മഞ്ജുള ശിവദാസ് റിയാദ്.
നിണമൊഴുക്കി പകപെരുപ്പിച്ചവര്‍-
നേട്ടമെണ്ണുന്നു കുരുതിക്കളത്തിലും,
പുലരിയിരുളിലാഴ്ത്തിക്കൊണ്ടു പിന്നെയും-
തെരുവുനരശ്വാനരിരകളെ തേടുന്നു.
പല കുടുംബത്തിനത്താണി പിഴുതെ-
റിഞ്ഞാശ്രിതര്‍ക്കന്ധകാരം വിധിക്കുന്ന,
രുധിരതാണ്ഡവം തുടരുവാനാഹ്വാന-
മേകിടും നേതൃപുംഗവര്‍ക്കറിയുമോ?-
പുത്രനഷ്ടം വരുത്തുന്ന വ്യഥയി-
ലുരുകിയസ്തമിച്ചീടുന്ന ജനനിയെ!
പതിവിയോഗഫലമാകുന്ന ശൂന്യത-
യിലേകരാകുന്ന പെണ്‍ജീവിതങ്ങളെ!..
പുതിയ പുലരിപ്രതീക്ഷകളാകേണ്ട-
ഇളമുറക്കാര്‍ക്കനാഥത്വമേകിയിട്ടിനി-
യുമീ പോര്‍വിളിക്കായ് മുതിര്‍ന്നിടും-
കെട്ടകാല കെടുതിസന്താനങ്ങള്‍.
ധരണിയില്‍ നരജാതരായ് പോയെന്ന-
വിധിയിലിത്രമേല്‍ കഷ്ടം സഹിക്കുന്ന,
ഇഴഞ്ഞു ശിഷ്ടകാലം കഴിക്കേണ്ടവര്‍,
ഇരുളില്‍ തപ്പുന്ന ജീവിതബാക്കികള്‍.
രക്തസാക്ഷിയെന്നൂറ്റം പറഞ്ഞിടാന്‍-
ഉറ്റവര്‍ക്കെങ്ങിനാവുമെന്‍ കൂട്ടരേ?
ഇനിയുമെത്രപേര്‍ വെട്ടേറ്റൊടുങ്ങണം-
നിദ്ര ഭാവിക്കും നീതിയൊന്നുണരുവാന്‍!!