രശ്മി സജയൻ. (Street Light fb group)
കടൽക്കരയിലെ പഞ്ചാര മണലിൽ വീശിയടിയ്ക്കുന്ന കാറ്റിനുപ്പുഗന്ധം മാത്രമോ?
കപ്പലണ്ടി കച്ചവടം ചെയ്യുന്ന തമിഴൻ ചെക്കന്റ മുഷിഞ്ഞ വിയർപ്പുഗന്ധം പേറി
കാറ്റെങ്ങാണ് പോയത്?
അശുദ്ധിയുടെ പര്യായമായ പിച്ചക്കാരി, കാലിലെ വ്രണം പൊട്ടി ചോരയൊഴുകുന്നു,
എണ്ണമയവും ശുദ്ധജലവും കണ്ടിട്ടില്ലാത്ത – യവളുടെ മുടിയിഴകളെതഴുകി കാറ്റെങ്ങോട്ടാണ് പായുന്നത്?
പ്രണയത്തിന്റെ മാധുര്യം വാക്കിലും നോക്കിലുമൊളിപ്പിച്ച കമിതാക്കളുടെ മാസ്മര നിമിഷങ്ങളെ തഴുകി തലോടി പവനന്റെ പോക്കെങ്ങോട്ടായിരിക്കും?
ചക്രവാള സീമകൾക്കപ്പുറത്തേക്ക് മറയും സൂര്യൻ, കാഴ്ചകളുടെയുൾക്കാമ്പു തേടും
ഹൃത്തിലൊരു നൊമ്പരമോ?
ഈ നിശയിൽ നമ്മെ മറന്നെങ്ങോ പോയൊളിക്കുമർക്കൻ, കടലിന്റെയഗാധതയിൽ മുങ്ങി നിവർന്നു വരുമ്പോഴേക്കും
പല ഗന്ധങ്ങളും പേറി, എന്നെയുമൊന്നു തഴുകിയ കാറ്റിന്റെ ഗന്ധമൊന്നാസ്വദിയ്ക്കാൻ നാസാരന്ധ്രങ്ങൾ തുറന്നു നോക്കിയിട്ടും ഒരു ഗന്ധവുമെന്തേയെന്റെ മൂക്കിൻ തുമ്പത്ത് എത്താത്തത്?