Saturday, May 4, 2024
HomeLiteratureഉൽപ്രേക്ഷ. (കഥ)

ഉൽപ്രേക്ഷ. (കഥ)

ഉൽപ്രേക്ഷ. (കഥ)

അരുൺകുമാർ. (Street Light fb group)
നൈറ്റ് ഷിഫ്റ്റ്കഴിഞ്ഞ് വരുന്ന ദിവസങ്ങളിൽ രാവിലത്തെ കട്ടൻ ചായ പിളളച്ചേട്ടൻറെ ചായക്കടയിൽ നിന്നാണ് പതിവ്. മറ്റൊരു ഊർജ്ജദായനികൾക്കും നൽകാൻ കഴിയാത്ത അനിർവ്വചനീയമായൊരു ഉന്മേഷം അവിടുത്തെ കട്ടൻ ചായയ്ക്കുണ്ട്. ഒരു പക്ഷേ തലമുറകളായ് കൈമാറി വന്ന ചായ സഞ്ചിയുടേതാവാം അത്. വൃത്തിയുടെ കാര്യത്തിൽ അത്ര വൃത്തിയൊന്നുമില്ലെങ്കിലും അവിടുന്ന് ഭക്ഷണം കഴിച്ചവർക്കാർക്കും ഇതുവരെ വിഷബാധയൊന്നും ഏറ്റിട്ടില്ല.
കട്ടൻ ചായയുടെ മാഹാത്മ്യം മാത്രമല്ല എന്നെ ആ കടയിലേയ്ക്ക് ആകർഷിയ്ക്കുന്നത്, രാവിലെ പത്ര ഏജൻറുമാർ അവിടിരുന്നാണ് ഓരോ സ്ഥലങ്ങളിലേയ്ക്കുമുളള പത്രങ്ങൾ അടുക്കിക്കെട്ടി ഓരോരുത്തരെയായി ഏൽപ്പിക്കുന്നത്. ചെറുപ്പത്തിലെ തുടങ്ങിയ കൂട്ടാണ് പത്രങ്ങളുമായ്. ഇംഗ്ലീഷിൽ ഒരു വാക്ക് പോലും വായിക്കാൻ അറിയാൻ പാടില്ലായിരുന്ന കാലത്ത് കൈനിറയെ ഇംഗ്ലീഷ് പത്രങ്ങളുമായ് കിലോമീറ്ററുകളോളം നടന്നിട്ടുണ്ട്. അന്നൊക്കെ കുട്ടികൾക്കുളള വിശ്വഭാഷാ പഠന സഹായിയായി ഇംഗ്ലീഷ് പത്രങ്ങൾ സ്ഥിരമായ് വരുത്തിയിരുന്നവരുണ്ടായിരുന്നു.
വണ്ടിയിൽ വന്നിറങ്ങുന്ന പത്രക്കെട്ടിൻറെ കെട്ടു പൊട്ടിയ്ക്കുമ്പോൾ ഒരു പ്രത്യേകമണമുണ്ട്. മനസ് കുളിരണിയുന്ന അക്ഷരങ്ങളുടെ സുഗന്ധം…. ആ മണമാണ് ഇന്നും ആ കടത്തിണ്ണയിലേയ്ക്ക് എന്നെ എത്തിയ്ക്കുന്നത്.
കൈയിലിരിക്കുന്ന ആവിപറക്കുന്ന കട്ടൻ ചായയുടെ ഗ്ലാസ്സ് നെഞ്ചത്ത് ഇടത്തോട്ടും വലത്തോട്ടും ഉരുട്ടിയുരുട്ടി, കടത്തിണ്ണയിൽ കുന്തങ്കാലിലിരുന്ന് ദഹനക്കേട് പിടിച്ച വാർത്തകൾ ഒന്നൊന്നായി എണ്ണിപ്പെറുക്കി വായിക്കുന്ന സമയത്താണ്.. കപ്യാര് ക്ലീറ്റസ് ചേട്ടൻ ഓടിക്കിതച്ച് അങ്ങോട്ട് കേറി വന്നത്…
നിങ്ങളറിഞ്ഞാർന്നോ.. ഇന്നും ആരോ ചത്തു കിടപ്പുണ്ട് ഈരകപ്പാറയുടെ മുകളിൽ… രാവിലെ റബ്ബറ് വെട്ടാൻ പോയ സുഗുണനാണ് കണ്ടത്…. കണ്ടപാടെ അവൻ ബോധംകെട്ടു വീണൂന്നാ കേട്ടത്.
ആരാ… ആരാ മരിച്ചതെന്നറിയാമോ..?
ശങ്കരേട്ടനാണത് ചോദിച്ചത്.
ആരാണെന്ന് എനിയ്ക്കും അറിയത്തില്ല… പളളീല് മണിയടിയ്ക്കാനുളള സമയായതുകൊണ്ട് ഞാൻ പോയില്ല അങ്ങോട്ട്…. അല്ലാണ്ട് പേടിയുണ്ടായിട്ടൊന്നുമല്ല, രാവിലെ ദൈവകാര്യത്തിന് പോകുവല്ലേ അതിൻറെയിടയിൽ മരിപ്പു കാണണ്ടാന്നു വച്ചു.
പിടലി ഇടത്തേയ്ക്ക് അല്പമൊന്നു തിരിച്ച് പുരികക്കൊടി കലപ്പ പോലാക്കി ഏങ്കോണിച്ചൊരു നോട്ടം നോക്കി ക്ലീറ്റസ് ചേട്ടൻ പറഞ്ഞു നിർത്തി.
ക്ലീറ്റസ് ചേട്ടൻ പറഞ്ഞത് കേട്ടപ്പോൾ ഗ്ലാസ്സിൽ അവശേഷിച്ച ചായ ഒറ്റ വലിയ്ക്ക് തീർത്തിട്ട് ഞാൻ അവിടിരുന്നവരോട് ചോദിച്ചു….
ശങ്കരേട്ടാ,.. സുനിലേ … മത്തായിച്ചാ നമുക്കൊന്ന്പോയി നോക്കിയാലോ….? ന്താ സംഭവോന്ന് അറിയാല്ലോ..
വേണോ മോനേ… സ്ഥലം ഈരകപ്പാറയാണ്… പിളളച്ചേട്ടൻറെ താക്കീത്..
ഈരകപ്പാറ.. ഇരുനാഗപ്പാറ എന്നാണ് ശരിയ്ക്കും ആ പാറയുടെ പേര് അത് ലോപിച്ച് ഈരകപ്പാറയായതാണ്. ഫണമെടുത്തു നിൽക്കുന്ന കരിനാഗങ്ങൾ മുഖാമുഖം നിൽക്കുന്നതു പോലെ ഒരേ വലിപ്പത്തിൽ ഒരേ ആകൃതിയിലുളള രണ്ട് വലിയ പാറകളുണ്ടവിടെ… അങ്ങനെയാണ് ആ പേര് വീണത് .
വളരെ പണ്ട് പുലയ -പറയ സമുദായങ്ങളിൽപ്പെട്ടവരുടെ ആചാര കർമ്മങ്ങൾ ഒക്കെ നടന്നിരുന്ന നാഗത്തറയാണത്.. വസൂരി വന്ന് പണ്ടാരങ്ങളായവർക്കു വേണ്ടിയൊക്കെ വിശേഷാൽപൂജകൾ നടന്നിരുന്നു. മനുഷ്യനെ പച്ചയ്ക്ക് കുഴിച്ചുമൂടുന്ന കർമ്മങ്ങളൊക്കെയുണ്ടായിരുന്നെന്ന് മുത്തശ്ശിപറഞ്ഞ് കേട്ടിട്ടുണ്ട്. വസൂരി വന്ന് കാഴ്ച നഷ്ടപ്പെട്ട ഇടത്തേ കണ്ണ് മറയത്തക്ക വിധത്തിൽ നരച്ചചുരുളൻ മുടി നീട്ടിവളർത്തിയ… നാഗഫണം ആലേഖനം ചെയ്ത ചെമ്പ് വളയും പിത്തള കെട്ടിയ കാഞ്ഞിരത്തിൻറെ വടിയും ഒക്കെയുളള ഒരു മൂപ്പനെ ഞാനും കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത്.. ഈ രകപ്പാറയിലെ അവസാനത്തെ കർമ്മിയായിരുന്നു അത്..
ഇന്നും അതിൻറെ അവശേഷിപ്പ് എന്നവണ്ണം ഒരു സർപ്പത്തറയുണ്ടവിടെ.ഉഗ്രവിഷമുളള ഉരഗവർഗ്ഗങ്ങളും.
ഇറക്കുമതി ചെയ്യപ്പെട്ട കൂടുതൽ ഗ്ലാമറുളള ദൈവങ്ങളേ വിശ്വസിക്കാൻ കിട്ടിയതുകൊണ്ടാവും പതിയെ പതിയെ ആവിശ്വാസങ്ങൾ പിന്മുറക്കാരിൽ നിന്നും അകന്നത്. എന്തായാലും പഴയ വിശ്വാസങ്ങളേയും ആചാരങ്ങളേയും കാത്തു രക്ഷിച്ചു പോരുന്ന ചുരുക്കം ചിലരിപ്പോഴുമുണ്ടവിടെ..
അതുകൊണ്ടാണ് നാട്ടിലെ പച്ചപ്പ് ഇത്രകണ്ട് ഇല്ലാതായിട്ടും ഇരുനാഗപ്പാറയിലെ രണ്ടര ഏക്കറോളം വരുന്ന നിബിഢമായ വനപ്രദേശം ഇന്നും നിലനിൽക്കുന്നത്. നട്ടുച്ചയ്ക്ക് പോലും സൂര്യരശ്മികൾ നിലത്ത് പതിയ്ക്കില്ല. അതയും ഇടതൂർന്ന വൃക്ഷങ്ങളാണ്. കാട്ടുവളളികളും പടർന്നു കിടക്കുന്ന കാട്ടുപയറിൻറെ ഭീകരതയും, ആൾപ്പൊക്കത്തിൽ വളർന്നു നിൽക്കുന്ന കാട്ടുപെരിങ്ങലക്കൂട്ടങ്ങളും … ആ സർപ്പത്തറയെ ഇന്നും പുറം ലോകത്തിന് അന്യമാക്കുന്നു.
കഷ്ടിച്ച് ഒരു ഓട്ടോറിക്ഷയ്ക്ക് കയറിപ്പോകാവുന്ന വഴിയുണ്ട് പകുതി വരെ… രണ്ട് ദിവസമായി ചെയ്യുന്ന മഴ കൊണ്ട് മല വെളളം ഒഴുകി വലിയ കുഴികളാണ് വഴിനിറയെ, വെളളാരൻ കല്ലുകൾ അസ്ത്രം പോലെ എഴുന്ന് നിൽക്കുന്നു… അറിഞ്ഞും കേട്ടും ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. പോലീസിലൊക്കെ അറിയിച്ചൂന്ന് ആരോ പറയുന്നത് കേട്ടു. കുഴഞ്ഞ് വീണ സുഗുണൻ താലൂക്കാശുപത്രിയിലാണത്രെ… കാട്ടുപയറിൻറെ വളളികൾ വകഞ്ഞു മാറ്റി മാറ്റി ഞങ്ങൾ നാഗത്തറയിലേയ്ക്കടുത്തു. ഞങ്ങൾക്ക് മുന്നിലും പിന്നിലും ആളുകൾ നടക്കുന്നുണ്ട്…..
ഒടുവിൽ ഞങ്ങൾ ആ കാഴ്ച കണ്ടു..
നാഗത്തറയ്ക്ക് തെക്കുവശത്തായ് ചുവട്ടിലെ മണ്ണു മുഴുവൻ ഒഴുകിപ്പോയി നീരാളി പോലെ മണ്ണിന് മുകളിൽ എഴുന്നു നിൽക്കുന്ന ഒരു കാഞ്ഞിരക്കുറ്റിയുടെ വേരിന്നിടയിലായ് ഒരു പ്ലാസ്റ്റിക് സഞ്ചി…. അതിൽ ഒന്നോ രണ്ടോ ദിവസം മാത്രം പ്രായമുളള ഒരു കുഞ്ഞിൻറെ ജഡം, ശരീരമാസകലം ചോരയാണ്… ഒറ്റനോട്ടത്തിൽ നായയോ നരിയോ കടിച്ചുകീറിയതാണെന്ന് മനസ്സിലാവും. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാൻ കഴിയാത്ത വിധം അരയ്ക്ക് താഴേയ്ക്ക് കടിച്ച് കീറിയിരിക്കുന്നു. ഇടതു കാൽപാദം പകുതിയിലധികം ശരീരത്തിൽ നിന്ന് അറ്റ് മാറിയിരിക്കുന്നു.
ചേതനയറ്റ ആ കുഞ്ഞു മുഖത്തേയ്ക്ക് രണ്ടാമതൊന്നു നോക്കാൻ എനിയ്ക്ക് ത്രാണിയില്ലായിരുന്നു. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.നാക്കിന്നടിയിലെ വെളളം വറ്റി…. ഞാൻ പിന്നോട്ടു മാറി ഒരു മരത്തിൽ ചാരി നിന്നു. ആളുകൾ കൂട്ടം കൂടി നിന്ന് എന്തൊക്കെയോ കഥകൾ പറയുന്നുണ്ട്.
ഇന്നലെ സന്ധ്യ കഴിഞ്ഞ് ചുരിദാറിട്ട ഒരു സ്ത്രീ ഈ വഴിയെ താഴോട്ടിറങ്ങിപ്പോകുന്നത് കളത്തിലെ കുമാരൻ കണ്ടതാണത്രെ. വിളിച്ചിട്ട് നിന്നില്ല… അല്പം കഴിഞ്ഞ് ഒരു ഓട്ടോ സ്റ്റാർട്ടാക്കിപ്പോകുന്ന ശബ്ദവും കേട്ടൂന്ന്..
മലർന്ന് കിടന്നു കൊടുക്കുമ്പോ അറിയില്ലാരുന്നോ ഇവൾക്കൊന്നും വയറ്റിലുണ്ടാവൂന്ന്… പ്രസവിച്ചിട്ടാ ഒരുത്തിയും അമ്മയാവില്ല, ഒരു കുഞ്ഞ് അമ്മേയെന്നു വിളിയ്ക്കണമെങ്കിൽ അതിന് ഇച്ചിരി കഷ്ടപ്പാടുണ്ട് … ഇവളെയൊക്കെ പെറ്റതും ഒരമ്മ തന്നെയല്ലേ ദൈവമേ….. കമലാക്ഷിയമ്മയുടെ ആ വാക്കുകളാണ് എന്നെ ആ മരവിപ്പിൽ നിന്ന് മുക്തനാക്കിയത്.
വീട്ടിലേയ്ക്ക് തിരിച്ചു നടക്കുന്ന വഴിയിൽ ഞാനറിയാതെ എൻറെ കാലിൻറെ വേഗത വർദ്ധിയ്ക്കുന്നുണ്ടായിരുന്നു…. കമലാക്ഷിയമ്മ പറഞ്ഞ വാക്കുകൾ എൻറെ തലച്ചോറിൽ പ്രകമ്പനം കൊളളുന്നുണ്ടായിരുന്നു….
എൻറെ വരവുംകാത്ത്… പാതി തളർത്തിയ പക്ഷാഘാതത്തെ സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ച് മാറ്റിനിർത്തി ആകാവുന്ന ഒറ്റകൈ കൊണ്ട് ഒരു കട്ടൻകാപ്പിയെങ്കിലുംതിളപ്പിച്ച് കാത്തിരിയ്ക്കുന്ന എൻറെ അമ്മ..
ഞാനില്ലാത്തപ്പോൾ അമ്മയ്ക്ക് വർത്താനം പറയാൻ കൂട്ട് മീനൂട്ടിയാണ്, അമ്മപറയുന്നത് മനസ്സിലായില്ലെങ്കിൽ അവൾ തലയൽപ്പം വെട്ടിച്ച് വലതു ചെവി കൂർപ്പിച്ച് വട്ടം പിടിച്ചു കാണിയ്ക്കും. അപ്പോ അമ്മ വീണ്ടും പറയും. ദേഷ്യം വന്നാൽ മീശ വിറപ്പിച്ച് കാണിയ്ക്കും…. ഇടയ്ക്ക് പല്ലിളിയ്ക്കുന്നതും മുട്ടിയുരുമ്മുന്നതും ഒക്കെ കാണാം. എന്തായാലും അവര് തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്.
വിസ്മയകരായ ആ കാഴ്ച കണ്ട് അക്കളപ്പടിയിൽ ചാരിനിൽക്കുമ്പോഴാണ് അമ്മ എന്നെ കാണുന്നത്.
ആഹാ… നീ വന്നിട്ടെന്താ വിളിയ്ക്കാഞ്ഞേ…
ഒന്നൂല്ലമ്മേ.. ഞാൻ വെറുതെ നോക്കി നിക്കുവാരുന്നു.
ആരെ… എന്നെയൊ..നീയെന്താ ആദ്യായിട്ടാ എന്നെ കാണുന്നത്.
ന്താന്നറിയില്ല… ൻറെ അമ്മയെ കാണാൻ ഇന്ന് നല്ല ഭംഗിയുണ്ട്.
സമർപ്പണം: എല്ലാ അമ്മമാർക്കും
RELATED ARTICLES

Most Popular

Recent Comments