അരുൺകുമാർ സുകുമാരൻ. (Street Light fb group)
ദൈവമില്ലെന്നു പറഞ്ഞോ ഞാൻ സമ്മതിയ്ക്കാം
പക്ഷേ മാലാഖയില്ലെന്ന് പറയരുത്.
തനിമടുപ്പൻ ചാനൽ ഷോകളും കണ്ട് റിമോട്ട് ഞെക്കി ഞെക്കി വശം കെട്ടിരിയ്ക്കുന്ന ആ സായാഹ്നത്തിലാണ് പുറത്തു നിന്നും അനിലേട്ടൻറെ വിളി കേട്ടത്.. ടി.വി ഓഫാക്കി ഞാൻ വെളിയിലേക്കിറങ്ങിച്ചെന്നു.
” ഡാ, നിനക്കെവിടേലും പോവാനുണ്ടോ …? ഇല്ലെങ്കീ ആ ബൈക്കിൻറെ താക്കോലൊന്നു തന്നേ.. “
“എന്താ എന്തു പറ്റി അനിലേട്ടാ, എന്താ അത്യാവശ്യമായി….”
അമ്മയ്ക്ക് സുഖമില്ലാതെ മെഡിക്കൽ കോളേജിലാ …. രാവിലെ ഒന്നു തല കറങ്ങിവീണതാ, ആശുപത്രീൽ ചെന്നപ്പോൾ അവര് അഡ്മിറ്റാക്കി. രാത്രീലത്തേയ്ക്ക് കഴിയ്ക്കാനുളളതും കുറച്ച് തുണിയുമെല്ലാം കൊണ്ടോണം.. എല്ലാം പൊതിഞ്ഞു കെട്ടി പോകാനായി നോക്കുമ്പോൾ വണ്ടി സ്റ്റാർട്ടാകുന്നില്ല. അതാ…. “
“ഒരഞ്ച് മിനിട്ട് അനിലേട്ടാ, ഞാനും വരാം, വെറുതെയിരുന്നു മടുത്തു.”
……………….
തൊട്ടടുത്തെ ബെഡിനടുത്ത് കിടന്ന ഒരു സ്റ്റൂള് വലിച്ചിട്ട് അതിലിരുന്ന് അനിലേട്ടൻറെ അമ്മയോട് കുശലം പറയുന്നതിനിടയിലാണ്… ഒരു പ്ലാസ്റ്റിക് ബോൾ പതിയെ തെന്നിതെറിച്ച് ഉരുണ്ടുരുണ്ട് എൻറെ കാലിനടുത്തേയ്ക്ക് വന്നത്.
ഞാൻ കൗതുകത്തോടെ അതെടുത്തു. അപ്പോഴാണ് അതിൻറെ ഉടമസ്ഥയുടെ രംഗപ്രവേശം.
അഞ്ചോ ആറോ വയസു തോന്നിയ്ക്കുന്ന ഒരു പെൺകുട്ടി…. കണ്ടാൽ തന്നെ ഓമനത്തം തുളുമ്പുന്ന ഒരു കാന്താരി, നീല റിബ്ബൺ കൊണ്ട് തലമുടിയൊക്കെ ഇരുവശങ്ങളിലേയ്ക്ക് കെട്ടിവെച്ച്, നിറയെ മുത്തുകളുളള പാദസ്സരങ്ങൾ കിലുക്കി.. സ്കൂൾ യൂണിഫോം അണിഞ്ഞ ഒരു കുസൃതിക്കുടുക്ക..
അങ്കിളേ, അത് എൻറെ ബോളാ..
അല്ലല്ലോ, ഇത് അങ്കിളിൻറെ വീട്ടിലെ കുഞ്ഞാവേടേതാ…. വെറുതെ അവളുടെ ശുണ്ഠി കാണാൻ ഞാൻ പറഞ്ഞു.
അല്ല. അത് ചിന്നു മോൾടേയാ…. അവൾ നിന്നു ചിണുങ്ങി..
ഞാൻ ബോൾ കൊടുക്കാൻ ഭാവമില്ലെന്ന് കണ്ടപ്പോൾ അവളുടെ ചിണുങ്ങലിൻറെ രീതി മാറി
ഇതേ ,ഇതെനിയ്ക്ക് സിസ്റ്ററാൻറി മേടിച്ചു തന്നതാ…
ഏത് സിസ്റ്ററാൻറി…? ഇതതൊന്നുമല്ല….
ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പുതന്നെ അവൾ കരഞ്ഞോണ്ട് തിരിഞ്ഞോടിയിരുന്നു.
” സിസ്റ്ററാൻറീ….. ഈ അങ്കിള് പറയുന്നത് കേട്ടോ..” എന്നും പറഞ്ഞ് അവൾ അശുപത്രി വരാന്തയിലൂടെ ഓടി ..
ഏതോ നഴ്സ് വാങ്ങിക്കൊടുത്തതാണെന്ന് തോന്നുന്നു ആ ബോൾ…. അവരുടെ അടുത്തേയ്ക്കാണെന്ന് തോന്നുന്നു അവളോടിയത്, ഞാനും അവളുടെ പിന്നാലെ പോയി, കാണാൻ കൊളളാവുന്ന വല്ലതുമാണെങ്കിൽ ഒരു നേരമ്പോക്കുമായി, അങ്കോം കാണാം താളീം ഒടിയ്ക്കാം എന്നു പറയുമ്പോലെ..
പക്ഷേ, എൻറെ പ്രതീക്ഷകളെ അസ്ഥാനത്താക്കി നേഴ്സുമാരുടെ മുറി കഴിഞ്ഞ് അവൾ വീണ്ടും ഓടി….. വരാന്തയുടെ അങ്ങേയറ്റത്തേയ്ക്ക്.
കുമ്മായപ്പാളികൾ അടർന്നു തുടങ്ങിയ ജനലഴികളിൽ കൈ പിടിച്ച് വിദൂരതയിലേയ്ക്ക് നോക്കി, വീൽചെയറിലിരിക്കുന്ന ഒരു പ്രായമായ സ്ത്രീ. അവരുടെ അടുത്തേയ്ക്കാണ് അവൾ ചെന്നത്.
ഞാൻ അവർക്കരികിലേയ്ക്ക് ചെന്നു. ആ സ്ത്രീയെ സൂക്ഷിച്ചു നോക്കി ,ജരാനര ബാധിച്ച, ശോഷിച്ച ആ ശരീരത്തിനപ്പുറം ഇളം നീലനിറമുളള ആ കണ്ണുകൾ അത്…. അതെനിയ്ക്കറിയാം, എവിടെയോ ഞാനത് കണ്ടു മറന്ന പോലെ..
ചിന്നൂ, നിന്നോട് പറഞ്ഞിട്ടില്ലേ… വരാന്തയിലൂടെ ഇങ്ങനെ ഒടല്ലേന്ന്….
എൻറെ ഓർമ്മച്ചിറകുകളെ ഖണ്ഡിച്ചു കൊണ്ടാണ് ആ വിളി വന്നത്.ചിന്നുവിൻറെ അമ്മയാണെന്ന് തോന്നുന്നു. എൻറെ ശ്രദ്ധ മാറിയ തക്കത്തിന് അവൾ എൻറെ കൈയിലിരുന്ന ബോൾ തട്ടിയെടുത്ത് എന്നെ നോക്കി കളിയാക്കി ചിരിച്ചു. അപ്പോഴേയ്ക്കും ആ സ്ത്രീ ഞങ്ങളുടെ അടുത്തെത്തിയിരുന്നു.
മുഖത്തൊരു ചിരി സെറ്റു ചെയ്ത് ഞാൻ ചോദിച്ചു
” ചിന്നൂൻറെ അമ്മയാണല്ലേ…”
” അതെ “
ഇവള് വല്ല കുരുത്തക്കേടും ഒപ്പിച്ചോ..?
ഹേയ്…
ഇതാരാ …. ഈ ചെയറിലിരിയ്ക്കുന്നത്.?
അത് ഭർത്താവിൻറെ ബന്ധത്തിലുളളതാ, ആരുമില്ലാത്തോണ്ട് ഇപ്പോ ഞങ്ങളാ നോക്കുന്നത്.
അതു പറഞ്ഞു കൊണ്ട് അവര് ആ വീൽചെയർ തിരിയ്ക്കാൻ ശ്രമിച്ചു, പക്ഷേ അതിലിരുന്ന സ്ത്രീ അതിന് സമ്മതിയ്ക്കുന്നില്ല. പക്ഷാഘാതം വികൃതമാക്കിയ ചേഷ്ടകളും അവ്യക്തമായ വാക്കുകളും കൊണ്ട് അവരതിനെ എതിർക്കുന്നുണ്ടായിരുന്നു.
“മതി ആന്റീ ഇന്നിത്രേം മതി.. മരുന്നിനുളള നേരമായി… “മരുന്നിൻറെ സമയത്ത് ബെഡിൽ കണ്ടില്ലേൽ ഇനി അതു മതി….
ഞങ്ങൾ ഒരുമിച്ചു തിരിച്ച് നടക്കുന്നതിനിടയിലാണ് പടികൾ കയറി അയാൾ അങ്ങോട്ടേയ്ക്ക് വന്നത്. അയാളെ കണ്ടതും ചിന്നു പപ്പായെന്നും വിളിച്ചു കൊണ്ട് ഓടിയടുത്തു ചെന്നു.
ആൾ അടുത്തു വന്നപ്പോൾ എനിയ്ക്കാമുഖം വ്യക്തമായി, “ജോണിച്ചായൻ “
ഞാൻ അടുത്തുചെന്ന് പരിചയം പുതുക്കി…. വിശേഷങ്ങൾ തിരക്കി
അവസാനമാണ് ഞാനത് ചോദിച്ചത്…. !!
അപ്പോ ഈ വീൽചെയറിലിരിയ്ക്കുന്നത്……????
പെട്ടെന്ന് മ്ലാനമായ മുഖത്തോടെ ജോണിച്ചായൻ പറഞ്ഞു
“ഇത് ബേബി സിസ്റ്ററാണ് “
……………………
ഇരുപത്തിരണ്ടു വർഷങ്ങൾക്ക് പിറകിലേയ്ക്കുളള ഓർമ്മകളുടെ ഓർമ്മപ്പെടുത്തൽ.
എൻറെ ഏഴാമത്തെ വയസ്സിൽ അച്ഛൻറെ മരണശേഷം അമ്മയേയും എന്നേയും വല്യമ്മാവൻ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. ആഞ്ഞടിച്ച സഹതാപ തരംഗങ്ങൾ പതിയെ പതിയെ ആറിത്തുടങ്ങി…. പിന്നെ കുററപ്പെടുത്തലുകളും ശകുനപ്പിഴയുമൊക്കെയായി എൻറെ അമ്മയുടെ അവസ്ഥ. പലപ്പോഴും അടുക്കളപ്പുറത്തെ ഇളംതിണ്ണയിൽ ഒറ്റയ്ക്കിരുന്നു കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്.
അങ്ങനെ കാരുണ്യ കാണ്ഡത്തിൽ മൂന്നാം ക്ലാസ്സുമുതൽ വല്യമ്മാവൻറെ കാരുണ്യത്തിലാണ് ഞാൻ പഠിച്ചത്.പലപ്പോഴും വല്യമ്മാവനുളള ഭക്ഷണം ജോലി സ്ഥലത്ത് കൊണ്ടുപോയി കൊടുത്ത് സ്കൂളിലെത്തുമ്പോഴേയ്ക്കും നേരം പോകും. അന്ന് ക്ലാസ്സിനു പുറത്ത് വരാന്തയിൽ മുട്ടുകുത്തി നിൽക്കാനാവും വിധി…..
പ്രത്യേകിച്ചൊരു ദൈവകൃപയും പ്രതീക്ഷിക്കാതെയുളള മുട്ടിപ്പായുളള ആ നിൽപ്പിലാണ് ആ മാലാഖയെ ഞാൻ ആദ്യമായി കാണുന്നത്.
വെളുത്ത കുപ്പായവും കറുത്ത ശിരോവസ്ത്രവും ജപമാലയുമണിഞ്ഞ്, നക്ഷത്ര ശോഭയുളള മിഴികളുളള…
എതിരെ നിൽക്കുന്നവരിലേക്ക് ദൈവീകമായ ഏതോ ഒരു തേജസ്സ് പകർന്നു നൽകാൻ കഴിഞ്ഞിരുന്ന ആ മാലാഖയെ ..
ബേബി സിസ്റ്റർ എന്ന് എല്ലാവരും സ്നേഹത്തോടെ വിളിച്ചിരുന്ന സിസ്റ്റർ ആഗ്നസ്. കർത്താവിൻറെ മണവാട്ടിയാവാൻ സ്വമനസ്സാലെ തീരുമാനിച്ചവൾ. പ്രഗൽഭയായ അദ്ധ്യാപിക, പാഠ്യേതര വിഷയങ്ങളിലെ അനിതരസാധാരണമായ മികവ്, കുഞ്ഞുങ്ങളോടുളള വാത്സല്യം, കണിശത ഇവയെല്ലാം ബേബി സിസ്റ്ററെ മറ്റുളള അദ്ധ്യാപകരിൽ നിന്നും അവരെ വ്യത്യസ്ഥയാക്കി.
മുട്ടുകുത്തിയുളള എൻറെ തപസ്സിൽ നിന്നും സിസ്റ്ററെന്നെ മോചിതനാക്കി. കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു.വൈകുന്നേരം സ്കൂൾ വിട്ട ശേഷം സ്റ്റാഫ് റൂമിൽ വരണമെന്നും, ഞാനും വരുന്നുണ്ട് നിൻറെ വീട്ടിലേയ്ക്ക് നമുക്ക്ഒരുമിച്ച് പോകാമെന്നും പറഞ്ഞു.
വൈകുന്നേരം സിസ്റ്ററും ഞാനും കൂടിയാണ് വീട്ടിലേയ്ക്ക് പോയത്… അന്ന് അമ്മാവനേയും വീട്ടിലുളള വരെയെല്ലാരെയും ബേബി സിസ്റ്റർ വഴക്കു പറഞ്ഞു. കൊച്ചിനെ പഠിക്കാനയച്ചാൽ പഠിക്കാൻ സമ്മതിയ്ക്കണം. നിങ്ങടെ കാര്യങ്ങൾ കഴിഞ്ഞിട്ടല്ല അവനെ പളളിക്കൂടത്തിൽ വിടേണ്ടതെന്നും മറ്റും….
അന്നു മുതൽ ഞാൻ സിസ്റ്ററിൻറെ സന്തത സഹചാരിയായി….. മഠത്തിൽ എന്നെയും കൊണ്ടു പോകും, വയറ് നിറച്ച് പലഹാരങ്ങൾ തരും… ആട്ടും തുപ്പുമില്ലാതെ, ശകാരങ്ങളില്ലാതെ വയറ് നിറഞ്ഞിരുന്ന കാലം. അവിടെ വച്ചാണ് ഞാൻ ജോണിച്ചനെ കാണുന്നത്.മഠത്തിലെ സഹായിയായിരുന്നു അയാൾ. എന്നേക്കാൾ അഞ്ചെട്ട് വയസ് കൂടുതലുണ്ടാവും. സ്കൂളിൽ പറഞ്ഞു വിടാൻ അവിടെയുളളവർ ആവുന്നത് ശ്രമിച്ചതാണ്.പക്ഷേ അവൻ പോവില്ല. അവനിഷ്ടം പശൂനെ കുളിപ്പിക്കുന്നതും പാല് കറക്കുന്നതും ഒക്കെയാണ്.
ഒരു പക്ഷേ അച്ഛൻറെ മരണശേഷം ഞാൻ സുരക്ഷിതനാണെന്ന തോന്നലുണ്ടായത് സിസ്റ്ററിൻറെ വിരൽത്തുമ്പിൽ തൂങ്ങിയുളള ആ യാത്രകളിലായിരിക്കും. പല പ്രേരണകളിലും പെട്ട് ചിന്നിച്ചിതറിപ്പോവേണ്ടിയിരുന്ന എൻറെ കുട്ടിക്കാലം… ഇന്ന് ഞാനെന്താണോ അതിൻറെ ഉറവിടം.. ഇതെല്ലാം കഴുത്തിലണിഞ്ഞ ജപമാലയിലെ മുത്തുകൾപ്പോലെ ഒരു ചരടിൽ ഭംഗിയായി കോർത്തു തന്ന എൻറെ മാലാഖ.
ഹൈസ്കൂൾ പഠനം മറ്റൊരു സ്കൂളിലേയ്ക്ക് എന്നെ പറിച്ചുനട്ടതു മുതലാണ് ഞങ്ങൾ തമ്മിൽ അകന്നത്. പറക്കമുറ്റാറായ കുഞ്ഞുങ്ങളെ അമ്മക്കിളി കൊത്തിയകറ്റുന്ന പോലെ, ഇനി സ്വയം ഇരതേടട്ടേ എന്ന് കരുതിയിട്ടുണ്ടാവും അല്ലെങ്കിൽ ഏതറ്റം വരെ പോയാലും അവന് വഴിതെറ്റില്ല എന്ന ബോധ്യമുണ്ടായിരുന്നിരിക്കണം ആ അമ്മക്കിളിക്ക്.. അല്ലെങ്കിൽ എന്നെപ്പോലെ കാരുണ്യമർഹിച്ചിരുന്ന മറ്റാരെയെങ്കിലും സിസ്റ്റർ കണ്ടിരിക്കും.
പിന്നീടുളള കഥ ജോണിച്ചൻ പറഞ്ഞാണ് അറിഞ്ഞത്. സഭയുമായുളള നിരന്തര അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് ബേബി സിസ്റ്റർ തിരുവസ്ത്രമുപേക്ഷിച്ചു. മഠത്തിൽ നിന്നിറങ്ങാൻ നേരം ജോണിച്ചനും ഒപ്പം കൂടി…. സഭയെ ധിക്കരിച്ചു പോന്നവളായതുകൊണ്ട് സ്വന്തം വീട്ടിൽ സ്ഥാനമുണ്ടായില്ല. ആകെയുളള ആശ്രയം മൂത്ത സഹോദരനായിരുന്നു. അദ്ദേഹത്തിൻറെ സഹായം കൊണ്ട് അവരുടെ വീടിനടുത്തുളള ജംഗ്ഷനിൽ ഒരു ടൈപ്പ്റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ടെയ്ലറിംഗ് സെൻററും ഒക്കെ തുടങ്ങി….
പക്ഷേ സഹോദരൻറെ മരണത്തിൻറെ രൂപത്തിൽ വിധി ആദ്യമവരെ തോൽപ്പിച്ചു, പിന്നീട് പക്ഷാഘാതത്തിൻറെ രൂപത്തിലും, തുടർന്നിങ്ങോട്ട് അസുഖങ്ങളുടേയും ആശുപത്രി വാസത്തിൻറേയും എണ്ണിയാൽ തീരാത്ത ദിനങ്ങൾ….
…………….
സിസ്റ്ററുടെ കൈകൾ ചേർത്തു പിടിച്ച് മുത്തം കൊടുത്ത് ആശുപത്രിയിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നോ …?
ഉളളിൻറെയുളളിലെങ്കിലും സിസ്റ്ററിനെന്നെ മനസിലായിക്കാണുമോ? അറിയില്ല, എന്നെപ്പോലെ എത്ര കുട്ടികൾ അവരുടെ ജീവിതത്തിലൂടെ കടന്നു പോയിരിക്കും.
അവിടെ നിന്നും ഞാൻ നേരെ പോയത്, സിസ്റ്ററുടെ കൈവിരൽ തൂങ്ങി ഞാൻ പഠിച്ചു വളർന്ന ആ പഴയ പ്രൈമറി സ്കൂളിലേയ്ക്കാണ്……
ഞങ്ങൾ നടന്ന വഴികളിലൂടെ ഓർമ്മയുടെ ചിറകേറി ഞാനൊറ്റയ്ക്ക് –
എന്നെ സിസ്റ്റർ കണ്ടെത്തിയ ആ വരാന്തയും, മണം പിടിക്കാൻ എന്നെ പഠിപ്പിച്ച കഞ്ഞിപ്പുരയും, വാകമരത്തണലും, പ്രതിജ്ഞകൾ ഏറ്റുചൊല്ലി ശീലിച്ച കൊടിമരച്ചുവടും അവിടെ നിന്ന് എനിയ്ക്കൊരു തീരുമാനവും.
ആരും ആശ്രയമില്ലാതെ ആരോരുമറിയാതെ നരകിക്കേണ്ട ജന്മമല്ല ആ മാലാഖയുടേത്…..
എന്നെപ്പോലെ നൂറ് കണക്കിന് കുഞ്ഞുങ്ങൾക്ക് ജീവിത വെളിച്ചം തെളിച്ചതാണ് അവർ… അന്ന് തൻറെ നേർക്ക് നീണ്ട അതേ കാരുണ്യത്തിൻറെ കരങ്ങൾ അത് ഇന്നവർക്കാണ് വേണ്ടത്. എനിയ്ക്കത് ചെയ്തേ പറ്റൂ, എൻറെ മാലാഖയ്ക്ക് ഇനി ഞാനുണ്ടാകും കൂട്ടായി ,കൈത്താങ്ങായി…… അവസാനം വരെയും.