പ്രബോധ് ഗംഗോത്രി. (Street Light fb group)
ചുഴിപോലെത്തി
പൊടുന്നനേ പുണർന്ന് പടർന്ന്
കൊടുങ്കാറ്റായെല്ലാത്തിലും ആവേശിച്ച്
നൊടിയിടേ പാഞ്ഞകലുന്ന അപരിചിതർ!
നുണഞ്ഞ
ചവർപ്പും പഴമയും
പെരുപ്പും വീര്യവും
ദഹിച്ചകലാതെ
തികട്ടിയെത്തുന്നിന്നും
മദ്യമധുരം പോൽ!
ഓർമ്മതീരങ്ങളിൽ
ചങ്ങാതികൂട്ടങ്ങൾ
പറിച്ചറിഞ്ഞകന്ന കാലം
പച്ചതുരുത്തായിന്നും
പല്ലിളിക്കുന്നു!!
പഴമ്പുരാണശ്ശീലായ്
ആവർത്തന കഥനമായ്
നോവ് മാത്രം നൽകാനെത്തുന്നെന്നും
മുള്ളാഴ്ന്നിറങ്ങിയ ആദ്യപ്രണയം!!!
കൈത്തട്ടിയകന്ന പ്രണയവും
മറന്നകന്ന കൂട്ടുകാരും
തികട്ടിയെത്തുന്ന ചവർപ്പും
എവിടേയും തേടുന്ന അപരിചിതരും.
ചങ്ക് പറിച്ചെടുത്ത കാലത്തിന്നാഴം
തേടുന്നോരില്ലാതെ,
വെറും പെരുപ്പായി, തികട്ടലായി,
അപരിചിതന്റെ ചിറകുമായി
പറക്കവേയും കടന്നെത്തുന്നു –
പഴമയ്ക്കെന്തിത്ര മധുരം?
അതിനെന്തേ ഇത്രമേൽ നൊമ്പരം?