ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാര്‍.
—————–
അമുദം എന്നെ സമാധാനിപ്പിക്കുകയാണ്.
“ഹീരാ, അപ്പാവുവേ കടവുള്‍ കാപ്പാത്തും. നീങ്ക യേതുമേ കവലപ്പെടാത്”
എന്റെ പപ്പാക്ക് അസുഖമായതറിഞ്ഞപ്പോള്‍ എന്റെ കൂടെ കോയമ്പത്തൂര്‍ ശ്രീരാമകൃഷ്ണ കോളേജ്മേറ്റും ഹോസ്റ്റൽമേറ്റുമായ അമുദം പറഞ്ഞപ്പോൾ എന്റെ പപ്പാക്ക് വേണ്ടിയുള്ള പ്രാർത്ഥന കൂടി.
ദൈവം മറ്റൊന്നായിരുന്നു വിധിച്ചത്. വിധിയെ തടുക്കുവാൻ കഴിയില്ലല്ലോ? മൂന്നാം ദിവസം ഞങ്ങളുടെ പപ്പാ………………….
പാപ്പാടെ ആഗ്രഹപ്രകാരം വെല്ലിപ്പാടെ അടുത്ത് കാട്ടൂർ പള്ളിയിൽ………
എന്റെ പപ്പയെപ്പറ്റി ഞാൻ ഓർക്കുകയാണ്.
അതിൽ എനിക്ക് ആദ്യം ഓർമ വരുന്നത് എന്നെ കോയമ്പത്തൂർ കോളേജിൽ ചേർത്തിയതാണ്.
അവിടെ എന്നെയാക്കി തിരിച്ചു പോരുമ്പോൾ കണ്ണ് തുടച്ചത് ഞാൻ കണ്ടു. ഹോസ്റ്റൽ ഗെയ്റ്റിന്റെ കഴിഞ്ഞാൽ ഹോസ്റ്റലിലേക്ക് വിദ്യാർത്ഥിനികൾക്ക് മാത്രമേ പ്രവേശനമുള്ളൂ.
മാതാപിതാക്കൾക്ക് മക്കൾ എത്ര വലുതായാലും കൊച്ചുങ്ങളായേ തോന്നു. പെട്ടികൾ കുറച്ചു ദൂരമുള്ള ഹോസ്റ്റലിലേക്ക് കൊണ്ട് പോകാൻ പപ്പ വാച്ച്മാനോട് കെഞ്ചി. സമ്മതിച്ചില്ല. പിന്നെ ഉമ്മാനെ അകത്തേക്ക് പറഞ്ഞയച്ചൂടെ എന്ന് ചോദിച്ചു. അപ്പോഴും വാച്ച്മാൻ സമ്മതിച്ചില്ല. പപ്പാക്ക് വാച്ച്മാനോട് ദ്വേഷ്യം തോന്നി. പിന്നീട് അയാൾ ചെയ്തത് നന്നായെന്ന് പപ്പ പറഞ്ഞു.
“ഹീര, നീ എന്തെങ്കിലും കഴിക്ക്. അല്ലാതെ ഇങ്ങിനെ പട്ടിണി കിടക്കേണ്ട.”
ഞാൻ നോക്കി. നസ്മിയാണ്. കോഴിക്കോട് കുറ്റിയാടിക്കാരി.
റൂമിൽ ഞങ്ങൾ രണ്ടു പേരായിരുന്നു മുസ്ലിം ആയിട്ട്. മതപരമായ കാര്യങ്ങൾ കൃത്യമായി ചെയ്യണമെന്നും മറ്റു മതക്കാരെ ബഹുമാനിക്കണമെന്നും പപ്പ എപ്പോഴും പറയാറുണ്ട്. എന്നെ കോളേജിൽ ചേർക്കുന്നു, അതും വളരെ ദൂരെയുള്ള കോയമ്പത്തൂരിൽ പെൺകുട്ടികൾ വഴിതെറ്റി പോവും എന്ന് പലരും പപ്പാട് പറഞ്ഞു. പപ്പ അവർക്ക് കൃത്യമായ മറുപടി കൊടുത്തു. പെൺകുട്ടികൾ വീട്ടിൽ നിന്നാലും ചീത്തയാവേണ്ടവർ ചീത്തയാവും. എന്റെ മക്കളെ എനിക്ക് വിശ്വാസമാ. ഇതായിരുന്നു പപ്പാടെ മറുപടി.
അന്ന് പപ്പാനെ എതിർത്തവരുടെ പെണ്മക്കളെ കോയമ്പത്തൂരിൽ പപ്പാട് അവർ ആവശ്യപ്പെട്ടിട്ട് പപ്പ ചേർത്തിയത് ആലോചിക്കുമ്പോൾ പപ്പ ചെയ്തത് നന്നായെന്ന് മനസ്സിലാകുന്നു.
“എനിക്ക് നിങ്ങളെയൊക്കെ കാണുമ്പോൾ പപ്പാനെ ഓർമ വരുന്നു നസ്മി. എന്റെ പപ്പ മരിച്ചിട്ട് രണ്ടു മാസമായി. ന്നാലും പപ്പാ മരിച്ചു എന്ന് തോന്നുന്നില്ല. ഇവിടെയൊക്കെ പപ്പ ഉള്ള പോലെ…”
“ഞങ്ങൾക്കും ഹീരയുടെ പപ്പാനെ ബഹുമാനമാണ്. ഗൗരവക്കാരനാണെകിലും ഇടക്കെല്ലാം തമാശകളും കുസൃതിചോദ്യങ്ങളും പറയുന്ന ആളല്ലേ.”
ഞാൻ നോക്കി. കോട്ടയക്കാരിയായ ആനിയാണ് അത് പറഞ്ഞത്. അവളും എന്റെ ഹോസ്റ്റൽമേറ്റ് ആയിരുന്നു.
അവർ കൊണ്ട് വന്ന ചോറ് അവർ നിർബന്ധിച്ചു ഞാൻ കുറച്ച് കഴിച്ചു.
കോളേജ് പ്രിൻസിപ്പൽ രവി സാർ പാലക്കാട്കാരനായിരുന്നു.
“എന്റെ മകൾ സ്കാർഫ് ധരിക്കും. അതിന് വിരോധമുണ്ടോ?” എന്ന് പപ്പ പ്രിസിപ്പാലിനോട് ചോദിച്ചു.
“എന്നാ ശൊദ്യമാ ഇത്. ഇവിടെ അതൊന്നും പ്രശ്നമല്ല. അതെന്താ ആഭാസമായ വേഷമല്ലല്ലോ. ഉങ്കള് കവലപ്പെടാതുങ്കോ”
തമിഴ് കലർന്ന മലയാളത്തിൽ അദ്ദേഹം പറഞ്ഞപ്പോൾ പപ്പാടെ മുഖത്തുണ്ടായ സന്തോഷം എങ്ങിനെ മറക്കാനാണ്?
“മഹേശ്വരി വിളിച്ചിരുന്നു. അവളിപ്പോൾ എത്തും”. നസ്മിയാണത് പറഞ്ഞത്.
മഹേശ്വരിയെ ഞാൻ ഒരിക്കലും മറക്കില്ല. നോമ്പ് മാസത്തിലാണ് കോളേജ് അഡ്മിഷൻ നടന്നത്. എനിക്ക് നോമ്പുണ്ട്, നിസ്കരിക്കണം എന്ന് അവളോട് ഞാൻ അത് സൂചിപ്പിച്ചു. അവൾ മധുരക്കാരിയാണ്.
“ഉങ്കൾക്ക് തൊഴുതുക്ക് ഇടം തരുവേൻ. എദ്ദ് വേണങ്കിലും സെയ്‌ഞ്ച് തരുവേൻ..”
നോമ്പ് തുറക്കാനും നിസ്കരിക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ചെയ്ത എന്റെ മഹേശ്വരി. എന്തിനേറെ അത്താഴത്തിന് വേണ്ടതും അവൾ ചെയ്തു.
*******************
“ദേ… എന്റെ പപ്പാ വന്നൂ.. മഹേശ്വരീ, നസ്‌മീ, ആനി, അമുദം നീങ്ക ശീഗ്രം വാങ്കോ …”
എന്റെ പാപ്പാനെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷത്തിൽ തമിഴ് കൂടെ വന്നു.
“ഹീരമോളെ, എന്നെ അവർക്ക് പരിചയപ്പെടുത്തണ്ട…”
“ഉം. എന്തേ പപ്പാ..”
“കവിളൊട്ടി കഴുത്ത് നീണ്ട് വണ്ണം കുറഞ്ഞ എന്നെ പരിചയപ്പെടുത്തുന്നത് നിനക്ക് നാണക്കേടാ..”
“എന്റെ പപ്പാ എനിക്ക് സുന്ദരനാ… ഈ പപ്പാടെ ഒരു കാര്യം..”
അവൾ ചിണുങ്ങി.
എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി.
“നമുക്ക് പുറത്ത് പോകാം.. നീ വേഗം റെഡിയാവ്…”
ഹോസ്പിറ്റൽ കോളേജ് മേഡം ഉഷയ്ക്ക് ഞാൻ ഫോൺ ചെയ്ത മകളെ കൊണ്ട് പോകാൻ അനുവാദം വാങ്ങി.
പോകുമ്പോൾ സിദ്ധപുത്തൂരിലെ VKK മേനോൻ എന്ന റോഡ് കണ്ടു.
“മോൾക്ക് ഈ മേനോനെപ്പറ്റി അറിയോ?’
“ഉം. നമ്മുടെ കേന്ദ്രമന്ത്രിയായിരുന്ന മലയാളി വീ കെ കൃഷ്ണമേനോൻ അല്ലെ? പപ്പ ഞങ്ങൾക്ക് ഇത്തരം ചോദ്യങ്ങളും മറ്റും ചോദിച്ച് പഠിപ്പിക്കാറില്ലേ? അത് പോലെ കുസൃതിചോദ്യങ്ങളും.”
അതേയെന്ന അർത്ഥത്തിൽ പപ്പ തലയാട്ടി.
ഞങ്ങൾ റയിൽവേ സ്റ്റേഷനുടുത്ത് ഓവർബ്രിഡ്‌ജിന്റെ മുന്നിലുള്ള ലങ്ക ഹോട്ടലിൽ ஓட்டல் இலங்கை കയറി.
“മോളെ ഞാൻ പത്തിൽ പരീക്ഷ കഴിഞ്ഞിരിക്കുമ്പോൾ ഇവിടെ ജോലിക്കാരനല്ലാതെ ജോലി ചെയ്തിട്ടുണ്ട്. ഒരു ബിൽ ക്ലെർക്ക് ആയി.”
“ജോലിക്കാരനല്ലാതെ ജോലിയോ?
മകൾ സംശയം പ്രകടിപ്പിച്ചു.
“അതെ ആ ഹോട്ടൽ എന്റെ ബന്ധക്കാരെയായിരുന്നു.”
ഞങ്ങൾ അവിടെ നിന്ന് ഭക്ഷണം കഴിച്ചു വീണ്ടും പാർക്കിലേക്ക് പോയി.
“മോളെ, മോൾക്ക് ഇവിടെത്തെ ജീവിതം ബുദ്ധിമുട്ടുണ്ടോ?”
ഒരു പാട് അമ്പലങ്ങളും മറ്റുമുള്ള സ്ഥലമായത് കൊണ്ടും മുസ്ലിങ്ങൾ കുറവായത് കൊണ്ടുമാവാം പപ്പ അത് ചോദിച്ചത്.
“ഇല്ല പപ്പാ. ഇവിടെ അങ്ങിനെയൊരു വർഗീയതയും ഇല്ല. ഞങ്ങൾ വളരെ സൗഹാർദത്തിലാണ്.”
“ഇങ്ങിനെ ആവണം ഇന്ത്യ മുഴുവനും ലോകം മുഴുവനും അല്ലെ?” എന്ന പപ്പാടെ ചോദ്യം എനിക്കിഷ്ടപ്പെട്ടു.
ഇനി പപ്പാക്ക് പോകേണ്ട സമയമായി. ഞാനും കൂടെ ബസ് സ്റ്റാന്റിലെത്തി. പെട്ടെന്നാണ് കേട്ടത്. നാളെ അഖിലേന്ത്യാ ബന്ദാണെന്ന്..
“ഞാൻ കുറച്ച് നേരത്തെ പോട്ടെ.. നാളെ ബന്ദാണ്. ഇവിടെ ബന്ദാണെങ്കിൽ പഠിപ്പ് ഉണ്ടാവോ?”
പപ്പാടെ സംശയം.
“പപ്പാ. ഇവിടെ ബന്ദും കിന്തും ഒന്നുമില്ല. അതൊക്കെ കേരളത്തിൽ, നമ്മുടെ നാട്ടിൽ..”
ന്നാ ഞാൻ പോട്ടെ മോളെ..
പപ്പ എന്റെ കവിളിൽ ഒരു ഉമ്മം തന്നു.
“ഈ പപ്പാക്ക് ഒരു ഉമ്മം തന്നേ …”
ഞാൻ പപ്പാക്ക് ഉമ്മം കൊടുക്കാൻ നോക്കി. എവിടെ? എന്റെ പപ്പാനെ കാണുന്നില്ല…….
***************
മഹേശ്വരി അപ്പോഴും എനിക്ക് ദോശ തരുന്നുണ്ടായിരുന്നു…..
നിർബന്ധിച്ച് കഴിപ്പിക്കുന്നുണ്ടായിരുന്നു.
എന്റെ പപ്പാ …………എന്റെ പപ്പാ….
—————-
മേമ്പൊടി:
<ചമ്പക്കുളം തച്ചന്‍ എന്ന സിനിമയില്‍ ബിച്ചു തിരുമല എഴുതിയത് >
മകളെ പാതി മലരേ …
നീ മനസ്സിലെന്നെ അറിയുന്നു..
കനവും പോയ ദിനവും
നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു..
ഈ കൊതുമ്പു കളിയോടം
കാണാത്ത തീരം അണയുന്നോ…
കുഞ്ഞു താരമായി ദൂരെ വന്നു നീ
മിന്നി നിന്നിരുന്നോമനേ …
അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ
ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍…