Thursday, June 20, 2024
HomeLiteratureകല്ല്യാണവും വെടിക്കെട്ടും. (അനുഭവ കഥ)

കല്ല്യാണവും വെടിക്കെട്ടും. (അനുഭവ കഥ)

കല്ല്യാണവും വെടിക്കെട്ടും. (അനുഭവ കഥ)

മിലാല്‍ കൊല്ലം.
നാട്ടിൽ വന്ന് നിന്നപ്പോൾ ചില കല്ല്യാണങ്ങളിൽ പങ്കെടുത്തു. ഈ യുവതലമുറയിലെ പിള്ളാർ കാട്ടിക്കൂട്ടുന്ന ചില പരിപാടികൾ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നി പോകും.
കല്ല്യാണ ചെറുക്കനും പെണ്ണും സദ്യ കഴിയ്ക്കുമ്പോൾ ആ ഇലയിൽ വെള്ളം കൊണ്ട്‌ ഒഴിക്കുക. ഒടുവിൽ അത്‌ കഴിയ്ക്കാൻ പറ്റാത്ത രീതിയാക്കുക. പെണ്ണും ചെറുക്കനും ഭക്ഷണം കഴിയ്ക്കുന്ന ഇലയിൽ മാത്രമല്ല ആ വരിയിൽ ഇരിക്കുന്നവരുടെ എല്ലാവരുടെയും ഇലയിൽ വെള്ളം ഒഴിക്കുന്നു. അന്യ ഒരാളുടെ ഭക്ഷണത്തിൽ വെള്ളം ഒഴിച്ചാൽ സ്വാഭാവികമായും അടി ഉറപ്പാണു.
പിന്നീട്‌ ചെറുക്കന്റെ സ്വഭാവ രീതികൾ എഴുതിയ ബോർഡുകൾ പടം അടക്കം. ആഡിറ്റോറിയത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിക്കുക. പുറത്ത്‌ ആരും അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും അറിയിക്കുക ഇതൊക്കേ ആണു.
എന്നാൽ എന്റെ ചെറുപ്പകാലത്ത്‌ ഞങ്ങളുടെ ഒരു സംഘം ചെയ്യുന്ന ഒരു പണിയുണ്ടായിരുന്നു. കല്ല്യാണ പന്തലിൽ കേട്ടു നടക്കുമ്പോൾ ചെറുക്കന്റെ സുഹൃത്തുക്കൾ വെളിയിൽ ഒരു പൈസ പിരുവ്‌ നടത്തും. എന്തിനെന്നു വച്ചാൽ ചെറുക്കന്റെ വീട്ടിൽ അന്ന് രാത്രി ഒരു ചെറിയ വെടിക്കെട്ട്‌ ഉണ്ടായിരിക്കും. അതിനുള്ള പിരുവെടുപ്പാണു. അതും അടുത്ത സുഹൃത്തുക്കളിൽ നിന്ന് മാത്രം.
എനിക്കറിയാം ഒരണ്ണന്റെ കല്ല്യാണത്തിന്റെ അന്ന് ആ അണ്ണൻ പറഞ്ഞതാണു. ഡേയ്‌ രാത്രിയിൽ വെടിയൊന്നും പൊട്ടിയ്ക്കരുത്‌. ഒന്നാമത്‌ അഛനു രണ്ട്‌ അറ്റാക്ക്‌ വന്നിരിക്കുകയാണു. പോരാത്തതിനു ഒന്നല്ല രണ്ട്‌ ആട്‌ പ്രസവിക്കാൻ നിൽക്കുന്നു എന്നൊക്കേ. എന്നിട്ടും പൊട്ടിച്ചു.
ഒരു കല്ല്യാണത്തിനു എനിയ്ക്ക്‌ പോകാൻ കഴിഞ്ഞില്ല. വീട്ടിൽ നിന്ന് അമ്മ പോയിരുന്നു. രാത്രി ഞാൻ ജോലി കഴിഞ്ഞു വന്ന് ഭക്ഷണം കഴിച്ചിട്ട്‌ കിടന്ന് ഉറക്കമായി. ഒരു പന്ത്രണ്ട്‌ മണി ആകും. പട പടാന്ന് പടക്കം പൊട്ടി തുടങ്ങി. എനിയ്ക്ക്‌ ഈ കല്ല്യാണക്കാര്യം ഓർമ്മയില്ലായിരുന്നു. ഞാൻ പെട്ടന്ന് ഉണർന്നിട്ട്‌ ചോദിച്ചു ഇതെവിട പടക്കം പൊട്ടുന്നത്‌. പെട്ടന്ന് അമ്മ പറഞ്ഞു നീ കിടന്ന് ഉറങ്ങ്‌. അത്‌ ഇന്നയിടത്ത്‌ ഇന്നയാളിന്റെ കല്ല്യാണം ആയിരുന്നു. അതാണു പറഞ്ഞത്‌ മിയ്ക്കവാറും ആൾക്കാർക്ക്‌ അറിയുമായിരുന്നു. ഇന്ന് രാത്രി വെടിക്കെട്ട്‌ ഉണ്ടാകും എന്ന്.
മറ്റൊരു സുഹൃത്തായ അണ്ണന്റെ കല്ല്യാണം. അന്ന് ഭയങ്കര വെടിക്കെട്ടായിരുന്നു. അടുത്ത ദിവസം കല്ല്യാണ ചെറുക്കൻ വന്ന് പറഞ്ഞു. ഇന്നലത്തേ വെടിക്കെട്ടിൽ രണ്ട്‌ നഷ്ടങ്ങൾ ആണു. അതൊന്ന് പരിഹരിച്ചേക്കണം.
1, ദൂരേ സ്ഥലത്ത്‌ നിന്ന് വന്ന അവരുടെ സ്വന്തത്തിൽ പെട്ട ഒരു പയ്യൻ ആ വീട്ടിലെ ചായിപ്പിൽ (ഓല കൊണ്ട്‌ കേട്ടിയ) കിടന്ന് ഉറങ്ങുകയായിരുന്നു. പെട്ടന്ന് പടക്കം കേട്ടിട്ട്‌ എങ്ങോട്ട്‌ ഓടണം എന്ന് അറിയാൻ വയ്യ. ചായിപ്പിന്റെ വാതിലും കാണാൻ വയ്യ. അവൻ ചെറ്റയും പൊളിച്ചു കൊണ്ട്‌ ഇറങ്ങി ഓടി. അത്‌ കേട്ടിക്കൊടുക്കണം.
2, അന്നൊക്കേ ഞങ്ങളുടെ നാട്ടിൽ മരമടി മൽസരം നടക്കുന്ന കാലമാ. അങ്ങനെ അവിടെയുള്ള ഒരു കൃഷിക്കാരൻ മരമടി മൽസരത്തിൽ പങ്കെടുപ്പിക്കാൻ രണ്ട്‌ നല്ല മിടുക്കുള്ള കാളകളെ ദൂരേന്ന് കൊണ്ട്‌ വന്നു. ഈ കാളകളെ കല്ല്യാണ വീടിനു കുറച്ച്‌ ദൂരേ കേട്ടിയിരിക്കുകയായിരുന്നു. രാത്രി പടക്കം പൊട്ടൽ കേട്ടതും ഈ രണ്ട്‌ കാളകളും കയറും പൊട്ടിച്ച്‌ ഓടി. അതിനെ പിടിച്ചും കൊടുക്കണം.
പടക്കം പൊട്ടിക്കലിന്റെ ഒരു ആശാൻ. അദ്ദേഹത്തിന്റെ കല്ല്യാണം ആയപ്പോൾ പറഞ്ഞു. നിങ്ങൾ പടക്കം പൊട്ടിയ്ക്കും എന്ന് പറഞ്ഞ്‌ എനിയ്ക്ക്‌ ഒരു പേടിയുമില്ല. നിങ്ങളെ പോലെ കല്ല്യാണം കഴിഞ്ഞ്‌ രാത്രി എന്റെ വീട്ടിൽ അല്ല. ഞങ്ങളുടെത്‌ കല്ല്യാണം കഴിഞ്ഞാൽ അങ്ങ്‌ പെണ്ണിന്റെ വീട്ടിൽ ആണു. അവരുടെ വീട്‌ ഒരുപാട്‌ ദൂരേ ആയതു കൊണ്ട്‌ നിങ്ങൾ എന്തായാലും അവിടെ വരില്ലല്ലോ? എന്തിനു പറയുന്നു. ടെംബോ വാൻ പിടിച്ച്‌ അതിൽ നിറയേ ആളുമായി അവിടെ കൊണ്ട്‌ പൊട്ടിച്ചിട്ട്‌ തിരിച്ച്‌ പോണു.
ഒരണ്ണന്റെ കല്ല്യാണത്തിന്റെ അന്ന് രാത്രി മാലപ്പടക്കവും ഗുണ്ടും മറ്റും പൊട്ടിച്ചിട്ട്‌ തിരിച്ച്‌ പോകുമ്പോൾ അയൽ വാസികൾ പറയുന്നു. തീർന്നെന്നു തോന്നുന്നു. എല്ലാവരും തിരിച്ചു പോകുന്ന ശബ്ദം കേൾക്കുന്നു. അപ്പോൾ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരാൾ ഉറക്കേ പറഞ്ഞു തീർന്നില്ല ഇനിയും ഉണ്ട്‌ ഉടൻ വരും. അത്‌ സത്യം ആയിരുന്നു. അന്ന് നേരം വെളുക്ക വെളുക്ക പടക്കം പൊട്ടിപ്പായിരുന്നു.
RELATED ARTICLES

Most Popular

Recent Comments