മധു വി മാടായി.
ശ്യാമമേഘങ്ങളേ പോരൂ
മണ്ണിന്റെ മാറിൽ കുളിരായ് പെയ്ത് നിറയാൻ
കാടുകൾ തളിർക്കാൻ;പുൽക്കൊടിയുണരാൻ
പെയ്തൊഴിഞ്ഞുള്ളം കുളിർക്കാൻ !
പുഴ നിറഞ്ഞൊഴുകുമ്പോൾ
കരയെ പുണരുമ്പോൾ
മണ്ണിനുമുന്മാദമുണരും
പൂവിടും പ്രകൃതിതൻ സൗന്ദര്യലഹരിയിൽ
തേൻ തേടിയെത്തും മോഹങ്ങൾ !
ചിലമ്പിന്റെ താളം കേൾക്കാം; കാറ്റു വന്ന-
രയാൽ ചില്ലകൾ കിലുക്കുമ്പോൾ
തേനോലും ചുണ്ടിലെ പാട്ടുമായ് വന്നെത്തും
പൂവണ്ടേ കരിമേഘ കറുപ്പണിഞ്ഞോനീ !
ഇടംവലം തിരിഞ്ഞാൽ;ഇടവഴി താണ്ടിയാൽ
എത്തുമാ വയൽ വരമ്പിൽ
വെയിൽച്ചൂടിലുരുകുന്ന പൂ തുമ്പകൾ
കൊതിക്കുന്നു മഴയുടെ താളം കേൾക്കാൻ !