ഉണ്ണി കെ ടി. (Street Light fb group)
പ്രാണന്‍ പിടഞ്ഞടര്‍ന്നു
ചേതന വറ്റിയോരു
കരിയിലക്കൊപ്പമൂഴിയില്‍
കുതിര്‍ന്നുമായുന്നെന്‍റെ സ്വത്വം….,
പിന്നെയും പിറന്നും, അടര്‍ന്നും
എന്നും തളിര്‍ചൂടിനില്ക്കുമീ
സമയശാഖിതന്‍ തണല്‍ച്ചോട്ടി-
ലറിയാനിയോഗങ്ങള്‍ തന്‍
തെളിയാത്ത ലിപികളിലെഴുതി-
യോരെന്‍നേരിനെ വായിച്ചെടുക്കാന്‍
വെമ്പലോടെ നില്പ്പുഞാന്‍!
ദിനാന്ത്യത്തിലെന്‍റെ സൂര്യന്‍
മായുമാശൂന്യതയില്‍
പടരുമിരുളില്‍ പകച്ചുനില്‍ക്കേ-
പതിയെയുയരും മര്‍മ്മരങ്ങള്‍
അലോസരസ്വരത്തിലോര്‍മ്മപ്പെടു-
ത്തലുകളാകവേ ഈ പൊഴിഞ്ഞടരും
ദിനരാത്രങ്ങള്‍ക്കൊപ്പമോടിയും,
കിതച്ചും തുടര്‍ന്ന പോരാട്ട-
ങ്ങള്‍ക്കൊടുവിലൊരു വാള്‍മുനയുടെ
ശാന്തമാം സന്ത്വനമെന്നെത്തഴുകവെ
ഉണര്‍വ്വുമാഞ്ഞടരുന്നു നിമിഷദളങ്ങള്‍ക്കൊപ്പം
പൊഴിഞ്ഞടര്‍ന്നു മറവിയിലേയ്ക്കു പിന്മടങ്ങുന്നു….,
പിന്‍വിളിയുടെ സൗജന്യങ്ങളെ
തിരസ്കരിപ്പൂ,
പിന്‍നടപ്പിന്‍റെ അരുതായ്കകളേറ്റു-
വാങ്ങി ഗമിപ്പൂ,
പൂര്‍വ്വദിക്കിലുദയകിരണം
നേരുചൊല്ലും നേരത്തേയ്ക്കുദയം
കാത്ത് ഉള്‍ഭയത്തിന്‍റെ ഇരുള്‍
തിരളുമിടനാഴികളിലേതോ
വിളിയൊച്ചയ്ക്കു കേള്‍വിപാര്‍ക്കുന്നു…,
പശ്ചിമാംബരം ചോത്തു, കറുക്കും
മുന്‍പേ ഇടവേളകളിലിത്തിരി
പ്രതാപമോടെ ജ്വലിച്ചുഷ്ണിയ്ക്കും
മധ്യാഹ്നങ്ങളിലടങ്ങാത്ത അഹങ്കാരം
ജ്വലിപ്പിച്ചെന്‍റെ നേരിനെ പൊലിപ്പിച്ചു
വാഴ്വിന്‍റെ അര്‍ത്ഥശൂന്യതകളിലെന്‍റെ
കയ്യൊപ്പു ചാര്‍ത്തുന്നു ഞാന്‍!
മറവിയുടെ ആടചാര്‍ത്തിയെന്‍റെ
സ്വത്വം വിശ്രമതാവളങ്ങളിലനു-
കൂലതകള്‍ തേടി പുനര്‍ജ്ജനി-
കാക്കും കാലങ്ങളിലും അസ്വസ്ഥ
ചേതനയൊരു മുറവിളിമുഴക്കും
പ്രതിധ്വനികളിലും പുനരാഗ-
മനങ്ങളുടെ പന്ഥാവിലേയ്ക്കു
പുനര്‍ഗ്ഗമിക്കുവാന്‍ കൊതികൊണ്ടു
കുതികുത്തിനില്‍പ്പുഞാന്‍…,
ഒരു മുകുളമായ് വിടര്‍ന്നൊരു
തളിരായ് പച്ചപ്പിന്‍റെഅനുപമകാന്തിയായ്
പടര്‍ന്നേറും തണലായ് പിന്നെ
പൊഴിഞ്ഞടര്‍ന്നൊരു കരിയിലയായ്
കാലത്തിന്‍ കണക്കുപുസ്തകത്തിലെ
വിലപിടിയാത്ത, വിലയറിയാത്ത,
വിലയില്ലാത്ത ശൂന്യസ്ഥാനമലങ്കാരമായ്
ചാര്‍ത്തിപിന്നെയും
തനിയാവര്‍ത്തനങ്ങളിലേക്കാ-
വര്‍ത്തിച്ചിറങ്ങുന്നു ഞാന്‍….,
പോരാളിയായ്, പോരാളിയെ
നെറികേടിന്‍റെ മൂര്‍ച്ചയില്‍
കൊലചെയ്തോരരും പാപിയായ്,
നിസ്വനായ്, സ്വാര്‍ത്ഥനായ്
നിരന്തരമാവര്‍ത്തിക്കുന്നീ
ജീവന്‍റെ സാധകങ്ങളെന്നുമതില്‍
നൊന്തു,മഹങ്കരിച്ചും
നിറയുമെന്‍റെ ചൈതന്യം!
പൂര്‍വ്വജനും, പിന്‍തുടര്‍ച്ചക്കാരനും
ആകുവാനുള്ളോരീ നിയോഗമേറ്റെടുത്തു
കൊണ്ടീ പൊഴിയും കരിയിലകള്‍-
ക്കൊപ്പം അടരും നിമിഷദളങ്ങള്‍
തന്‍ നീണ്ട നിലവിളികളില്‍
മുഴുകി നിരന്തരതകളുടെ
നൈരന്തര്യങ്ങളെ കാക്കും
പോരാട്ടവീര്യങ്ങളിലെന്‍റെ ജയാ.-
പചയങ്ങളെ കൊരുത്തുനില്‍പ്പൂ ഞാന്‍ !