ജോണ്‍സണ്‍ ചെറിയാന്‍.
പത്തനംതിട്ട: ജില്ലയില്‍ കാമുകന്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോയ്മ്പത്തൂരിലെ ആശുപത്രിയില്‍ വച്ചാണ് പെണ്‍കുട്ടി മരിച്ചത്. പത്തനംതിട്ട പൊലീസ് കോയന്പത്തൂരിലെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം കൊണ്ടുവരും. പെണ്‍കുട്ടിയെ ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. പൊള്ളലിന് വിദഗ്ദ ചികിത്സ നല്‍കുന്നതിന് വേണ്ടിയാണ് കോയ്മ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ കടമ്മനിട്ട തെക്കുംപറമ്ബില്‍ സജിലിനെ (20) നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിരുന്നു. ഇനി അത് കൊലക്കുറ്റത്തിനുള്ള കേസായി മാറ്റും.
ഈ മാസം 14ന് വൈകിട്ട് ആറരയോടെയാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയെ സജില്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന വീട്. പെണ്‍കുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് അവിടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം കഴിയുന്നത്. ആ വീട്ടിലായിരുന്ന പെണ്‍കുട്ടിയെ സജില്‍ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും വഴക്കിട്ട ശേഷം സജില്‍ പുറത്തേക്കു പോയി. പിന്നീട് ഒരു കുപ്പിയില്‍ പെട്രോളുമായി വന്ന് വീടിനകത്തും പെണ്‍കുട്ടിയുടെ ദേഹത്തും ഒഴിച്ചു.
സജിലിന്റെ ദേഹത്തും പെട്രോള്‍ വീണു. തീ കൊളുത്തിയതോടെ പെണ്‍കുട്ടി അലറി വിളിച്ച് മുറിയിലൂടെ പിന്നിലേക്കോടി. ഇൗ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാള്‍ വീട്ടുമുറ്റത്തെ വാഴകള്‍ക്കിടയില്‍ കിടന്നുരുണ്ട് തീയണച്ച ശേഷം ഒാടി രക്ഷപ്പെടുകയായിരുന്നു. പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. ഇരുവരും ഏറെനാള്‍ പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പെണ്‍കുട്ടി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തിലാണ് യുവാവ് കൃത്യം ചെയ്തത്.