Saturday, May 18, 2024
HomePoemsനുണനേരുകൾ .. (കവിത)

നുണനേരുകൾ .. (കവിത)

നുണനേരുകൾ .. (കവിത)

 സുമോദ് പരുമല. (Street Light fb group)
നേരുകൾ നുണകളെന്ന്
പറഞ്ഞുകളഞ്ഞതെന്തേ ..?
നേരുകൾ ദൈവങ്ങളാണത്രെ .. !
ദൈവങ്ങൾ ,
മതങ്ങളുടെ കണ്ണുകൾ
മതങ്ങൾ ..
ആഘോഷിയ്ക്കപ്പെടുന്ന
പെരുംനുണകൾ ..
ക്രൂരതയാർന്ന ഫലിതങ്ങൾ .
നേരുകൾ നുണകളെന്ന്
പറയുന്നതെന്തേ …?
നേരുകൾ
നുണകളായിത്തീരാറുണ്ട് ,
ഉരുണ്ട ഭൂമിയെ ധ്യാനിച്ച്
പരന്ന ഭൂമിയിലൂടെ
കണ്ണുകളിഴയ്ക്കും പോലെ .
നുണകളുടെ ചാരംമൂടിയ
നേരുകളുടെ ചെങ്കനലുകളിലേയ്ക്ക്
കാലമെപ്പോഴും
കാറ്റുകളയയ്ക്കാറില്ല .
ചിലയിടങ്ങളിൽ
നേരുകളുടെ നാരായവേരുകൾ
പൊടിഞ്ഞമർന്ന മണ്ണിൽനിന്ന്
മുകുളങ്ങൾ
ഉയർന്നുവരാറുണ്ട് .
തളിർത്തു പടർന്ന ചില്ലകൾ
കാലത്തിനുമപ്പുറത്തേയ്ക്ക്
കഴുത്തുകൾ നീട്ടാറുണ്ട് .
ഇടനെഞ്ച് തുരന്ന്
ഹൃദയവേരുകൾക്കിടയിലേക്ക്
അതിവേദനയോടെ
തുളഞ്ഞിറങ്ങുമ്പോൾ
ചില നേരുകൾ ,
നുണകളായിത്തീരാൻ
ആശിച്ചു പോവാറുണ്ട് …
ഏവരും .
ആവർത്തിയ്ക്കപ്പെടുന്ന
നുണകൾ
നേരുകളായിത്തീരുന്നയിടങ്ങളിൽ
ആവർത്തിയ്ക്കപ്പെടുന്ന
നേരുകൾ ..
വിങ്ങിപ്പൊട്ടാറുണ്ട് .
തമ്മിൽച്ചുറ്റിപ്പുളഞ്ഞുമറിയുന്ന
കരിനാഗങ്ങൾ പോലെ
നുണനേരുകൾ ..
നേരുകളാവാനിടയില്ലാത്ത
നുണകൾ
ആത്മഹത്യചെയ്യാറുണ്ട്
സാധ്യാസാധ്യങ്ങളുടെ
വലക്കണ്ണികളിലേക്ക്
സ്വയമൂർന്ന് വീണ് …
നേരുകൾ നുണകളെന്ന്
പറഞ്ഞുകളഞ്ഞതെന്തേ ..?
RELATED ARTICLES

Most Popular

Recent Comments