ശ്രീകുമാർ ഭാസ്കരൻ.
സ്വാശ്രയവിദ്യാലയങ്ങൾ ക്യാമ്പസിന് വെളിയിലുള്ള വാടക കെട്ടിടങ്ങളിൽ നിന്നും സർവ്വകലാശാല ക്യാമ്പസിലേക്ക് പറിച്ച് നടാൻ സർവ്വകലാശാല ഭരണസമിതി തീരുമാനിച്ച സമയം, മഹാത്മാവിന്റെ പേരിലുള്ള ആ സർവ്വകലാശാല വീണ്ടും ഒരു രണാങ്കണമായി മാറി.
ഉന്നത വിദ്യാഭ്യാസത്തിന് രാജ്യത്തിൻറെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തിയ എം. എസ്സി., എം. ഫില്‍., പി. എച്ച്. ഡി. വിദ്യാർത്ഥികൾ സർവ്വകലാശാലയുടെ ഈ നീക്കത്തെ ശക്തിയുക്തം എതിർക്കാൻ തീരുമാനിച്ചു. അതിന്‍പ്രകാരം ശക്തമായ സംയുക്ത വിദ്യാർത്ഥി പ്രക്ഷോഭം സർവ്വകലാശാല ക്യാമ്പസിൽ തുടങ്ങി. സർവ്വകലാശാല ക്യാമ്പസിൽ പൊതുവായ ഒരു വിദ്യാർത്ഥി പ്രസ്ഥാനമാണ് ഉണ്ടായിരുന്നത്. അതിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എല്ലാം ഒറ്റക്കെട്ടായി സമരമുഖത്തിറങ്ങി. സർവ്വകലാശാല ഭരണസമിതിയും അവരുടെ തീരുമാനത്തിൽ ഉറച്ചുനിന്നു. എന്തുവിലകൊടുത്തും സ്വാശ്രയവിദ്യാർഥികളെ ക്യാമ്പസിൽ കുടിയിരുത്തും എന്ന് സർവ്വകലാശാല ഭരണസമിതിയും തീരുമാനിച്ചു. സർവ്വകലാശാല ഭരണസമിതിക്ക് പിന്തുണയുമായി സ്വാശ്രയ വിദ്യാർഥികളും അവര്‍ക്കൊപ്പം കുറെ ഗുണ്ടകളും കൂടിയതോടെ സമരമുഖം കൊഴുത്തു.
സ്വാശ്രയ വിദ്യാർത്ഥികൾ ക്യാമ്പസിൽ വരും എന്ന് പറഞ്ഞ ദിനം ക്യാമ്പസ് വിദ്യാർത്ഥികൾ ഡിപ്പാർട്ട്മെന്റുകൾ വിട്ടിറങ്ങി സർവ്വകലാശാലയുടെ മുന്നിൽ ഒരു വ്യൂഹം ചമച്ചു. ഒരു സംഘട്ടനം എപ്പോൾ വേണമെങ്കിലും പൊട്ടാം. താമസിക്കാതെ അതു ഉണ്ടായി. അന്നേദിവസം തന്നെ.
പുറമേ നിന്നുവന്ന സ്വാശ്രയക്കാരും അകത്തുള്ള റെഗുലർ വിദ്യാർത്ഥികളും തമ്മിൽ കൊമ്പുകോര്‍ത്തു. സർവ്വകലാശാലയുടെ മുമ്പിൽ പൊരിഞ്ഞ അടി. ചെരുപ്പ്, കുട, വടി, എന്നുവേണ്ട കയ്യിൽ കിട്ടിയ അത്രയും ആയുധമാക്കി യുദ്ധം ചെയ്തു. അരമണിക്കൂർ നീണ്ടുനിന്ന അടി. പിന്നെ സ്വാശ്രയക്കാർ പിന്മാറി. ഒരു വെല്ലുവിളിയോടെ. അടുത്തദിവസം കാണാം. അന്ന് എല്ലാവരും പിരിഞ്ഞു.
അടുത്ത ദിവസം രാവിലെ ഒന്‍പതരയ്ക്ക് ഞങ്ങള്‍ക്കൊരു വിവരം ലഭിച്ചു. സ്വാശ്രയ വിദ്യാർഥികൾ കൂട്ടമായി സർവ്വകലാശാലക്യാമ്പസിലേക്ക് വരുന്നു. അവരെ പിന്തുണയ്ക്കാൻ ചില പ്രാദേശിക രാഷ്ട്രീയക്കാരും ഗുണ്ടകളും ഉണ്ടായിരുന്നു. അവർ കരുതലോടെ ആയിരിക്കും വരിക എന്ന് ഞങ്ങൾ ഊഹിച്ചു. കഴിഞ്ഞ തവണത്തെപ്പോലെ ചെരുപ്പും കുടയും ഒന്നും ആയിരിക്കില്ല ആയുധം. ഒരു കാര്യം ഉറപ്പ് ക്യാമ്പസിൽ രക്തം പൊടിയും.
അടുത്ത ദിവസം കൃത്യം പത്തര എന്ന ശുഭമുഹൂർത്തത്തിൽ അവര്‍ എത്തി. സർവ്വകലാശാലയുടെ പ്രധാന കവാടത്തിനു മുന്നില്‍ അവര്‍ വലിയൊരു വ്യൂഹം ചമച്ച് നിന്ന്. ക്യാമ്പസിനകത്ത് നിന്നും ഞങ്ങളും മുദ്രാവാക്യങ്ങളുമായി എത്തി. അവര്‍ ബുദ്ധിമാന്മാരായിരുന്നു. അവര്‍ പെണ്‍കുട്ടികളെ മുന്നില്‍ നിര്‍ത്തി ആണ്‍കേസരികള്‍ പിന്നില്‍ നിന്നു. അടിയുണ്ടായാല്‍ സുന്ദരിമാര്‍ ആദ്യം തല്ലു വാങ്ങട്ടെ എന്ന മനോഹര ചിന്തയായിരിക്കാം അവര്‍ക്കുണ്ടായിരുന്നത്. ഞങ്ങള്‍ പെണ്‍കുട്ടികളെ പിന്നില്‍ നിര്‍ത്തി ആണ്‍കുട്ടികള്‍ മുന്നില്‍ നിന്നു. എന്തായാലും തല്ലു വാങ്ങും. എന്നാല്‍ അത് ആദ്യമേ ഞങ്ങള്‍ വാങ്ങാം എന്ന് തീരുമാനിച്ചു. വെറുതെ എന്തിന് പെണ്‍കുട്ടികളെ തല്ലു കൊള്ളിക്കണം.
ഞങ്ങളുടെ ലക്ഷ്യം സ്വാശ്രയ വിദ്യാർഥികൾ ആയിരുന്നില്ല. എന്തു തന്നെയായാലും അവര്‍ പ്രായം കൊണ്ടും അക്കാദമിക്കായും ഞങ്ങളുടെ അനിയന്മാര്‍ ആയിരുന്നല്ലോ. ഒരേ സര്‍വ്വകലാശാലയിലെ വിദ്ധ്യാര്‍ഥികള്‍. ആ ചിന്ത ഞങ്ങള്‍ക്കുണ്ടായിരുന്നു. പിന്നെ പ്രശ്നം കുട്ടിക്കുരങ്ങനെക്കൊണ്ട് ചുടു ചോറ് വാരിച്ചു സ്വന്തം വായില്‍ വെക്കുന്ന തള്ളക്കുരങ്ങന്മാരായിരുന്നു. വ്യക്തമായി പറഞ്ഞാല്‍ അവരെ ഇളക്കിവിട്ട ചില സിന്‍ഡിക്കേറ്റ് അംഗങ്ങള്‍. സിന്‍ഡിക്കേറ്റ് കൂടുമ്പോള്‍ പതിനഞ്ചു കിലോമീറ്റര്‍ മാത്രം ദൂരെയുള്ള സ്വന്തം വീട്ടില്‍ നിന്നും സര്‍വ്വകലാശാലയില്‍ എത്തുന്നതിനു ആയിരത്തിഅഞ്ഞൂറ് രൂപ യാത്രബത്ത എഴുതി എടുക്കുന്ന മഹാന്മാര്‍. വിദ്ധ്യാഭ്യാസ വിചക്ഷണര്‍. അവരായിരുന്നു ഞങ്ങളുടെ ശത്രുക്കള്‍.
സ്വാശ്രയവിദ്യാർഥികളെ ഇളക്കിവിട്ടതിനു പിന്നില്‍ അവര്‍ക്ക് വ്യക്തമായ ലക്ഷ്യങ്ങളും പ്രയോജനങ്ങളും ഉണ്ടായിരുന്നു. അവരാണ് സ്വാശ്രയവിദ്യാർഥികളെ ക്യാമ്പസിനകത്ത് കയറ്റാം എന്ന് ഉറപ്പു കൊടുത്തത്. അത് സര്‍വ്വകലാശാലയുടെ നിയമാവലിക്ക് വിരുദ്ധമായിരുന്നു.
സ്വാശ്രയ വിദ്യാർഥികൾക്ക് മുന്നിലെത്തിയ ഞങ്ങൾ അവിടെ ഇരുന്നു. തലേദിവസത്തെ തല്ലു കലാപരിപാടി എല്ലാവര്‍ക്കും ഓര്‍മ്മയുണ്ടായിരുന്നു. എന്നിട്ടും ഒരു സംഘട്ടന സാദ്ധ്യത ഒഴിവാക്കാനുള്ള ഒരു നടപടിയും സര്‍വ്വകലാശാല അധികാരികളുടെ ഭാഗത്ത് നിന്നുണ്ടായില്ല. തല്ലുന്നെങ്കില്‍ തല്ലി ചാവട്ടെ എന്ന നയം. അത് ഞങ്ങള്‍ക്ക് ആദ്യമേ മനസ്സിലായി. അതുകൊണ്ടാണ് ഞങ്ങള്‍ പ്രധാന കവാടത്തിനു സമീപം റോഡി ല്‍ സ്വാശ്രയ വിദ്യാർഥികൾക്ക് അഭിമുഖമായി ഇരുന്നത്. അപ്പോള്‍ അവരും ഇരുന്നു. സംഘട്ടനസാദ്ധ്യത ഒഴിവായി.
പിന്നീട് ഞങ്ങളില്‍ ഒരാൾ രണ്ടു വിദ്യാർത്ഥിക്കൂട്ടത്തിന്റെയും നടുവിൽ നിന്ന് പ്രസംഗിച്ചു. പ്രസംഗത്തിൽ സർവ്വകലാശാല നിയമത്തിൽ സ്വാശ്രയ വിദ്യാർഥികൾക്ക് ക്യാമ്പസിൽ കെട്ടിടസമുച്ചയം അനുവദനീയമല്ല എന്ന കാര്യം അവരെ ബോധ്യപ്പെടുത്തി. അതിനുള്ള സൗകര്യം നിലവിൽ ക്യാമ്പസിൽ ഇല്ല. ഈ വസ്തുത മറച്ചുവെച്ചുകൊണ്ടാണ് ചില സിൻഡിക്കേറ്റ് അംഗങ്ങൾ അവരെ ഇളക്കി വിട്ടത്. അക്ഷരാർത്ഥത്തിൽ തങ്ങൾ പറ്റിക്കപ്പെടുകയാണെന്ന ബോധ്യം സ്വാശ്രയവിദ്യാർഥികൾക്ക് ഉണ്ടായി. അവര്‍ ഞങ്ങളോട് ഇടി ഉണ്ടാക്കുന്ന കലാപരിപാടി അന്ന് അവസാനിച്ചു.
തുടർന്ന് ഞങ്ങൾ കൂട്ടമായി വൈസ് ചാൻസലറിന്റെ ഔദ്യോഗിക ഓഫീസിന് നേരെ നീങ്ങി. അന്ന് വൈസ് ചാൻസലര്‍ പദവിയിലിരുന്നിരുന്നത് ക്യാമ്പസ്സിലെ തന്നെ ഒരു സ്കൂളിന്റെ മുന്‍മേധാവിയായിരുന്നു. അദ്ദേഹത്തിനു ഞങ്ങളെ ഒട്ടുമിക്ക എല്ലാവരേയും പറ്റി നല്ല അറിവുണ്ടായിരുന്നു. വൈസ് ചാൻസലര്‍ പദവി ഏറ്റെടുക്കുന്ന ദിനം അദ്ദേഹം എല്ലാ സ്കൂളിലും കയറി എല്ലാ വിദ്ധ്യാര്‍ഥികളോടും സഹകരണം അഭ്യര്‍ത്ഥിച്ചിരുന്നു. ആ അഭ്യര്‍ത്ഥന സൗകര്യപൂര്‍വ്വം ഞങ്ങള്‍ മറന്നു. ഇതിനോടകം സ്വാശ്രയ വിദ്ധ്യാര്‍ഥികള്‍ പിരിഞ്ഞു പോയിരുന്നു.
ഞങ്ങള്‍ വൈസ് ചാൻസലറുടെ ഓഫീസിന്റെ പ്രധാന ഗേറ്റ് ബലമായി തള്ളിത്തുറന്ന് അകത്തു പ്രവേശിച്ചു. സെക്യുരിറ്റിക്കാര്‍ക്ക് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. ഞങ്ങള്‍ വലിയ ആവേശത്തിലായിരുന്നു. ഗേറ്റ് തുറന്നു ഞങ്ങള്‍ വൈസ് ചാൻസലര്‍ ഇരിക്കുന്ന മുറിക്ക് മുന്നിലെത്തി. അപ്പോൾ ഞങ്ങളിൽ ഒരുവൻ ആവേശം മൂത്ത് വി. സി. ഓഫീസിന്റെ ജനൽവാതിൽ കൈകൊണ്ട് ഇടിച്ചു പൊട്ടിച്ചു. അത് ഗ്ലാസ് ആയിരുന്നു. പരാക്രമം അതിരുവിട്ടുപോയി എന്ന് ഞങ്ങൾക്കറിയാമായിരുന്നു. പക്ഷേ എന്ത് ചെയ്യാം. സംഭവിച്ചു പോയി. വി. സി. അകത്തേക്ക് ആരെയും ക്ഷണിച്ചില്ല. ചര്‍ച്ചയ്ക്ക്. ഞങ്ങള്‍ അത് പ്രതീക്ഷിച്ചു. അല്ലങ്കില്‍ ആഗ്രഹിച്ചു. പക്ഷെ പകരം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു ഇടിവണ്ടി നിറയെ പോലീസുകാരെത്തി ഞങ്ങളെ അറസ്റ്റ് ചെയ്യാൻ.
ജനൽ ഗ്ലാസ് ഇടിച്ചു പൊട്ടിക്കുന്നത് വരെ വി. സി. എന്‍റെ പിള്ളേര്‍ എന്ന് കരുതി മിണ്ടാതിരുന്നു. പക്ഷെ പിന്നദ്ദേഹം പോലിസിനെ വിളിച്ചു. ക്യാമ്പസ്സില്‍ നിന്നും മൂന്നു കിലോമീറ്റര്‍ അകലെയുള്ള സ്റ്റേഷനില്‍ നിന്നും പോലിസ് ഇടിവണ്ടിയുമായി പാഞ്ഞെത്തി. പത്തുമിനിട്ടിനുള്ളില്‍. പോലീസിനേയും ഇടിവണ്ടിയേയും കണ്ടതോടെ എല്ലാവര്‍ക്കും വലിയ ആവേശമായി.
ജീവിതത്തില്‍ ഒരിക്കല്‍പോലും ഒരു സമത്തിനിറങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങളാ യിരുന്നു എല്ലാം. പക്കാ പഠിപ്പിസ്റ്റുകള്‍. അതിനു അപവാധമായിരുന്നത് എന്നെപ്പോലെ ചിലര്‍ മാത്രം. അവര്‍ക്ക് പോലീസും അറസ്റ്റും മറ്റും ലോട്ടറി അടിച്ച സന്തോഷമായിരുന്നു. അറസ്റ്റ് ചെയ്താലുള്ള അനന്തരഫലത്തെപ്പറ്റി ആര്‍ക്കും ഒരു ടെന്‍ഷനും ഇല്ലായിരുന്നു. കാരണം അത്രയും അറിവേ അറസ്റ്റിനെപ്പറ്റി എല്ലാവര്‍ക്കും ഉണ്ടായിരുന്നുള്ളൂ. ജീവിതത്തില്‍ ആദ്യമായും ഒരു പക്ഷെ അവസാനമായും ഒരു ഇടിവണ്ടിയില്‍ കയറാന്‍ കിട്ടിയ സുവര്‍ണ്ണാവസരം മുതലാക്കാനുള്ള തത്രപ്പാടിലായിരുന്നു എല്ലാവരും. അത് കണ്ട പോലീസുര്‍ അന്തംവിട്ടുപോയി. സാധാരണ അറസ്റ്റെന്നു കേട്ടാല്‍ എല്ലാവരും വലിഞ്ഞു കളയുകയാണ് പതിവ്. പക്ഷെ അതിനു വിപരീതമായി ഇവിടെ ഇതാ അറസ്റ്റ് വരിച്ചു ഇടിവണ്ടിയില്‍ കയറാന്‍ ജനം ഇടികൂടുന്നു. എങ്ങനെ പോലീസുകാര്‍ അന്തംവിടാതിരിക്കും.
അല്പസമയത്തിനുള്ളില്‍ എല്ലാവരും അറസ്റ്റ് അംഗീകരിച്ച് ആഘോഷപൂർവ്വം ഇടി വണ്ടിയിൽക്കയറി പോലീസ് സ്റ്റേഷനിൽ എത്തി. വണ്ടിയിൽ കയറാൻ പറ്റാത്ത ഹതഭാഗ്യർ ബസ്സിനും ബൈക്കിലും ഒക്കെയായി സ്റ്റേഷനിൽ എത്തി. സ്റ്റേഷന്‍ ജന നിബിഡമായി.
പോലിസ് സ്റ്റേഷൻ ചെറിയ ഒരു വാടക ബിൽഡിങ്ങിൽ ആണ് പ്രവർത്തിച്ചി രുന്നത്. ഞങ്ങളുടെ കൂട്ടത്തിൽ എല്ലാവരും തന്നെ ആദ്യമായിട്ടായിരുന്നു സ്റ്റേഷനിൽ കയറുന്നത്. ഞാനുൾപ്പെടെ.
മുന്‍പ് സ്കൂളില്‍ പഠിച്ചിരുന്നപ്പോള്‍ സമീപത്തുള്ള പോലിസ് സ്റ്റേഷനിൽ ഞങ്ങള്‍ കുട്ടികള്‍ പരിസരം തൂത്തുവാരാന്‍ പോകും. ഏഴ് ദിവസത്തെ സേവനവാരത്തില്‍ ഒരു ദിനം. അന്ന് പോലീസുകാര്‍ ഞങ്ങളെ സ്റ്റേഷന്റെ എല്ലായിടവും കൊണ്ടുക്കാണിക്കും. ആ ഒരു പരിചയം മാത്രമേ എനിക്ക് പോലിസ് സ്റ്റേഷനുമായി ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഞങ്ങളില്‍ പലര്‍ക്കും ആ പരിചയം പോലുമുണ്ടായിരുന്നില്ല.
ക്യാമ്പസിൽ പൊതുവേ എൻട്രൻസ് പരീക്ഷ എഴുതിയാണ് എം. എസ്സി., എം. ഫില്‍. വിദ്യാർത്ഥികൾ എത്തുന്നത്. അവരെല്ലാവരും പഠിപ്പിസ്റ്റുകളാണ്. ഒരിക്കൽ പോലും ഒരു ജാഥയ്ക്ക് അവർ പങ്കെടുത്തിട്ടില്ല. മുൻപ് പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ല. അതുകൊണ്ടുതന്നെ കിട്ടിയ ആദ്യ അവസരം അവർ ആഘോഷിക്കുകയാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള ചില വിദ്വാന്മാർ പോലീസ് പിടിച്ചെടുത്ത ബൈക്കുകളിലും ഓട്ടോറിക്ഷയിലും ഒക്കെയായി ഡ്രൈവിംഗ് പഠിച്ചു തുടങ്ങി. ആകെ ഒരു ഉത്സവാന്തരീക്ഷം. പോരാത്തതിന് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഞങ്ങളുടെ ക്യാമ്പസിലെ ഒരു പൂര്‍വ്വവിദ്ധ്യാര്‍ത്ഥിയും ആയിരുന്നു. പോരെ പൂരം.
അല്പസമയത്തിനുള്ളില്‍ത്തന്നെ ഞങ്ങളുടെ സാന്നിധ്യം പോലീസിന് ഒരു വലിയ തലവേദനയായി. എസ്. ഐ. വൈസ് ചാൻസിലറെ വിളിച്ച് അപേക്ഷിച്ചു എന്തെങ്കിലും ഉടനെ ചെയ്യണം. വി. സി. ഉടന്‍ അദ്ദേഹത്തിൻറെ സെക്യൂരിറ്റി ഓഫീസറെ പറഞ്ഞുവിട്ടു. ഞങ്ങളെ ജാമ്യത്തിൽ കൊണ്ടുപോകാന്‍. പോലീസിന് വലിയ ആശ്വാസമായി.
എല്ലാവരും പേരും അഡ്രസ്സും പറഞ്ഞു കൊടുത്തിട്ട് പോകാൻ ഉത്തരവായി. ഒരു കോൺസ്റ്റബിൾ വലിയൊരു രജിസ്റ്ററിൽ ബുക്കുമായി സ്റ്റേഷന്റെ വരാന്തയിൽ ടേബിൾ പിടിച്ചിട്ടിരുന്നു. അഡ്രസ് എഴുതിയെടുക്കാനുള്ള തയ്യാറെടുപ്പ്. വിദ്യാർത്ഥികൾ വളരെ അനുസരണയോടെ നല്ല ആവേശത്തോടെ ക്യൂവിൽ ഇടം പിടിച്ചു. പേരും അഡ്രസ്സും പറഞ്ഞു കൊടുക്കാന്‍. അപ്പോള്‍ ഒരു യുവ കോൺസ്റ്റബിൾ പുറത്തേക്ക് ഇറങ്ങിവന്നു. അദ്ദേഹം പുറത്ത് ചായ കുടിക്കാൻ പോവുകയാണ്. ഞങ്ങളുടെ ക്യൂവിന് അരുകിൽ എത്തിയപ്പോൾ അദ്ദേഹം അന്തരീക്ഷത്തിലേക്ക് നോക്കി പതുക്കെപ്പറഞ്ഞു.
“ശരിയായ പേരും അഡ്രസ്സും പറഞ്ഞു കൊടുക്കരുത്”.
സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ടിക്കറ്റ് എടുക്കുന്ന ആവേശമാണ് എല്ലാവരുടേയും മുഖത്ത് തെളിഞ്ഞു കാണുന്നത്.
ക്യൂവില്‍ ഒന്നാമതായി നിന്നിരുന്നത് എൻറെ സുഹൃത്ത് സമീർ അബ്ദുള്‍ റാവുഫ് ആയിരുന്നു. സമീർ കള്ള അഡ്രസ് പറഞ്ഞു കൊടുക്കാൻ തയ്യാറെടുത്ത് നിൽക്കുകയാണ്. കോൺസ്റ്റബിൾ റജിസ്റ്റർ തുറന്ന് അഡ്രസ് എഴുതാൻ തയ്യാറായി.
“പേര്” കോൺസ്റ്റബിൾ ചോദിച്ചു.
“സമീർ അബ്ദുള്‍ റാവുഫ്”.
“ഫാദേഴ്സ് നെയിം” കോൺസ്റ്റബിൾ വീണ്ടും ചോദിച്ചു.
സമീറിന് ചോദ്യം വ്യക്തമായില്ല. അപ്പോള്‍ കോൺസ്റ്റബിൾ ചോദ്യം വ്യക്തമാക്കി.
“തന്തപ്പേരെ”
അപ്പോഴാണ് കള്ളഅഡ്രസ് കൊടുക്കണം എന്ന കാര്യം സമീര്‍ ഓര്‍ത്തത്. പേരോ സത്യം പറഞ്ഞു. എന്നാല്‍ ബാക്കി ഉള്ളത് കള്ളം പറയാം എന്ന് സമീര്‍ തീരുമാനിച്ചു. അവന്‍ പെട്ടെന്ന് പറഞ്ഞു.
“ഗോപാലകൃഷ്ണന്‍”.
“ങേ” കോൺസ്റ്റബിൾ ഞെട്ടി.
സമീര്‍ കൂളായി പറഞ്ഞു.
“സര്‍ പി. കെ. ഗോപാലകൃഷ്ണന്‍”
ഇനി ഇന്‍ഷ്യലിന്റെ കുറവുകൊണ്ട് കോൺസ്റ്റബിൾ സംശയിക്കണ്ട എന്ന് സമീര്‍ തീരുമാനിച്ചു.
കോൺസ്റ്റബിൾ എഴുത്ത് നിര്‍ത്തി. സമീറിനെ സൂക്ഷിച്ചു നോക്കി.
കോൺസ്റ്റബിളിന് ഗോപാലകൃഷ്ണന്‍ എന്ന പേരിന്റെ സ്പെല്ലിംഗ് അറിയാത്ത തുകൊണ്ടായിരിക്കാം എഴുത്ത് നിര്‍ത്തിയതെന്ന് സമീര്‍ ന്യായമായും സംശയിച്ചു. അതിനുള്ള പരിഹാരവും അവന്‍ കണ്ടു. അവന്‍ നിഷ്കളങ്കമായി സ്പെല്ലിംഗ് പറഞ്ഞു തുടങ്ങി.
“സര്‍ ഗോപാലകൃഷ്ണന്‍. ജി.ഒ.പി……”
കോൺസ്റ്റബിൾ അവനെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് എണീറ്റ് പോയി.
അല്പം കഴിഞ്ഞപ്പോള്‍ എസ്. ഐ. പുറത്തേക്ക് വന്നു. എല്ലാവരോടും പോക്കോളാ ന്‍ പറഞ്ഞു. അഡ്രസ് കൊടുക്കണ്ട.
മനസ്സിൽ കരുതിവെച്ചിരുന്ന കള്ളഅഡ്രസ് പറഞ്ഞുകൊടുത്ത് പോലീസിനെ ഫൂളാക്കാന്‍ പറ്റാതെ പോയതിന്‍റെ ദുഃഖം എല്ലാവരുടെയും മുഖത്തുണ്ട്.
എസ്. ഐ. സര്‍വ്വകലാശാലയില്‍ നിന്നും ഞങ്ങളുടെ സൂപ്പർ സീനിയർ ആയി പഠിച്ചിറങ്ങിയതാണ് എന്ന വിവരമൊക്കെ സ്റ്റേഷനിൽ നിന്ന് കുറഞ്ഞ സമയത്തിനുള്ളിൽ ഗവേഷകരായ ഞങ്ങൾ, വിപ്ലവസിംഹങ്ങൾ, മനസ്സിലാക്കിയിരുന്നു.
എസ്. ഐ. സമീറിനെ അടുത്ത് വിളിച്ചു. എന്നിട്ട് ചോദിച്ചു.
“ഗവേഷകൻ ആണല്ലേ”
“അതെ” സമീര്‍ പറഞ്ഞു.
“ഞാനും അവിടെ ഒരു ഗവേഷകൻ ആയിരുന്നു. അല്പകാലം മുന്‍പ് വരെ. ഇൻറർനാഷണൽ റിലേഷന്‍സില്‍. ശ്രീലങ്കയിലെ വംശീയ സംഘർഷത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും ആയിരുന്നു എൻറെ ഗവേഷണം.”എസ്. ഐ. പറഞ്ഞു.
“അത് കേട്ടിട്ടുണ്ടോ” എസ്. ഐ. ചോദിച്ചു.
“ഇല്ല”. സമീര്‍ പറഞ്ഞു.
“ഞാന്‍ വെറുതെ പറഞ്ഞെന്നേയുള്ളൂ.” എസ്. ഐ. പറഞ്ഞു.
പിന്നീട് അദ്ദേഹം ഒരു സിഗരറ്റ് എടുത്തു കൊളുത്തി പുക ഊതിക്കൊണ്ട് സമീറിനോട് ചോദിച്ചു.
“ഒരു ഗവേഷകന് അടിസ്ഥാനപരമായി വേണ്ടത് എന്താണന്നറിയാമോ?”
സമീര്‍ ചോദ്യഭാവത്തില്‍ എസ്. ഐ. യെ നോക്കി.
“ബുദ്ധി വേണം, കഠിനാദ്ധ്വാനം വേണം, ക്ഷമ വേണം, പക്ഷേ അതിലൊക്കെ ഉപരിയായി വേണ്ട വേറെ ഒന്നുണ്ട്.” എസ്. ഐ. പറഞ്ഞു.
അദ്ദേഹം ഒരു പുക കൂടി എടുത്തു. പിന്നെ ആകാംഷയോടെ നോക്കുന്ന സമീറിനോട്
ശാന്തമായി പറഞ്ഞു.
“കോമണ്‍ സെന്‍സ്” .