ജോസിലിന്‍ തോമസ്. ഖത്തര്‍
എന്താണ് പരിഷ്കൃത സമൂഹത്തിന്റെ ലക്ഷണം. പണക്കാരന്റെ എന്ത് തോന്ന്യാസങ്ങള്‍ക്കും കുടപിടിക്കുകയും പാവപ്പെട്ടവന്റെ നേരെ കുതിരകയറുകയും വേണ്ടി വന്നാല്‍ അവനെ കൊല്ലുകയും ചെയ്യുന്നതാണോ ?. അങ്ങനെയാണെങ്കില്‍ അങ്ങനെയുള്ള പരിഷ്കൃത സമൂഹത്തിന്റെ ഭാഗമാകാന്‍ ഇനി മുതല്‍ ഞാന്‍ എന്ന വ്യക്തി ഉണ്ടായിരിക്കുകയില്ല. ആദിവാസി സമൂഹത്തിന്റെ അവകാശങ്ങളുടെ പുറത്ത് ചവിട്ടി നിന്നു കൊണ്ട് സുഖിച്ച് ജീവിക്കുന്ന നമ്മള്‍ക്ക് അവരെ അപരിഷ്കൃതരെന്ന് വിളിക്കാന്‍ എന്ത് യോഗ്യതയാണുള്ളത് ?. വളരെ നിഷ്ക്കളങ്കരായ ആദിവാസികളുടെ കാടും സമ്പത്തും ആദ്യം നമ്മള്‍ തന്ത്രപൂര്‍വ്വം കൈയ്യേറി. അതും പോരാഞ്ഞിട്ട് ആദിവാസിക്ഷേമത്തിനെന്ന പേരില്‍ ഒഴുക്കിയ കോടികള്‍ അവരിലേക്ക് എത്തിക്കാതെ പലരും ധൂര്‍ത്തടിച്ചു. ഇതിന്റെ എല്ലാം ഫലമായി ഒരിക്കലും മെച്ചപ്പെട്ട ജീവിത നിലവാരത്തിലേയ്ക്ക് എത്തിപ്പെടാന്‍ കഴിയാതെ ആ പാവങ്ങള്‍ ജീവിക്കുന്നു. പേരില്‍ മാത്രം മധു ഉള്ള ജീവിതത്തില്‍ കയ്പ്പ് അനുഭവിക്കാന്‍ മാത്രം വിധിക്കപ്പെട്ട ഒരു പാവം ആദിവാസിയുവാവ് . വയറ് വിശന്നിട്ട് അല്പം അന്നം മോഷ്ടിച്ചപ്പോള്‍ അടിക്കാന്‍ ക്രൂരന്മാരെ നിങ്ങള്‍ക്ക് എങ്ങനെ കൈ പൊങ്ങി ?. മധുവിന്റെ ജീവന്‍ തിരിച്ച് കൊടുക്കാന്‍ നമ്മള്‍ക്ക് ആവില്ല.
പക്ഷേ, മധുവിന്റെ ജീവന്‍ എടുത്ത ദുഷ്ടജന്മങ്ങള്‍ക്ക് പരമാവധി ശിക്ഷ വാങ്ങി കൊടുക്കാന്‍ നമ്മള്‍ക്ക് കഴിയും. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ കടുത്ത ശിക്ഷ സഹായിക്കും. ഈ അവസരത്തില്‍ നാം ചിന്തിക്കേണ്ട ഒരു കാര്യം കൂടി ഉണ്ട്. ഓരോ കുടുംബത്തില്‍ നിന്ന് വരുന്ന വ്യക്തികള്‍ ചേര്‍ന്നാണ് സമൂഹം രൂപപ്പെടുന്നത്. ഓരോ കുടുംബത്തിലും പകര്‍ന്നു കൊടുക്കപ്പെടേണ്ട മാനുഷിക മൂല്യങ്ങളുടെ അഭാവമല്ലേ ഇതുപോലെ നിന്ദ്യമായ പ്രവൃത്തികള്‍ ചെയ്യാന്‍ ചിലരെ പ്രേരിപ്പിക്കുന്നത്. അതിനാല്‍ നമ്മുടെ കുട്ടികളെ പഠിക്കാന്‍ മാത്രമുള്ള ഉപകരണങ്ങളായി കാണാതെ മറ്റുള്ള മനുഷ്യരുടെ വേദനകളില്‍ പങ്ക് ചേരാനും സഹായിക്കാനും സന്മനസുള്ള ഉത്തമ വ്യക്തികളായി വളര്‍ത്താന്‍ നമുക്ക് ഓരോര്‍ത്തര്‍ക്കും പരിശ്രമിക്കാം…. (ലേഖനം:- ജോസിലിന്‍ തോമസ്, ഖത്തര്‍)