Friday, July 4, 2025
HomeSTORIESവിട.

വിട.

ശ്രീ കുമാർ ഭാസ്കരൻ.

ഡി. എ. വി. കോളേജിലെ എന്‍റെ അവസാന ദിവസമാണ്. എന്‍റെ കലാലയ വര്‍ഷം അവസാനിക്കുകയാണ്. ഔപചാരികമായി ചിലരോടൊക്കെ യാത്ര പറയാൻ ഉണ്ടായിരുന്നു. അതിൽ പ്രധാനം ലാബ് അറ്റൻഡർമാരാണ്. സ്നേഹവും സമയോചിതമായ സഹായവും നള്‍കിയ പാവങ്ങൾ. പ്രതിഫലം അവർ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും നാട്ടിൽ നിന്നും വരുമ്പോൾ അവർക്ക് ചെറിയ ഹൽവയുടെ പാക്കറ്റുകൾ ഞാൻ കരുതുമായിരുന്നു.
പ്രൊഫെസ്സര്‍ പ്രഭാത് കുമാര്‍ ബാജ്പേയിയോടു ഔപചാരികമായി യാത്ര പറഞ്ഞു പോരുമ്പോൾ, ഗവേഷകനായി തുടരുന്ന കാര്യം ആലോചിക്കണം എന്ന് സാർ പറഞ്ഞു. അണ്ണന്റെ ഗവേഷണ മാർഗദർശിയാണ് അദ്ദേഹം. എൻറെ അധ്യാപകനും. ഞാനൊന്നും മിണ്ടിയില്ല.
ഗവേഷണം എന്‍റെ അസ്ഥിക്ക് പിടിച്ച ആശയമാണ്. അതിനാണല്ലോ ഞാന്‍ പി. ജി. ചെയ്തത് തന്നെ. പക്ഷെ അത് നാട്ടില്‍ ആകാമെന്ന് കരുതി. ഇനി ഉത്തരേന്ത്യയിലേക്ക് ഇല്ല. കാലാവസ്ഥ തന്നെ പ്രധാന കാരണം.
പിന്നെ നേരെ സ്റ്റേഡിയത്തിലേക്കാണ് പോയത്. ഇനിയും ഈ സ്റ്റേഡിയത്തിലേക്ക് ഇല്ല. ഞാൻ ഉറപ്പിച്ചിരുന്നു. എൻറെ കലാലയ ജീവിതത്തിലെ വലിയൊരു ആശ്വാസമായിരുന്നു ഗ്രീൻപാർക്ക് സ്റ്റേഡിയം. ക്ലാസിൽ ഞാൻ ചിലവഴിച്ചതിലും കൂടുതൽ സമയം സ്റ്റേഡിയത്തിലാണ് ചിലവഴിച്ചത്.
ചില അവസരങ്ങളിൽ എൻറെ ഏകാന്തതയെ ലംഘിച്ചുകൊണ്ട് രൂപ്മേ ശർമയും ഗ്യാലറിയിൽ വന്നിരിക്കുമായിരുന്നു. ശര്‍മ്മ അപ്പോള്‍ അധികം സംസാരിച്ചു ബുദ്ധിമുട്ടിച്ചിരുന്നില്ല. ശർമയുടെ അനുജന്റെ വേർപാടിന് ശേഷം, ഞാൻ സ്റ്റേഡിയത്തിൽ അവനെ കണ്ടിട്ടില്ല. ശർമ പിന്നെ മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ താല്പര്യപ്പെട്ടില്ല. ആരുമായും ഇടപഴകാനും പിന്നെ ശർമ താൽപര്യം കാണിച്ചില്ല. വല്ലപ്പോഴും ക്ലാസിൽ വന്നെങ്കിലായി. അത്രമാത്രം.
ഗ്യാലറിയിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ അവൾ എത്തി. റോഷ്നി. ചില സമയങ്ങളിൽ സ്റ്റേഡിയത്തിൽ അവൾ വരാറുണ്ട്. എന്നും ഒറ്റയ്ക്ക് മാത്രമേ ഞാൻ അവളെ കണ്ടിട്ടുള്ളൂ. സ്റ്റേഡിയത്തിൽ വന്നാൽ ഒന്നും മിണ്ടാതെ സമീപത്തിരിക്കും. ചിലപ്പോൾ മാത്രം എന്തെങ്കിലും ചോദിക്കും. അവളെപ്പറ്റി കൂടുതൽ ചോദിച്ചറിയണമെന്നുണ്ടായിരുന്നു. എന്തോ അവൾ അത് താല്പര്യപ്പെട്ടില്ല.
സ്റ്റേഡിയത്തിൽ ആദ്യദിനം കണ്ടുമുട്ടിയപ്പോൾ കേട്ടറിഞ്ഞതും വായിച്ചറിഞ്ഞതും പിന്നെ സിനിമയിൽ കണ്ടതുമായ അറിവ് വെച്ച് ഞാൻ വിളമ്പി.
“കാശ്മീർ ഈസ് എ വണ്ടർഫുൾ ലാൻഡ് ലൈക് എ ഹെവന്‍.”
പണ്ട് കാശ്മീരില്‍ ചെന്നപ്പോള്‍ നെഹ്‌റു പറഞ്ഞു. ‘ഭൂയില്‍ ഒരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അത് ഇതാണ്, ഇതാണ്, ഇതാണ്.’ നെഹ്രുവിന് അങ്ങനെ പറയാം. അദ്ദേഹത്തിറെ വേരുകള്‍ കിടക്കുന്നത് കാഷ്മീരിലാണ്. പൂവ്വിക മാതൃദേശം. നെഹ്രുവിന്റെ വാക്കുകളും എന്നെ സ്വാധീനിച്ചു. അല്ലാതെ ഞാന്‍ കാശ്മീര്‍ കണ്ടിട്ടില്ലല്ലോ. സ്വന്തം മാതൃദേശത്തെപ്പറ്റി പുകഴ്ത്തിപ്പറയുന്നത് കേൾക്കാൻ ആഗ്രഹിക്കാത്തവരായി ആരുണ്ട്. ആ നമ്പരാണ് ഞാന്‍ എടുത്തത്. പക്ഷെ ചീറ്റിപ്പോയി.
“നോ”
പെട്ടെന്നായിരുന്നു റോഷ്നിയുടെ മറുപടി. അല്പം കടുത്തതും. അസഹ്യമായ ഒന്നിനെ നിഷേധിക്കുന്ന സ്വരം. ഞാൻ അവളെ നോക്കി. അവൾ അത് ശ്രദ്ധിച്ചില്ല. അവൾ ശൂന്യതയിലേക്ക് നോക്കിയിരുന്നു.
സ്റ്റേഡിയത്തിൽ പിന്നീടും ഞങ്ങൾ കണ്ടു. എനിക്ക് റോഷ്നി ഒരു വലിയ ആശ്വാസമായിരുന്നു. ഞാനത് ഒരിക്കലും അവളുടെ മുന്നിൽ പ്രകടിപ്പിച്ചിരുന്നില്ല. എങ്കിലും സൗഹൃദത്തിൻറെ ഊഷ്മളതയിൽ ഞാൻ അവളെ സഹായിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പരീക്ഷാ കാലങ്ങളിൽ.
പി. ജി. പരീക്ഷകൾ സർവ്വ അറിവും ശർദ്ദിക്കാനുള്ള വേദിയാണെന്ന് ആദ്യമേ പ്രൊഫസർ മാത്തൂര്‍ പറഞ്ഞിരുന്നു. അദ്ദേഹം വിശദീകരിച്ചു. ‘നിങ്ങൾ നാലോ അഞ്ചോ പുറം എഴുതി ശീലിച്ചവരാണ്. പക്ഷേ ഇനിയും അത് പോരാ. ഒരു ചോദ്യത്തിന് അതിൻറെ ഉത്തരത്തിന്റെ എല്ലാ വശങ്ങളും എഴുതണം. കൂടാതെ സ്കെട്ച് പെന്‍ ഉപയോഗിച്ച് പ്രധാന പോയിന്റ്സ് അണ്ടര്‍ലൈന്‍ ചെയ്യുകയും വേണം.’ ഉടന്‍ ‘പേപ്പർ തൂക്കി നോക്കിയാണോ മാർക്കിടുന്നത്’ എന്ന പരിഹാസം കലർന്ന അർജുൻ ചക്രവർത്തിയുടെ ചോദ്യത്തിനു യാതൊരു മയവുമില്ലാതെ മാത്തൂര്‍ തിരിച്ചടിച്ചു. ‘പേപ്പർ അല്ല, നിൻറെ തലയ്ക്ക് അകത്തു വല്ലതുമുണ്ടോ എന്നാണ് ഇവിടെ തൂക്കി നോക്കുന്നത്.’ പിന്നെ ആരും ഒന്നും മിണ്ടിയില്ല. അറിയേണ്ടത് അറിഞ്ഞു കഴിഞ്ഞു. ഔദാര്യം പ്രതീക്ഷിക്കുന്നതിൽ കാര്യമില്ല. ഫസ്റ്റ് ഇയർ പരീക്ഷയ്ക്ക് ഒരു ചോദ്യത്തിന് ഉത്തരമായി മുപ്പത്തിയഞ്ച് പേജ് വരെ ഞാൻ എഴുതിത്തീർത്തിട്ടുണ്ട്.
പി. ജി. ക്ക് കൃത്യമായ സിലബസ് ഉണ്ട്. പക്ഷേ കൃത്യമായ ഒരു ബുക്കില്ല. അതിനാൽ പലപ്പോഴും ഒരു വിഷയത്തിന് ഒന്നിലധികം ബുക്കുകൾ റഫർ ചെയ്യേണ്ടി വരാറുണ്ട്. ഉദാഹരണത്തിന് ഫിസിയോളജിക്ക് കൃത്യമായ സിലബസും ടോപ്പിക്കുകളും ഉണ്ട്. പക്ഷേ ആ ടോപ്പിക്ക് എല്ലാം കവർ ചെയ്യണമെങ്കിൽ കുറഞ്ഞത് നാല് ഫിസിയോളജി ബുക്കുകൾ റഫർ ചെയ്യേണ്ടി വരും. നിലനിൽപ്പും വിജയവും അനിവാര്യമായതുകൊണ്ട് പരീക്ഷാ സമയങ്ങളിൽ ഭഗീരഥപ്രയത്നം വേണ്ടിവരും.
ഈ ദുർഘടസന്ധി പരിഹരിക്കാൻ എന്നെ വളരെ സഹായിച്ചത് പ്രഭാത് കുമാർ ബാജ്പേയ് സർ ആണ്. അദ്ദേഹം പരീക്ഷയ്ക്ക് ഏതാനും ആഴ്ചകൾക്കു മുമ്പേ, ചോദ്യമായി വരാൻ സാധ്യതയുള്ള ടോപ്പിക്കുകളും റഫറൻസ് ടെക്സ്റ്റുകളും പറഞ്ഞുതരുമായിരുന്നു. അതുകൊണ്ട് ഒരുപാട് സമയം ലാഭിക്കാൻ പറ്റി. എനിക്ക് കിട്ടിയ വിവരങ്ങൾ ഞാൻ റോഷ്നിക്കും ശർമയയ്ക്കും കൈമാറിയിരുന്നു. അത് വളരെ ഉപകാരപ്രദമായി എന്ന് പരീക്ഷ കഴിഞ്ഞപ്പോൾ മനസ്സിലായി. എനിക്ക് കിട്ടിയ ടോപ്പിക്ക് സെലക്ഷനിൽ എണ്‍പത് ശതമാനവും പരീക്ഷയ്ക്ക് വന്നിരുന്നു.
ഞാൻ സ്റ്റേഡിയത്തിൽ ഇരുന്നു മനോവ്യാപാരത്തിൽ ആയിരുന്നു. രണ്ടുവർഷത്തെ ഉത്തരേന്ത്യൻ ജീവിതം അവസാനിക്കുകയാണ്. കടന്നുപോയ രണ്ടുവർഷം. സംഭവ വികാസങ്ങളുടെ രണ്ടുവർഷം. വേദനയുടെ ദാരിദ്ര്യത്തിന്റെ കഷ്ടപ്പാടിന്റെ അധ്വാനത്തിന്റെ ഒക്കെ ഓർമ്മകൾ എൻറെ മനസ്സിലേക്ക് തിരയടിച്ചു വന്നു. ഞാൻ അതിൽ ലയിച്ചു പോയി.
ഒരു കൊലുസിന്റെ ശബ്ദം കേട്ടപ്പോഴാണ് പരിസരബോധം വന്നത്. സമീപത്ത് കടും ചുവപ്പിൽ വെട്ടിത്തിളങ്ങി റോഷ്നി. അവളെ ആദ്യമായി ക്ലാസിൽ കണ്ടപ്പോൾ ധരിച്ചിരുന്ന അതേ വസ്ത്രം.
അവൾ സമീപത്ത് ഇരുന്നു. അവൾ സംസാരത്തിന് തുടക്കമിട്ടു. ആംഗലേയത്തിൽ. ഹിന്ദി അവള്‍ക്കു നന്നായി വഴങ്ങും. പക്ഷേ ആംഗലേയം അല്പം കല്ലുകടിയാണ്. മൂന്നു വയസ്സുള്ള കുട്ടി അറച്ചറച്ച് സംസാരിക്കുന്ന പോലെയാണ് അവളുടെ ആംഗലേയം. എങ്കിലും കേൾക്കാൻ നല്ല രസമാണ്. അവളുടെ ഭാഷയ്ക്ക് ഒരു ഈണമുണ്ട്.
“എപ്പോൾ പോകും.” റോഷ്നി ചോദിച്ചു.
“തിങ്കൾ”. ഞാന്‍ പറഞ്ഞു.
“ഇനി രണ്ടുദിവസം”.
“അതെ”ഞാന്‍ പറഞ്ഞു.
പിന്നെ അല്‍പ നേരത്തെ മൗനം.
“നീ എന്നു പോകും.” ഞാൻ റോഷ്നിയോട് ചോദിച്ചു.
“ഒരാഴ്ചയ്ക്കുള്ളിൽ” അവൾ പറഞ്ഞു.
“കാശ്മീർ?” ഞാൻ വ്യക്തത വരുത്താൻ വേണ്ടി ചോദിച്ചു.
പക്ഷേ അതിന് അവൾ മറുപടി പറഞ്ഞില്ല. വെറുതെ ഗ്രൗണ്ടിലേക്ക് നോക്കിയിരുന്നു. പെട്ടെന്ന് അപ്രതീക്ഷിതമായി അവൾ ചോദിച്ചു.
“മെയ്‌ ഐ കം വിത്ത്‌ യു”
ഞാന്‍ അമ്പരന്നു.
“വേര്‍?” ഞാന്‍ ചോദിച്ചു.
“കേരള്‍”. അവള്‍ പറഞ്ഞു.
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കിയില്ല. ഏറെ നേരത്തെ മൗനത്തിനു ശേഷം ഞാൻ എണീറ്റു. പതുക്കെ ഗ്യാലറിയിലൂടെ നടന്നു. റോഷ്നി അവിടെത്തന്നെയിരുന്നു. ഞാൻ അവളെ നോക്കിയില്ല. ഒരു ചെറിയ കനം നെഞ്ചിൽ. അത് പതുക്കെ ഏറി വരുന്നു. കേവലം ഇരുപത്തിരണ്ടു വയസ്സുള്ള ഒരുത്തന് എടുക്കാവുന്ന ഭാരമല്ല അവളുടെ ആഗ്രഹത്തിന് ഉള്ളത്.
ഇത് അമേരിക്കയോ യൂറോപ്പോ അല്ല. വെല്ലുവിളികൾ കൂടുതൽ. അവസരങ്ങൾ കുറവ്. വെറുംകൈയ്യോടെയുള്ള നില്പ്. ഇനിയും എത്രനാൾ ആ നില തുടരുമെന്ന് അറിഞ്ഞുകൂടാ. അവൾക്ക് ഇപ്പോള്‍ ആവശ്യം ഒരു രക്ഷപ്പെടലാണ്. എനിക്കറിയാം. പക്ഷേ….
ഞാൻ തിരിഞ്ഞു നോക്കിയില്ല. സാവധാനം മുന്നോട്ടു നടന്നു. അത് അവസാനത്തെ യാത്ര പറച്ചിലാണ്. ഇനി റോഷ്നിയെ കാണില്ല. സ്റ്റേഡിയത്തിൽ നിന്നും പുറത്തേക്ക് ഇറങ്ങുന്നതിനു മുമ്പ് ഒരിക്കൽ കൂടി അവളെ ഒന്നു നോക്കണം എന്ന് തോന്നി. പക്ഷേ നോക്കിയില്ല. നെഞ്ചിൽ കനം കൂടി വരികയാണ്.
അവളുടെ സാമീപ്യം ഒരു വലിയ സന്തോഷമായിരുന്നു എന്നും. പുറമേ കാണിച്ചിരുന്നില്ലെങ്കിലും. ഞാനതെന്നും ആഗ്രഹിച്ചിരുന്നു. അത് അവൾക്കും അറിയാമായിരുന്നു. അവളും അത് പുറമേ കാണിച്ചില്ല.
‘നന്ദിയുണ്ട് റോഷ്നി. എനിക്ക് നിന്നോട് തീരാത്ത നന്ദിയുണ്ട്. കാൺപൂരിന്റെ ഊഷര ഭൂമിയിൽ, വരണ്ടുപോയ എൻറെ മനസ്സിൻറെ കോണിൽ, പ്രണയത്തിൻറെ ഒരുപിടി മഞ്ഞു നീ വാരിയിട്ടുവല്ലോ. കരിഞ്ഞു പോകുമായിരുന്ന എൻറെ യൗവനത്തിന്, നീ കൈവെള്ളമൊഴിച്ച് നനച്ചുവല്ലോ.’
ബഡാചൌരയില്‍ സുഹൃത്തുക്കളോടൊത്ത് ഒരു പകൽ കഴിച്ചു. എന്‍റെ അവിടുത്തെ അവസാന സന്ദർശനം. പിന്നെ ചിടിയാഘര്‍ പാർക്കിലേക്ക് പോയി. വൈകിട്ട് ഐ. ഐ. ടി.യിലേക്ക് തിരിച്ചു.
ഞാന്‍ ഐ. ഐ. ടി.യിലെത്തുമ്പോള്‍ അവിടെ നന്ദുവേട്ടൻ ഉണ്ടായിരുന്നു. ഇടയ്ക്ക് സമയം കിട്ടുമ്പോൾ കമ്പനി കൂടാൻ നന്ദുവേട്ടൻ എൻ. എസ്. ഐ യ്യില്‍ നിന്നും ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്. ജോലി കിട്ടിയ പ്രാരംഭ കാലഘട്ടത്തില്‍ നന്ദുവേട്ടന്‍ താമസിച്ചിരുന്നത് ആ വീട്ടിലാണ്. പിന്നീടാണ് അദ്ദേഹത്തിന് എന്‍. എസ്. ഐ. യ്യില്‍ ഫാമിലി ക്വാര്‍ട്ടേഴ്സ് കിട്ടിയത്.
നന്ദുവേട്ടന് ഞാൻ ഒരു ചായ ഓഫർ ചെയ്തു. കാരണം ഞാനാണല്ലോ അവിടുത്തെ ആസ്ഥാന പാചകക്കാരന്‍. അപ്പോഴും. പക്ഷെ നന്ദുവേട്ടന്‍ നിഷേധാർത്ഥത്തിൽ തലയാട്ടി. സമീപത്തു അണ്ണന്‍ മൗനമായിരിക്കുന്നു. താഴേക്കു നോക്കി. നന്ദുവേട്ടന്‍ എന്നെയും അണ്ണനെയും മാറിമാറി നോക്കിയിട്ട് പുറത്തേക്ക് പോയി. അണ്ണന്‍ ആകെ മൂകനായിരുന്നു. അതുകൊണ്ട് ഞാനും അങ്ങോട്ട് കേറി കൂടുതൽ ഹെഡ് ചെയ്യാൻ പോയില്ല.
ഇപ്പോൾ ആ വീട്ടിൽ ഞങ്ങൾ രണ്ടുപേർ മാത്രമേയുള്ളൂ. ശ്രീജിത്തിന്റെ പരീക്ഷ നേരത്തെ കഴിഞ്ഞതുകൊണ്ട് അവൻ ഒരാഴ്ച മുമ്പേ നാട്ടിലേക്ക് ട്രെയിൻ കയറിയിരുന്നു.
അത്താഴം ഇപ്പോൾ ശുഷ്കമാണ്. ഞങ്ങള്‍ രണ്ടുപേരല്ലേ ഉള്ളൂ. അതുകൊണ്ട് ചോറും കറികളും ഒന്നും ഉണ്ടാക്കാറില്ല. ഒരു ബ്രഡ് വാങ്ങും. പിന്നെ കട്ടൻചായയും. അതുകൊണ്ട് അത്താഴം കഴിച്ചുകൂട്ടും.
അത്താഴ സമയത്തും അണ്ണൻ തികച്ചും വിഷാദത്തിലായി കാണപ്പെട്ടു. ഒരു പീസ് ബ്രഡ് കഴിച്ചു എന്ന് വരുത്തി എണീറ്റു പോയി. സാധാരണ അത്താഴ സമയത്താണ് ഞങ്ങൾ കൂടുതൽ വാചാലരാവുന്നത്. പക്ഷേ ഇപ്പോൾ ആകെ ഒരു മൂകത. അണ്ണൻ അന്ന് നേരത്തെ കിടന്നു. അതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും സംസാരിക്കാൻ ഉള്ള അവസരം ഉണ്ടായില്ല.
പിറ്റേന്ന് ഞായർ. ഞാൻ തിങ്കളാഴ്ചയാണ് നാട്ടിലേക്ക് തിരിക്കുന്നത്. പതിവിനു വിപരീതമായി അണ്ണൻ അന്ന് പള്ളിയിൽ പോയി. ഉച്ചയ്ക്ക് എത്തും എന്ന് കരുതി. പക്ഷേ വൈകിട്ടാണ് എത്തിയത്. എന്തോ, അണ്ണൻ എന്നെ മന:പൂർവ്വം ഒഴിവാക്കുന്നതായി തോന്നി. എനിക്കും വാശിയാണ് തോന്നിയത്. അങ്ങോട്ട് കേറി കൂടുതൽ ലോഹ്യം കാണിക്കാൻ ഞാൻ മെനക്കെട്ടില്ല. അന്ന് അണ്ണൻ അത്താഴത്തിന് കൂടിയില്ല. മുറിയിൽ തന്നെ ഇരുന്നു.
അടുത്ത ദിവസം എനിക്ക് നാട്ടിലേക്ക് പുറപ്പെടേണ്ടതാണ്. ഞാൻ ടെറസിലേക്ക് പോയി. ഏറെ നേരം കാറ്റുകൊണ്ടു നിന്നു. എൻറെ മനസ്സ് വിങ്ങുന്നുണ്ടായിരുന്നു. കാരണം റോഷ്നി ആയിരുന്നു.
ഞാൻ അതുവരെയുള്ള എൻറെ കലാലയ ദിനങ്ങളെപ്പറ്റി ആലോചിച്ചു. സുഖ ദുഃഖ സമ്മിശ്രമായ ദിനങ്ങൾ. എല്ലാ ചിന്തകളും അവസാനം എത്തി നിന്നത് അവളിലാണ്. റോശ്നിയില്‍. റോഷ്നിയെ ഇനിയും കാണാൻ സാധ്യതയില്ല. ഞാൻ പതുക്കെ താഴേക്ക് ഇറങ്ങി.
മുറിയിൽ എത്തിയപ്പോൾ അണ്ണൻ ഉറങ്ങിക്കഴിഞ്ഞിരുന്നു. പുലർച്ചെ ഞാൻ എണീറ്റു. ഒറ്റയ്ക്ക് ചായ കുടിക്കാൻ പോയി. സാധാരണ അണ്ണനും കൂടെ ഉണ്ടാവേണ്ടതാണ്. പക്ഷേ അന്ന് അതുണ്ടായില്ല. ചായകുടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, അണ്ണൻ ഡൈനിങ് ടേബിളിന് സമീപമുണ്ട്. കയ്യിൽ ഒരു ഗ്ലാസ് കട്ടൻകാപ്പി.
എനിക്ക് ആ വീട്ടിൽ ഇനിയും ഒന്നരമണിക്കൂർ മാത്രം. കൂടുതല്‍ ഒന്നും പാക്ക് ചെയ്യാന്‍ ഉണ്ടായിരുന്നില്ല. അല്പം വസ്ത്രം. പിന്നെ കുറെ പുസ്തകങ്ങൾ. കഴിഞ്ഞു, എൻറെ സ്ഥാവരജംഗമ വസ്തുക്കൾ. അത് പാക്ക് ചെയ്യാന്‍ പത്ത് മിനിറ്റ് ധാരാളം.
“എടോ ശ്രീ” അണ്ണനാണ്.
ഞാൻ ഡൈനിങ് ടേബിളിനടുത്ത് എത്തുമ്പോൾ, അണ്ണൻ ഇരിക്കാൻ പറഞ്ഞു. അണ്ണന്റെ കയ്യിൽ ഒരു പ്രിന്റഡ് പേപ്പർ ഉണ്ടായിരുന്നു. അണ്ണൻ ഒന്നും മിണ്ടാതെ അതെന്റെ നേരെ നീട്ടി. ഒരു ടെലഗ്രാം. ഞാൻ തുറന്നു നോക്കി.
“കുര്യന്‍ പാസ്സസ് എവേ”
ധര്‍മേന്ദ്ര കൊല്ലത്ത് നിന്നും അയച്ച സന്ദേശമാണ്. എൻ. എസ്. ഐ. യില്‍ നന്ദുവേട്ടന്റെ പേരിൽ.
സന്ദേശവുമായി ആണ് നന്ദുവേട്ടൻ രണ്ടുദിവസം മുമ്പ് അണ്ണന്റെ അടുത്ത് എത്തിയത്. അണ്ണന്‍ ആ സന്ദേശം എന്നിൽ നിന്നും മറച്ചു പിടിച്ചു. പരമാവധി സമയം. കാരണം കുര്യൻ ഏറ്റവും അടുത്ത് ഇടപഴകിയിരുന്നത് എന്നോടാണ്.
ഞാൻ അമ്പരപ്പോടെ അണ്ണനെ നോക്കി. അണ്ണന്‍ ഗ്ലാസ്സ് അലസമായി തിരിച്ചുകൊണ്ടിരുന്നു. എന്നെ നോക്കിയില്ല. ഞങ്ങൾ ഒന്നും മിണ്ടിയില്ല. അല്പസമയം. പിന്നെ അണ്ണൻ പറഞ്ഞു.
“കോയമ്പത്തൂർ വച്ചായിരുന്നു. വിശദവിവരം ടെലഗ്രാം കിട്ടിയ ഉടനെ നന്തുഭയ്യ ധർമ്മേന്ദ്രയെ വിളിച്ചറിഞ്ഞു.”
ഞാൻ ടെലഗ്രാമിലേക്ക് തന്നെ നോക്കിയിരുന്നു. ഒരു മാസം മുമ്പ് വരെ ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്ന വ്യക്തിയെപ്പറ്റിയാണ് അണ്ണൻ പറയുന്നത്.
“കുര്യൻ നാട്ടിലെത്തി, രണ്ടുദിവസത്തിനകം കോയമ്പത്തൂര് ഒരു അഗ്രികൾച്ചർ ഫാമിൻറെ മാനേജരായി ജോലി കിട്ടി. അത്യാവിശ്യം നല്ല ശമ്പളം. ഫാമിലി ക്വാർട്ടേഴ്സ്. പിന്നെ ഒരു പാചകക്കാരന് ഉള്ള ശമ്പളവും കമ്പനി നൽകും. കുര്യൻ പാചകത്തിനായി അവൻറെ ഒരു അയൽക്കാരൻ പയ്യനെക്കൂടി കൊണ്ടുപോയിരുന്നു. യാത്രയ്ക്ക് ഒരു ബൈക്ക് വാങ്ങി.” അണ്ണൻ ഒന്നു നിർത്തി. അല്പം കഴിഞ്ഞു തുടർന്നു.
“അപകടം നടന്ന ദിവസം, വൈകിട്ട് ഫാമിൽ നിന്നും വന്ന കുര്യൻ പയ്യനെയും കൂട്ടി മാർക്കറ്റിൽ പോയി. സാധനങ്ങൾ വാങ്ങി. സാധനങ്ങളുമായി തിരിച്ചു വരുന്ന വഴി, പ്രധാന റോഡിലേക്ക് കയറവെ, അപ്രതീക്ഷിതമായി സൈഡ് എടുത്തുവന്ന പാണ്ടിലോറി ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നത് കുര്യന്‍ ആയിരുന്നു. ഇടിച്ച സ്പോട്ടിൽ വച്ച് തന്നെ കുര്യൻ…..” അണ്ണന്‍ ഒന്ന് നിര്‍ത്തി. പിന്നെപ്പറഞ്ഞു.
“പയ്യൻ ലോറി ഇടിച്ച സമയത്ത് തെറിച്ചു പോയി. മൂന്ന് ദിവസം അബോധാവസ്ഥയിലായിരുന്നു. കുര്യൻറെ ബോഡി കമ്പനി ആംബുലൻസിൽ കൊല്ലത്ത് എത്തിക്കുകയായിരുന്നു.”
ഞാൻ വെറുതെ കേട്ടിരുന്നു. ഒരു വല്ലാത്ത നിസംഗത. അല്പം കഴിഞ്ഞ് അണ്ണൻ പതിയെ പറഞ്ഞു.
“അവൻ ജോലിക്ക് കയറിയിട്ട് ഒരു മാസം തികഞ്ഞില്ല.”
ഞാൻ ടെലഗ്രാം മടങ്ങി പോക്കറ്റിൽ ഇട്ടു. പിന്നെ മുറിയിൽ പോയി സാധനങ്ങൾ എടുത്തുവച്ചു. കുളികഴിഞ്ഞ് അല്പസമയത്തിനകം പുറപ്പെട്ടു. നന്ദുവേട്ടന്‍ എത്തിയിരുന്നു. യാത്ര അയക്കാൻ. ഞാനൊന്നും മിണ്ടിയില്ല. ആരും ഒന്നും മിണ്ടിയില്ല. ഐ. ഐ. ടി. യിൽ നിന്നും ബസ് നീങ്ങുമ്പോൾ ഞങ്ങൾ പരസ്പരം യാന്ത്രികമായി കൈവീശി കാണിച്ചു. തികച്ചും മുകമായ അന്തരീക്ഷം. ആർദ്രമായ കണ്ണുകൾ മൂകമായി നോക്കി യാത്ര പറഞ്ഞു. മൗനമായ വിടവാങ്ങൽ. ബസ്സ്‌ ബഡാ ചൌരയിലേക്ക് കുതിക്കുമ്പോള്‍ ഞാന്‍ മൂകനായിരുന്നു. നെഞ്ച് വിങ്ങി വീര്‍ത്തപോലെ ഒരു കനം.
റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോള്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് റോഷ്നി അവിടെ ഉണ്ടായിരുന്നു. ചോദിച്ചപ്പോൾ കൂട്ടുകാരിയെ യാത്രയാക്കാൻ വന്നതാണെന്ന് പറഞ്ഞു. അത് കള്ളമാണെന്ന് എനിക്കറിയാമായിരുന്നു. ഞാൻ ഒന്നും പറഞ്ഞില്ല.
ട്രെയിൻ എത്തി. എൻറെ കയ്യിൽ നിന്നും ടിക്കറ്റ് വാങ്ങി എൻറെ സീറ്റ് കണ്ടുപിടിച്ച് റോഷ്നി എൻറെ പെട്ടി അവിടെ കൊണ്ടുവച്ചു. പെട്ടിക്ക് അല്പം ഭാരമുണ്ടായിരുന്നു, എന്നിട്ടും അവൾ തന്നെ അത് എടുത്തുകൊണ്ടുപോയി. എൻറെ കൂപ്പയിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അടുത്ത റിസർവേഷൻ ഝാൻസിയിൽ നിന്നാണ്. അവിടെ എത്തുമ്പോഴേക്കും ഏതാണ്ട് ബോഗി നിറയും. അതുവരെ ഒറ്റക്കിരിക്കാം. ഏകദേശം മൂന്നു മണിക്കൂർ.
ഞങ്ങൾ പുറത്തിറങ്ങി. ഒരു ചായ വാങ്ങി. റോഷ്നി ഒന്നും മിണ്ടുന്നില്ല.
“നീയെന്നു പോകും.” ഞാൻ ചോദിച്ചു.
“നാളെ” നിർവികാരമായ മറുപടി.
അവൾ എൻറെ മുഖത്തു നോക്കുന്നില്ല. നോട്ടം ചായക്കപ്പിൽ തന്നെ.
“കാശ്മീര്‍?” ഞാന്‍ പഴയ ചോദ്യം ആവര്‍ത്തിച്ചു.
അവള്‍ അതിനു മറുപടി പറഞ്ഞില്ല. അവള്‍ വിദൂരതയിലേക്ക് നോക്കി നിന്നു.
ട്രെയിന്‍ സിഗ്നല്‍ കൊടുത്തു. ഞാൻ ട്രെയിനില്‍ക്കയറി വാതുക്കൽ തന്നെ നിന്നു. ട്രെയിൻ ചലിച്ചു തുടങ്ങി. റോഷ്നി എന്നെതന്നെ നോക്കി നിൽക്കുകയാണ്. ഞാനും അവളെതന്നെ നോക്കുകയായിരുന്നു.
നെഞ്ചിലെ വിങ്ങൽ കൂടി വന്നു. ട്രെയിൻ കുതിക്കാൻ തുടങ്ങി. റോഷ്നി അകന്നു പോവുകയാണ്. അവൾ ഒരേ നിൽപ്പ്.
അവളുടെ രൂപം കണ്ണിൽ നിന്നും മറയുന്നത് വരെ ഞാന്‍ വാതുക്കല്‍ തന്നെ നിന്നു. ദൂരെ അവൾ അവ്യക്തമായിത്തുടങ്ങി. അപ്പോഴും അവൾ അവിടെ തന്നെ നിൽക്കുകയാണ്. ഒരു പ്രതിമ പോലെ. റോഷ്നി കണ്ണിൽ നിന്നും മറിഞ്ഞു.
ഞാനെൻറെ സീറ്റിലേക്ക് എത്തി. നെഞ്ചിൽ വലിയ വിങ്ങൽ, പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ടെലഗ്രാം എടുത്ത് പതുക്കെ ഞാന്‍ തുറന്നു. ഒരുപാട് പ്ലാനുകൾ ഉള്ള വ്യക്തിയായിരുന്നു കുര്യൻ. കൃത്യമായ ജീവിത പ്ലാനുകൾ. പഠനം ജോലി വിവാഹം അങ്ങനെ. ഒരിക്കൽ അവന്‍ പറഞ്ഞു.
“എൻറെ ജീവിതത്തിലെ എല്ലാ പ്രധാന സംഭവങ്ങളും ഞാൻ സമയാസമയത്ത് അണ്ണനെ അറിയിച്ചിരിക്കും.”
ജോലി കിട്ടിയപ്പോൾ, ജോലിയായി എന്ന് നന്ദുവേട്ടന്‍ മുഖാന്തരം കുര്യന്‍ അറിയിച്ചിരുന്നു. അടിയന്തരഘട്ടങ്ങളിൽ നാട്ടിൽ നിന്നും വിളിച്ചറിയിക്കാൻ നന്ദുവേട്ടന്റെ ലാൻഡ് ഫോൺ നമ്പരാണ് എല്ലാവർക്കും കൊടുത്തിരുന്നത്.പിന്നെ കുര്യനെപ്പറ്റി അറിയുന്നത് ഇപ്പോൾ ഇങ്ങനെ.
ഞാൻ ടെലഗ്രാമിന്റെ വാക്കുകളിലൂടെ കണ്ണോടിച്ചു. ജോലിക്കാര്യം നന്ദുവേട്ടനെ വിളിച്ച് അറിയിക്കുമ്പോൾ കുര്യൻ പറഞ്ഞു.
“അടുത്ത പ്രധാനപ്പെട്ട സംഭവം ഞാൻ താമസിയാതെ അറിയിക്കും.”
അത് ഊഹിക്കാവുന്നതാണ്. വിവാഹം. കുര്യൻറെ പ്ലാനിൽ, പഠനം ജോലി വിവാഹം എന്നതായിരുന്നു ക്രമം. എല്ലായിപ്പോഴും അവനത് ഉരുവിട്ടുകൊണ്ടേയിരുന്നു.
വക്ക് തേഞ്ഞുപോയ ടെലഗ്രാമിലെ വാക്കുകൾ എന്നെ നിശബ്ദനാക്കി. എൻറെ കണ്ണുകൾ നിറഞ്ഞു തുടങ്ങി. ഞാൻ പുറത്തേക്ക് നോക്കി. പുറത്ത് നിന്നും മൂടല്‍മഞ്ഞ് കയറിവരുന്നു.
ടെലഗ്രാമിൽ അവനെപ്പറ്റിയുള്ള പ്രധാന വിവരമാണ്. പക്ഷേ അത് അയച്ചിരിക്കുന്നത് അവനല്ല. അവന് ഇനിയും അതിന് കഴിയില്ലല്ലോ. നിയന്ത്രണം വിട്ട് എൻറെ കണ്ണുനീർ കവിളിലൂടെ ചാലിട്ട് ഒഴുകി. അത് തുള്ളിയായി ടെലഗ്രാമിനെ നനച്ചു തുടങ്ങി.
ഞാൻ ടെലഗ്രാമിലേക്ക് ഒന്നുകൂടി നോക്കി. പിന്നെ കണ്ണുകൾ അടച്ചു. ഒരിക്കൽക്കൂടി അവൻറെ നിറഞ്ഞു ചിരിക്കുന്ന മുഖം മനോമുകരത്തിൽ തെളിഞ്ഞു കാണാന്‍….
dr.sreekumarbhaskaran@gmail.com
നോവൽ സമാപ്തം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments