മഞ്ജുള ശിവദാസ് റിയാദ്.
ചിത്തത്തെയസ്വസ്ഥമാക്കിയീ-
മറവിയെന്നോര്‍മ്മകളെരിച്ചിടുന്നല്ലോ…
സ്മരണകളിലോരോന്നു തപ്പിയെടുത്തു-
കൊണ്ടോരത്തു വക്കുമ്പൊഴേക്കും,-
അകമേ നിലാവുപെയ്യിച്ചിരുന്നോര്‍-
മ്മകളിലേറെയും ചാരമായ് പോയി..
മറവിയിലെരിഞ്ഞിടും സ്മരണകളി-
ലാദ്യമെന്‍ ഭൂതകാലം ഭസ്മമായി..
ഇനിയും പിറക്കാത്ത ഭാവിയൊരു-
ഭീതിയായ് സ്വസ്ഥത ഹനിച്ചിടുന്നിന്നേ…
കേള്‍വികളൊരവ്യക്ത ശബ്ദമായ്-
മാത്രമീ കാതുകളിലൂടൊഴുകിമറയാം…
കണ്മുന്നില്‍ മിന്നിമറയുന്ന ചലനങ്ങളായ്-
കാഴ്ച്ചകളുമിനിയര്‍ത്ഥശൂന്യം…
സ്വപ്നം പിറക്കാത്ത,ഭാവനകളുണരാത്ത-
സ്മൃതിശൂന്യമനമൊരു സ്മശാനം…
സ്മരണതന്‍ ചിതയെരിഞ്ഞുയരുന്ന-
വെണ്ണീറു ഗന്ധം പരത്തും സ്മശാനം…
ഒരുപകുതിയാമെന്‍റെയിണയുമെന്‍-
തനയരും ചിന്തകളില്‍നിന്നു മറയുന്നു…
ആയുസ്സിലിന്നോളമാര്‍ജിച്ചതൊക്കെയൊരു-
നിമിഷ വേഗം കൊണ്ടൊഴിഞ്ഞു…
മതിയെനിക്കീഭുവനവാസമെന്‍ വിഭുവേ-
ഭയമുള്ളിലേറിടുന്നല്ലോ…
മൃത്യുവൊരനര്‍ത്ഥമല്ലാശ്വാസമിനിയുമീ-
വിസ്മൃതിയിലലയുവതിനേക്കാള്‍