ഷെരീഫ് ഇബ്രാഹിം.
അബൂദാബിയില്‍ നിന്ന് ലീവിന് ആദ്യമായി വന്ന കാലം. അതായത് ഏകദേശം 45 വര്‍ഷം മുമ്പ്. കാട്ടൂര്‍ അങ്ങാടിയില്‍ ഉണ്ടായിരുന്ന ബസ്സ്റൊപ്പിന്റെ അടുത്ത് തൃശ്ശൂര്‍ പോകാനുള്ള ബസ് കാത്ത് നില്‍ക്കുകയാണ് ഞാന്‍. ഒരു ഫിയറ്റ് കാര്‍ കാട്ടൂര്‍ അങ്ങാടിയില്‍ പാര്‍ക്ക് ചെയ്തു.
ആ വണ്ടിയിലെ പിന്‍സീറ്റില്‍ ഇരുന്ന പെണ്‍കുട്ടിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. അവള്‍ വണ്ടി ഓടിച്ചിരുന്ന കുറച്ചു പ്രായം ചെന്ന ആളോട് എന്തോ പറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. ആ മനുഷ്യന്‍ അടുത്ത കടയിലേക്ക് പോയി. എന്തെങ്കിലും വാങ്ങാനായിരിക്കുമെന്ന എന്റെ നിഗമനം ശെരിയായിരുന്നു.
വെളുത്ത ഒരു പെണ്‍കുട്ടി. ഏതോ വലിയ വീട്ടിലെ പെണ്‍കുട്ടി ആയിരിക്കും. അവള്‍ക്ക് ഏകദേശം പതിനഞ്ചു വയസ്സുണ്ടാവും. ഞാനവളുടെ കണ്ണുകള്‍ ശ്രദ്ധിച്ചു. നല്ല കണ്ണുകള്‍. അവള്‍ ആരാണെന്നറിയാനുള്ള ജിജ്ഞാസ എനിക്ക് കൂടികൂടി വന്നു. ജനങ്ങള്‍ എന്നെ ശ്രദ്ധിക്കുന്നുണ്ട്. വേണ്ട. ഞാന്‍ ബസ് വന്നപ്പോള്‍ അതില്‍ കേറാതെ വീണ്ടും അടുത്ത ബസ്സിനായി നിന്നു. ഇന്നത്തെ കാലമാല്ലെന്നോര്‍ക്കണം.
ഒരു ബസ് പോയാല്‍ പിന്നെ അടുത്തത് വരാന്‍ അര മണിക്കൂര്‍ കഴിയണം. എനിക്ക് വലിയ തിരക്കൊന്നുമില്ല. ഉപ്പ കടയില്‍ നിന്ന് ചായ കുടിക്കാന്‍ വന്നാല്‍ എന്നെ കാണുമോ എന്നൊരു ഭയം ഇല്ലാതില്ല.
എന്തായിരിക്കും അവളുടെ പേര്? വീട് എവിടെ ആയിരിക്കും. ഇതൊക്കെ ആരോട് ചോദിക്കാന്‍?
കുറച്ചു കഴിഞ്ഞപ്പോള്‍ ആ കാര്‍ എന്റെ മുന്നിലൂടെ പോയി. എന്നെ കണ്ടപ്പോള്‍ അവള്‍ ചിരിച്ചു. ഒരുപക്ഷെ അവള്‍ ചിരിച്ചത് എന്നെ നോക്കിയാവില്ലെന്ന് തോന്നി. ഞാന്‍ ചുറ്റും കണ്ണോടിച്ചു. അവിടെ വേറെ ആരും ഉണ്ടായിരുന്നില്ല. ആ കണ്ണുകള്‍ ഒന്ന്കൂടെ സുന്ദരമായി. അവളുടെ നെറ്റിയിലെ പൊട്ട് സൂര്യപ്രകാശത്തില്‍ തിളങ്ങുന്നു. അവളുടെ പേര് എന്തുമായിക്കോട്ടെ. ഞാന്‍ അവള്‍ക്കൊരു പേര് കൊടുത്തു. നയന.
നേരെ മുന്നിലുള്ള അക്ഷരപ്പൂമരം ലൈബ്രറിയില്‍ ഞാന്‍ കയറി. ആ ലൈബ്രറിയുടെ ഉടമസ്ഥന്‍ മുഹമ്മദ്‌എന്റെ സുഹൃത്താണ്. അവനോടു ആദ്യം ഒന്ന് മടിച്ചു മടിച്ചാണെങ്കിലും ആ കുട്ടിയെപ്പറ്റി ചോദിച്ചു. അവന് കാട്ടൂരുള്ള മിക്ക പെണ്‍കുട്ടികളെയും അറിയും. എന്നിട്ട് പോലും അവനും ഈ പെണ്‍കുട്ടിയെപ്പറ്റി അറിയില്ലത്രേ. അവനും പലപ്പോഴും ആ കുട്ടിയെ കണ്ടിട്ടുണ്ടെന്ന് മാത്രം.
എന്റെ മനോമുകുരത്തില്‍ നിന്നും ആ പെണ്‍കുട്ടിയെ അവളുടെ കണ്ണിനെ മായ്ക്കാന്‍ കഴിയുന്നില്ല.
തൃശ്ശൂര്‍ സൌത്ത് ഇന്ത്യന്‍ ബാങ്കില്‍ ചെന്നു എന്റെ ഡ്രാഫ്റ്റ് മാറി.
മേനേജര്‍ തോമാസ് എന്റെ അടുത്ത് വന്നു കുശലാന്വേഷണം നടത്തി. അവിടെയുള്ള കാഷ്യര്‍ എന്നോട് ചോദിച്ചു. “ഡ്രാഫ്റ്റ് കൊടുത്തിട്ടുണ്ട് അല്ലെ? എന്താ പേര്?”
“നയന” ഞാന്‍ പെട്ടെന്ന് പറഞ്ഞു.
എന്ത് എന്ന കാഷ്യരുടെ ചോദ്യത്തിന് സോറി ഷെരീഫ് എന്ന് മറുപടി കൊടുത്തു.
ഞാന്‍ വലിയൊരു പ്രതിസന്ധിയിലാണ്. എനിക്കാ കുട്ടിയെപ്പറ്റി അറിയണം.
ഞാന്‍ വീണ്ടും അക്ഷരപ്പൂമരം ലൈബ്രറിയില്‍ പോയി.
“മുഹമ്മദേ, ആ പെണ്‍കുട്ടിയെപ്പറ്റി എങ്ങിനെയാണ് ഒന്നറിയുക?”
ബുക്കുകള്‍ തുടച്ച് കൃത്യമായി വെക്കുന്നതിന്നിടയില്‍ ഒരു കള്ളച്ചിരിയോടെ അവന്‍ ചോദിച്ചു.
“അല്ല, ശറഫൂ, നീ ഗള്‍ഫില്‍ പോയപ്പോള്‍ ഇത് തുടങ്ങിയോ? സ്കൂളില്‍ നല്ല പയ്യനായിരുന്നല്ലോ? ഉപ്പാടെ ചൂരലിന്റെ അടി മറന്നോ?”
ഞാന്‍ തുടയില്‍ തടവി നോക്കി. പണ്ട് ഉപ്പ തന്ന അടിയുടെ പാട് മാഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോള്‍ മുഹമ്മദ് അത് ചോദിച്ചപ്പോള്‍ ആ വേദന വീണ്ടും വന്നു.
“എല്ലാ ചന്തദിവസവും അവള്‍ അങ്ങാടിയില്‍ വരാറുണ്ട്. ഇന്ന് ശനിയാഴ്ച്ചയല്ലേ? ഇനി അടുത്ത് ചന്ത ചൊവ്വാഴ്ച്ചയാണ്. അന്ന് വരും”
“അതിനിപ്പോള്‍ നാല് ദിവസം കഴിയേണ്ടേ? അല്ലാതെ ഒരു മാര്‍ഗം നീ പറ”
നാല് ദിവസം പോയിട്ട് നാല് മിനിട്ട് എനിക്ക് ക്ഷമിക്കാന്‍ പറ്റില്ല. ഞാനെന്റെ അവസ്ഥ പറഞ്ഞു.
“അപ്പോള്‍ അത് തന്നെ കാര്യം. നിനക്ക് പ്രേമം തലയ്ക്കു പിടിച്ചു. ഡാ അവള്‍ മുസ്ലിം അല്ല” മുഹമ്മദ് അങ്ങിനെയാണ് പറഞ്ഞത്.
“ഇതാണ് നിന്നെപ്പോലെയുള്ളവരുടെ കാര്യം. ഒരു പെണ്‍കുട്ടിയെപ്പറ്റി അന്വേഷിച്ചാല്‍ ഉടനെ അത് പ്രേമം ആക്കും… കഷ്ടം.. നിനക്കറിയാലോ എന്റെ വിവാഹം കഴിഞ്ഞു രണ്ടു വര്‍ഷം ആയെന്നു”
ഞാന്‍ നയം വ്യക്തമാക്കി.
“ശറഫൂ നീ ചൂടാവേണ്ട. തണുക്കാന്‍ ഞാന്‍ നിനക്കൊരു ബുക്ക് തരാം.”
അത് പറഞ്ഞ് അവന്‍ എനിക്കൊരു ബുക്ക് തന്നു. വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകള്‍.
ഞാന്‍ പൈസ എടുത്ത് കൊടുത്തപ്പോള്‍ അവന്‍ അത് നിരസിച്ചിട്ട് പറഞ്ഞു.
“ഇതിനു പൈസ ഒന്നും വേണ്ട. നീ സ്കൂളിലും കോളേജിലും പഠിക്കുമ്പോള്‍ ചവറ് ആണെങ്കിലും ചിലതെല്ലാം എഴുതാറുണ്ടല്ലോ. പിന്നെ ഇതിനു പകരമായല്ല നീ അക്ഷരപ്പൂമരം എന്ന എന്റെ ലൈബ്രറിയെ ഉള്‍പ്പെടുത്തി ഒരു കഥ എഴുതണം.”
അവന്റെ നിഷ്കളംഗതയില്‍ എനിക്ക് മതിപ്പ് തോന്നി.
പിറ്റേന്ന് പൊഞ്ഞനം വേല. ഞാന്‍ വൈകീട്ട് വേല കാണാന്‍ പോയി. അമ്പലത്തിന്റെ മുന്നിലുള്ള കുളത്തിന്നരികെയുള്ള ആലിന്നടുത്ത് അവളുടെ കാര്‍ കണ്ടു. ദീപാരാധന കഴിഞ്ഞുവരുന്നവരില്‍ പരിചയക്കാരെ നോക്കി ഞാന്‍ചിരിച്ചു. കാറീന്നടുത്തെക്ക് പോകാൻ ശ്രമിച്ചു. അപ്പോളും ആ പെണ്‍കുട്ടി എന്നെ നോക്കി ചിരിച്ചു. പെട്ടെന്നാണ് പിന്നില്‍ നിന്നൊരു വിളി “ഷെരീഫുക്ക”
ഞാന്‍ തിരിഞ്ഞു നോക്കി. അത് തവക്കല്‍ പലചരക്ക് ഷോപ്പിന്റെ ഉടമസ്ഥന്റെ മകന്‍ നവാസ് ആയിരുന്നു.
“ഷെരീഫുക്ക ഈത്തപ്പഴം കഴിക്കൂ”
ഞാന്‍ ചിരിച്ചിട്ട് പറഞ്ഞു. മോനെ നവാസേ.. ഇത് വേണ്ടോളം കഴിച്ചിട്ടാണ് പേര്‍ഷ്യയില്‍ നിന്ന് വന്നത്. അവിടെ ഇത് ഈത്തപ്പഴം. ഇവിടെ ഈച്ചപ്പഴം”
അവന്‍ വിശേഷങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. അല്ലെങ്കിലും അവന്‍ ഉറങ്ങാനും ഉണ്ണാനും മാത്രമേ വായ അടക്കൂ.
ഞാന്‍ എന്റെ നയനയെ നോക്കി. കാര്‍ പോയിരിക്കുന്നു.
ഞാന്‍ ആല്‍ത്തറയില്‍ ഇരുന്നു. കൂടെ നവാസും.
ഒരു പെണ്‍പട നവാസിന്റെ അടുത്ത് വന്ന് ചോദിച്ചു.
ഇതാരാ?
നവാസ് എന്നെ പരിചയപ്പെടുത്തി. ഇത് ഷെരീഫുക്ക. എഴുത്തുകാരനാണ്‌എന്ന ഇല്ലാത്ത ഒരു വലിയ നുണയും അവന്‍ പറഞ്ഞു.
ഷെരീഫുക്ക ഇവരെ അറിയോ?
ഇല്ലെന്ന എന്റെ മറുപടി കേട്ടപ്പോള്‍ അവര്‍ക്ക് വിഷമം തോന്നിയില്ല.
ഇവരൊക്കെ അക്ഷരപ്പൂമരം ലൈബ്രറിയിലെ പുസ്തകപ്രേമികളാണ്.
ആമി, ജയ, സൌമ്യ, ജഹനാര, അശ്വതി, ഐഷ. ഓരോരുത്തരേയും നവാസ് പരിചയപ്പെടുത്തി.
ഞാന്‍ ഒന്ന് പുഞ്ചിരിച്ചു. അവര്‍ ഞങ്ങളോട് യാത്ര പറഞ്ഞു വളക്കച്ചവട സ്റ്റാളിലെക്ക് പോയി.
വീട്ടിലെത്തിയപ്പോള്‍ എന്റെ ഭാര്യ സാറ വന്ന് ഒരു കാര്യം പറഞ്ഞു.
“ഇക്കാനെ അന്വേഷിച്ചു ഒരു പെണ്‍കുട്ടി വന്നു. ദാ ഉമ്മാടെ അടുത്തിരുന്ന് വര്‍ത്തമാനം പറയുന്നു.”
“നീ അവര്‍ക്ക് എന്തെങ്കിലും കൊടുത്തോ?”
ഉവ്വെന്ന് മറുപടി തന്നു.
അനുജന്‍ ഞാന്‍ കൊണ്ട് വന്ന ടേപ്പ്റിക്കോര്‍ഡറില്‍ പാട്ട് കേള്‍ക്കുകയാണ്.
<<കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്‍കിയ കനകവിളക്കുളുള്ളോരേ
കണ്ണില്ലാത്തൊരു പാപമെന്നെ കണ്ടില്ലെന്ന് നടിക്കരുതേ >>
ശബ്ദം കുറച്ച് വെക്കാൻ ഞാൻ അനുജൻ മജീദിനോട് പറഞ്ഞു.
“ഉമ്മാക്ക് ഈ കുട്ടിയെ അറിയോ?”
ഭവ്യതയോടെ ഞാൻ ചോദിച്ചു.
“അറിയോന്നോ? നന്നായി. നമ്മുടെ റേഷൻകടയിൽ കാർഡുള്ള വേലായുധന്റെ മകളാ. ഇവർ ചെറുപ്പം മുതൽ പൂനയിൽ ആയിരുന്നു. വേലായുധന് അവിടെയായിരുന്നു ജോലി. എന്താ പേര് മോളെ?”
“അഞ്ജലി…”
ആ കണ്ണുകൾ പോലെ സ്വരവും നന്നായിരുന്നു.
“അവൾ നല്ല പാട്ടുകാരിയാണ്. മോൾ ആ പാട്ടൊന്നു പാട്യെ..”
ഉമ്മ അഞ്ജലിയോട് പറഞ്ഞു.
ഉമ്മാക്ക് ഉള്ളിൽ പാട്ടുകളോട് ഇഷ്ടമുണ്ടായത് എനിക്കത്ഭുതം തോന്നി.
ആദ്യം മടിച്ചെങ്കിലും ഞാൻ നിർബന്ധിച്ചപ്പോൾ അഞ്ജലി പാടി.
കണ്ണു തുറക്കാത്ത ദൈവങ്ങളെ.. കരയാനറിയാത്ത ചിരിക്കാനറിയാത്ത ….
പാട്ട് തീർന്നപ്പോൾ ആ കുട്ടി ചെറുതായി കരയുന്നുണ്ടായിരുന്നു.
അഞ്ജലി വന്ന കാറിന്റെ ഡ്രൈവറെ ഞാൻ അകത്തേക്ക് വിളിച്ചു.
എന്റെ കീശയിലുണ്ടായിരുന്ന പാർക്കർ പെന ഒരു പാരിതോഷികമായി ആ കുട്ടിക്ക് കൊടുക്കാൻ സാറയെ വിളിച്ചു.
സാറ വരുമ്പോൾ കയ്യിൽ ഒരു പൊതി ഉണ്ടായിരുന്നു. ഞാൻ കൊണ്ട് വന്ന റിക്കോർഡ് ചെയ്യാവുന്ന മൈക്രോ ടേപ്പ്റെക്കോർഡർ.
സാറ അതും ഞാൻ കൊടുത്ത പേനയും അഞ്ജലിക്ക് കൊടുത്തു.
അത് വാങ്ങുമ്പോഴും ഞാൻ വന്നപ്പോഴും അഞ്ജലി കസേരയിൽ നിന്ന് എഴുനേൽക്കാത്തതിൽ എനിക്ക് ചെറിയൊരു പരിഭവം ഉണ്ടായിരുന്നു.
ഡ്രൈവർ വന്നപ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കേട്ട് എനിക്ക് കുറ്റബോധം തോന്നി.
“ഷെരീഫേ അഞ്ജലിക്ക് ചെറുപ്പത്തിലേ പിള്ളവാതം വന്നു. അഞ്ജുമോൾക്ക് നടക്കാൻ കഴിയില്ല. ഇന്ന് അക്ഷരപ്പൂമരം ലൈബ്രറിയിൽ ബുക്ക് വാങ്ങാൻ ഞാൻ ചെന്നപ്പോഴാണ് മുഹമ്മദ് വിവരങ്ങൾ പറഞ്ഞത്. ഉടനെ അഞ്ജുമോൾ പറഞ്ഞിട്ടാണ് ഇങ്ങോട്ടു പോന്നത്.”
ഞാനാ കുട്ടിയെ ഒന്ന് കൂടെ നോക്കി. നല്ല നയനങ്ങൾ പേടമാൻ മിഴി. നല്ല രൂപം, നല്ല സ്വരം. പക്ഷെ… ഇതാണ് ദൈവത്തിന്റെ പരീക്ഷണങ്ങൾ.
എന്റെ രൂപം മോശമായി ദൈവം സൃഷ്ടിച്ചല്ലോ എന്ന് എനിക്കും എന്നെ പോലെ പലർക്കും തോന്നുന്നവർക്ക് ദൈവം കാണിക്കുന്ന പാഠങ്ങൾ.
“ഇക്കാ, ഇക്കാ ഇനി ഗൾഫിൽ പോവുമ്പോൾ എന്നെ കുറിച്ച് ഒരു കഥ എഴുതണം. ആർക്കെങ്കിലും അതൊരു സന്ദേശമാവും ഇക്ക.”
കാറിലേക്ക് പോവുമ്പോൾ അഞ്ജലി അല്ല എന്റെ നയന അത് പറഞ്ഞു.
അഞ്ജലിയെ എന്റെ ഭാര്യ പിടിച്ചു കാറിന്നടുത്തേക്ക് പോയി. അഞ്ജലി കാറിൽ ഇരുന്നപ്പോൾ അഞ്ജലിയുടെ കാലെടുത്ത് അകത്തേക്ക് ഭാര്യ വെക്കുന്നത് കണ്ടപ്പോൾ മനസ്സിലൊരു സന്തോഷം.
എന്നാണ് എന്റെ നയനയെപ്പറ്റി, അക്ഷരപ്പൂമരം ലൈബ്രറിയെപ്പറ്റി ഒരു കഥ എഴുതാൻ കഴിയുക എന്നെനിക്കറിയില്ല. ആ ചിന്തയിലാണ് ഞാനിപ്പോൾ…