ഫ്ലോറിഡയിലെ കീ വെസ്റ്റിൽ കണ്ട കാഴ്ചകൾ
വാൽക്കണ്ണാടി – കോരസൺ.
“തോന്നയ്ക്കൽ കണ്ട കാഴ്ചകൾ” എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റർപീസ് ഓർത്തുപോയി ഫ്ലോറിഡയിലെ കീ വെസ്റ്റ് കാണുവാൻ അവസരം കിട്ടിയപ്പോൾ. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോൾ കണ്ട കാഴ്ചകളുടെ അനുസ്മരണമാണ് മുണ്ടശ്ശേരി മാസ്റ്റർ അതിലൂടെ കുറിച്ചുവെച്ചത്. അമേരിക്കയുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരൻ ഏർണെസ്റ് ഹെമിങ്‌വേ ഏറെക്കാലം താമസിച്ചു കഥകളുടെ ലോകം സൃഷ്ട്ടിച്ച കീ വെസ്റ്റ് എന്ന ദ്വീപിൽ ചെന്ന് പെട്ടപ്പോൾ അതുപോലെ യുള്ള ഒരു വികാരമാണ് അനുഭവപ്പെട്ടത്. അറ്റ്ലാന്റിക് സമുദ്രത്തിന്റെയും ഗൾഫ് ഓഫ് മെക്സികോയുടെയും ഇടയിലായി, മുരിങ്ങക്ക പോലെ നീളത്തിൽ ചിതറിക്കിടക്കുന്ന ദ്വീപുകൾ ചുരുങ്ങിയ സമയത്തിൽ നടന്നു കണ്ടു, ഈയാത്രക്ക് ഹെമിംഗ്‌വേയുടെ എഴുത്തുപുര കാണുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.
ഫോർട്ട് ലോടലിൽ നിന്നും യാത്ര തിരിക്കുമ്പോൾ സുഹൃത് ബാബു ഓർമ്മപ്പെടുത്തി; വാടകക്ക് എടുത്ത കാർ ആണെങ്കിലും ഒരു ധൈര്യത്തിന് എക്സ്ട്രാ ഇൻഷുറൻസ് ഇരുന്നോട്ടെ ,അവിടെ വണ്ടി ഓടിക്കുന്ന കുറേപേർക്കെങ്കിലും വിസയോ ലൈസൻസോ ഇൻഷുറൻസോ ഒന്നും കാണില്ല, ഇടിച്ചിട്ടു മുങ്ങിയാൽ പിന്നെ പെട്ട് പോകും എന്ന് അറിയാവുന്ന കൊണ്ടായിരുന്നു. എപ്പോഴും അസ്ഥിരമാണ് അങ്ങോട്ടുള്ള കാലാവസ്ഥയും യാത്രക്കുരുക്കുകളും. എന്നാലും സഹധർമ്മിണിയോടോപ്പം ഒരു ദീർഘയാത്ര നടത്തിയിട്ടു കുറേക്കാലമായി. മറ്റു പരിപാടികൾ ഒന്നും ഇല്ലാതിരുന്നതിനാലും പിറ്റേദിവസമാണ് ന്യൂ യോർക്കിലേക്കു തിരികെ പോരേണ്ടന്തുഎന്നതിനാലും, ഒരു ആലസ്യത്തോടെ യാത്രയെ സമീപിക്കുവാനാണ് തുനിഞ്ഞത്. മാസങ്ങൾക്കു മുൻപ് ചുഴലിക്കാറ്റിൽ തകർന്നു തരിപ്പണമായ സ്ഥലമാണ്, അതിനാൽ കുറച്ചു ഭക്ഷണവും വെള്ളവും ഒക്കെ കൂടെ കൊണ്ടുപോകുവാൻ സുഹൃത് മിനി എടുത്തു വച്ചിരുന്നു. നാല് മണിക്കൂറോളം കടലിന്റെ നടുവിലൂടെ ഇരുവരി പാതയിലൂടെയുള്ള ഡ്രൈവിനെപ്പറ്റി സുഹൃത് ബെന്നി വാചാലമായി സംസാരിച്ചത് കുറെ കാലമായി മനസ്സിന്റെ ആവേശമായി നുരഞ്ഞു പൊങ്ങി വന്നുകൊണ്ടിരുന്നു.
മയാമിയിൽനിന്നും റൂട്ട് വൺ എടുത്തു തിരിഞ്ഞപ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്ന മഴ മേഘങ്ങൾ ആകെ ഇരുട്ടാക്കി. മഴ പെയ്യുന്നു എന്ന് റോഡിൽ നിന്ന് തെറിക്കുന്ന വെള്ളവും അത് വണ്ടിയുടെ ചക്രത്തിൽ അടിച്ചുയരുന്ന ബാഷ്പധാരയും കണ്ടു മനസിലാക്കാം; എന്നാൽ വണ്ടിയുടെ വിൻഡ് ഷീൽഡിൽ ഒരു തുള്ളി മഴ വെള്ളം പോലും പതിക്കുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോൾ വണ്ടിയുടെ മുകളിൽ മാത്രം മഴ, റോഡ് ഉണങ്ങിക്കിടക്കുന്നു. റോഡിൻറെ ഒരു ലൈനിൽ മാത്രം മഴ, മറ്റേ ഭാഗം നന്നേ ഉണങ്ങി കിടക്കുന്നു. മധുരമായി പടരുകയും നൊമ്പരമായി പെയ്യുകയും ചെയ്യുന്ന ഈ മഴനീർകണങ്ങൾ ഇടയ്ക്കിടെ മാനസ ദേവന്റെ ചുംബന പൂക്കളായി ഹുദയത്തെ തലോടി കടന്നുപോയി. ദാ വന്നു, ദേ പോയി എന്ന് സുരേഷ് ഗോപി ഡയലോഗ്പോലെ, മഴ പൊടുന്നനെ അപ്രത്യക്ഷമായി. മനോഹരമായ മേഘങ്ങൾ നിറഞ്ഞു നിൽക്കുന്ന നീലാകാശവും കത്തി നിൽക്കുന്ന സൂര്യനും ഞൊടിയിടക്കുള്ളിൽ തെളിഞ്ഞു വന്നു. ഇരു വശങ്ങളിലും കൈ വീശി യാത്രയാക്കുന്നു കടലിന്റെ കുഞ്ഞോളങ്ങളും പ്രകാശപൂരിതമായ വീഥികളും, വശീകരിക്കുന്ന നീലിമയും മാത്രം നിറഞ്ഞു നിന്ന ദ്ര്യശ്യങ്ങൾ. അങ്ങോട്ടും ഇങ്ങോട്ടും പോകാൻ ആകെ ഒറ്റ വഴി പാത, നടുക്ക്.