മഞ്ജുള ശിവദാസ് റിയാദ്.
വെറുപ്പിന്‍ കനല്‍നോട്ടമെയ്തെന്നെ നോവിച്ച-
കണ്ണുകളിലെന്തിനിന്നനുതാപ നീരുറവ?
ഇന്നോളമെന്നിലറപ്പു ദര്‍ശിച്ചവര്‍,ഇന്നെന്‍റെ-
മൃത്യുവുറപ്പാക്കി മാപ്പിരക്കുന്നുവോ?
ഉയിരുള്ള കാലത്തു ഭ്രഷ്ടുകല്‍പ്പിച്ചവര്‍-
ഇന്നെന്‍റെ ചത്ത ദേഹത്തെയുടപ്പിറപ്പാക്കുവോര്‍!!
നിര്‍ലജ്ജമിനിയുമീ പാഴ്മൊഴികളുരചെയ്തു-
പരിഹസിക്കാതെന്‍റെ മൃതശരീരത്തെയും.
ഇനിയെന്നെ പിന്തുടര്‍ന്നീടരുത്,,നിങ്ങളെ-
ന്നാത്മാവിനെങ്കിലും ശാന്തിതരികാ…
അവസാന പട്ടിണിക്കോലമല്ലീഞാന്‍-
അനീതികള്‍ക്കവസാനയിരയുമല്ലാ…
ഉച്ചനീചത്വങ്ങളതിരിട്ടകറ്റിയ,-
സ്വപ്നങ്ങളില്ലാത്ത നരജാതികള്‍ക്കായ്,
ഇനിയും മരിക്കാത്തവര്‍ക്കു ജീവിക്കുവാന്‍-
ഉയിരിന്നു കൂട്ടായ പാട്ടുകെട്ടീടുക.