Sunday, May 19, 2024
HomePoemsപോസ്റ്റ് മാർട്ടം. (കവിത)

പോസ്റ്റ് മാർട്ടം. (കവിത)

കൃഷ്ണൻ കൃഷ്ണൻ. (Street Light fb group)
നിങ്ങളുടെ മേശമേൽ 
ഞാൻ കിടക്കുകയാണ്
എന്റെ വസ്ത്രങ്ങൾ അഴിക്കുമ്പോൾ
നിങ്ങളെന്നെ പരിഹസിക്കരുത്
എന്തെന്നാൽ
ഈ ശരീരത്തേയും അതിൽ –
തുടിക്കുന്ന മനസ്സിനേയും
സ്നേഹിച്ചവരുണ്ട്
വെറുത്തവരുണ്ട്
അക്രമിച്ചവരുണ്ട്
മുറിവേൽപ്പിച്ച് രസിച്ചവരുണ്ട്.
നിങ്ങളെന്നെ വേദനിപ്പിക്കാതെ
മുറിക്കുക
എന്റെ ഹൃദയത്തിൽ നന്മയുടെ ‘
വിത്തുകളുണ്ടെങ്കിൽ
അത് പുറത്തേക്കെറിയുക.
നല്ല മണ്ണിൽ മുളച്ച്
ഭൂമിയിൽ പടർന്നുവെങ്കിലോ.
ഇനിയുമെന്റെ ജനനേന്ദ്രിയത്തിൽ
വിശപ്പിനെതിരെ യുദ്ധം ചെയ്യുന്നവൻ
ജീവനോടെയുണ്ടെങ്കിൽ –
അവനായി ഒരു ഗർഭപാത്രം –
ഒരുക്കുക.
ഒരു പക്ഷേ അവനായിരിക്കും
എല്ലുന്തിയവരുടെ രക്ഷകൻ
അവസാനമായി എന്റെ തോലിൽ നിന്ന് ഒരു തപ്പിനുള്ളത് –
മാറ്റി വയ്ക്കുക
ഭൂമിയിലെ ഈശ്വരൻമാർക്കെതിരേ
ആ തപ്പുകൊട്ടി പാടണം
എന്റെ ശരീരത്തോടൊപ്പം
മതങ്ങളും പോസ്റ്റ് മാർട്ടം’
ചെയ്യപെടട്ടേ….
മനുഷ്യനെ വീണ്ടെടുക്കും വരെ
സത്യം പുനർജ്ജനിക്കും വരെ
നിങ്ങൾക്കു മുന്നിൽ
മാറാമുറിവുകളോടെ ഞാൻ
RELATED ARTICLES

Most Popular

Recent Comments