മിലാല്‍ കൊല്ലം.
ചില കാര്യങ്ങൾ അങ്ങനെ ആണു. പറഞ്ഞാലും നടക്കും. പറഞ്ഞില്ലെങ്കിലും നടക്കും.
കുറേ വർഷങ്ങൾക്ക് മുൻപാണു. അന്നോക്കേ സാധാരണമാണു രാത്രി കാലങ്ങളിൽ മറ്റുള്ളവരുടെ പുരയിടത്തിലെ തെങ്ങിൽ നിന്ന് കരിയ്ക്ക് അടർത്തി വെട്ടി കുടിക്കുക. പിന്നൊരു കാര്യമുണ്ട്. ഈ സംഘത്തിൽ പുരയിടത്തിന്റെ ഉടമസ്ഥന്റെ മകനോ ആരെങ്കിലും കാണും.
പകൽ കരിക്ക് അടത്തുന്നത്.
എന്റെ ഒരു കൂട്ടുകാരനും അയാളുടെ അനുജനും പിന്നെ ഞങ്ങളും കൂടി അവരുടെ വീടിനു തെക്കുവശമുള്ള അവരുടെ തന്നെ പുരയിടത്തിലെ തെങ്ങിൽ നിന്ന് കരിക്കടക്കും. കരിക്കിന്റെ കൊലയോടെ വെട്ടിയിടും. ഇത് താഴ വീഴുമ്പോൾ ശബ്ദം കേൾക്കാതിരിക്കാൻ വളരെ ഉച്ചത്തിൽ കിടന്ന് ഒരു നിലവിളി ആണു. എന്തോ സംഭവിച്ചു എന്ന് കരുതി ഓടിക്കൂടിയ ആൾക്കാരും ഉണ്ട്.
ഒരിക്കൽ ഞാൻ വെൺപാലക്കര ഒരു കല്ല്യാണത്തിനു പോയി. അന്ന് രാത്രി അവിടെ തങ്ങിയപ്പോൾ കരിക്ക് അടർത്തലിലും കൊണ്ട് ഇറങ്ങി വരുന്നതിലും വിദക്തനായ ഒരുവനെ കണ്ടു. എന്നു മാത്രമല്ല. ഇവൻ നിമിഷങ്ങൾക്ക് അകം കരിക്ക് കടിച്ച് പൊതിച്ച് കയ്യിൽ തരും. അതാണു.
അങ്ങനെ ഒരു ദിവസം രാത്രി രണ്ടുപേർ എന്റെ വീടിന്റെ പടിഞ്ഞിറ്റതിൽ വിഷ വൈദ്യരുടെ വീടിനു മുന്നിൽ വന്നപ്പോൾ. വിഷവൈദ്യരുടെ വീടിനു പിറകിലെ പുരയിടത്തിൽ കരിക്ക് വെട്ടുന്ന ശബ്ദം കേട്ടു. ഇവർ എന്ത് ചെയ്തു എന്ന് വച്ചാൽ റോഡിൽ കിടന്ന പാറ കഷണങ്ങൾ പറക്കി രണ്ടു പേരുടെയും മുണ്ടിന്റെ മാറാപ്പിൽ ശേഖരിച്ചിട്ട്. മാറി നിന്ന് കരിക്ക് വെട്ടുന്ന ഭാഗത്തേയ്ക്ക് എറിയാൻ തുടങ്ങി. അപ്പോഴേക്കും അവിടുന്നു വിളി വന്നു. എറിയാതട ഇത് ഞങ്ങളാ ഞങ്ങൾ.
അപ്പോഴേക്കും എറി നിറുത്തി എന്ന് മാത്രമല്ല ശബ്ദം കേട്ട് ഞങ്ങൾ എല്ലാം എഴുന്നേറ്റു. ഞങ്ങൾ പടിഞ്ഞിറ്റതിൽ വിഷ വൈദ്യരുടെ വീട്ടിലോട്ട് ചെല്ലുമ്പോൾ. വൈദ്യരും മകനും ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് കതകും തുറന്ന് പുറത്തേ ലൈറ്റും ഇട്ട് നിൽക്കുകയാണു. ആറു ആറരയടി നീളമുള്ള അദ്ദേഹം ഒരു കൈ ഇടത്തേ ഇടുപ്പിലും കൊടുത്ത് വലതു കൈ വലത്തേ കട്ടളയിലും. ഇടതു കാൽ മടക്കി വലതു കാലിന്റെ മുട്ടിൽ കൊള്ളിച്ച് പുറത്തോട്ട് നോക്കി ഒറ്റ നിൽപ്പാണു.
വൈദ്യർക്ക് പ്രായാധിക്യം കൊണ്ട് കണ്ണിനു കാഴ്ച്ച കുറഞ്ഞിട്ടുണ്ട്. ആദ്ദേഹത്തിന്റെ ആവത് കാലമായിരുന്നു എങ്കിൽ ഒരുത്തനും തിരിച്ച് പോകുമായിരുന്നില്ല. വൈദ്യർക്ക് അടി തടയും വർമ്മ കുത്തും മറ്റും അറിയാവുന്ന ആളായിരുന്നു.
ഇതിനിടയ്ക്ക് കരിക്ക് വെട്ടിക്കൊണ്ടിരുന്ന ഒരാളിനു വീട്ടിൽ പോകണം. പക്ഷേ വൈദ്യരുടെ മുന്നിലൂടെ വേണം പോകാൻ. എന്നാൽ വൈദ്യർ അകത്ത് കയറി കതക് അടയ്ക്കുന്നതും ഇല്ല.
ഈ വിരുതൻ എന്ത് ചെയ്തു എന്ന് വച്ചാൽ അരിവ് പിടിച്ച് വന്നിട്ട് ഒരു കല്ലെടുത്ത് വൈദ്യരുടെ ജനൽ പാളിയിലെ പലകയിലെയ്ക്ക് ഒറ്റയെറി വച്ചു കൊടുത്തു.
വൈദ്യർ അവിടെ നിന്ന് കൊണ്ട് ഒരു പ്രഖ്യാപനം അങ്ങ് നടത്തി. ഈ കല്ലെറിഞ്ഞവൻ ആരായാലും നാളെ രാവിലെ എന്റെ അടുത്തു വരും തീർച്ച എന്ന് പറഞ്ഞ് മകനെയും കൂട്ടി അകത്ത് കയറി കതക് അടച്ച് ലൈറ്റും അണച്ചു.
എന്നത്തേയും പോലേ നേരം വെളുത്തു. രാവിലെ ഞങ്ങൾ കടയിൽ പാൽ കൊടുക്കാൻ പോകുന്നു. വിഷവൈദ്യരച്ചാച്ചന്റെ വീടിനു മുന്നിലെത്തിയപ്പോൾ അങ്ങോട്ട് ഒന്ന് നോക്കി.
അപ്പോൾ അവിടെ ഒരാളും അയാളുടെ രക്ഷകർത്താവും ഇരിക്കുന്നു. ഇരിക്കുന്ന ഒരാളിന്റെ കൈ പാമ്പ് പത്തി വിടർത്തി നിൽക്കുന്ന പോലെ പിടിച്ചിരിക്കുന്നു. എന്തെണ്ണാ എന്ന് ചോദിച്ചപ്പോൾ പറഞ്ഞു ഇന്നലെ രാത്രി എന്തോ കടിച്ചു. ഓരോ വിധിയേ. ആളിന്റെ പേരുമാത്രം പറയില്ല. ആളിപ്പോൾ കങ്കാരുവിന്റെ നാട്ടിൽ ആണു ഉള്ളത്.