ജോണ്‍സണ്‍ ചെറിയാന്‍.
കൊച്ചി: പള്‍സര്‍ സുനി ജയിലില്‍നിന്നു ദിലീപിനയച്ച കത്തെഴുതിയത് വിപിന്‍ലാല്‍ ആണെന്ന് സഹതടവുകാരനായിരുന്ന ജിന്‍സണ്‍. കത്തു പുറത്തേക്കു കടത്തിയതിന്റെയും മൊബൈല്‍ ഫോണ്‍ ജയിലിനുള്ളിലേക്കു കടത്തിയതിന്റെയും വിശദാംശങ്ങള്‍ ജിന്‍സണ്‍ വെളിപ്പെടുത്തി. ജയില്‍ ഓഫിസിന്റെ മുദ്രപതിപ്പിച്ച പേപ്പറാണ് എഴുതാന്‍ നല്‍കിയതെന്ന് ജിന്‍സണ്‍ പറയുന്നു. എന്നാല്‍ എഴുതിയശേഷം ജയില്‍ അധികൃതര്‍ അറിയാതെ പുറത്തേക്കു കടത്തുകയായിരുന്നു.
ഇങ്ങനെ പുറത്തെത്തിച്ച കത്ത് വിപിന്‍ലാല്‍ മരട് കോടതി പരിസരത്തുവച്ചു വിഷ്ണുവിനു കൈമാറുകയും വിഷ്ണു പിന്നീടു ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കു വാട്സാപ്പില്‍ അയച്ചു കൊടുക്കുകയുമായിരുന്നു. നാദിര്‍ഷയെയും അപ്പുണ്ണിയെയും വിളിക്കാന്‍ സുനില്‍ കുമാര്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ജയിലില്‍ എത്തിച്ചതിനെക്കുറിച്ചും ജിന്‍സണ്‍ പറയുന്നുണ്ട്. ഈ മൊബൈല്‍ ഫോണിന്റെ നമ്ബര്‍ അടക്കം വിവരങ്ങള്‍ ജിന്‍സണാണു പൊലീസിനു നല്‍കിയത്. തന്നെ വിളിപ്പിക്കുമെന്നും ഗൂഡാലോചനയുടെ അന്വേഷണത്തിനായി പൊലീസ് തയാറെടുത്തു കഴിഞ്ഞിരുന്നുവെന്നും ജിന്‍സണ്‍ മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി.