ജോണ്‍സണ്‍ ചെറിയാന്‍.
പൂണെ: വാഹനമിടിച്ചുവീണ യുവാവിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് രക്തം വാര്‍ന്ന് മരണപ്പെട്ടു. കഴിഞ്ഞദിവസം പൂണെ ഇന്ദ്രായണി കോര്‍ണറിലാണ് ഞെട്ടിക്കുന്ന സംഭവം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യുവാവ് അജ്ഞാത വാഹനമിടിച്ചുവീണ് മുപ്പത് മിനിറ്റോളം റോഡില്‍ കിടന്ന് മരിച്ചത്.
പൂണെയില്‍ ഐടി കമ്ബനിയില്‍ ജോലി ചെയ്യുകയായിരുന്ന സതീഷ് പ്രഭാകര്‍(25) ആണ് മരിച്ചത്. സുഹൃത്തുക്കളെ സന്ദര്‍ശിച്ചശേഷം വീട്ടിലേക്ക് മടങ്ങവെയാണ് സതീഷിന് അപകടമുണ്ടായത്. അപകടമുണ്ടായശേഷം യുവാവിനെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം സമീപത്തുണ്ടായിരുന്നവര്‍ ചിത്രമെടുക്കാനും വീഡിയോ പകര്‍ത്താനുമാണ് ശ്രമിച്ചത്. അതുവഴിവന്ന ഡോ. കീര്‍ത്തിരാജ് ആണ് യുവാവിനെ വഴിയരികില്‍ നിന്നും ആശുപത്രിയിലെത്തിച്ചത്.
പ്രാഥമിക ശുശ്രൂഷ നടത്തിയ അദ്ദേഹം യുവാവിനെ ഒരു ഓട്ടോയില്‍ കയറ്റി ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമിത രക്തസ്രാവത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഓട്ടോ റിക്ഷയില്‍ കേവലം 15 മിനിറ്റുമാത്രം സഞ്ചരിച്ചാല്‍ ആശുപത്രിയിലെത്താമെന്നിരിക്കെ 30 മിനിറ്റോളം വഴിയില്‍ കിടന്നതാണ് മരണത്തിനിടയാക്കിയതെന്ന് ഡോക്ടര്‍ പറഞ്ഞു. യുവാവിനെ ഇടിച്ചുവീഴ്ത്തിയ വാഹനം ഏതാണെന്ന് കണ്ടെത്തിയില്ല. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.