ഷെരീഫ് ഇബ്രാഹിം.
അന്നും സാധാരണ പോലെ സൂര്യനുദിച്ചു. എന്നത്തേയും പോലെ സൂര്യനുദിച്ചപ്പോൾ സന്തോഷമല്ല ഉണ്ടായത്. ഈ സൂര്യന് ഉദിക്കാതിരുന്നു കൂടെ എന്ന് തോന്നി. സൂര്യനെ കല്ലെടുത്ത് എറിയാൻ തോന്നി. ഇന്നെന്നെ ജീവനോടെ കുഴിച്ചിടുന്ന ദിവസമാണ്. രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന ഒരു മാസത്തെ ലീവ് ഇന്ന് അവസാനിക്കുന്നു. ഇനി മണിക്കൂറുകൾ മാത്രം എന്റെ ഈ ലീവ് അവസാനിക്കാൻ. ഒരു മാസം പോയത് അറിഞ്ഞില്ല. അല്ലെങ്കിലും സന്തോഷദിനങ്ങളിൽ സമയത്തിന്റെ വേഗത കുതിരയുടെ വേഗത പോലെയാണ്. അല്ലാത്ത സമയത്ത് നേരെമറിച്ചും, ഒച്ച് ഇഴുയുന്ന പോലെ.
ഉപ്പാടെ അടുത്തേക്ക് ചെന്നു. കട്ടിലിൽ ശരീരം തളർന്ന് കിടക്കുകയാണ്. എണ്‍പത് വയസ്സ് കഴിഞ്ഞിട്ടുണ്ട്. മക്കൾക്ക് വേണ്ടി ശരീരം നോക്കാതെ ജീവിച്ച എന്റെ ഉപ്പ. ആലോചിക്കുമ്പോൾ മനസ്സ് വിങ്ങിപ്പൊട്ടുന്നു. ഉമ്മ മരിച്ചിട്ട് വർഷങ്ങളായി. എന്നിട്ടും വിവാഹം കഴിക്കാതെ ജീവിക്കുന്ന എന്റെ ഉപ്പ.
‘ഉപ്പാ, ഞാൻ ഇന്ന് ഗൾഫിലേക്ക് പോകുന്നു. ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം’.
ഞാൻ ഉപ്പാടെ കൈ പിടിച്ച് കരഞ്ഞ് കൊണ്ട് പറഞ്ഞു.
”മോനെ, നിങ്ങൾക്കെല്ലാവർക്കും നല്ലത് മാത്രം അല്ലാഹു തരട്ടെയെന്നു ഞാനെപ്പോഴും പ്രാർഥിക്കാറുണ്ട്.’
ദു:ഖം അണപൊട്ടിയൊഴുകി. അമ്പത്തിരണ്ട് വയസ്സായ ഞാൻ ഉപ്പാടെ അടുത്ത് കുറച്ചു നേരം കെട്ടിപ്പിടിച്ച് കിടന്നു.
ആരോ വന്ന് വിളിച്ചപ്പോഴാണ് എഴുനേറ്റത്. ഭാര്യയുടെയും മക്കളുടെയും മുഖത്ത് വലിയ ദു:ഖം.
പുറത്തേക്ക് ചെന്നപ്പോൾ അടുത്ത വീട്ടിലെ ആന്റണി.
‘താഹക്ക ഇന്ന് പോകുകയാണല്ലേ? സന്തോഷത്തിൽ പോവുക, അടുത്ത വരവിൽ കാണാം’.
ആന്റണിയെ ചായ കുടിക്കാൻ നിർബന്ധിച്ചു. കടയിൽ തിരക്കാണെന്ന് പറഞ്ഞു ആന്റണി പോയി.
സ്വന്തക്കാരെക്കാൾ സ്നേഹിക്കുന്ന നാനാജാതിമതസ്ഥരായ ജനങ്ങൾ.
എനിക്ക് സഹോദരന്മാർ ആരുമില്ല. മൂന്ന് സഹോദരിമാർ മാത്രം. ഉപ്പ കുറച്ചുനാൾ കുവൈറ്റിൽ ഉണ്ടായിരുന്നു. ഇറാക്ക് യുദ്ധത്തോടെ ഉപ്പ ഗൾഫ് ഉപേക്ഷിച്ചു. ഇപ്പോൾ സഹോദരിമാരുടെയെല്ലാം വിവാഹം കഴിഞ്ഞു.
‘മോനെ, ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണം. മറക്കരുത്’.
വളരെ വിഷമിച്ചു അകത്ത് നിന്ന് പുറത്തേക്ക് വന്ന ഉപ്പാടെ ശബ്ദം കേട്ടപ്പോൾ പുറത്തു സംസാരിച്ചു കൊണ്ടിരുന്ന ഞാൻ കസേരയിൽനിന്നും ചാടി എഴുനേറ്റു.
‘ഉപ്പാക്കും നമുക്കെല്ലാവർക്കും വേണ്ടി ഞാൻ എപ്പോഴും പ്രാർഥിക്കാറുണ്ട്. അത് പോലെ ഉപ്പ ഞങ്ങൾക്ക് വേണ്ടി പ്രാർഥിക്കണം’.
അത് പറഞ്ഞിട്ട് ഞാൻ ഉപ്പാട് ചോദിച്ചു. ‘ഉപ്പാക്ക് ഞാൻ എന്താണ് പേര്‍ഷ്യയില്‍ നിന്നും കൊടുത്തയക്കേണ്ടത്?’
അതിന്ന് ഉപ്പാടെ സ്ഥിരം മറുപടിയായിരുന്നു പറഞ്ഞത്.
‘നിങ്ങളുടെയൊക്കെ പ്രാർത്ഥന മാത്രം മതി’
അല്ലെങ്കിലും എന്റെ ഉപ്പ അങ്ങിനെയാണ്. ഒന്നും ആഗ്രഹിക്കാത്ത മനുഷ്യൻ. കഴിവുള്ള കാലത്ത് ഒരു പാട് കഷ്ടപ്പെട്ടു.
ഉപ്പ അകത്തേക്ക് പോയി. വീഴാതിരിക്കാൻ ഞാൻ ഉപ്പാനെ പിടിച്ചു. ഉപ്പാടെ കണ്ണിലേക്ക് ഞാൻ നോക്കി. നനവ് കണ്ടു.
റൂമിലേക്ക് നടക്കുമ്പോൾ ഉപ്പ ചോദിച്ചു. ‘നീ എന്റെ ചികിത്സക്ക് ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്, ചിലവ് ചെയ്തിട്ടുണ്ട്, പെങ്ങന്മാരെ കെട്ടിച്ചതും നീയാണ്. പൈസ തരാൻ എന്റെ കയ്യിൽ ഇല്ല. ആ കണക്ക് പറയുകയാണെങ്കിൽ എന്റെ വസ്തു വിറ്റ് നിനക്ക് തരാം.’
‘ഉപ്പയെന്താണീ പറയുന്നത്? ഞാൻ ഉപ്പാക്ക് ചിലവ് ചെയ്തത് കണക്കു പറയുകയോ? അത് മാത്രം ഉപ്പ പറയരുത്. അത്ര വൃത്തികെട്ടവനാണോ ഞാൻ?’
മൂത്ത പെങ്ങളും അളിയനും വന്നു. പെങ്ങൾ അകത്തേക്ക് എന്നെ കൊണ്ട് പോയി. എന്തോ സ്വകാര്യം പറയാനുണ്ടെന്ന് തോന്നുന്നു.
ചെന്നപാടെ പരിഭവങ്ങളുടെ ഭാണ്ഡക്കെട്ടഴിച്ചു
‘മോനെ താഹ, നീ എങ്ങിനെയെങ്കിലും അളിയനൊരു വിസ ഉണ്ടാക്കി പേർഷ്യയിലേക്ക് കൊണ്ട് പോണം. എനിക്ക് ഒരു സമാധാനവുമില്ല. പിന്നെ എന്റെ മകൾക്ക് കല്യാണാലോചന വരുന്നുണ്ട്. നിന്നെ കണ്ടിട്ടാണ് ഞങ്ങളൊക്കെ വാക്ക് കൊടുക്കുന്നത്.മറക്കരുത്’
അതെ മറക്കുന്നില്ല, ഞങ്ങൾ പ്രാവാസികൾ കറവപ്പശുക്കളാണല്ലോ എന്ന് മനസ്സിൽ പറഞ്ഞു.
ഒരു വിധം ആ പെങ്ങളെ സമാധാനിപ്പിച്ചയച്ചു.
എനിക്ക് സഹോദരന്മാരില്ലാത്തത് കൊണ്ട് മൂത്താപ്പാടെ മക്കളായിട്ടാണ് കൂടുതൽ ബന്ധം. മൂത്താപ്പാടെ ഒരു മകൻ ജബ്ബാർക്കയാണ് എന്നെ ഏറ്റവും കൂടുതൽസഹായിച്ചത്. പക്ഷെ മറ്റൊരു മകൻ അലി എന്നോടും കുടുംബത്തോടും ചെയ്ത ദ്രോഹങ്ങൾ ഒരുപാടുണ്ടായിരുന്നു. ഞങ്ങൾക്കോ അദ്ധേഹത്തിന്റെ സഹോദരങ്ങൾക്കോ ഒരു ഗുണവും ചെയ്തില്ലെന്ന് മാത്രമല്ല, ഒരു പാട് ഉപദ്രവങ്ങൾ ചെയ്തിട്ടുമുണ്ട്. ഒരിക്കൽ ഒരു ഹർത്താൽ ദിവസം ഗൾഫിലേക്ക് പോകുമ്പോൾ അലിക്ക അത് തടയാൻ വീടിന്നടുത്ത് വന്നു. ജബ്ബാർക്കയാണ് എന്നെ മോട്ടോർ സൈക്കിളിൽ നെടുമ്പാശേരിയിലേക്ക് കൊണ്ട് പോയത്.
പള്ളികമ്മറ്റിക്കാർ വന്നിട്ടുണ്ടെന്ന് മകൻ വന്ന് പറഞ്ഞു.
പുറത്ത് ചെന്നു. അവർക്ക് പള്ളിയിൽ വെച്ചിട്ടുള്ള രണ്ടു ക്ലോക്കുകളിൽ ഒന്ന് വര്‍ക്ക് ചെയ്യുന്നില്ലത്രെ. അതൊരെണ്ണം ഞാൻ വാങ്ങി കൊടുക്കണമെന്ന് പറയാനാണ് അവർ വന്നത്.
പള്ളിയിലെന്തിനാ ഒരേ സമയമുള്ള രണ്ട് വാച്ച് എന്ന് ചോദിക്കാൻ പോയില്ല. അവശ്യം നിറവേറ്റാമെന്നേറ്റു.
ആടിന്ന് ഭക്ഷണം കൊടുത്തില്ലല്ലോ എന്ന് അപ്പോഴാണ് ഓർമ വന്നത്. വേഗം തന്നെ ഒരു പാത്രം പിണ്ണാക്ക് കലക്കിയ കഞ്ഞിയുമായി പാടത്ത് കെട്ടിയ ആടിന്റെയടുത്തേക്ക് ചെന്നു.
‘മോളെ അമ്മൂ, ഞാൻ ഇന്ന് പോകാ, ഇനി രണ്ട് കൊല്ലംകഴിഞ്ഞിട്ട് കാണാം.’
സാധാരണ പെട്ടെന്ന് വെള്ളം കുടിക്കുന്ന ആട് വളരെ പതുക്കെയാണ് കുടിക്കുന്നത്. ഒരു പക്ഷെ ഞാൻ പോകുന്നതിന്റെ വിഷമം കൊണ്ടാവാം.
‘വാപ്പച്ചീ, വാപ്പച്ചിയെ കാണാൻ ഒരാൾ വന്നിട്ടുണ്ട്’
ആടിന് വെള്ളം കൊടുത്തിരുന്ന സ്ഥലത്ത് നിന്നും വീട്ടിലേക്കു ചെന്നു.
കുഞ്ഞുമ്മയാണ്. ‘മോനെ താഹാ, കുഞ്ഞുമ്മ കുറച്ചു എറച്ചിവരട്ടിയത് കൊണ്ടന്നിട്ടുണ്ട്. അത് എന്റെ മോൻ ശുക്കൂറിന്നു കൊടുക്കണം. നിനക്ക് വിഷമമാവൂലല്ലോ?’
വിഷമം ഉള്ളിലൊതുക്കി ഒരു വിഷമവുമില്ലെന്നു പറഞ്ഞു.അല്ലെങ്കിൽ തന്നെ കാലത്ത് ലഗേജ് തൂക്കം നോക്കിയപ്പോൾ കൊണ്ട് പോകാവുന്ന കൃത്യം തൂക്കം ഉണ്ട്.
ഇനി എന്ത് ചെയ്യും? ‘എനിക്കിഷ്ടപ്പെട്ട നെയ്യപ്പം നീ ഉണ്ടാക്കിയത് ലഗേജിൽ വെച്ചിട്ടുള്ളത് മാറ്റി ഈ ഇറച്ചി വെക്ക്’. ഭാര്യ സുലുവിനോട് വിവരം പറഞ്ഞു.
പാവം സുലു. ഇന്നലെ കഷ്ടപ്പെട്ട് ഉണ്ടാക്കിയ നെയ്യപ്പം മനമില്ലാമനസോടെ ബോക്സിൽ നിന്നും ഇറക്കി വെച്ചു.
‘വാപ്പച്ചിക്ക് ഇനി നാട്ടിൽ നിന്നൂടെ?’. ഇളയ മകന്റെ ചോദ്യം
‘ആഗ്രഹമില്ലാഞ്ഞിട്ടല്ല മോനെ, പക്ഷെ നമുക്ക് ജീവിക്കണ്ടേ, പ്രവാസിയുടെ പ്രയാസം നാട്ടിലുള്ള ബന്ധക്കാർക്ക് അറിയില്ല, അല്ലെങ്കിൽ അറിയാൻ ശ്രമിക്കില്ല, അതല്ലെങ്കിൽ അറിയാത്തപോലെ നടിക്കുന്നു. പണം കായ്ക്കുന്ന മരമാണ് പേർഷ്യ എന്നാണ് എല്ലാവരുടെയും വിചാരം’
താൻ എന്തൊക്കെയോ പറഞ്ഞു. മോന് മനസ്സിലായോ ആവോ.
‘ഇക്ക, സമയം രണ്ടു മണിയായി. ഭക്ഷണം കൊണ്ട് വെച്ചിട്ടുണ്ട്.’
സുലു വന്നുവിളിച്ചപ്പോഴാണ് സമയം വൈകിയല്ലോ എന്നോർത്തത്. നാല് മണിക്ക് എനിക്ക് എയര്‍പോര്‍ട്ടില്‍ പോകാൻ വണ്ടി വരും.
ഉപ്പാനെ പിടിച്ചു കൊണ്ട് വന്നു ഭക്ഷണ മേശക്കരുകിൽ ഇരുത്തി.
ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വരാറുള്ള എന്റെ കിങ്ങിണി പൂച്ച എന്റെ കാലിന്നടുത്തു വന്നു തലോടാൻ തുടങ്ങി. കുറച്ചു ഭക്ഷണം അതിന്നും കൊടുത്തു.
‘ഇനി നിന്റെ അടുത്ത വരവിൽ ഞാനുണ്ടാവുമെന്ന് തോന്നുന്നില്ല’.
ഭക്ഷണം കഴിച്ച് കൈ കഴുകി കൊണ്ടിരിക്കുമ്പോൾ ഉപ്പ പറഞ്ഞു.
‘അങ്ങിനെ പറയരുത് ഉപ്പ, പ്രായം നോക്കിയിട്ടല്ലല്ലോ മരണം’. അത്ര പറയാനേ എനിക്കായുള്ളൂ
മൂത്താപ്പാടെ മകൻ ജബ്ബാർക്കയും ഭാര്യ സാറത്തയും കാലത്ത് തന്നെ വന്നിട്ടുണ്ട്. അവരാണ് ഞങ്ങൾക്ക് ഏക ആശ്രയം.
ഉപ്പാടും മറ്റെല്ലാവരോടും യാത്ര പാഞ്ഞു. റൂമിലേക്ക് സുലുവിനെ വിളിച്ചു. ‘സുലൂ, ഞാൻ പോകുകയാണ്. ഉപ്പാടേം മക്കളുടെയും കാര്യം നീ ശ്രദ്ധിക്കണം. എന്ത് ആവശ്യമുണ്ടെങ്കിലും സാറത്താട് പറഞ്ഞാൽ മതി.’ വാക്കുകള്‍ എവിടെയോ മുറിഞ്ഞു.
എല്ലാം അവൾ മൂളി കേട്ടു. അവൾ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നു.
‘നീയെന്റെ ഭാര്യയായി വന്നത് നിന്റെ കഷ്ടകാലം അല്ലെ? ഞാനൊരുമുരടനായിപ്പോയി. ഒരു സുഖം എന്താണെന്ന് നീയും ഞാനും നമ്മുടെ മക്കളും അറിഞ്ഞിട്ടില്ല’. എങ്ങിനെയോ ദുഃഖം കടിച്ചമര്‍ത്തി പറഞ്ഞു.
പിന്നെ എന്തൊക്കെയോ പറഞ്ഞു. അവൾ എന്റെ തോളിൽ ചാരിക്കിടന്നു കരയാൻ തുടങ്ങി.
പുറത്ത് യാത്രയയക്കാൻ വന്ന ആളുകളുടെ സംസാരം കേട്ടപ്പോൾ പുറത്തേക്കിറങ്ങി.
‘പാസ്പോർട്ടും ടിക്കറ്റും എടുത്തില്ലേ?’. ജബ്ബാർക്ക ഓർമിപ്പിച്ചു.
ജബ്ബാർക്കാടെ അടുത്തെത്തി. എന്റെ എല്ലാമെല്ലാമായ ജബ്ബാർക്ക. കുറെനേരം കെട്ടി പിടിച്ച് കരഞ്ഞു. ‘ഇക്ക എന്റെ കയ്യിൽ നിന്നും എന്തെങ്കിലും തെറ്റ് വന്നിട്ടുണ്ടെങ്കിൽ ക്ഷമിക്കണം.’
‘ഇല്ല താഹ നീ ഒരു തെറ്റും ചെയ്തിട്ടില്ല.’ അത് പറഞ്ഞിട്ട് ജബ്ബാർക്ക തുടർന്ന് പറഞ്ഞു. ‘നീ ഇനി ഒന്ന്കൊണ്ടും പേടിക്കണ്ട. നിന്റെ ദേഹത്ത് ആർക്കെങ്കിലും ഒരു തരി മണ്ണിടാൻ എന്റെ മയ്യത്തിന്മേൽ നിന്നേ പറ്റൂ’
ആ വാക്ക് കേട്ടപ്പോൾ എനിക്ക് സമാധാനമായി. അത് കഴിഞ്ഞു സാറത്താട് പറഞ്ഞു. ‘സുലുവിനെ ഇത്താനെ ഏൽപ്പിക്കുന്നു.
അവളെന്റെ സ്വന്തം അനുജത്തിയാണ് എന്നാണു സാറത്ത അതിന് മറുപടി പറഞ്ഞത്.
‘ഇനി അധികം വൈകേണ്ട. നാല് മണിയായി. ട്രാഫിക് ബ്ലോക്കായാൽ പ്രശ്നമാണ്’
എന്നെ കൊണ്ട് പോകാൻ വിനുവേട്ടന്റെ ടാക്സി വന്നു.
കൃത്യസമയത്ത് എയർപോർട്ടിൽ എത്തി.
എയർപോർട്ടിൽ ഒരു പാട് ജനങ്ങൾ. ഗൾഫിൽ നിന്നും വരുന്നവരെ സ്വീകരിക്കാനെത്തുന്നവരുടെ മുഖത്ത് നല്ല സന്തോഷം. യാത്ര പോകുന്നവരുടെയും അവരെ പറഞ്ഞയക്കുന്നവരുടെയും മുഖത്ത് ദു:ഖം.
ഞാൻ മക്കളോടും സുലുവിനോടും ഒരിക്കൽ കൂടെ യാത്ര പറഞ്ഞ് എയർപോർട്ടിന്നുള്ളിലേക്ക് നടന്നു, തൂക്കികൊല്ലാൻ കൊണ്ട് പോകുന്നവനെ പോലെ……