Thursday, April 25, 2024
HomeSTORIESസ്നേഹം. (കഥ)

സ്നേഹം. (കഥ)

സ്നേഹം. (കഥ)

ഉമാ രാജീവ്. (Street Light fb group)
ഇത് ഞാൻ ഒരു പ്രാവശ്യം എഴുതിയതാണ്. അതിൽ ചില തിരുത്തലുകൾ കൂടി നടത്തി ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു.
രാവിലെ അവൾ ഉണർന്നത് ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ്. അമ്മയാണ്, വിവാഹവാർഷികത്തിന്റെ ആശംസ അറിയിക്കാൻ വിളിച്ചതാണ്, അമ്മയോട് സംസാരിച്ച ശേഷം പതിവ്പോലെ അടുക്കളയിൽ കയറി, അടുക്കളപ്പണികളിൽ ഏർപ്പെട്ടിരിക്കുമ്പോഴും അവൾ ഇടയ്ക്കിടയ്ക്ക് അയാളെ നോക്കുന്നുണ്ടായിരുന്നു, അയാൾ പത്രവായനയുടെയും കാപ്പികുടിയുടെയും തിരക്കിലായിരുന്നു, പുറത്തുനിന്നും ഹോൺ ശബ്ദം കേട്ടു മകന്റെ സ്കൂൾ ബസ് വന്നതാണ്, അവനെ ബസിൽ കേറ്റി വിട്ടശേഷം തിരിച്ചു വരുമ്പോൾഅവൾ ഓർത്തു, ഇങ്ങോട്ടു പറഞ്ഞില്ലെങ്കിലും അങ്ങോട്ട് ചെന്ന് പറയണം നമ്മുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് പത്തു വർഷം തികയുന്നു എന്ന്. അകത്തുവന്നപ്പോൾ അവൾക്ക് മനസ്സിലായി തന്നോട് എന്തോ ചോദിക്കാനോ പറയാനോ ഉള്ള വരവാണ്, അടുത്തെത്തിയതും അയാൾ ചോദിച്ചു “എന്റെ ഡ്രസ്സ് അയൺ ചെയ്ത് വച്ചോ? ഉച്ചയ്ക്കുള്ള ഭക്ഷണം എടുത്തു വച്ചോ?” അവൾക്ക് സങ്കടം തോന്നി, ഇങ്ങനെയും ആൾക്കാർ അവരുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ മറന്നു പോകുമോ? അവൾ ഒന്നും പറയാതെ അയാൾ ചോദിച്ചതെല്ലാം ചെയ്തുകൊടുത്തു, ഇറങ്ങാൻ നേരം അയാൾ പറഞ്ഞു “ഇന്ന് വൈകുന്നേരം ഞാൻ വരാൻ വൈകും, ഒരു സ്ഥലം വരെ പോകാനുണ്ട്.” അതിനും അവൾക്ക് മറുപടിയൊന്നും ഉണ്ടായിരുന്നില്ല, വെറുതെ തലയാട്ടുക മാത്രം ചെയ്തു. അയാൾ പോയതിനുശേഷം അവൾ കല്യാണ ആൽബം എടുത്തു നോക്കി. അപ്പോഴാണ് അതിൽ ഒരു എഴുത്ത് അവൾ കണ്ടത്. ആ കത്ത് ഇങ്ങനെയായിരുന്നു, എത്രയും പ്രിയപ്പെട്ട എന്റെ മധുരിമയ്ക്ക്, നമ്മുടെ വിവാഹദിവസം ഞാൻ മറന്നുവെന്നു കരുതിയോ? ഏതു ദിവസം മറന്നാലും എന്റെ മരണം വരെ ആ ദിനം മാത്രം ഞാൻ മറക്കില്ല, നമ്മുടെ വിവാഹം ഉറപ്പിച്ച അന്നു മുതൽ ഈ നിമിഷം വരെയും ഞാൻ കൊണ്ടു നടക്കുന്ന ഒരു ചെറിയ അഹങ്കാരം ഉണ്ട്.. ലോകത്ത് ഏറ്റവും ഭാഗ്യവാൻ ഞാൻ ആണെന്ന്! എത്രയോ ദിവസം ഞാൻ നിന്നെ അവഗണിച്ചിരിക്കുന്നു, നിന്റെ ആഗ്രഹങ്ങൾക്ക് ഒരു വിലയും കൽപ്പിക്കാതെ ഒന്നിലും നിന്റെ അഭിപ്രായം ചോദിക്കാതെ, നീ സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധിക്കുണ്ടെന്നു പുറമെ പ്രകടിപ്പിക്കുമായിരുന്നെങ്കിലും എന്റെ ശ്രദ്ധ അപ്പോഴൊക്കെ ഓണായിരിക്കുന്ന ടിവിയിൽ ആയിരുന്നു, എനിക്ക് നിന്നോട് അടങ്ങാത്ത പ്രണയമാണെന്ന് നിന്നോട് പറയാൻ പോലും എന്റെ
ഈഗോ എന്നെ അനുവദിച്ചില്ല, ഈയിടയ്ക്ക് എന്റെ ഓഫീസിലെ സുരേഷിന്റെ കല്യാണത്തിന് നമ്മൾ പോയത് ഓർക്കുന്നുണ്ടോ? നിന്നെ ഒറ്റക്കാക്കി ഞാൻ എന്റെ കൂട്ടുകാരുടെ അടുത്ത് പോയി, കുറച്ചുകഴിഞ്ഞ് ഞാൻ തിരികെ വന്നപ്പോൾ കണ്ടത് എന്റെ ഓഫീസിലെ സഹപ്രവർത്തകയുമായി നീ സംസാരിക്കുന്നതാണ്…അടുത്ത ദിവസം ഓഫീസിൽ വച്ച് അവർ എന്നോട് പറഞ്ഞു ” മോഹൻ ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് നിങ്ങളുടെ ഭാര്യയോട് അസൂയ തോന്നുകയാണ്, നിങ്ങൾ അവരെ ഇത്രമാത്രം സ്‌നേഹിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ! ഇന്നലെ അവർ ഒറ്റയ്ക്കിരിക്കുന്നത് കണ്ടാണ് ഞാൻ അങ്ങോട്ട് ചെന്നത്, ഞാൻ ചോദിച്ചു “മോഹൻ ഒറ്റക്കാക്കി മുങ്ങി അല്ലേ? എന്റെ ഭർത്താവും ഇങ്ങനെയാ, കൂട്ടുകാരെ കണ്ടാൽ നമ്മളെ വേണ്ട,” അപ്പോൾ അവർ പറഞ്ഞു “എന്റെ ഭർത്താവ് അങ്ങനെ പോയതല്ല, ഒന്നു തിരിഞ്ഞുനോക്കൂ, അദ്ദേഹം ഇരിക്കുന്നത് എവിടെയാണെങ്കിലും ശ്രദ്ധിക്കുന്നത് എന്നെയായിരിക്കും”, ഞാൻ നോക്കിയപ്പോൾ ശരിയാണ് മോഹൻ ഇങ്ങോട്ടാണ് നോക്കുന്നത്! പിന്നീട് നിങ്ങളുടെ ഭാര്യ ഒരുപാട് കാര്യങ്ങൾ പറഞ്ഞു, “നിങ്ങൾ അവരുടെ ഓരോ പിറന്നാളും ഓർത്തിരുന്ന് സമ്മാനങ്ങൾ കൊടുത്ത് അവരെ ഞെട്ടിക്കുന്നത്, വിവാഹവാർഷിക ദിനങ്ങളിൽ ഒരുമിച്ച് അമ്പലത്തിൽ പോകുന്നത്, അവരുടെ ഓരോ ആവശ്യവും അവർ പറയുന്നതിനു മുമ്പേ സാധിച്ചുകൊടുക്കുന്നത്……എല്ലാ കാര്യങ്ങളിലും അവരുടെ അഭിപ്രായത്തിനു മുൻതുക്കം കൊടുക്കുന്നതും, അങ്ങനെ പലതും….” അവരുടെ വാക്കുകൾ കേട്ട ഞാൻ ആകെ തളർന്നുപോയി..ഇതൊന്നും ഒരിക്കൽപോലും ഞാൻ ചെയ്തിട്ടില്ല, പക്ഷേ നീ……..നിനക്കെങ്ങനെ മനസ്സിലായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നുണ്ടെന്ന്! എന്റെ മധുരിമയ്ക്ക് ഒരായിരം വിവാഹവാർഷിക ആശംസകൾ”..അവൾക്ക് കരയാൻ തോന്നി, പുറകിൽ ആരോ നിൽക്കുന്നത് പോലെ തോന്നി തിരിഞ്ഞുനോക്കിയപ്പോൾ അത് മോഹൻ ആയിരുന്നു… അയാൾ ചോദിച്ചു “നിനക്കെങ്ങനെ മനസ്സിലായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു എന്ന്?” അവൾ പറഞ്ഞു കാരണം ഞാൻ നിങ്ങളെ അത്രമാത്രം സ്നേഹിക്കുന്നു.. ഞാനും ഒന്ന് ചോദിച്ചോട്ടെ, ഞാൻ നമ്മുടെ കല്യാണ ആൽബം എടുത്തു നോക്കും എന്ന് എന്തായിരുന്നു ഇത്ര ഉറപ്പ്? അത് നിന്റെ പല കാര്യങ്ങൾ ഞാൻ മറന്നിട്ടുണ്ടെങ്കിലും നിന്റെ മനസ്സ് എനിക്കറിയാമായിരുന്നു.
RELATED ARTICLES

Most Popular

Recent Comments