സ്മിത ശേഖർ. (Street Light fb group)
മനസ്സിന്റെ മച്ചകത്തിന്നും
ചിതലരിച്ച ചില ഓർമ്മകളുണ്ട്
എന്നെ വിട്ടകലാൻ മടിച്ച്
പൊടി തട്ടി സൂക്ഷിക്കുന്ന
ചില നോവോർമ്മകൾ
ഹൃദയ ഭിത്തിയിലെവിടെയോ
കോറിയിട്ട ചില നാമങ്ങളുണ്ട്
നിറം മങ്ങി തുടങ്ങിയെങ്കിലും
ഒരിക്കലും മായ്ക്കാനാവാത്തത്
എന്റെ ശ്വാസത്തോട് ചേർത്തത്
ബാല്യത്തിന്റെ പിൻ വിളിയിലെപ്പോഴോ
പിഞ്ചിളം കൈ കവർന്ന വാത്സല്യത്തിൻ
നനവോർമ്മയിൽ മുത്തശ്ശി;
വീടിന്റെ ചുമരിൽ മാല ചാർത്തി
പുഞ്ചിരി തൂകിയിരിക്കുന്നു
പുഴയുടെ ആഴമറിയാൻ പോയ സൗഹൃദം
ആഴമറിയാതെ പരാജിതനായി
തിരിച്ചെത്തി മീൻ തിന്ന കണ്ണുമായി
ഓർമ്മയിൽ മീൻ തിന്ന കണ്ണും
ചിരിക്കുന്ന മുഖവും ഒളിച്ചു കളിക്കുന്നു
പിന്നിട്ട വഴിയിലെവിടെയോ
കൈവിട്ടു പോയ ഒരു ചെമ്പനീർ പൂവ് താഴിട്ടുപൂട്ടിയ ഹൃദയ വാതിലിൽ
വന്ന് മുട്ടിവിളിച്ച് ഉണർത്താറുണ്ട്
നഷ്ടപ്രണയത്തിന്റെ നൊമ്പരച്ചൂട്
എത്ര മറന്നിട്ടും മറക്കാനാവാത്ത
ഹൃദയത്തിന്റെ മായാജാലത്തിൽ
ഞാൻ വെറും കാഴ്ചക്കാരി മാത്രമാകുന്നു
ആ കൺക്കെട്ടുവിദ്യയിൽസ്വയമലിഞ്ഞ്
ഇല്ലാതാകുന്നു ഞാനും………