ഉഷാചന്ദ്രന്‍. (Street Light fb group)
ഒരുനാളിലൊരുനവവധുവായി ഞാനെത്തി
ഒരു നല്ല സൗഹൃദം കൂട്ടിനെത്തി
സോദരിയല്ലവളെങ്കിലും നിസ്തുല –
സോദരസ്നേഹത്തിനാക്കം പകര്‍ന്നവള്‍
എന്‍ മനോദു:ഖത്തിനത്താണിയായവള്‍
എന്‍റെ സംഘര്‍ഷത്തിലാശ്വാസമായവള്‍
ബാലമനസ്സിന്‍റെ വിങ്ങുന്ന വേദന –
യാറ്റിത്തരുന്നൊരു ജ്യേഷ്ടസാമീപ്യമായ്
വെയിലേറ്റു തീനാളമുള്ളിലും പേറി ഞാന്‍
കദനം വിളമ്പുവാനെത്തുന്ന നേരത്ത്
തേന്‍ പുരട്ടീടുന്നു അഗ്നിനാമ്പേറ്റിടം,
പുഞ്ചിരിത്തേന്‍കണമിറ്റുന്ന വാക്കിനാല്‍
നെഞ്ചില്‍ തറയ്ക്കുന്ന കൂരമ്പുമായി ഞാന്‍
ഓടിയോടിത്തളര്‍ന്നെത്തുന്നതൂരുവാന്‍
സ്നേഹനീരിറ്റുന്നു മുറിവായിലൊക്കെയും
മാറോടു ചേര്‍ക്കുന്നു പരിരംഭണങ്ങളാല്‍
സാരമില്ലിന്നൊരു നൊമ്പരം താങ്ങിയാല്‍
കാതങ്ങള്‍ താണ്ടിടാന്‍ ശക്തയായ്ത്തീര്‍ന്നിടും
ബാലിശമാണുനിന്‍ വീക്ഷണമൊക്കെയും
കാണുന്നതില്ല നീ കാഠിന്യ ജീവിതം
ക്ഷേത്രാങ്കണത്തില്‍ ഞാന്‍ കാണുന്നു ചാരത്ത്
വിവശനാമവളുടെ തനയനെ പുണ്യമായ്
വിടചൊല്ലിയമ്മയെന്നാദ്യത്തെ വൃത്താന്തം
ആര്‍ത്തലച്ചലതല്ലി ഹൃദയത്തില്‍ സാഗരം
തരുശാഖ കനിയുന്ന ശീതളച്ഛായയില്‍
സങ്കടം തീര്‍ക്കുവാന്‍ പാരം പണിഞ്ഞവന്‍
എന്നുള്ളിലിറ്റിച്ചു പുഞ്ചിരിപ്പൂക്കളാ-
ലമ്മ നല്‍കിപ്പോയ സൌഹൃദത്തേന്‍കണം