കവിത. (Street Light fb group)
പേടിച്ചും നാണിച്ചുമാണ് കാക്കപ്പൂവ്
നാട്ടുവഴിയിൽ വിരിഞ്ഞത് !
കൗതുകം കണ്ണിൽ കവിതയായ് വിരിയുമ്പോഴാണ്
പൂങ്കാറ്റ് കിന്നാരം ചൊല്ലി അരികെ നിന്നത് !
കാക്കപ്പൂവിൻെറ കുറുമ്പ് മൊഴിയിൽ
വാശി കയറിയപ്പോഴാണ്
പൂങ്കാറ്റൊരു തെമ്മാടിക്കാറ്റായതും
അവളെ ആകെയുലച്ചൊരു ചുംബനം
അധരത്തിൽ ബലമായി പതിച്ച് വച്ചതും!
ഭയവും പരിഭ്രമവും ഒരു ചുഴിയായവളെ
വട്ടം ചുഴറ്റിയപ്പോഴാണ്
പൂങ്കാറ്റിനെ തന്നിൽ നിന്നുമവൾ
അവൾ പോലുമറിയാതെ
തള്ളിയകറ്റിയതും
കൺകോണിൽ നീർ നിറഞ്ഞതും
കവിളിൽ പരിഭവം പൂത്തതും!
നാളുകൾക്കിപ്പുറം കാട്ടുചോലയിൽ
കണ്ണാടി നോക്കുമ്പോൾ
പൂങ്കാറ്റിൻ ചുംബനമധുരം
കാക്കപ്പൂവിൻ കണ്ണിൽ
പൂത്തിരി കത്തിക്കാറുണ്ടത്രേ !
കവിളിൽ തിരയിളക്കുന്ന
നാണച്ചോപ്പ് കൊണ്ടവൾ
ആരോരും കാണാതെ
അരുമയായൊരു പൊട്ട് വച്ച്
പൂങ്കാറ്റ് അരികിൽ വരുന്നത്
കാത്ത് നിൽക്കാറുണ്ട് പോലും !