ഷെരീഫ് ഇബ്രാഹിം.
അബൂദാബിയിൽ ആയിരിക്കുമ്പോൾ ഒരു പെരുന്നാൾ ദിവസം രണ്ടു ദിവസത്തെ ഒഴിവു കിട്ടി. ഞാൻ ഒരു യാത്ര പോകാൻ തീരുമാനിച്ചു. ഒന്ന് രണ്ടു പ്രാവശ്യം വിസിറ്റ് ചെയ്തിട്ടുള്ള ഖത്തർ ആവട്ടെ ഇപ്പ്രാവശ്യത്തെ പ്രോഗ്രാം എന്ന്. കുടുംബക്കാർക്ക് എന്നേക്കാൾ സന്തോഷം. ഇത് വരെ ദോഹയിലേക്ക് പ്ലൈൻ യാത്രയായിരുന്നു. ഇപ്പ്രാവശ്യം അത് കാറിൽ ആക്കാൻ തീരുമാനിച്ചു.
ഒരു പാട് പ്രാവശ്യം എനിക്ക് ഖത്തർ വിസ ദുബൈയിലെ കോണ്സുലരോട് നിർധെശിക്കാറുള്ള, ഞാൻ ഫോണിലൂടെ മാത്രം ബന്ധപ്പെട്ടിട്ടുള്ള ഖത്തർ പർച്ചയ്സിംഗ് ഡിപാർട്ട്മെന്റ് ഡയറക്ടർ സുൽത്താൻ ബിൻ അഹമെദ് അൽസുവൈദിയോട് വിവരം പറഞ്ഞു. അന്നൊക്കെ ഫാക്സ് സംവിധാനം ആണുള്ളത്. എന്റെ എൻട്രി വിസ ഖത്തർ ബോർടെർ ആയ സൌതാനത്തിൽ ഫാക്സ് വഴി അയച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് വരെ സുൽത്താനെ കണ്ടിട്ടില്ല. അദ്ധേഹത്തെയും എന്റെ കൊച്ചാപ്പാടെ മകൻ സിദ്ധീക്കിനെയും കാണണം, അതാണ് ഈ യാത്രയുടെ മുഖ്യഉദ്യേശം. സിദ്ധീക്കിനെ വിവരം അറിയീച്ചില്ല. ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി.
വ്യാഴാഴ്ച ഉച്ചക്ക് അബൂദാബിയിൽ നിന്നും പുറപ്പെട്ടു. UAE ബോർഡർ ആയ സിലയിലെത്തി.
കുറച്ചു ദൂരം കഴിഞ്ഞപ്പോൾ റോഡിന്റെ ഇരുവശങ്ങളിലും വളരെ ഉയരത്തിൽ മണ്ണ് കൊണ്ടുള്ള മതിൽ കണ്ടു. അവിടെ ഒരു ബോർഡും. Welcome to STATE OF QATAR. ആ മതിൽ ഇരു രാജ്യങ്ങളുടെയും അതിർത്തി ആയിരുന്നു.
അവിടെ നിന്നും ഖത്തർ ബോര്ടെറിൽ – സൌധാനത്തിൽ (അബൂ സംറ) എന്നും പറയും. സുൽത്താന്റെ ഗസ്റ്റ് ആണെന്നറിഞ്ഞപ്പോൾ എൻട്രി വിസ പെട്ടെന്ന് അടിച്ചു തന്നു.
അങ്ങിനെ ഏകദേശം വൈകീട്ട് ആറു മണി ആയപ്പോൾ ഞങ്ങൾ ദോഹയിലെ കെന്റുക്കി കോർണെറിൽ എത്തി. ഒരു പ്രാവശ്യം പോയിട്ടുള്ള ഓർമയിൽ സിദ്ധീക്ക് താമസിക്കുന്ന മദീന ഖലീഫായിലെ ജംഇയ അന്വേഷിച്ചു കറങ്ങി. ഒരു രക്ഷയുമില്ല. ഒരു പാട് ജംഇയകൾ. ആരോടെങ്കിലും ചോദിച്ചാൽ മതി. പക്ഷെ ഞാൻ ആരാ മോൻ? ചോദിച്ചില്ല. അല്ലെങ്കിൽ സിദ്ധീക്കിനോട് ഫോണിലൂടെ ചോദിച്ചാലും മതി. അപ്പോൾ സർപ്രൈസ് ആവില്ലല്ലോ? അന്ന് മൊബൈൽ ഫോണ്‍ കാറിലെ ഡിക്കിയിൽ ഫിറ്റ് ചെയ്യുന്ന ഒരു ചെറിയ പെട്ടിയും അത് കേബിൾ വഴി കണക്റ്റ് ചെയ്യുന്ന ഒരു ഡയലർ ആണ്. ആ ഡയലർ ഗിയറിന്റെ അടുത്ത് ആയിരിക്കും. അന്നൊക്കെ ദോഹയിലെ പോസ്റ്റ് ഓഫീസിന്റെ അടുത്ത് കാര് പാർക്ക് ചെയ്‌താൽ ആ ഫോണ്‍ ഉപയോഗിക്കാൻ പറ്റും. UAEയുടെ റേഞ്ച് കിട്ടുമെന്നർത്ഥം. അന്ന് UAEയിൽ ജീവിച്ച ഞങ്ങളുടെ കാഴ്ചപ്പാടിൽ ആകർഷിച്ച രണ്ടു കാര്യങ്ങളിൽ ഒന്ന് ഈ പോസ്റ്റ് ഓഫീസും മറ്റൊന്ന് ഷെരാറ്റൻ ഹൊട്ടെലും.
ഞങ്ങൾ ഒരു പാട് ദൂരം ഡ്രൈവ് ചെയ്തു. ഒരു പക്ഷെ ആ ഡ്രൈവിംഗ് നേരെ ഓടിക്കുകയായിരുന്നെങ്കിൽ ബഹറയിനിൽ എത്തിയേനെ.
ഞാൻ അങ്ങിനെ ഡ്രൈവ് ചെയ്തു ഒരു അറബിയുടെ വീടിന്നടുത്ത് നിറുത്തി. ഒരു മലയാളി, അറബിയുടെ റേഞ്ച് റോവർ വണ്ടി കഴുകുന്നു.
ഒടുവിൽ എന്റെ അഹംഭാവം തോറ്റു. ഞാൻ അവനോടു ഒരു സഹായം അഭ്യർഥിച്ചു. എന്റെ സിദ്ധീക്കിന്റെ വീടിന്നടുത്തുള്ള ജംഇയ കാണിച്ചു തരുവാൻ. അവൻ സമ്മതിച്ചു, ഒരു കണ്ടീഷൻ മാത്രം, അവനെ തിരിച്ചു ഈ വീട്ടിൽ കൊണ്ടന്നാക്കണം. സമ്മതിച്ചു. എന്റെ ഭാര്യ സുഹറാട് പിന്നിലെ സീറ്റിൽ ഇരിക്കാനും വഴികാട്ടിയായ ആ മലയാളിയോട് മുൻസീറ്റിൽ ഇരിക്കാനും പറഞ്ഞു.
വണ്ടി വീണ്ടും ഓടിതുടങ്ങി. ഓരോ ജങ്ക്ഷൻ എത്തുമ്പോഴും ഇടത്തോട്ട്, പിന്നെ കുറെ കഴിയുമ്പോൾ പറയും വലത്തോട്ട്, പിന്നെ പറയും തെക്കോട്ട്.
എനിക്ക് കുറേശ്ശെ ദേഷ്യം വന്നു തുടങ്ങി. എല്ലാം ഉള്ളിൽ ഒതുക്കി. ഒരു മണിക്കൂർ ഓടിയിട്ടുണ്ടാവും. അവൻ വീണ്ടും അങ്ങോട്ട് ഇങ്ങോട്ട് എന്ന് പറയുന്നുണ്ടായിരുന്നു. ഒടുവിൽ ക്ഷമയുടെ നെല്ലിപ്പലക കണ്ടു തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു ‘അൽഹംദുലില്ല, യൂറേക്കാ. കണ്ടു പിടിച്ചു, എന്റെ സിദ്ധീക്കിന്റെ വസതി’
ഞാൻ വളരെ സൌമ്യനായി അവനോടു വിവരം പറഞ്ഞു.
അവനെ ഞാൻ തിരിച്ചു എത്രയോ കിലോമീറ്റർ ദൂരമുള്ള അവന്റെ ജോലിസ്ഥലത്ത് കൊണ്ട് ചെന്നാക്കി. അവൻ കാറിൽ നിന്നും ഇറങ്ങുമ്പോൾ ഞാൻ ചോദിച്ചു ‘അനിയാ നീ എത്ര നാളായി ദോഹയിൽ?’
അവന്റെ മറുപടി കേട്ടപ്പോൾ ഏറ്റവും ഉറക്കെ പൊട്ടിച്ചിരിച്ചത് എന്റെ ഭാര്യയായിരുന്നു.
‘ഞാൻ ആദ്യമായി ദോഹയിൽ എത്തിയത് മിനിഞ്ഞാന്നു ആണ്’
കൂട്ടത്തിൽ ഒന്ന് കൂടി അവൻ പറഞ്ഞു ‘മൻസൂറയിൽ എന്റെ അളിയൻകാക്ക ഉണ്ടായിരുന്നു. ഇപ്പോൾ മുന്തസ്സയിലേക്ക് മാറിയത്രെ. ഒന്ന് കൂടി കറങ്ങുകയായിരുന്നെങ്കിൽ അളിയൻകാക്കാനെ കാണായിരുന്നു’