Thursday, November 14, 2024
HomeLifestyleപൈതൃകം. (ജീവിതം)

പൈതൃകം. (ജീവിതം)

ഷെരീഫ് ഇബ്രാഹിം.
എന്റെ ഉപ്പ – ഇബ്രാഹിംകുട്ടി – എഴുതുവാൻ ഒരു പാടുണ്ട്. സപ്തസാഗരങ്ങളിലെ ജലം മഷിയായി എടുത്താലും മതിയാകാതെ വരും. ഇത് എന്റെ ഉപ്പ മാത്രമല്ല, ഇത്പോലെ ഒരു പാട് ഉപ്പമാർ, അച്ചന്മാർ, അപ്പന്മാർ ജീവിച്ചിരിക്കുന്നവരായും മരണപെട്ടവരായും ഉണ്ട്. അവർക്ക് ഈ ജീവിതകഥ ഞാൻ സമർപ്പിക്കുന്നു.
അന്ന് ഞാൻ ഹൈസ്കൂളിൽ പഠിക്കുമ്പോൾ വർഷത്തിൽ രണ്ട് തവണ ഫീസ്‌ അടക്കണം. OBC ആയത്കൊണ്ട് രണ്ടു രൂപ മുപ്പത് പൈസയാണ് ഒരു തവണത്തെ ഫീസ്‌. ഫീസ്‌ അടക്കാൻ വൈകിയാൽ പതിമൂന്ന് പൈസ ഫൈൻ അടക്കണം. എല്ലാ പ്രാവശ്യവും ഫൈൻ അടക്കേണ്ടിവന്നിട്ടുണ്ട്. ചോദിക്കുമ്പോൾ പൈസ ഉടനെ തന്നാൽ പണത്തിന്റെ വില മക്കൾ അറിയില്ല എന്നതാണ് ഒരു പ്രധാന കാരണം. അത് പോലെ തൃപ്രയാർ പോളിടെക്നിക്കിൽ പഠിക്കുമ്പോൾ കോളേജിൽ നിന്നെടുത്ത ലൈബ്രറി ബുക്ക്‌ കൈമോശം വന്നു.പരീക്ഷക്ക്‌ ഹാൾ ടിക്കെറ്റ് കിട്ടണമെങ്കിൽ ഒന്നുകിൽ ആ ബുക്ക്‌ വേണം. അല്ലെങ്കിൽ ഇരുപത്തഞ്ചു രൂപ അടക്കണം. അന്നത്തെ ഇരുപത്തഞ്ചു രൂപയുടെ ഇന്നത്തെ മൂല്യം കണക്കിന്നപ്പുറത്താണ്‌. ഒരു പാട് ശകാരങ്ങൾ പറഞ്ഞതിന്നുശേഷം, ജീവിതത്തിൽ ആദ്യമായി എനിക്ക് ലഭിച്ച HENRY SANDOZ വാച്ച് ഊരിവാങ്ങിയതിനു ശേഷമാണ് ആ പൈസ കിട്ടിയത്.
പത്താംതരം (SSLC) പരീക്ഷ കഴിഞ്ഞു സ്കൂൾ അടച്ച രണ്ടു മാസം ഉപ്പ നടത്തിയിരുന്ന കാട്ടൂർ സഹകരണ സംഘത്തിന്റെ റേഷൻ കട എന്നെ ഏല്പിക്കും. മാസം അറുപത് രൂപയാണ് സംഘം തരുന്ന ശമ്പളം. അത് എനിക്ക് എടുക്കാം. അങ്ങിനെ ചെറുപ്പം മുതലേ എന്നെ ജീവിതത്തിന്റെ പാഠങ്ങൾ പ്രാക്ടിക്കലായി പഠിപ്പിച്ചു തന്നു എന്റെ ഉപ്പ. ഒരുപക്ഷെ ഉപ്പാടെ തണലിൽ ഞാൻ വളരുകയായിരുന്നെങ്കിൽ ഇന്ന് ഞാൻ ഒന്നുമല്ലാതെ ആവുമായിരുന്നു. നേരെമറിച്ചു, അഴിച്ചു വിട്ട ഒരു പട്ടം കണക്കെ എന്നെ വളർത്തിയത്‌ കൊണ്ടാവാം ഇന്ന് ഞാൻ പട്ടിണി കൂടാതെ ജീവിക്കുന്നത് എന്ന് മനസ്സിലാക്കുന്നു.
ഒരു പാട് കച്ചവടങ്ങൾ നടത്തി, മാനസീകമായും ശാരീരികമായും വളരെയധികം കഷ്ടപ്പെട്ട്, സ്വയം പട്ടിണി കിടക്കേണ്ടി വന്നാലും മക്കളെ പട്ടിണിക്കിടാതെ വളർത്തിയ എന്റെ ഉപ്പ, മക്കളോട് സ്നേഹം പുറത്തുകാണിക്കാതെ ഉള്ളിൽ വെച്ച് നടക്കുന്ന ഉപ്പ. എന്നാൽ ഉപ്പാടെ ജീവിതകാലത്ത് ജനിച്ച ഒരേ ഒരു പേരകുട്ടിയെ, ഉപ്പ കടയില്ലാത്തപ്പോൾ സൈക്ലിന്റെ തണ്ടിലിരുത്തി പാടത്തിന്റെ വരമ്പിലൂടെ തള്ളികൊണ്ട് നടക്കുന്നതും കട അടച്ചു വരുമ്പോൾ ആ കുട്ടിക്ക് പലഹാരങ്ങൾ കൊണ്ട് കൊടുക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്.
അന്യസംസ്ഥാനങ്ങൾ കണ്ടിട്ടില്ലാത്ത, ഹിന്ദി അന്നും ഇന്നും എനിക്ക് വഴങ്ങാത്ത, എന്റെ ബോംബെയിലെ ലാഞ്ചി എജെന്റ് ആയ എടമുട്ടം പയച്ചോടുള്ള ഹമീദുക്കാടെ ബോംബെ അഡ്രസ്സും ലാഞ്ചിക്ക് കൊടുക്കേണ്ട എഴുനൂറ്റിയമ്പത് രൂപക്കുള്ള ഡ്രാഫ്റ്റും ആയിട്ടാണ് ഞാൻ ബോംബെയിലെ ദാദറിൽ വന്നിറങ്ങിയത്. യാത്ര പുറപ്പെടുമ്പോൾ ‘ബിസ്മില്ലാഹി തവക്കൽതു അല അള്ളാ (ദൈവത്തിന്റെ നാമത്തിൽ തുടങ്ങുന്നു, ദൈവത്തെ ഭരമേൽപ്പിക്കുന്നു)’ എന്ന പ്രാർത്ഥനയാണ് ഉപ്പ എന്നെ പഠിപ്പിച്ചു വിട്ടത്. കൂട്ടത്തിൽ ഉപ്പാടെ പൊരുത്തവും ഗുരുത്വവും. ഇരിങ്ങാലക്കുട കല്ലേറ്റുംകര റെയിൽവേ സ്റ്റെഷനിൽ ജനറൽ കമ്പാർറ്റുമെന്റിൽ സീറ്റ് ലഭിക്കാൻ ഉപ്പ ട്രെയിൻ സ്റ്റാർട്ട്‌ ചെയ്യുന്ന കൊച്ചിയിലെ മട്ടാഞ്ചേരിയിലേക്ക് പോയി അവിടെ നിന്ന് ബോംബെ ടിക്കെറ്റ് എടുത്തു സീറ്റിൽ ഇരുന്ന് കല്ലേറ്റുംകരയിൽ എത്തുമ്പോൾ ഇറങ്ങി ഞാൻ കയറി ആ സീറ്റിൽ ഇരിക്കും.
റിസർവേഷൻ സിസ്റ്റം അന്ന് ഇല്ലാത്തത് കൊണ്ടോ, അതല്ലെങ്കിൽ അതിന്നുള്ള പൈസ ഇല്ലാത്തത് കൊണ്ടാണോഎന്നറിയില്ല അന്ന് ഉപ്പ അത് ചെയ്തത് എന്നിനിക്കറിയില്ല. ദാദർ സ്റ്റെഷനിൽ ഇറങ്ങി കഷ്ടപ്പെട്ട് ഓരോരോത്തരോടും ചോദിച്ചു ഹമീദ്ക്കാടെ കടയിൽ എത്തി. അന്നെനിക്ക് പതിനെട്ട് വയസ്സ് പ്രായം. ഭാഷാപരിചയവുമില്ലാത്ത ഞാൻ അവിടെ എത്തിയതിൽ ഹമീദ്ക്കാക്ക് അത്ഭുതം. ‘മോനെ ഇത് ബോംബെ ആണ്. പണവും തലയും കാണില്ല.’ എന്നായിരുന്നു ഹമീദ്ക്കാടെ കമന്റ്.
കാട്ടൂർ പൊട്ടക്കടവ് പാലത്തിന്റെ കിഴക്കേ ഭാഗത്ത്‌ ഞങ്ങൾക്ക് കുറച്ചു നിലം (പാടം) ഉണ്ടായിരുന്നു. കൊയ്ത്തുകഴിഞ്ഞു നെല്ലിന്റെ കറ്റകൾ ഉന്തുവണ്ടിയിൽ കയറ്റി ജോലിക്കാർ തളളും. അവരെ സഹായിക്കാൻ ഉപ്പയും കൂടും. അപ്പോൾ ഉപ്പാടെ സൈക്കിൾ ഞാൻ ആദ്യം ഇടക്കാലിട്ടും പിന്നെ കുറച്ചു കയറിയും ചവിട്ടാൻ പഠിക്കും. ഉപ്പ സൈക്ലിന്റെ പിറകിൽ പിടിക്കും, ഞാൻ വിഴാതിരിക്കാൻ. പിന്നോട്ട് നോക്കെരുത് ഉപ്പ പിടിക്കുന്നുണ്ട് എന്ന് ഇടയ്ക്കിടെ ഉപ്പ പറയും. നീ വീഴില്ല, ഞാൻ പിടിച്ചിട്ടുണ്ട്, ധൈര്യമായി ചവുട്ടിക്കോളൂ എന്ന വാക്ക് ഇന്നും എന്റെ ജീവിതത്തിൽ ഞാൻ ഓർക്കുന്നു . ഇന്നും എന്റെ ജീവിതമാകുന്ന സൈക്കിൾ സവാരിയിൽ എന്തെങ്കിലും വീഴ്ച്ച വരുമോ എന്ന് തോന്നുമ്പോൾ ഉപ്പാടെ വാക്കുകൾ ഞാൻ ഓർക്കും.’മോനെ ശറഫൂ നീ ധൈര്യമായി മുന്നോട്ട് പൊയ്കോളൂ. വീണാൽ ഞാൻ പിടിക്കാം’.
പേർഷ്യയിലേക്ക് ലാഞ്ചിയിൽ പോയ ഞാൻ ആദ്യമായി തിരിച്ചു വന്ന് ഉപ്പാനെകെട്ടിപിടിച്ചപ്പോൾ ഉപ്പാടെ കണ്ണിൽ നിന്നും ഒരു നനവ്. ഉപ്പ കരയുകയോ. ആലോചിക്കാൻ വയ്യ. ‘ഉപ്പാ, ഉപ്പാടെ മോൻ രണ്ടു വർഷം പേർഷ്യയിൽനിന്നിട്ടും……..ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല…..’ ഞാൻ ഗദ്ഗദകണ്ടനായി പറഞ്ഞു.
‘അത് സാരമില്ല. ലാഞ്ചിയിൽ പോയ നീ ഒരു വിസ സംബാധിചില്ലേ. രണ്ടു വർഷം പോയെന്നല്ലെയുള്ളൂ. കാലം ഇനിയും ഇല്ലേ…’ അതാണ്‌ എന്റെ പോന്നുപ്പ. ഉപ്പാടെ വാക്കുകൾ ശെരിയായിരുന്നു എന്ന് കാലം പിന്നീട് തെളിയീച്ചു.
ഇന്ന് ഞാൻ ഉപ്പ സമ്പാദിച്ചതിനേക്കാൾ ഒരു പാട് മടങ്ങ്‌ സമ്പാദിച്ചിട്ടുണ്ട്, ഉപ്പ പഠിച്ച വിദ്യാഭ്യാസത്തേക്കാൾ ഒരു പാട് പഠിച്ചിട്ടുണ്ട്, ഉപ്പ കാണാത്ത ഒരു പാട് ലോക രാഷ്ട്രങ്ങൾ സന്ദർശിച്ചിട്ടുണ്ട്. പക്ഷെ, അതൊരു വലിയ പക്ഷേയാണ്. ഉപ്പാടെ മുന്നിൽ സമ്പാദ്യത്തിന്റെ കാര്യത്തിൽ ഇന്ന് ഞാൻ ഒരു ദരിദ്രനാണ്, അറിവിന്റെ കാര്യത്തിൽ ഞാൻ പാമരനാണ്, ലോകരാഷ്ട്രങ്ങൾ സന്ദർശിച്ച ഞാൻ കിണറ്റിലെ തവളയാണ്.
1974ൽ നവംബർ 17ന്ന് ആയിരുന്നു എന്റെ വിവാഹം. വിവാഹംകഴിഞ്ഞ് അധികം താമസിയാതെ ഭാര്യയെ അബൂദാബിക്ക് കൊണ്ട് വരാൻ ടിക്കെറ്റും വിസയും അയച്ചു. തൃശ്ശൂർ ടൌണ്‍ പോലും വിവാഹത്തിന്നു മുമ്പ് കണ്ടിട്ടില്ലാത്ത എന്റെ ഭാര്യക്ക് ബോംബെ വഴി ഫ്ലൈറ്റ് മാറികേറി അബുദാബിക്ക് വരാൻ ഒട്ടും ധൈര്യമില്ല. അന്നൊന്നും അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ഞാൻ വന്ന് ഭാര്യയെ കൊണ്ട് വരുന്ന സാമ്പത്തിക നഷ്ടം തുടങ്ങി പലതും ഉപ്പാട് പറയാൻ ഫോണ്‍ ട്രങ്ക് ബുക്ക്‌ ചെയ്തു. അന്നൊക്കെ ഫോണ്‍ലൈൻ പോയിരുന്നത് അബുദാബി – ബോംബെ (കടലിന്നടിയിലൂടെയുള്ള കേബിൾ), ബോംബെ-മദ്രാസ്‌-എറണാകുളം (റെയിൽപാളതിന്നടുത്തുകൂടെയുള്ള പോസ്റ്റിലൂടെയുള്ള കമ്പി), എറണാകുളം-ഇരിഞ്ഞാലക്കുട-കാട്ടൂർ (റോഡ്‌ സൈഡിലൂടെയുള്ള ലൈൻ).
ഇതിനിടെ എവിടെയെങ്കിലും മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ ട്രങ്ക് വീണ്ടും ബുക്ക്‌ ചെയ്യണം. മൂന്നു ദിവസത്തെ കാത്തിരിപ്പിന്നോടുവിൽ ഉപ്പാടെ റേഷൻകടക്ക് സമീപമുള്ള കാട്ടൂർ പഞ്ചായത്തിലേക്ക് ലൈൻ കിട്ടി. അന്നൊക്കെ പേർഷ്യയിൽ നിന്നും ഫോണിലൂടെ വളരെ ഉറക്കെ സംസാരിച്ചാലേ മനസ്സിലാക്കാൻ പറ്റൂ. ‘നീ വന്നു കൊണ്ട് പോയിക്കോ’ എന്ന് മാത്രമേ ഉപ്പ പറഞ്ഞുള്ളൂ. അങ്ങിനെ ഞാൻ നാട്ടിൽ വന്നു. തിരിച്ചു അബൂദാബിയിൽ എത്തി. കേവലം ആഴ്ചകൾ കഴിഞ്ഞപ്പോൾ എന്റെ ഉപ്പ മരിച്ചു. ഉപ്പാക്ക് എന്നെ അവസാനമായി കാണാനും എനിക്ക് ഉപ്പാടെ മരണത്തിനു മുമ്പ് അവസാനമായി കാണാനും ജഗന്നിദാവ് ചെയ്ത ഒരു പുണ്യമായും ഉപ്പയും ഞാനും തമ്മിലുള്ള ആൽമബന്ധത്തിന്റെ തെളിവായും ഇതിനെ ഞാൻ കാണുന്നു.
1976 ജനുവരി 24ന്നാണ് ഉപ്പ ഈ ലോകം വിട്ട് പോയത്. കാട്ടൂർ നെടുമ്പുരപള്ളിയുടെ കിഴക്കേ അരികിലുള്ള ഉപ്പാടെ കബറിടം സന്ദർശിക്കുമ്പോൾ എന്റെ ഹൃദയം ഇന്നും തുടിക്കാറുണ്ട്. ചുണ്ടനക്കി പ്രാര്‍ഥിക്കുന്നതിൽ കൂടുതൽ ഞാൻ മനസ്സിലാണ് പ്രാർത്തിക്കാറു. ‘എന്റെ ഉപ്പാടെ കബർ ജീവിതവും പരലോക ജീവിതവും സന്തുഷ്ടമാക്കട്ടെ. എന്റെ ഉപ്പാക്ക് മഗ്ഫിറത്തും മര്‍ഹമത്തും പ്രദാനംചെയ്യട്ടെ – ആമീൻ
————————————-
മേമ്പൊടി:
സൂര്യനായ് തഴുകിയുറക്കമുണർത്തുന്ന
അച്ഛനെയാണെനിക്കിഷ്ടം
ഞാനൊന്ന് കരയുമ്പോളറിയാതെ കരയുന്ന
അച്ഛനെയാണെനിക്കിഷ്ടം
RELATED ARTICLES

Most Popular

Recent Comments