ജിത്തു .എസ്സ് .പിള്ള.
എന്റെ മക്കൾക്ക് അമ്മ ഭൂമി എഴുതുന്നത് ……..
എല്ലാ വർഷവും ജൂൺ അഞ്ച് അമ്മയെ പരിപാലിക്കാനായി ലോകത്താകമാനമുള്ള മക്കൾ പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഈ വേളയിൽ എനിക്ക് നിങ്ങളോട് ചിലതൊക്കെ പറയാനുണ്ട്. ഇപ്പോൾ ഈ കത്തെഴുതാൻ പോലുമുള്ള ആരോഗ്യം നിങ്ങളുടെ അമ്മയ്ക്കില്ല എന്ന വസ്തുത അതീവ വിഷമത്തോടെ പറഞ്ഞു കൊള്ളട്ടെ.യൗവ്വനയുക്തയായി നൂറ്റാണ്ടുകളോളം കഴിഞ്ഞിരുന്ന ഞാനിന്ന് വാർദ്ധക്യത്തിൽ എന്നവണ്ണം വീർപ്പുമുട്ടുന്നു. എന്റെ നാളുകൾ എണ്ണപ്പെട്ടു തുടങ്ങിയിരിക്കുന്നു. എന്റെ ആരോഗ്യസ്ഥിതിയിൽ വന്ന കാതലായ മാറ്റം അറിയണമെങ്കിൽ ദീർഘാന്വേഷണത്തിന്റെ ആവശ്യകതയൊന്നും വേണ്ടി വരില്ല മറിച്ചു നിങ്ങളുടെ ചുറ്റുവട്ടത്തേക്കൊന്ന് കണ്ണോടിച്ചാൽ മാത്രം മതിയാകും.
ഒരു നാൾ സർവ്വചരാചരങ്ങൾക്കും കുളിർമപ്രദാനം ചെയ്തിരുന്ന എന്റെ മാറിടം ഇന്ന് വറ്റി വരണ്ടു പോയിരിക്കുന്നു.എന്റെ മക്കൾക്ക് നല്കാൻ ഇനിയൊരിറ്റു ശുദ്ധജലം പോലും അമ്മയുടെ മാറിടങ്ങളിലില്ല.ഹരിതാഭയേറിയ എന്റെ ശ്വാസകോശമാകട്ടെ അത്യുന്നതിയുടെ കൊടുമുടികൾ പുൽകാൻ വേണ്ടി ഓരോദിവസവും നിങ്ങൾ അടർത്തി മാറ്റിക്കൊണ്ടേയിരിക്കുന്നു. അംബരചുംബികളായ ആകാശഗോപുരങ്ങൾ നിങ്ങളുടെ സ്വപ്നങ്ങളിലുള്ളപ്പോൾ അമ്മയുടെ ശ്വാസത്തിനെന്തു പ്രസക്തിയല്ലേ? വിഷപ്പുകയുടെ മറവിൽ എന്റെ കാഴ്ച നന്നേ മങ്ങി തുടങ്ങിയിരിക്കുന്നു.ഭൂഗർഭജലം തേടിയുള്ള പാച്ചിലിൽ എന്റെ ഹൃദയം നിങ്ങൾ പലതവണ വൃണപ്പെടുത്തി.പുഴകളും തോടുകളും ഹാരം ചാർത്തിയിരുന്ന എന്നെയിന്ന് പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ കൊണ്ടുള്ള മേൽചാർത്ത് വരിഞ്ഞുമുറുക്കുന്നു.മാലിന്യ വസ്തുക്കളുടെ തള്ളിക്കയറ്റമാവാം അമ്മയുടെ സിരകൾ മലിനമാക്കി .വിസർജ്ജ്യങ്ങൾ മണ്ണിൽ കലർന്നത് കാരണം നാവിന്റെ രുചിപോലും നഷ്ടപ്പെട്ടു പോയിരിക്കുന്നു.കോൺക്രീറ്റ് കമ്പികൾ എന്റെ വാരിയെല്ലുകൾ പിഴുതെറിഞ്ഞു. നിങ്ങളെപ്പോലെ ഞാൻ ജീവനുതുല്യം സ്നേഹിച്ച പക്ഷി -മൃഗാദികൾ നിങ്ങളുടെ ചെയ്തികൾ കാരണം ഒരിറ്റു വെള്ളം പോലും ലഭിക്കാതെ ഭൂമുഖത്തുനിന്നും വിടചൊല്ലി പോയിരിക്കുന്നു. ആഗോളതാപനത്തിന്റെ അതികഠിനമായ താപനിലയിൽ എന്റെ ചുണ്ടുകൾ വറ്റി വരളുന്നു.ഒരുപക്ഷേ ഈ കൊടുംചൂടിൽ ഹിമപാളികൾ ഉരുകി നാം മുങ്ങാൻ ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ല .ഈ വൈകിയ വേളയിൽ അമ്മയുടെ കാതുകളിൽ ഓ .എൻ .വി എഴുതിയ ചില വരികൾ അലയടിക്കുന്നു.
” ഇനിയും മരിക്കാത്ത ഭൂമി
നിന്നാസന്ന മൃതിയില്‍ നിനക്കാത്മശാന്തി
ഇത് നിന്റെ (എന്റെയും) ചരമശുശ്രൂഷയ്ക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.”
ഓന്നോർക്കുക ഞാനില്ലെങ്കിൽ നിങ്ങളില്ല ! എന്റെ സ്പന്തനങ്ങളിലൂടെയാണ് ജീവന്റെ ഓരോ തുടിപ്പും നിങ്ങളിലെത്തുന്നത്.പൂർവ്വികർ നിങ്ങൾക്കായി കരുതിവെച്ച വായുവും മണ്ണും ജലവും നിങ്ങൾ ഓരോ ദിവസവും സ്വാർത്ഥലാഭങ്ങൾക്ക് വേണ്ടി വിറ്റുതിന്നുകൊണ്ടേയിരിക്കുന്നു.ഇതിലും വലിയ എന്ത് കൊടിയപരാധമാണ് നിങ്ങൾക്ക് വരും തലമുറയോട് ചെയ്യാനുള്ളത്. നിങ്ങളിൽ നിന്നൊരു മാറ്റം അത് നമ്മുടെ രണ്ടുപേരുടെയും ജീവന് അനിവാര്യമാണ്.വൃക്ഷ തൈകൾ വെച്ചു പിടിപ്പിച്ചും അന്തരീക്ഷ മലിനീകരണം തടഞ്ഞും പരിസരം വൃത്തിയാക്കിയും അമ്മയെ സ്നേഹിക്കുക.പ്രകൃതി ചൂക്ഷണത്തിനും മലിനീകരണത്തിനും എതിരെ എന്റെ മക്കൾ പോരാടുക.പ്രകൃതിയെ പരിപാലിക്കുന്നത് വഴി നിങ്ങൾ നിങ്ങളെ തന്നെയാണ് സംരക്ഷിക്കുന്നത് .ജൂൺ അഞ്ച് മാത്രം അമ്മയെ സ്നേഹിക്കാതെ എല്ലാ ദിവസവും ലോക പരിസ്ഥിതി ദിനം പോലെ കരുതി പ്രകൃതിയെ സംരക്ഷിക്കുക ! അമ്മയുടെ ഭാവി ഇനിയെങ്കിലും നിങ്ങൾ മക്കളുടെ കൈകളിൽ സുരക്ഷിതമാകും എന്ന പ്രത്യാശയോടെ അമ്മ നിർത്തുന്നു.
എന്റെ മക്കൾക്ക് നല്ലതുമാത്രം ഭവിക്കട്ടെ !
എന്ന് സ്നേഹത്തോടെ ….
ഭൂമി .
രചന : ജിത്തു .എസ്സ് .പിള്ള