൊരിക്കലും സാധിച്ചിട്ടില്ല.
മഞ്ഞുകാലത്ത് വിദ്യാലയങ്ങൾക്ക് അവധിയുണ്ട്. അതുപോലെ വേനൽക്കാലത്തും. മഞ്ഞുകാല അവധി പ്രഖ്യാപിക്കുന്നതിനും ഒരു ആഴ്ച മുമ്പ് ഞങ്ങൾ കേരളക്കര പിടിക്കും. അപ്പോൾ സാമണ്ണൻ മാത്രമാകും അവിടെ. ഗവേഷകർക്ക് അവധിയില്ല. കാൺപൂരിലെ പോഷകാഹാരക്കുറവ് നാട്ടിൽ വന്ന് തീർക്കും. അതാണ് പതിവ്.
മഞ്ഞകാല അവധിക്ക് മുമ്പ് രൂപ്മേ ശർമയെ ഐ. ഐ. ടി. വീട്ടിൽ കൊണ്ടു വന്നു ഒരു നേരത്തെ നല്ല ഭക്ഷണം കൊടുക്കണമെന്ന് ഞാൻ കരുതിയിരുന്നു. ഒരു മുട്ടക്കറിയുടെ കടം ബാക്കിയാണ്. അതിനായി പലപ്രാവശ്യം അവനെ ഐ. ഐ. ടി. യിലേക്ക് ഞാൻ ക്ഷണിച്ചു. പക്ഷേ അവൻ എന്തോ എല്ലായിപ്പോഴും സ്നേഹപൂർവ്വം ഒഴിഞ്ഞുമാറി. എൻറെ ജീവിത സാഹചര്യം അവന്റെതില്‍ നിന്നും വ്യത്യസ്തമല്ല എന്ന തിരിച്ചറിവുകൊണ്ടാകണം. എങ്കിലും ശര്‍മ്മയ്ക്ക് ഒരു നേരത്തെ സമൃദ്ധമായ ഭക്ഷണം എന്നതായിരുന്നു എൻറെ ലക്ഷ്യം.
മഞ്ഞുകാലത്തിന്റെ പ്രാരംഭത്തിൽ ഓണത്തിൻറെ വരവായി. ഓണം നാട്ടിൽ കൂടാൻ തീരുമാനിച്ചു. സാധാരണ അവധിക്കാലത്ത് കോളേജിൽ നിന്നും പ്രിൻസിപ്പൽ ഒപ്പിട്ട ഒരു ഫോം പൂരിപ്പിച്ച് റെയിൽവേ റിസർവേഷൻ കൗണ്ടറിൽ കൊടുത്താൽ മതി, ടിക്കറ്റിന്റെ പകുതി തുക ഇളവ് ചെയ്ത് കിട്ടും. എന്നാൽ ഓണത്തിന് നാട്ടിൽ വന്നാൽ മുഴുവൻ തുകയും കൊടുത്ത് ടിക്കറ്റ് എടുക്കണം. എങ്കിലും ആ ഓണത്തിന് നാട്ടിൽ വരാൻ ഞാന്‍ തീരുമാനിച്ചു. അത്രയും നാള് പിശുക്കി സ്വരൂപിച്ച തുക ഒരു ടിക്കറ്റിന് പര്യാപ്തമായിരുന്നു. അതുകൊണ്ട് ഞാൻ ഓണത്തിന് നാട്ടിലെത്താൻ തീരുമാനിച്ചുറപ്പിച്ചു.
നാട്ടിലേക്ക് പോരുന്നതിനു മുമ്പ് രൂപ്മെയേ ഞാന്‍ കണ്ടിരുന്നു. അവൻ അപ്പോൾ കഴിയുമെങ്കിൽ നാടൻ പാട്ടിന്റെയോ മറ്റോ കസറ്റ് കൊണ്ടുവരാമോ എന്ന് ചോദിച്ചിരുന്നു. കാലം തൊണ്ണൂറുകളാണ്. സി. ഡി. ഇല്ലാതിരുന്ന കാലം. കേരളത്തിൽ പ്രധാനമായും ഉപയോഗിക്കുന്ന ചെണ്ട, മൃദംഗം, തബല, ഉടുക്ക്, ഇതൊക്കെ അവന് ഇഷ്ടമായിരുന്നു. അസുരവാദ്യം ഒരു പ്രത്യേകത ആണല്ലോ. മനസ്സിനെ തൃസ്സിപ്പിക്കാന്‍ അസുര വാദ്ധ്യത്തിനുള്ള കഴിവ് ദേവവാദ്ധ്യങ്ങല്‍ക്കില്ല. പലപ്പോഴും അവൻ അതിനെപ്പറ്റി എന്നോട് പറയാറുണ്ടായിരുന്നു.
ബംഗാളികൾ പൊതുവേ സംഗീതപ്രിയരാണ്. മാത്രമല്ല പാരമ്പര്യമായും ആഢൃത്വ ത്തിന്റെ ഭാഗമായും പല കുടുംബങ്ങളിലും കുട്ടികളെ സംഗീതം പഠിപ്പിച്ചിരുന്നു. പ്രത്യേകിച്ചും പെൺകുട്ടികളെ. രൂപ്മേ സംഗീതം പഠിച്ചിട്ടുണ്ടോ എന്ന് എനിക്കറിയില്ല. അവൻ ഒരു മൂളിപ്പാട്ട് എങ്കിലും പാടുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. എങ്കിലും കേരളീയ വാദ്യോപകരണങ്ങളോടുള്ള അവന്റെ താൽപര്യം കണ്ടപ്പോൾ, നാടൻ പാട്ടിന്റെ ഒരു കസറ്റ് കൊണ്ടുവരാം, തിരിച്ചുവരുമ്പോൾ എന്ന് ഞാൻ അവനു വാക്കു കൊടുത്തു.
ഓണത്തിന് നാട്ടിൽ വന്നിട്ട് തിരിച്ചുപോകുമ്പോൾ വസന്ത ഗീതങ്ങളുടെ ഒരു കസറ്റ് ഞാൻ കരുതിയിരുന്നു. അത് ശർമ്മയ്ക്ക് ഉള്ളതാണ്. കോളേജിൽ എത്തിയ ദിവസം അവനെ ക്ലാസ്സില്‍ കണ്ടില്ല. എന്തോ അത്യാവശ്യത്തിന് അവൻ നാട്ടിലേക്ക് പോയതായി റോഷ്നി എന്നോട് പറഞ്ഞു. പിന്നീട് ഒരാഴ്ച കഴിഞ്ഞിട്ടാണ് അവൻ എത്തിയത്. അവൻ വന്നെങ്കിലും പക്ഷേ ക്ലാസിൽ കണ്ടില്ല. ഞാൻ നേരെ സ്റ്റേഡിയത്തിലേക്ക് പോയി. പ്രതീക്ഷിച്ചപോലെ അവൻ അവിടെയുണ്ട്. ഒറ്റയ്ക്ക് ഗാലറി യില്‍ ഇരിക്കുന്നു.
ഞാൻ രൂപ്മയുടെ അരികിലേക്ക് നടന്നു. അവൻ ശൂന്യതയിലേക്ക് നോക്കിയിരിക്കുന്നു. തല മുണ്‍ഢനം ചെയ്തിട്ടുണ്ട്. മുടി കഷ്ടിച്ചു വളർന്നു വരുന്നു. തലയ്ക്ക് പുറകിൽ കുറച്ചുമുടി നീട്ടി വളർത്തി കുടുമ പോലെ കെട്ടിയിരിക്കുന്നു. അതൊരു ആചാരത്തിന്റെ ഭാഗമാണ്. അടുത്ത ബന്ധത്തിൽപ്പെടുന്ന ആരെങ്കിലും മരിച്ചാൽ, കർമ്മം ചെയ്യുന്ന സമയത്ത് തല മുണ്‍ഢനം ചെയ്തു മുടി പുറകിൽ കുടുമ കെട്ടി വെക്കും. രൂപ്മെയുടെ ആരാണ് മരിച്ചത് എന്ന് ഞാൻ സംശയിച്ചു. അവന്റെ സഹവാസിയായ അർജ്ജുനനെ ഞാൻ കണ്ടതുമില്ല.
എൻറെ സാമീപ്യം അവൻ അറിഞ്ഞു. പക്ഷേ എന്നെ നോക്കുകയോ ചിരിക്കുകയോ ചെയ്തില്ല. വിദൂരതയിലേക്ക് തന്നെ നോക്കിയിരുന്നു. ഞാൻ അവന്‍റെ സമീപത്ത് ഇരുന്നു. പിന്നെ കയ്യിൽ കരുതിയിരുന്ന കസറ്റ് അവനു നേരേ നീട്ടി. അവനു വേണ്ടിയിട്ടാണ് ഞാൻ അത് കൊണ്ടുവന്നത്. കസറ്റ് കാണുമ്പോള്‍ അവൻ ഒരുപാട് സന്തോഷിക്കുമെന്ന് ഞാന്‍ കരുതിയെങ്കിലും അതുണ്ടായില്ല. ഞാൻ നിശബ്ദം അവന് അരികിൽ ഇരുന്നു.
കാറ്റിനു ശക്തി കൂടി വരികയാണ്. താമസിയാതെ മഴയുണ്ടാകും എന്ന് ചിന്തിക്കുമ്പോള്‍ അവൻ സംസാരിച്ചു തുടങ്ങി. അവന്‍ എന്നെ നോക്കിയില്ല. ശൂന്യതയിലേക്ക് നോക്കി വളരെ സാവധാനം പതിഞ്ഞ ശബ്ദത്തിൽ അവന്‍ പറഞ്ഞു തുടങ്ങി. അനുജന് ഒരു ആക്സിഡൻറ് പറ്റി എന്ന് അറിഞ്ഞിട്ടാണ് അവൻ പോയത്. എവിടെയെങ്കിലും ഒന്ന് മുട്ടിയത് ആയിരിക്കും എന്നേ രൂപ്മേ കരുതിയുള്ളൂ. അങ്ങനെ കരുതിയാണ് അവൻ വീട്ടിലേക്ക് പോയത്.അവന്റെ അനുജന്‍ ഒരു എഞ്ചിനീയറിംഗ് വിദ്ധ്യാര്‍ഥി ആയിരുന്നു. ഒരുപാട് കഴിവുകള്‍ പ്രകടിപ്പിച്ചിരുന്ന വ്യക്തി. രൂപ്മേ ഡിഗ്രി കഴിഞ്ഞ് ഒരു വർഷം ട്യൂഷൻ അധ്യാപകനായി പ്രവർത്തിച്ചു. അങ്ങനെ കിട്ടിയ പണം ഉപയോഗിച്ച് അവന്‍ അനുജന് ഒരു ടൂവീലർ വാങ്ങി നൽകിയിരുന്നു. ആക്സിഡൻറ് ഉണ്ടായി എന്ന് മാത്രമേ രൂപ്മെയും അറിഞ്ഞിരുന്നുള്ളൂ. പക്ഷേ നാട്ടിലെത്തിയ അവനെ വരവേറ്റത് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന അനുജന്റെ വിറങ്ങലിച്ച ശരീരമായിരുന്നു.
അവന്റെ അനുജന്‍ ടൂവീലറിൽ യാത്ര ചെയ്യുകയായിരുന്നു. മഴയുടെ പ്രാരംഭം. നല്ല കാറ്റടിക്കുന്നുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് റോഡിൻറെ സൈഡിൽ നിന്ന പടർന്നു പന്തലിച്ച വലിയ ഒരു മരം ഒന്നാകെ കടപുഴകി വീണത്. കൃത്യം രൂപ്മെയുടെ അനുജന്റെ മുകളിലേക്ക്. അവൻ മരച്ചില്ലകൾക്കിടയിലായി. ആളുകൾ ഓടിക്കൂടി ഇലച്ചി ല്ലകൾ വെട്ടിമാറ്റി നോക്കുമ്പോൾ, മരത്തിൻറെ ഒരു വലിയ ശിഖരത്തിനടിയില്‍ വണ്ടിയുടെ പിൻചക്രത്തോട് ചേർന്ന് തല തകർന്ന നിലയിൽ അനുജന്‍ കിടക്കുന്നു. ഒരു നേരിയശ്വാസം പോലും അവനെ പുറത്തെടുക്കുമ്പോൾ ഉണ്ടായിരുന്നില്ല.
അവൻറെ അന്ത്യകർമ്മങ്ങൾക്ക് പങ്കുചേർന്നിട്ടാണ് രൂപ്മേ വന്നത്. രണ്ടാഴ്ച കൊണ്ട് അവന്‍ ആകെ മാറിപ്പോയിരുന്നു. ഉണ്ടായിരുന്ന പ്രസരിപ്പ് പൂർണമായും ചോർന്നുപോയി. ചലിക്കുന്ന ഒരു ശവം പോലെ തോന്നിച്ചു അവൻറെ രൂപവും ഭാവവും ഒക്കെ കണ്ടപ്പോൾ. അവസാനം അവൻ പറഞ്ഞു, ‘അനുജന് സംഗീതം വലിയ ഇഷ്ടമായിരുന്നു. അവൻ കുറച്ചു പഠിച്ചിട്ടുമുണ്ട്. നന്നായി പാടുമായിരുന്നു. അവന് മൃദംഗത്തിന്റെ താളം വലിയ ഇഷ്ടമായിരുന്നു.’ പിന്നെ രൂപ്മേ നിശ്ശബ്ദനായി.
ഞാന്‍ ആ കസറ്റ് അവൻറെ സമീപം വെച്ചിട്ട് നിശബ്ദം എണീറ്റ് നടന്നു. കാറ്റിന്റെ ശക്തി കൂടി വന്നു. ദൂരെ ഒരു മൈലിന്‍റെ നേര്‍ത്ത കരച്ചിൽ കേൾക്കാം. ഒരു വിലാപം പോലെ.
കാറ്റ് ശക്തിയായി ചീറിയടിച്ചു. സ്റ്റേഡിയത്തിൽ വെച്ചിരുന്ന ചെറിയ പരസ്യപ്പ ലകകൾ മറിഞ്ഞടിച്ചു വീഴുന്നു, വലിയ ശബ്ദത്തിൽ. പെട്ടന്ന് ഒരു മിന്നൽ. കൂടെ കാതടപ്പിക്കുന്ന ഒരു ഇടിയും. വെള്ളിടി പോലെ.
ഒരിക്കൽ ഇതുപോലെ ഒരു സായാഹ്നത്തിൽ, വീടിൻറെ ടെറസ്സില്‍ നിന്നുകൊണ്ട് സാം അണ്ണന്‍ പറഞ്ഞ കാര്യങ്ങൾ ഞാൻ ഓർത്തു.
‘പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകം. പ്രകൃതി തന്നെ ഏറ്റവും വലിയ ശക്തി. പ്രകൃതി സ്ത്രൈണമാണ്. അവൾ കാര്യങ്ങൾ തീരുമാനിക്കുന്നു. നടപ്പാക്കുന്നു. അതനുസരിച്ച് എല്ലാ കാര്യങ്ങളും നടക്കുന്നു. അവളെ എതിർത്തു വിജയിക്കാനാവില്ല. വിജയിക്കണമെങ്കിൽ സഹകരിച്ചു പോകണം. ഇല്ലെങ്കിൽ അവൾ മരണം വിതയ്ക്കും. ചൂടലകാളിയാണവൾ. അവളുടെ നിശ്വാസം ആണ് കൊടുങ്കാറ്റ്. അവളുടെ രൗദ്രനേത്രങ്ങൾ നിന്നും പാറി വരുന്നതാണ് മിന്നൽ. ചുടല കാളിയുടെ നൃത്തത്തിന്റെ ചുവടുവെപ്പിൽ ഉയരുന്നതാണ് ഇടിമുഴക്കം.’
ഞാൻ സാമണ്ണനെ സൗകൂതം നോക്കി. ഒരു ജന്തുശാസ്ത്രഗവേഷകനാണ് ഇത് പറയുന്നത്. എൻറെ നോട്ടം കണ്ടിട്ടാവാം അണ്ണൻ പറഞ്ഞു.
“ഗവേഷണം എന്നാല്‍, ഗവിന്റെ ഏഷണം അഥവാ അന്വേഷണം. സത്യമാകുന്ന പശുവിനെ തേടിയുള്ള യാത്രയാണ് ഗവേഷണം. യാത്രയിൽ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്നവന്‍ പശുവിന്‍റെ അടുത്തെത്തും. ഇല്ലാത്തവൻ പരാജയപ്പെട്ട് പകുതി വഴിക്ക് എല്ലാം ഇട്ടെറിഞ്ഞിട്ടു പോകും.”അല്പനേരത്തെ മൗനത്തിനു ശേഷം അണ്ണന്‍ തുടര്‍ന്നു.
“അവളുടെ നോട്ടത്തിൽ മിന്നൽ ഉണ്ടാകുന്നു. അവളുടെ കണ്ണീരാണ് പേമാരി. ആ പേമാരിയില്‍ കടപുഴകി വീഴാത്തതായി ഒന്നുമില്ല”
അണ്ണന്റെ വാക്കുകൾ ആലോചിച്ചുകൊണ്ട് ഞാൻ പതുക്കെ ഗാലറിയിലൂടെ നടന്നു. അല്പം കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോൾ, രൂപ്മേ സാവധാനം ഗാലറിയിൽ നിന്നും താഴോട്ട് ഇറങ്ങുന്നു. അവൻ ഇരുന്ന സ്ഥലത്ത് ആ കസറ്റിരിപ്പുണ്ട്. അവൻ അത് എടുത്തില്ല. ഇനിയും അവന് അതിൻറെ ആവശ്യമില്ല.
ഞാൻ മുന്നോട്ടു നടന്നു. ചുടലകാളി അവളുടെ നൃത്തം ആരംഭിച്ചു കഴിഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന മിന്നൽ. പിന്നെ കാതടിപ്പിക്കുന്ന ഇടി. ചുടലകാളിയുടെ നിശ്വാസം കൊടുങ്കാറ്റായി. സ്റ്റേഡിയത്തിലെ പരസ്യപ്പലകകള്‍ എടുത്തെറിയപ്പെട്ടു.
ഇതൊന്നും അറിയാതെ സ്റ്റേഡിയത്തിലെ പച്ചപ്പരവതാനിയിലൂടെ രൂപ്മേ സാവധാനം നടന്നുപോകുന്നു. അമ്പേ പരാജയപ്പെട്ട ഒരുവനെപ്പോലെ. ഞാൻ വിങ്ങലോടെ അത് നോക്കി നിന്നു.
ചുടലകാളിയുടെ ചടുലനൃത്തം ശക്തി പ്രാപിച്ചു തുടങ്ങി. ശക്തമായ കാറ്റ്, മിന്നൽ, കാതടപ്പിക്കുന്ന ഇടി. പിന്നെ പെട്ടെന്ന് അവളുടെ കണ്ണുനീർ പെയ്തിറങ്ങി. തുള്ളിക്ക് ഒരുകുടം എന്ന കണക്കെ.
dr.sreekumarbhaskaran@gmail.com.