Saturday, May 4, 2024
HomeSTORIESപേരറിയാത്തൊരു നൊമ്പരം. (കഥ)

പേരറിയാത്തൊരു നൊമ്പരം. (കഥ)

നീലാംബരി. (Street Light fb group)
” ഓഹ് എന്റെ പപ്പാ, അപ്പോഴേ പറഞ്ഞതാ എനിക്ക് ട്രെയിൻ മിസ്സാകും പിന്നെ വിളിക്കാം എന്ന്, പപ്പ അത് കേട്ടോ?”
“മുത്തേ “
“ഞാൻ ഇന്നും ഓഫീസിൽ എത്താൻ വൈകും”,”ഈ പപ്പയുടെ ഒരു കാര്യം”
“ഇതിന്റെ പേരിൽ പപ്പയുടെ അടുത്ത് പിണങ്ങല്ലേ മുത്തേ”
“ആഹ് പിണക്കമൊന്നും ഇല്ല, കാര്യം പറഞ്ഞതാ “
“എന്നാൽ ശരി മോള് പൊക്കോ”
“ഇത് കൊള്ളാം എന്റെ ട്രെയിൻ മിസ്സായി ഇപ്പോൾ പപ്പ കോൾ കട്ട് ചെയ്യുന്നോ? അടുത്ത ട്രെയിൻ വരുന്നത് വരെ പപ്പ എന്നോട് സംസാരിക്ക്,എന്നെ ആകെ കുഴപ്പിച്ചില്ലെ?ഇനിയിപ്പോൾ അന്ധേരിയിൽ ചെന്നിട്ട് റിട്ടേൺ വരണം ഇനി സ്ലോ ട്രെയിൻ ഇല്ല, എല്ലാ ട്രെയിനും ഗൊരേഗാവിൽ നിർത്തില്ല പപ്പാ….”
“എന്റെ പൊന്ന് മുത്തേ സോറി”
“ഒഹ് പപ്പയുടെ ഒരു സോറി, എനിക്കൊന്നും വേണ്ട കൊണ്ടുപോയി ഉപ്പിലിട്ടു വെച്ചോ … സായിപ്പിന്റെ ഒരു സോറി…. ഹും….”
” ഹ … ഹ.. ഹ… “
അങ്ങനെ ഞാനും പപ്പയും പലതും സംസാരിച്ചുകൊണ്ടേ യിരുന്നു. എന്നിക്ക് പപ്പയോട് എന്തും പറയാം. എന്റെ ബെസ്റ്റ് ഫ്രണ്ട് ആരെന്നു ചോദിച്ചാൽ ഞാൻ പപ്പയുടെ പേരാണ് ആദ്യം പറയുക. അതെ പപ്പയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.
” മുത്തേ പപ്പക്കേ ഒരു കോൾ വരുന്നു”
“ഓക്കെ പപ്പ നാളെ വിളിക്കാം എന്റെ ട്രെയിൻ ഇപ്പോൾ വരും”
“ഓക്കെ മോളെ ഗുഡ് നൈറ്റ്”
“ഗുഡ് നൈറ്റ് പപ്പാ “
ഞാൻ കോൾ കട്ട് ചെയ്തു കസേരയിൽ ചെന്നിരുന്നു. നല്ലൊസ്സൊപ്പാറയിൽ നിന്നും ട്രെയിൻ കയറുക എന്നത് വല്ലാത്ത പണിയാ. മുബൈ നഗരത്തിൽ നിന്നും മാറി മഹാരാഷ്ട്ര ഗുജറാത്ത് ബോർഡ്റിൽ സ്ഥിതി ചെയ്യുന്ന ഒരു വില്ലേജ് ഏരിയാ, പട്ടണത്തിൽ നിന്നും മാറി ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലം. വെസ്റ്റേൺലോക്കൽ ട്രെയിനിൽ ഇത്രയേറെ ജനങ്ങൾ കയറുന്ന ഒരു സ്റ്റേഷൻ വേറെയില്ല. രാവിലെയൊക്കെ വളരെ പ്രയാസമാണ് ഇവിടുന്ന് ട്രെയിനിൽ ഒന്നു കയറാൻ .രാത്രികാലങ്ങളിൽ അധികം പ്രയാസമില്ല. നൈറ്റ് ഡ്യൂട്ടി ആയത് കൊണ്ട് ആശ്വാസമാണ്. ഗോരേഗാവിലെ നെസ്കൊ ഐ.ടി പാർക്കിൽ സെർക്കോ എന്ന കോൾ സെന്ററിൽ ജോലിക്ക് കയറിയിട്ട് ഇന്നേക്ക് മൂന്നാമത്തെ ദിവസം.നാൽപത്തഞ്ച് മിനിട്ട് ട്രെയിൽ യാത്ര അതും എല്ലാ ട്രെയിനുകളും നിർത്താത്ത സ്ലോ ട്രെയിൻ മാത്രം നിർത്തുന്ന സ്റ്റേഷൻ. അവിടെ എത്തിയാൽ കമ്പനി വാഹനം ഉണ്ടാകും. അതിൽ ഒരു പത്ത് മിനിട്ട് ഓഫീസിൽ എത്താൻ. മുബൈയിൽ എത്തിയ ആദ്യ ദിനങ്ങൾ വളരെയധികം കഷ്ട്ടപ്പെട്ടു. ഹിന്ദി കേട്ടാൽ അറിയാം എന്നാൽ മറാട്ടി ഒന്നും അറിയില്ല. ഹിന്ദി തിരിച്ചു പറയാൻ കുറച്ച് പാട് പെടും. അത്യാവശ്യം ചോദിക്കാനും മറുപടി പറയാനും ഉള്ള കുറച്ച് വാക്കുകളും പിന്നെ കുറച്ച് സംഖ്യകളും ഫോണിൽ ടൈപ്പ് ചെയ്തു വെച്ചിരുന്നു. പിന്നെ ഒരു ധൈര്യത്തിൽ അങ്ങ് പുറത്തേക്കിറങ്ങി. കൂടുതൽ ഇടപഴകുമ്പോൾ നമുക്ക് ഏത് ഭാഷയും സ്വായക്തമാക്കാം എന്ന ആത്മവിശ്വാസം ഹൃദയത്തിൽ മുറുകെ പിടിച്ചുകൊണ്ട്.
കുറച്ച് അകലെ നിന്നിരുന്ന ഒരു സ്ത്രീ പെട്ടന്ന് എന്റെ അടുത്ത് വന്നിരുന്നു. ഞാൻ ആ സ്ത്രീയെ ഒന്നു നോക്കി. അപ്പേൾ അവർ എന്നെ നോക്കി പുഞ്ചിരിച്ചു. പുഞ്ചിരിക്കാൻ ഭാഷയുടെ ആവശ്യം ഇല്ലല്ലോ? അത് കൊണ്ട് ഞാനും തിരിച്ചൊരു പുഞ്ചിരി നൽകി. പരസ്പരം പുഞ്ചിരിക്കുന്നതിൽ ആർക്കും ഒന്നും നഷ്ട്ടപ്പെടാൻ ഇല്ല.ചിലപ്പോൾ നമ്മുടെ ഒരു പുഞ്ചിരി കൊണ്ട് പലരുടെ മനസ്സിനും ഒരു കുളിർമ്മ ഏകാൻ കഴിഞ്ഞേക്കാം. ഒരു കൂരക്കുകീഴിൽ താമസിക്കുന്നവർ പോലും പരസ്പരം പുഞ്ചിരിക്കാത്ത കാലം. മനസ്സിൽ എന്ത് വിഷമം ഉണ്ടെങ്കിലും ഞാൻ അവയെല്ലാം ഒരു ചെറുപുഞ്ചിരി കൊണ്ട് നേരിടാറുണ്ട്.
“ആപ് മല്ലുവാലാ ഹെ?”
ഞാൻ പെട്ടെന്ന് ഒന്ന് ഞെട്ടി, കാരണം വേറൊന്നും അല്ല കേട്ടത് പുരുഷ ശബ്ദം. ഞാൻ പതിഞ്ഞ സ്വരത്തിൽ “അതെ” എന്ന് പറഞ്ഞു. അപ്പോഴാണ് ഓർത്തത് ഹിന്ദിക്കാരിയോടാണോ ഞാൻ അതെ എന്ന് പറഞ്ഞത്.
“ഹാ…. ജി”.അപ്പോഴും എന്റെ സംശയം മാറിയില്ല ഇത് സ്ത്രീയോ? അതോ പുരുഷനോ?, പിന്നെ എന്നെ വീണ്ടും ഞെട്ടിച്ച് കൊണ്ട് അടുത്ത ചോദ്യം,
“ഹിന്ദി ശരിക്കും അറിയില്ല അല്ലെ?”
ഞെട്ടൽ എന്ന വെച്ചാൽ ഇതാണ് ഞെട്ടൽ, എന്റെ കൈകളിൽ ഞാൻ ഒന്നു പിച്ചി,ഇത് സത്യമാണോ? അതോ ഞാൻ സ്വപനം കാണുന്നതാണോ? അപ്പോൾ അവർ വീണ്ടും സംസാരിച്ചു തുടങ്ങി
“എവിടാ താമസം”
”ഈസ്റ്റിൽ “
” ഏത് അപ്പാർട്ട്‌മെന്റിൽ”
” കാശി”
” വീട്ടുകാരുടെ ഒപ്പം ആണോ?”
“അല്ല, സുഹൃത്തുക്കളുടെ കൂടെ”
” ഇയാളെ ഞാൻ രണ്ട് ദിവസമായി ശ്രെദ്ധിക്കുന്നു, മലയാളം സംസാരിക്കുന്നത് കേട്ടു അത് കൊണ്ടാണ് ശ്രെദ്ധിച്ചത്. കുട്ടി മലയാളം സംസാരിക്കുന്നത് കേട്ടപ്പോൾ മനസ്സിൽ ഒരു ആശ്വാസമാണ് തോന്നിയത്.”
“നിങ്ങളുടെ പേരെന്താ?”
“ഹ …ഹ …”
പെട്ടന്നൊരു ചിരി, ഞാൻ ആകെ അമ്പരന്നു. എനിക്ക് അപ്പോഴേക്കും മനസ്സിലായിരുന്നു അവർ ഹിജടയാണെന്നു. മുബൈ നഗരത്തിൽ വന്നിറങ്ങിയപ്പോൾ തന്നെ ഞാൻ കണ്ടിരുന്നു ഈ ഗണത്തിൽപെട്ടവരെ. ട്രെയിനിലും മറ്റും കയറിവന്ന് കൈ കൊട്ടി നമ്മുടെ തലയിൽ കൈവെച്ച് നമ്മളോട് പൈസ വാങ്ങിക്കും. എല്ലാവരും പൈസ കൊടുക്കാറുണ്ട്. കൊടുക്കാത്തവരെ നോക്കി അവർ എന്തൊക്കെയോ പുലമ്പും .വഴക്കു പറയുന്നതാണെന്നും ശപിക്കുന്നതാണെന്നും പറഞ്ഞ് കേട്ടിട്ടുണ്ട് ഞാൻ. ശിവപാർവ്വതിമാരുടെ അർദ്ധനാരീശ്വര രൂപം ആണ് ഹിജഡകൾ എന്നൊരു സങ്കൽപം എന്ന്കൂടി ഞാൻ കേട്ടിട്ടുണ്ട്. ഇതിൽ സത്യമുണ്ടോ എന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും ആദ്യമായിട്ടാണ് ഇങ്ങനൊരു വ്യക്തിയെ അടുത്ത് സംസാരിക്കാൻ കിട്ടുന്നത്. ഒരു മലയാളിയെ സംസാരിക്കാൻ കിട്ടിയതിന്റെ സന്തോഷം ഞാൻ ആ വ്യക്തിയുടെ മുഖത്ത് കണ്ടു.
” ഇയാൾ എന്താ ചെയ്യുന്നെ?”
“ഞാൻ….. ഞാൻ പഠിക്കുന്നു, കൂടെ ജോലിയും “
“നാട്ടിൽ എവിടാ വീട്” ?
“കാസർഗോഡ് “
അപ്പോൾ അവരുടെ മുഖത്തെ സന്തോഷം വല്ലാതങ്ങ് കൂടിയതായി എനിക്ക് തോന്നി. ഏയ് അത് വെറും തോന്നലല്ല സത്യമാണ്.
” അപ്പോൾ നമ്മൾ ഒരേ നാട്ടുകാരാണ് അല്ലെ…. ഞാൻ മഞ്ചേശ്വരത്താണ് ജനിച്ചതും പതിനഞ്ച് വയസ്സ് വരെ വളർന്നതും”
“പിന്നെ എങ്ങനെ ഇവിടെ എത്തി ?”
ആ ചോദ്യം അവരുടെ മനസിനെ നോവിച്ചതായ് എനിക്ക് തോന്നി. അപ്പോഴേക്കും എന്റെ ട്രെയിൽ വന്നു. ഞാൻ “കാണാം” എന്നു പറഞ്ഞ് പിരിഞ്ഞു. ട്രെയിൻ കയറി യാത്ര തുടങ്ങിയപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞ് നിന്നത് അവരായിരുന്നു. പേരറിയില്ല ചോദിച്ചപ്പോൾ ഒന്നും പറഞ്ഞതുമില്ല. അവരെക്കുറിച്ച് ഓർത്തപ്പോൾ എന്റെ ചിന്തകളെ ഏതോ ഒരു തലത്തിൽ എത്തിച്ചു. ഓഫീസിൽ ചെന്നിട്ടും അവരായിരുന്നു മനസ്സിൽ. ഇനി എന്നെങ്കിലും കാണുമോ?ആവോ അറിയില്ല. കണ്ടാലും കണ്ടില്ലേലും എനിക്ക് എന്താ അല്ലേ. ഒരു ദിവസം ആയിരക്കണക്കിന് മുഖങ്ങൾ എന്റെ കൺമുന്നിൽ കൂടി മിന്നി മാഞ്ഞു പോകുന്നുണ്ട് .എല്ലാവരേയും കുറിച്ച് ഓർക്കാറില്ലല്ലോ? പിന്നെ ഞാൻ അവരെ കുറിച്ച് ഇത്രയേറെ ചിന്തിക്കാൻ കാരണമെന്താ? ഡ്യൂട്ടി കഴിഞ്ഞ് വന്ന് ഉറങ്ങാൻ കിടന്നപ്പോഴും അവരുടെ മുഖമായിരുന്നു മനസ്സിൽ, അവരുടെ സ്വരമായിരുന്നു കാതിൽ മുഴങ്ങിക്കൊണ്ടേയിരുന്നത് . പിന്നീടെപ്പോഴോ ഉറക്കം എന്റെ കണ്ണുകളിൽ കൂടുകെട്ടി ഞാൻ ഉറങ്ങി.
വൈകന്നേരം പതിവ് പോലെ ഓഫീസ് യാത്രക്കുള്ള തയ്യാറെടുപ്പ്. അപ്പോഴാണ് പപ്പയുടെ കോൾ വന്നത്. പപ്പയോട് ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു. പപ്പ കുറേ വഴക്ക് പറഞ്ഞു അറിയാത്ത പലരോടും ഞാൻ ഉണ്ടാക്കിയെടുക്കുന്ന സൗഹൃദം പപ്പക്കു ഇഷ്ട്ടമല്ല. എല്ലാവരേയും പെട്ടന്നൊന്നും എനിക്ക് ഇഷ്ട്ടമാവില്ല, ഇഷ്ട്ടമായവരെ പെട്ടന്നൊന്നും വിട്ടു കളയുകയുമില്ല. അവരെ ഹൃദയത്തോട് ചേർത്ത് വെക്കും. അത് എന്റെ വീക്ക് പോയിന്റാണെന്നു പപ്പ എപ്പോഴും പറയാറുണ്ട്. അന്ന് ഞാൻ പപ്പയോട് വഴക്കുണ്ടാക്കിയാണ് ഫോൺ വെച്ചത്. ഞാൻ പെട്ടന്ന് തന്നെ റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ ഞാൻ അവരെ പ്രതീക്ഷിച്ചു. എന്നാൽ എനിക്ക് അവരെ അവിടെ കാണാൻ പറ്റിയില്ല. ട്രെയിൻ പലതും കടന്നു പോയി. എന്നാൽ അവർ വന്നതേയില്ല. ഇനിയും വൈകിയാൽ ഓഫീസിൽ പോകാൻ കഴിയില്ല അങ്ങനെ പോകാതിരുന്നാൽ എന്റെ ജോലി പോകും. ആരെയും ബുദ്ധിമുട്ടിക്കാതെ സ്വയം സമ്പാദിച്ച് പഠിക്കണം അതാണെന്റെ ആഗ്രഹം. അതിന് വേണ്ടി തന്നെയാണ് മുംബൈലേക്ക് യാത്രയായതും.അടുത്ത ട്രെയിൻ വന്നപ്പോൾ ഞാൻ അതിൽ കയറി ജോലിക്ക് പോയി. ദിവസങ്ങൾ അങ്ങനെ പലതും കടന്നു പോയി. ഞാൻ പതിയെ അവരുടെ ചിന്തകളെ മനസ്സിന്റെ ഒരു കോണിലേക്ക് മാറ്റി നിർത്തി.
ഒരു ദിവസം പതിവ് പോലെ പപ്പയോട് ഫോണിൽ സംസാരിച്ച് കൊണ്ട് റോഡിലൂടെ നടന്ന് പോകുമ്പോൾ പുറകിൽ നിന്നും ഒരു സ്വരം,
“കുട്ടീ….”
ഞാൻ തിരിഞ്ഞു നോക്കി, അപ്രതീക്ഷിതമായി ഞാൻ അവരെ വീണ്ടും കണ്ടുമുട്ടി. അവർ ഓടി എന്റെ അടുത്ത് വന്ന് ചോദിച്ചു,
“സുഖമാണോ?”
“അതെ, നിങ്ങൾക്കോ?”
“സുഖം”
” ഇത്രയും ദിവസം എവിടെയായിരുന്നു,ഞാൻ എന്നും സ്റ്റേഷനിൽ നോക്കാറുണ്ട്”
“സത്യമാണോ?”
“സത്യം, ഞാൻ എന്തിനാ കള്ളം പറയണേ?”
“കുട്ടി എന്നെ പ്രതീക്ഷിക്കാനുള്ള കാരണം എന്താ?”
“അറിയില്ല, കണ്ടപ്പോൾ ഒരു കൗതുകം, സംസാരിച്ചു തുടങ്ങിയപ്പോൾ കൂടുതൽ കൂടുതൽ സംസാരിക്കാനും അടുത്ത് അറിയാനും ഒരു ആഗ്രഹം.”
ആ സമയത്തൊക്കെ പപ്പ കോളിൽ വെയിറ്റിംഗ് ആണെന്ന കാര്യം ഞാൻ മറന്നു പോയി. “അയ്യോ! ഒരു മിനിറ്റ് പപ്പ കോളിംഗ്, പപ്പാ ഞാൻ വിളിക്കാം, ഓക്കെ ഗുഡ് നൈറ്റ്”.
തിരിച്ച് മറുപടി കിട്ടുന്നതിന് മുന്നേ ഞാൻ കോൾ കട്ട് ചെയ്തു. എന്തൊക്കെ സംഭവിച്ചാലും പറയാനുള്ളതെല്ലാം പറഞ്ഞു തീർക്കാതെ ഞാൻ പപ്പയുടെ കോൾ കട്ട് ചെയ്യാറില്ല. എന്നാൽ ഇന്ന് ആ പതിവ് തെറ്റി. കാരണം അവരാണ്, അവർ ആരാണ് എന്താണ് എന്നൊക്കെ അറിയാനുള്ള ആകാംക്ഷ.
“അന്ന് ഞാൻ പേര് ചോദിച്ചിട്ട് പറഞ്ഞില്ല.”
“പേരിൽ എന്തിരിക്കുന്നു, സ്ത്രീയാണോ? പുരുഷനാണോ? എന്ന് സ്വന്തം അസ്ഥിത്വത്തെ അറിയാത്തവർക്ക് എന്ത് പേര്? പുരുഷനായ് ജനിച്ചിട്ട് സ്ത്രൈണത കൂടിയതിന്റെ പേരിൽ ജൻമം തന്ന മാതാപിതാക്കൾക്കും കൂടപ്പിറപ്പുകൾക്കും വേണ്ടാതെ സ്വന്തം വീട്ടിൽ നിന്നും എന്തിന് നാട്ടിൽ നിന്നു വരെ ആട്ടി അകറ്റപ്പെട്ടവനാണ് ഞാൻ. ആ എനിക്ക് എന്ത് പേര്?”
ആ വാക്കുകൾ സൂചിമുന പോലെ എന്റെ ഹൃദയത്തിൽ തുളച്ചു കയറി. അന്ന് ഞങ്ങൾ ഒത്തിരി സംസാരിച്ചു.പരസ്പരം ഒത്തിരി അറിഞ്ഞു. പിന്നീടുള്ള ദിനങ്ങളിൽ ആ കൂടിക്കാഴ്ച്ച പതിവായി. പലപ്പോഴും കാണാതെ പറ്റില്ല എന്ന അവസ്ഥയിൽ വരെ എത്തിച്ചു. ഒരു പിതാവിന്റെ ശാസനയും ഒരു മാതാവിന്റെ ലാളനയും ഞാൻ അവരിൽ നിന്ന് അറിഞ്ഞു.ഓരോ ദിനരാത്രങ്ങൾ കടന്ന പോകുമ്പോഴും ആ ലാളനയും ശാസനയും ഞാൻ ഏറെ കൊതിച്ചു. അന്നത്തെ എന്റെ സന്തോഷങ്ങളും ദു:ഖങ്ങളും മറ്റാരേക്കാളും അവർ അറിഞ്ഞിരുന്നു. ഒത്തിരി നൊമ്പരങ്ങൾ പേറി നടക്കുന്ന ഒരു മനുഷ്യഹൃദയമായിരുന്നു അത്. ചില ജൻമങ്ങൾ ഇങ്ങനെയാണ് തന്റേതല്ലാത്ത കാരണങ്ങളാൽ സമൂഹത്തിൽ ഒറ്റപ്പെടലിന്റെ വേദന ഹൃദയത്തിൽ പേറി നടക്കുന്നവർ. മുജ്ജന്മപാപത്തിന്റെ ഫലമാണോ ഇത്? അന്നൊക്കെ എന്റെ ചിന്തകളിൽ അവർ മാത്രമായിരുന്നു. എനിക്ക് അവരെ ഒരിക്കലും ഒരു ഹിജഡ എന്ന പേര് നൽകി വിശേഷിപ്പിക്കാൻ തോന്നിയില്ല. ഞാൻ ദൈവിക പരിവേഷമുള ഒരാളായി മാത്രമാണ് അവരെ കണ്ടത്. ശിവപാർവ്വതിമാരുടെ അർദ്ധനാരീശ്വര രൂപമായി തന്നെ കണ്ടു.
പപ്പയുടെ അപ്രതീക്ഷിത മരണം എനിക്ക് മുംബൈ നഗരത്തിനോട് വിട പറയേണ്ടി വന്നു. പപ്പയുടെ വേർപാട് എനിക്ക് കുറേ നഷ്ട്ടങ്ങൾ സമ്മാനിച്ചു. കുറേ നല്ല ഓർമ്മകളും അനുഭവങ്ങളും സമ്മാനിച്ച മുംബൈ നഗരം, ആ നഗരം എനിക്ക് സമ്മാനിച്ച കുറേ സൗഹൃദങ്ങൾ, പിന്നെ പേരറിയാത്ത, ഇന്നും മനസ്സിൽ തങ്ങി നിൽക്കുന്ന അർദ്ധനാരീശ്വര രൂപം, അങ്ങനെ പലതും. കടന്നു പോയ കാലത്തിൽ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും എന്റെ ഓർമ്മകളിൽ ഇന്നും അവർ ജീവിക്കുന്നു. പേരറിയാത്തൊരു നൊമ്പരമായ്……..
RELATED ARTICLES

Most Popular

Recent Comments