മഞ്ചു വര്‍ഗ്ഗീസ്.
ഒരു സായാഹ്നം. കേരളത്തിലെ ചെറായി ബീച്ച്. അന്ന് ഒരുപാട് പേർ അവിടെ കുടുംബസമേതം എത്തിയിരുന്നു. ഒരല്പം വിശ്രമത്തിന്, ഉല്ലാസത്തിന്. അന്ന് പക്ഷെ മദമിളകിയ കൊമ്പനാന പോലെ കടലിടഞ്ഞു. കാലാവസ്ഥാ പ്രവചനങ്ങൾ കാറ്റിൽ പറത്തി, തിരകൾ രുദ്രഭാവം പൂണ്ടു. ആ തിമിർപ്പിൽ ഒരുപാട് ജീവനെ തിന്നൊടുക്കി. ചുറ്റുമുള്ള അനേകം വീടുകൾ ഒരു മന്ത്രവാദിനിയെ പോലെ തന്നിലേക്കാവാഹിച്ചു. പതുക്കെ കടൽ ശാന്തമായി.
ഒടുവിൽ അവശേഷിച്ചവർ ചങ്കു പറിഞ്ഞു കരഞ്ഞു അവളിലെ ഉപ്പിന്റെ അംശം കൂട്ടിക്കൊണ്ടിരുന്നു. ദുരിതാശ്വാസ ക്യാമ്പുകൾ ഉയർന്നു വന്നു. ആയിഷയും, മീനാക്ഷിയും, പീറ്ററുമെല്ലാം ഒരേ ക്യാംപിലേക്കു നഷ്ടങ്ങൾ സൃഷ്ടിച്ച പുതിയ സൗഹാർദ്ദവുമായി കടന്നു ചെന്നു. ഒരു പഴയ സ്കൂൾകെട്ടിടത്തിന്റെ ഹാളിൽ ആൾക്കാർ വിരി വിരിച്ചും, അല്ലാതെയും, ഇരിക്കുകയും, കിടക്കുകയും, വിലപിക്കുകയും ചെയ്തു.
വാർത്തകളിൽ എങ്ങും കടലാക്രമണവും അതിലെ നാശനഷ്ടങ്ങളും. പതിനഞ്ചു വയസ്സുകാരിയായ രേവതി വാർത്തകളിൽ നിറഞ്ഞു നിന്നു. അവളുടെ നിസ്സംഗമായ മുഖം എല്ലാ ചാനലുകളും എടുത്തു കാണിച്ചു. കാരണം, സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്ന അവൾക്ക് വീടും, മാതാപിതാക്കളും, രണ്ടു അനിയത്തിമാരും ഒരു സന്ധ്യ കൊണ്ട് നഷ്ടമായി. അവളുടെ മനസ്സിലും ആ ശൂന്യത സൃഷ്ടിച്ച അന്ധകാരം മാത്രമായിരുന്നു. മനസ്സിലെ സ്ലേറ്റിൽ അവളെഴുതിയ സ്വപ്നങ്ങളെല്ലാം കടലെന്ന മഷിത്തണ്ട് ഒരു പാട് പോലും അവശേഷിപ്പിക്കാതെ മായ്ച്ചു കളഞ്ഞിരുന്നു.
ദുരിതാശ്വാസക്യാമ്പിലേക്ക് സഹായത്തിന്റെ കരങ്ങളുമായി അനേകം സംഘടനകൾ എത്തി. ഇവയൊന്നും രേവതിയെ തൃപ്തിപ്പെടുത്തിയില്ല. ഓരോ ശബ്ദവും അവളിൽ ആ ഭീകരമായ സന്ധ്യയിലെ നിലവിളികളെ ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. അവളുടെ അനിയത്തിമാരുടെ കരച്ചിലും, അമ്മയുടെയും , അച്ഛന്റെയും വിളികളുമായി ഓരോ ശബ്ദവും പരിണമിച്ചു. അപ്പോൾ അവൾ കൂടുതൽ അസ്വസ്ഥയായി. വാർത്തയിലെ കുട്ടിയെ ആശ്വസിപ്പിക്കാൻ പലരും ശ്രമിച്ചു. രേവതി പക്ഷെ മറ്റേതോ ലോകത്തായിരുന്നു. അവൾ ചുറ്റും നോക്കി.
ക്യാംപിലെ കാഴ്ചകൾ അത്ര സുഖകരമായിരുന്നില്ല. രോഗങ്ങളും, മുറിവുകളും, മരണങ്ങളും സമ്മാനിച്ച നഷ്ടവിലാപങ്ങളുടെ ഒരു മനുഷ്യച്ചന്ത ആയിരുന്നു അവൾക്കത്. അവൾ ഒന്ന് ശ്രദ്ധിച്ചു. കുഞ്ഞിനെ പാലൂട്ടുന്ന അമ്മയും, ഭാര്യയെ ചേർത്ത് പിടിച്ചിരിക്കുന്ന ഭർത്താവും, മകനെ മടിയിലിരുത്തിയ അച്ഛനും അവളെ ബോദ്ധ്യപ്പെടുത്തി; വിധി ഒരാളെയെങ്കിലും അവർക്ക് കൂട്ടിനു നൽകിയെന്ന്. താൻ മാത്രം, ആരുമില്ലാതെ. ആ ബോദ്ധ്യം ഒരു നീരാളിയെപോലെ അവളെ വീണ്ടും ദുഃഖ കടലിലാഴ്ത്തി. സ്വന്തം കുടുംബത്തോട് ചേരാനുള്ള എന്തെന്നില്ലാത്ത ഒരു അഭിവാഞ്ഛ അവൾക്ക് തോന്നി. അവൾ ചുറ്റും നോക്കി.
എങ്ങനെ? എവിടെ? അപ്പോഴാണ് ഒരു വെള്ള അടിയിടുപ്പു മാത്രം ഇട്ട ഒരു കൊച്ചുമിടുക്കി കൈയിൽ ഒരു പാവക്കുട്ടിയുമായി അവളുടെ അരികിലേക്ക് വന്നത്. ഇളയ അനിയത്തി നിത്യയുടെ പ്രായം. അഞ്ചോ ആറോ വയസ്സ് .” ചേച്ചി, ഇത് കണ്ടോ. ഇതെന്റെ പുതിയ പാവക്കുട്ടിയാ” കൊഞ്ചി കൊഞ്ചി അവൾ പറഞ്ഞു. വേനലിലെ ആദ്യത്തെ മഴ പോലെ ആ കൊഞ്ചൽ രേവതി കേട്ടു. പക്ഷെ വൈകാതെ തന്നെ ആ കുളിർ നീരാവിയായി. യാഥാർത്ഥ്യം അവളെ വേട്ടയാടിക്കൊണ്ടിരുന്നു. രേവതിയുടെ തൂണിനോട് രണ്ടു തൂണപ്പുറം ചേർന്നിരുന്ന ഒരു മുത്തശ്ശി ആ കിലുക്കാംപെട്ടിയെ കൈകാട്ടി വിളിച്ചപ്പോൾ ആ മാലാഖ അവരുടെ അടുത്തെത്തി,” നല്ല പാവക്കുട്ടി ആണല്ലോ.
കൊച്ചിന്റെ പേര് എന്തുവാ?” മോണ കാട്ടി ചിരിച്ച മുത്തശ്ശിയോട് അവൾ കൊഞ്ചൽ ഒന്ന് കൂടി കൂട്ടി പറഞ്ഞു, “മൈന”. അങ്ങനെ, “മൈമുന” “മൈന” യായ് പാറി നടന്നു. രേവതിയുടെ ചിന്ത മുഴുവൻ മരണമെന്ന സ്വപ്നത്തെക്കുറിച്ചായി.. അപ്പോഴാണ്, അപ്രതീക്ഷിതമായി ഒരു പേനാക്കത്തി അവളുടെ കണ്ണിൽ പെട്ടത്. മനുഷ്യത്വവും, കാരുണ്യവും ഇപ്പോഴും ഭൂമിയിൽ അവശേഷിച്ചിട്ടുണ്ടെന്ന സത്യം ബോദ്ധ്യപ്പെടാൻ അവിടേക്കു പ്രവഹിച്ച ഭക്ഷണത്തിന്റെയും, വസ്ത്രങ്ങളുടെയും ഉയർന്നുപൊങ്ങിയ പെട്ടികൾ സാക്ഷ്യങ്ങളായ് നിലകൊണ്ടു..
അതിലേതോ ഒന്ന് തുറന്നിട്ട് ആരോ മറന്നു വച്ച കത്തി അവൾ ആരുടേയും ശ്രദ്ധയിൽ പെടാതെ പതുക്കെ കൈയിൽ എടുത്തു. പാവാടയുടെ ഞൊറിക്കുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ചു മുൻപോട്ടു നടന്നു.. പുറത്തു എവിടെയെങ്കിലും നോക്കാനായി അവൾ മുറിവിനിയും ഉണങ്ങാത്ത കാലുകളെ തനിക്കാകാവുന്ന വേഗത്തിൽ മുൻപോട്ടു വച്ചു കൊണ്ടിരുന്നു.ആ ഹാളിനപ്പോൾ വളരെ ദൂരം അനുഭവപ്പെട്ടു. ആ യാത്രയിൽ ആരൊക്കെയോ പറയുന്നത് അവളുടെ ചെവിയിൽ മുഴങ്ങി, ” കഷ്ടം, ആ കൊച്ചിന്റെ എല്ലാരും മരിച്ചൂട്ടോ.” തന്നെക്കുറിച്ചാണ് ആ സംഭാഷണം എന്ന് തോന്നിയപ്പോൾ അവളുടെ വേഗത കുറഞ്ഞു.
“അയ്യോടാ! അതൊന്നും അറിയാതെ ഇങ്ങനെ ചിരിച്ചും കളിച്ചും നടക്കണ കണ്ടില്ലേ. ഇപ്പൊ ആ പാവ മാത്രല്ലേ ഉള്ളു ആ കുട്ടിക്ക് സ്വന്തായിട്ട്. അത് പാവപ്പെട്ട വീട്ടിലെ കൊച്ചായ്ണ്ടാവും ടി.വി ലൊന്നും അതിനെ കാണിച്ചില്ലാത്രേ “.”ആ രണ്ടു കുട്ട്യോൾക്കല്ലേ എല്ലാരും പോയത്. എന്തൂട്ടാ പേര്, രേവതീം , മൈനേം അല്ലെ.. ആ കുട്ട്യോളെ ഏതോ കന്യാസ്ത്രീകൾ നടത്തണ സ്ഥാപനത്തില് എടുത്തു വളർത്താൻ പോണൂന്നാ കേട്ടെ. ബന്ധുക്കളാരും വന്നില്ലാത്രേ. പെങ്കുട്ട്യോളല്ലേ .
ബാദ്ധ്യതയല്ലേ! എന്തായാലും ഇപ്പ മതോല്ല്യ രാഷ്ട്രീയോല്ല്യ. എങ്ങനേം ജീവിച്ചാ മതീന ്നാ”. ഇത് കേട്ടപ്പോൾ ആരോ തടഞ്ഞത് പോലെ അവൾ നിന്നു. അത് മനസ്സിന്റെ ഒരു ഉൾവിളിയായിരുന്നു. നേരത്തെ തനിക്കു കുളിർമഴ നൽകിയ “മൈന”യും തന്നെ പോലെ തന്നെ.
ഒന്നുമറിയാതെ മൈന അപ്പോഴും അവിടെ ഓടിക്കളിക്കുകയായിരുന്നു. ആശുപത്രിയിൽ പോയ ഉമ്മയും ബാപ്പയും വരുമെന്ന കള്ളക്കഥ വിശ്വസിച്ച പൂമ്പാറ്റ. ഒളിച്ച ു വച്ച കത്തി അറിഞ്ഞോ, അറിയാതെയോ കൈ വിട്ടു പോയി. ഏതോ ഒരു അദൃശ്യകാന്തശക്തി അവളെ മൈനയിലേക്കു ചേർത്തു വച്ചു. “
വാ ചേച്ചി, നമുക്ക് പുറത്തു കളിക്കാം” . ആ കിളിക്കൊഞ്ചൽ ഇപ്പോൾ നിത്യയുടേതായി മാറിയ പോലെ അവൾക്ക് തോന്നി. എന്തിനു തന്നെ മാത്രം ഈ ഭൂമിയിൽ നിലനിർത്തി എന്ന രേവതിയുടെ മനസ്സിലെ ചോദ്യത്തിനു ഉത്തരം “മൈന”യുടെ നിഷ്കളങ്കമായ പുഞ്ചിരി മാത്രം ആയിരുന്നു.”എല്ലാം നഷ്ടപ്പെട്ടുവെന്ന അവസ്ഥയിലും വിശേഷപ്പെട്ട ഒരു മാണിക്യം ദൈവം ഒളിപ്പിച്ചു വച്ചിട്ടുണ്ടാകും. ചുരുക്കം ചിലർ മാത്രേ അത് കണ്ടെടുക്കൂ.”