ഷെരീഫ് ഇബ്രാഹിം.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി രണ്ട് ഫെബ്രുവരി ഇരുപത്തിയെഴു വ്യാഴം – എന്റെ ജീവിതത്തിലെ മറക്കാൻ പറ്റാത്ത ദിവസം. ഷൈഖിന്റേയോ സ്റ്റാഫുകളുടെയോ മറ്റോ വാഹങ്ങളുടെ വലിയ പ്രശ്നങ്ങൾ, ട്രാഫിക് കുറ്റങ്ങൾ, ഇവ ലൈസൻസോ വാഹനത്തിന്റെ രെജിസ്ട്രേഷനോ പുതുക്കാൻ കഴിയാതെ വന്നാൽ ആ കേസുകൾ ക്യാൻസൽ ചെയ്യിക്കാൻ ഞാനാണ് മുറൂറിൽ (ട്രാഫിക് ഡിപ്പാർട്ടുമെന്റ്) പൊകാറ്. ഞാൻ ളാബത്തിന്റെ (സർക്കിൾ ഇൻസ്പെക്ടർ) റൂമിലിരുന്ന് അദ്ദേഹം തന്ന കാവയും (അറബി കോഫീ) കഴിച്ചിരിക്കുമ്പോഴാണ് ഒരു മുലാസം (സബ്ബ് ഇൻസ്പെക്ടർ) വന്ന് വളരെ പഴക്കം തോന്നുന്ന ഒരു ഫയൽ കൊണ്ട് സർക്കിൾ ഇൻസ്പെക്ടർക്ക് കൊടുത്തത്. പെട്ടെന്ന് ളാബത്ത് മുലാസമിനൊട് പറഞ്ഞു. ‘ധഹലഹൂ ഫീ സിജിൻ’ എന്നെ ലോക്കപ്പിൽ ആക്കാനുള്ള നിർദേശം നടപ്പായി.
ഇനി കുറച്ചു ഫ്ലാഷ് ബാക്ക് :
ഈ സംഭവത്തിന്റെ ഏകദേശം ഒരു വർഷം മുമ്പ് ഒരു ദിവസം എന്റെ ഓഫീസിലേക്ക് ഒരു പാകിസ്ഥാനിയും ഒരു പോലീസുകാരനും കൂടി വന്നു. പോലീസുകാരൻ എന്നോട് ചോദിച്ചു.
‘നിങ്ങളാണോ ഷൈഖിന്റെ മേനേജർ?
ഞാൻ അതെ എന്ന് മറുപടി കൊടുത്തപ്പോൾ അവർ ആഗമനോദേശ്യം വിവരിച്ചു.
ആ പാകിസ്ഥാനി ഇസ്ലാമിക കോടതിയിൽ മുത്തർജിം (ഉർദു അറബിയിലേക്ക് തർജമ ചെയ്യുന്നയാൾ) ആണെന്നും അദ്ധേഹത്തിന്റെ ടൊയോട്ട കാറിന്മേൽ ഷൈഖിന്റെ പേരിലുള്ള ഒരു മിനി ടെമ്പോ വണ്ടി ഒരച്ചിട്ടു നിർത്താതെ പോയി. ആ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറെ കാണാനാണ് അവർ വന്നതത്രെ. വണ്ടികളൊക്കെ ഓരോരുത്തർ ആവശ്യപ്പെടുമ്പോൾ ഓടിക്കാൻ അവർക്ക് കൊടുക്കുന്നത് ഞാനല്ലെന്നും ഷൈഖിന്റെ നിർദേശാനുസരണം സ്റ്റോർ കീപ്പെർ ആണത് ചെയ്യുന്നതെന്നും ഞാനവരെ പറഞ്ഞു മനസ്സിലാക്കി. ഒരാഴ്ചക്കുള്ളിൽ ആ വണ്ടി ഓടിച്ച ഡ്രൈവറെ ഹാജരാക്കാം എന്ന് പോലീസുകാരൻ എഴുതിയ റിപ്പോർട്ടിൽ എന്നോട് ഒപ്പിട്ട് കൊടുക്കാൻ ആവശ്യപ്പെട്ടു. അതും ഷൈഖിന്റെ സമ്മതത്തോടെ ഞാൻ ചെയ്തു.
ഒരാഴ്ച്ചയല്ല ഒരു വർഷം കഴിഞ്ഞിട്ടും എനിക്കത് നടപ്പാക്കാൻ കഴിഞ്ഞില്ല. മുറൂറിൽ നിന്നും ഫോണിലൂടെയും വല്ലപ്പോഴും നേരിട്ട് ചെല്ലുമ്പോഴും അവർ ആവശ്യം ആവർത്തിക്കും. ഞാൻ എവിടെ നിന്ന് ഡ്രൈവറെ കൊടുക്കാൻ. ഷൈഖ്മാരുടെ വാഹനങ്ങൾക്ക് ഇൻഷുരൻസ് നിർബന്ധവുമില്ല. വിവരം ഇടയ്ക്കിടെ ഷൈഖിനെ ഓർമപ്പെടുത്തുമെങ്കിലും അതൊക്കെ നിസ്സാരം എന്ന മറുപടിയാണ് എനിക്ക് ലഭിക്കാറ്.
അതാണ് എന്നെ ലോക്കപ്പിൽ അടക്കാൻ കാരണം.
ഉച്ചക്ക് പന്ത്രണ്ട് മണിക്കാണ് സംഭവം. വ്യാഴാഴ്ച്ച ആയത് കൊണ്ട് ഇനി ഓഫീസിലെ ഒരു കാര്യവും നടക്കില്ല. ഇനി ശെനിയാഴ്ചയാവണം എന്തെങ്കിലും നടക്കാൻ. എന്റെ സഹതടവുകാരൻ മറ്റൊരു മലയാളിയാണ്. അവൻ എനിക്ക് ആശ്വാസം തരുന്നുണ്ട്. ‘സാറിന്ന് ഇന്നല്ലെങ്കിൽ ശെനിയാഴ്ചയെങ്കിലും പുറത്തിറങ്ങാൻ പറ്റും’
ഞാൻ ആകെ അസ്വസ്ഥനാണ്. എന്റെ ജീവിതത്തിലെ ആദ്യത്തെ സംഭവം. അതും ഷൈഖിന്റെ മേനജരായി ജോലി ചെയ്യുമ്പോൾ. എന്റെ അവസ്ഥ ആരെയെങ്കിലും ഒന്നറിയീക്കാൻ നിർവാഹമില്ല. എന്നെ ഗൾഫിൽ നിന്നും പുറത്താക്കിയാലും വിരോധമില്ല. ഈ ലോക്കപ്പിൽ കിടക്കുന്ന കാര്യം ആലോചിക്കാൻ വയ്യ. അവിടെയും ഞാനൊരു ശുഭാപ്തിവിശ്വാസക്കാരനായി. ജയിലിൽ ആയില്ലല്ലോ എന്ന സമാധാനം.
അങ്ങിനെ ഞാൻ വിഷമിച്ചിരിക്കുകയാണ്. ലോക്കപ്പിലായിട്ട് അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാവും. കമ്പിയഴിക്ക് പുറത്ത് ഒരറബിയുടെ ശബ്ദം.
ഞാൻ നോക്കുമ്പോൾ ഖൽഫാൻ ഖമീസ് അൽ റുമൈത്തിയാണ്. അല്ലെങ്കിലും എന്റെ ജീവിതത്തിലെ ഏതു പരീക്ഷണ ഘട്ടത്തിലും ദൈവദൂതരെപോലെ ആരെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. അദ്ധേഹത്തോട് ഞാനെന്റെ വിഷമം പറഞ്ഞു. എന്നെ പുറത്തിറക്കാൻ അദ്ധേഹത്തിന് കഴിയില്ലെങ്കിലും ഷൈഖിനെ അറിയീക്കാമെന്ന് അദ്ദേഹം ഏറ്റു. ഇനിയുള്ളത് ഷൈഖിന്റെ വീട്ടിലെ ഡ്രൈവർ ആറ്റിങ്ങൽ കല്ലമ്പലത്തുള്ള വിജയൻ
പിന്നീട് പറഞ്ഞതാണ്:
ഷൈഖ് ലീവ എന്ന സ്ഥലത്ത് ഒരു മണലാരണ്യത്തിൽ തമ്പടിച്ചു (ടെന്റ്) വീകെന്റ് ചിലവഴിക്കുകയാണ്. ഷൈഖിനും പരിവാരത്തിന്നും വേണ്ട ഭക്ഷണങ്ങൾ, മിനറൽ വാട്ടർ, ഫ്രൂട്ട്സ് തുടങ്ങിയവയുമായി ഒരു മിനി പിക്കപ്പിൽ വിജയൻ ടെന്റിലേക്ക് ചെന്നു. ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ കാത്തു നിന്നു. വിജയൻ ഷൈഖിനൊട് വിവരം പറഞ്ഞു ‘യാ അബൂഷാബ്, ഷെരീഫ് സാർ ലോക്കപ്പിലാണ്’
എന്താണ് കാരണമെന്ന് ഷൈഖ് വിജയനോട് ചോദിച്ചു. അറിയില്ലെന്ന് ആദരവോടെ വിജയൻ മറുപടി കൊടുത്തു. ഷൈഖ് ഉടനെ കയ്യിലുള്ള മൊബൈൽ എടുത്ത് എങ്ങോട്ടോ വിളിക്കാൻ നോക്കി. റേഞ്ച് ഇല്ല. (അന്നൊക്കെ മരുഭൂമികളിൽ റേഞ്ച് കുറവ് ആയിരുന്നു, ചിലയിടത്ത് റേഞ്ച് ഇല്ലായിരുന്നു)
ഷൈഖ് വണ്ടിയോടിച്ചു ഒരു കുന്നിന്റെ മുകളിലേക്ക് പോകാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു. പക്ഷെ, കുറച്ച് കഴിഞ്ഞപ്പോൾ റേഞ്ച് കിട്ടി.
അത്തീഖ് എന്ന ബോഡി ഗാർഡിനോട് ഉടനെ മുറൂറിൽ ചെന്ന് എന്നെ ലോക്കപ്പിൽ നിന്നും ഇറക്കുവാനും ട്രാഫിക്ക് ഡിപ്പാര്ട്ട്മെന്റ് മുദീറിനോട് ഉടനെ ഷൈഖിനെ ഫോണിൽ വിളിക്കാൻ പറയാനും ഫോണിലൂടെ ഓർഡർ കൊടുത്തു.
******************
ഞാൻ കൂട്ടിലകപ്പെട്ട മെരുകിനെപോലെ ഞെരിപിരി കൊള്ളുകയാണ്. ലോക്കപ്പിലായിട്ട് രണ്ടു മണിക്കൂർ ആയിട്ടുണ്ട്. എങ്ങും ശ്മശാനമൂകത. ഒരു താലത്തിൽ ഭക്ഷണം കൊണ്ട് വന്നു. കഴിക്കാൻ തോന്നുന്നില്ല.
‘സാർ വിഷമിക്കേണ്ട. സാറിനെ സഹായിക്കാൻ ആരെങ്കിലുമുണ്ടാവും. എനിക്ക് ആരുമില്ല. ആരുടേയും സഹായവും എനിക്ക് വേണ്ട. അങ്ങിനെ ഒരു തെറ്റാണ് ഞാൻ ചെയ്തത്. ഞാൻ നാട്ടിൽ ഒരു പാർട്ടിയുടെ നേതാവാണ്. മുസഫയിലേക്ക് ഞാൻ ഡ്രൈവ് ചെയ്തു പോകുമ്പോൾ റെഡ് സിഗ്നലിൽ ഞാൻ നിറുത്താതെ പോയി. ഭാഗ്യത്തിന്നു ആക്സിടെന്റ്റ് ഉണ്ടായില്ല. പക്ഷെ, കേമറയിൽ ഫോട്ടോ പതിഞ്ഞു. പോലീസ് എന്നെ അറസ്റ്റ് ചെയ്തു. നാട്ടിലാണെങ്കിൽ എനിക്ക് രാഷ്ട്രീയസ്വാധീനം കിട്ടുമായിരുന്നു. ഇവിടെ ഒരു രക്ഷയുമില്ല.’
എന്റെ സഹലോക്കപ്പുകാരൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
‘ബിദൂൻ കലാം, യാ അല്ലാഹ്, ഇഫ്തഹുൽ ബാബ്. ഹാദാ ആമർ മിൻ അബൂശാബ് (ഒന്നും പറയേണ്ട, വാതിൽ തുറക്കൂ, ഇത് ഷൈഖിന്റെ ഓർഡർ ആണ്)’
ഇത് അത്തീഖിന്റെ ശബ്ദമാണല്ലോ. (ഈ അത്തീഖിനെ പറ്റി “ഫ്രാൻസ് സന്ദർശനം” എന്റെ എന്ന ലേഖനത്തിൽ വിവരിച്ചിട്ടുണ്ട്)
അൽഹംദുലില്ലഹ്. എന്റെ ലോക്കപ്പിന്റെ ഇരുമ്പ് വാതിൽ തുറന്നു. ഞാൻ അകത്ത് കിടന്ന രണ്ടു മണിക്കൂർ എനിക്ക് രണ്ടു യുഗമായിരുന്നു. എന്റെ സഹമുറിയനെ ഞാൻ ആശ്വസിപ്പിച്ചു. എന്നെ കൊണ്ട് ചെയ്യാവുന്നത് ഞാൻ ചെയ്യാം എന്നവനോട് ഞാൻ പറഞ്ഞു. അവന്റെ വിസ കഴിഞ്ഞത് കൊണ്ട് ഒരു രക്ഷയില്ലെന്ന് അവൻ തന്നെ എന്നോട് പറഞ്ഞു.
ഞാൻ പുറത്ത് പോയി എന്ന് രജിസ്റ്റരിൽ ഒപ്പിടാൻ പോലീസുകാരൻ എന്നോടാവശ്യപ്പെട്ടു. അതിന്നോരുങ്ങുമ്പോൾ എന്നെ തടഞ്ഞു കൊണ്ട് അത്തീഖ് ആ പോലീസുകാരനോട് പറഞ്ഞു ‘അതൊക്കെ പിന്നെ, എത്രയും പെട്ടെന്ന് ഷെരീഫ് ഫ്ലാറ്റിലേക്ക് പൊയ്ക്കോട്ടേ. അവന് വേണ്ടി ഞാൻ ഒപ്പിടാം’
പോലീസുകാരൻ അത് സമ്മതിച്ചു. അല്ലാതെ വേറെ മാർഗമില്ലല്ലൊ?
ആ രണ്ടു മണിക്കൂർ ലോക്കപ്പ് കൊണ്ട് എനിക്കൊരു ഗുണമുണ്ടായി. പിറ്റേന്ന് മുതൽ ട്രാഫിക്ക് വകുപ്പിൽ ഞാൻ ചെന്നാൽ സാധാരണ കിട്ടാറുള്ള കാവയ്ക്കും (അറബികളുടെ മധുരം ഇടാത്ത കാപ്പി) ഈത്തപ്പഴത്തിന്നും പുറമേ ഒരു VVIP ബഹുമാനവും കിട്ടിതുടങ്ങി. every action have an equal and opposite reaction എന്ന ന്യൂട്ടൻസ് ലോ ഓഫ് മൊഷനിലും ഉർവശീ ശാപം ഉപകാരം എന്ന് മലയാളത്തിലും പറയുന്നത് എത്ര ശെരിയാണ്.
ഇതാണ് എന്റെ ബോസ്സ് ഷൈഖ് ഹമദ് ബിൻ ഹംദാൻ അൽനഹിയാൻ. (അദ്ധേഹതിന്നു ദൈവം ദീർഖായുസ്സ് നൽകട്ടെ… ആമീൻ)
———————————————–
മേമ്പൊടി:
സ്ത്രീകളുടെ ഏറ്റവും വലിയ വേദനയാണ് പ്രസവവേദന എന്നവർ പറയുന്നു (അത് നേരാവണമെന്നില്ല. അങ്ങിനെയായിരുന്നെങ്കിൽ ആദ്യത്തെ പ്രസവത്തോട് കൂടെ സ്ത്രീകൾ എന്ത് കൊണ്ട് പ്രസവം നിറുത്തുന്നില്ല?)
പക്ഷെ, ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള കാര്യമാണ് ആ ജനിച്ച കുട്ടിയുടെ കരച്ചിൽ കേൾക്കുന്നത്. അതായത് ഒരു വേദനക്ക് ശേഷമാണ് സുഖം ഉണ്ടാവുന്നത്.