ശരൺ.
നൂലുപൊട്ടിയ പട്ടമാണെൻ ജീവിതം
ഒരേയൊരു മുഖമാണെൻ
മുന്നിലിന്നും തെളിഞ്ഞു നിൽപ്പൂ…
തന്തയാരെന്നറിയാതെ
തന്തയെന്ന പേര് ചൊല്ലി…
തെരുവുകൾ തോറും അലഞ്ഞനാളുകൾ കൂടപ്പിറപ്പു പോൽ
കൈയുള്ളത്തിലെ ഭിക്ഷാപാത്രം,
വിശപ്പകറ്റിയ ദാനപാത്രം…
വരാന്നു ചൊല്ലിയകന്നൊരു
താതൻ തിരികെ വന്നതില്ല,
ഏകയായി വിദൂരതയിലെൻ
മിഴിപാകി സഞ്ചരിക്കും പുത്രിഞാൻ…
തെളിനീരിലൊരുനാൾ മുഖം മിനുക്കവേ
തെളിഞ്ഞുവന്നൊരെൻ സൗന്ദര്യ ഭാവം
മുഖം കണ്ടെന്നുള്ളം പിടഞ്ഞുവെങ്കിലും
പിന്നെയാരൂപം മനം കവർന്നൂ …
കാമക്കണ്ണിൻ തുളഞ്ഞ-
നോട്ടങ്ങളെന്നിലാഴ്ന്നപ്പോഴാണ്
ഒന്നൊഴിഞ്ഞു മാറാൻ പ്രച്ഛന്നയായത്…
ചായം പൂശിയ മുഖവുമായി
സൗന്ദര്യം നിറഞ്ഞൊഴുകുംലോകത്ത്
സൗന്ദര്യം ശാപമായി-
അലഞ്ഞൊരു പുത്രി ഞാൻ …
രക്തമിറ്റുവീഴും ശരീരവുമേന്തി തെരുവോരത്തലയും പാപിനിയാം-
പുത്രി ഞാൻ,
താങ്ങായി തായ ഇല്ല താതനില്ല –
തെരുവിന്റെ മകളല്ലേ !
അറപ്പോടെ അകറ്റിനിർത്തപ്പെട്ട-
ജന്മങ്ങൾ ഞങ്ങൾ…