Saturday, May 4, 2024
HomePoemsഓര്‍മപെയ്ത്തുകള്‍. (കവിത)

ഓര്‍മപെയ്ത്തുകള്‍. (കവിത)

ഓര്‍മപെയ്ത്തുകള്‍. (കവിത)

പദ്മിനി ജയകുമാർ. (Street Light fb group)
കൊഴിഞ്ഞുവീണ ഇന്നലെകളില്‍
നിറയെ പച്ചപ്പാണ്.
പച്ചവിരിച്ച നെല്‍പാടങ്ങള്‍,
സൂര്യന്റെ ഏത് വെല്ലുവിളിയും
ചെറുത്ത് തോല്പിക്കുന്ന
അനേകമനേകം മരങ്ങള്‍,
കാഞ്ഞിരവും,കൊന്നയും,
മാവും,മുരിക്കും,എരുക്കും,
പേരറിയാത്ത,ഒട്ടനവധി മരങ്ങള്‍.
പുസ്തകതാളിലൊളിപ്പിച്ച
മയില്‍പീലിവിസ്മയം
പേനാതൊപ്പിതന്‍
സ്വര്‍ണ്ണചുറ്റുകൊണ്ട്
”തംബോലീനയെ”
ചൂടിച്ചിരുന്ന സ്വര്‍ണ്ണകിരീടം,
കൊയ്ത്തുപാട്ടിന്നീണം പോലെ
”തേവന്‍” പാടിയിരുന്ന
പഞ്ചാരകുഞ്ചുവിന്റെ പാട്ട്,
ഉലയില്‍ ഊതി ഊതി
വലിച്ച് കിടപ്പിലായ കൊല്ലന്‍,
”ബാധ കയറി” ഉറഞ്ഞുതുള്ളുന്ന
കൊല്ലന്റെ മകള്‍
ദീപാരാധന തൊഴാന്‍
കാവിലക്കുളള യാത്രകള്‍,
കൂടെയുണ്ടായിരുന്ന
ഇനിയൊന്നിനും തിരിച്ചുതരാനാവാത്ത
നഷ്ടപ്പെട്ട പ്രിയകൂട്ടുകാരി,
സൂര്യകാലടിയും,ഒടിയനും,
പാലയും, യക്ഷിയും,നിറഞ്ഞ
മുത്തശ്ശിയുടെ കഥകള്‍ കേട്ട്
പേടിച്ച് അര്‍ജ്ജുനപത്ത്
ജപിച്ച് ഉറങ്ങാതിരുന്ന രാവുകള്‍
പച്ചവര്‍ണ്ണങ്ങള്‍
മണ്ണിലെന്ന പോല്‍ മാഞ്ഞിടത്തു,എന്നിലും
വരള്‍ച്ചകള്‍ പെരുകുന്നുണ്ടെന്കിലും
ഒാര്‍മയില്‍ പൊന്തുന്നു,
ലക്ഷസൂചികള്‍ കുത്തുന്ന
പോലൊറ്റ കാമന
ഉള്ളുപൊട്ടാതെ
കയ്യുപൊള്ളിച്ചിലയില്‍
ചേര്‍ത്തുവച്ച
മധുരപരിപ്പുപോലെന്നിലെ
മധുരമൂറ്റി, വിത്തായൊന്നുണരുവാന്‍,
തരൂവായ് വീണ്ടും ഉയിര്‍ക്കുവാന്‍ .
RELATED ARTICLES

Most Popular

Recent Comments