ജോണ്‍സണ്‍ ചെറിയാന്‍.
മുംബയ്: ഫോണിൽ സംസാരിച്ച് കൊണ്ട് റെയിൽവേ ട്രാക്കിലൂടെ അലക്ഷ്യമായി നടന്ന പെൺകുട്ടി തന്റെ മുന്നിലേക്ക് ട്രെയിൻ പാഞ്ഞെത്തുന്നത് കണ്ടത് പെട്ടെന്നായിരുന്നു. തിരികെ റെയിൽവേ പ്ലാറ്റ്‌ഫോമിൽ കയറുന്നതിന് മുൻപെ ട്രെയിൻ തൊട്ടുമുന്നിലെത്തിയിരുന്നു. എന്തെങ്കിലും ചെയ്യാൻ കഴിയും മുൻപ് പെൺകുട്ടിയെ ഇടിച്ചിട്ട് ട്രെയിൻ മുന്നോട്ട് നീങ്ങി. സ്‌റ്റേഷനിലുണ്ടായിരുന്നവർ ഒന്നാകെ ദാരുണമായ ഈ കാഴ്‌ച്ച കണ്ടതിന്റെ ഞെട്ടലിലായിരുന്നു.
എന്നാൽ തീവണ്ടി കടന്നു പോയപ്പോൾ കാര്യമായ പരിക്കുകളൊന്നുമില്ലാതെ പെൺകുട്ടി എഴുന്നേറ്റു നിന്നു. മുംബയിലെ കുർള സ്റ്റേഷനിൽ അന്നുണ്ടായിരുന്നവർ ജീവിതത്തിൽ നേരിട്ടു കണ്ട ഏറ്റവും ശുഭ പര്യവസായിയായ, എന്നാൽ മനസിനെ നടുക്കുന്ന കാഴ്‌ച്ചയായിരുന്നിരിക്കണം അത്.
മുംബൈയിലെ കുർള റെയിൽവേ സ്‌റ്റേഷനിൽ മെയ് 19നായിരുന്നു സംഭവം. ബന്ദുപിൽ താമസിക്കുന്ന പ്രതീക്ഷ നടേകർ എന്ന 19കാരി ഏഴാം പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി പാളം മുറിച്ചു കടക്കുകയായിരുന്നു. ഇയർഫോണിൽ സംസാരിച്ചു കൊണ്ട് പാളം മുറിച്ചു കടക്കുകയായതിനാൽ എതിരെ വന്ന തീവണ്ടി കുട്ടിയുടെ ശ്രദ്ധയിൽ പെട്ടില്ല. ഉടൻ തന്നെ പ്ലാറ്റ്‌ഫോം ലക്ഷ്യമാക്കി വേഗത്തിൽ നീങ്ങിയെങ്കിലും കഴിയാതെ വന്നപ്പോൾ പരിഭ്രാന്തയായ കുട്ടി ട്രാക്കിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പാളത്തിലൂടെ ഓടിയ കുട്ടിയെ എല്ലാവരും നോക്കി നിൽക്കെയാണ് തീവണ്ടി ഇടിച്ചിട്ടത്. ആദ്യത്തെ ബോഗി ശരീരത്തിനു മുകളിലൂടെ കടന്നു പോയതോടെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി.
സ്‌റ്റേഷനിൽ ഈ കാഴ്‌ച്ച കണ്ട് സ്തംബ്ധരായി നിന്നവരെല്ലാം പെൺകുട്ടി മരിച്ചെന്നു തന്നെയാണ് കരുതിയത്. എന്നാൽ ഭാഗ്യവശാൽ പെൺകുട്ടി കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു. പിന്നീട് രജവാഡി ആശുപത്രിയിലേക്ക് കൊണ്ടുപോയ പെൺകുട്ടിയെ വിശദമായ പരിശോധന നടത്തി വീട്ടിലേക്കയച്ചു.