Sunday, November 24, 2024
HomePoemsപാപനാരായം.. (കവിത)

പാപനാരായം.. (കവിത)

പാപനാരായം.. (കവിത)

വിനോദ് വി ദേവ്. (Street Light fb group) 
നിന്‍റെ രക്തമാം വീഞ്ഞ് മോന്തിയ ചുണ്ടാല്‍ തന്നെ,
നിന്നുടെ കവിള്‍ത്തട്ടില്‍ ഞാനൊന്നു ചുംബിക്കട്ടെ,
നിന്‍റെ മാംസമാമപ്പം രുചിച്ച നാവുകൊണ്ട്
ഇരുണ്ടരാവിന്‍ നീലരക്തവും കുടിയ്ക്കട്ടെ.
മുപ്പതുവെള്ളിക്കാശിന്‍ ക്രൂരസംഗീതം പേറി,
എന്‍റെ ബോധമാംനൗക കാറ്റിലാഞ്ഞുലയുന്നു,
ഇരുളിന്‍ കടലിന് മീതെനീ നടക്കുമ്പോള്‍
”ഇരുണ്ടനിലങ്ങളില്‍” കാറ്റുവന്നലയ്ക്കുന്നു.
ഇന്നന്‍റെ നിശാചരമിഴികള്‍ വെളിച്ചത്തെ,
ഭയന്നു മൃഗംപോലെ യിരയെ കൊതിക്കുന്നു.
നെഞ്ചിലെ പാപശാലയ്ക്കുള്ളിലായ് കത്തുന്നുല…
ഉള്ളിലെത്തീയാല്‍മിന്നുമായുധം കടയുന്നു.
ഇന്നുഞാന്‍ ഇണചേര്‍ന്ന ചക്രവാകത്തെ ക്രൂര-
മമ്പിനാല്‍ മാറുകീറിക്കൊന്നോരു വനവേടന്‍..
സ്നേഹമാമുപ്പുനീരുകൊണ്ടൂട്ടി വളര്‍ത്തോളെ,
ഭര്‍ത്സിച്ചു പാപഭാരം ചുമന്ന നരാധമന്‍.
മന്ത്രവിദ്യയാല്‍ ഗൂഢം നിഴല്‍ക്കുത്തുമര്‍മ്മത്താല്‍
നിന്‍റെ കണ്ണുകള്‍ കുത്തിക്കവര്‍ന്ന പുരോഹിതന്‍.
കാമശാലയില്‍ ഗന്ധം പൂത്ത പെണ്ണിനെ നീച-
മൊറ്റുകാശിനാല്‍ പണ്ടു ഭോഗിച്ച പുരാവൃത്തം..
അഗ്നിയായ് കത്തിക്കാളി,യോര്‍മ്മതന്‍ ശവം പേറി
ഇന്നുനിന്‍ ചോരയൂറും വഴിഞാന്‍ തെരയുമ്പോള്‍
പാപനാരായം കൊണ്ടെന്‍ മാറുനീ പിളര്‍ക്കെടോ…!
ആദിപാതകം പെറ്റയാദി പൂരുഷനിവന്‍..

 

RELATED ARTICLES

Most Popular

Recent Comments