താഹാ ജമാൽ.
മുറിവേറ്റ ഒരു കടൽ
എന്നിലേക്കോടി വരുന്നു
ഉപ്പു കാറ്റിലാറാടിയ മണൽത്തരിക്ക്
അറിയില്ലായിരുന്നു
എനിക്ക് നിന്നോട് പ്രണയമായിരുന്നെന്ന്
കാമമായിരുന്നെന്ന്
നക്ഷത്രം
ആകാശത്തെ പ്രകാശിപ്പിക്കുന്ന രാത്രി
ഞാൻ നിന്നിലേക്ക് വിളക്കണച്ചു
വൈദ്യുതാലിംഗനത്തിന്റെ
വജ്രശോഭയിൽ ഇരുട്ടിന്റെ കൈകൾക്ക്
ആർത്തിയായിരുന്നു
മൗനം കൊടുമ്പിരിക്കൊണ്ട്
തുള്ളികൾഊർന്ന് വിഴുമ്പോഴും
കാറ്റെന്റെ കൺവെട്ടത്തിരുന്ന് മുഖം മിനുക്കുന്ന
യാഥാസ്ഥികനായ തുന്നൽപ്പണിക്കാരനെ പോലെ
സൂര്യൻ പതിവുപോലെ ചിരിച്ചു
ചരിത്രത്തിന്റെ മൃഗയാവിനോദങ്ങൾക്കിടയിൽ
യേശുവിന്റെ കുരിശ് ആരോ മോഷ്ടിച്ചെടുത്തു
ശൂലത്താൽ കുത്തിയെടുത്ത ഭ്രൂണത്തിന്റെ നിലവിളി
എന്റെ ചെവികൾ കൊട്ടിയടച്ചു
കാഴ്ചയുടെ തടവിൽ വന്ധ്യംകരിച്ച വാത്സല്യങ്ങൾ
എണിറ്റ് വന്ന് എന്റെ മുലപ്പാലെവിടെന്ന്
ഉറക്കെ അട്ടഹസിക്കുന്നു
തെരുവിൽ ഒരു ഭ്രാന്ത്രി സ്വന്തം മുലകുടിക്കുന്നു
എല്ലാവരുടെയും കണ്ണിൽ ഭയമായിരുന്നു
ഇരുട്ട് കണ്ണിലൊഴിച്ച് അന്ധതയെ
വെട്ടിപ്പരുക്കേൽപ്പിക്കുന്ന കണ്ണുകൾ
അലർച്ചയോട് ഒച്ചകൾ വിഴുങ്ങുന്നു
ഉദാസീന ഭാവത്തിൽ തെരുവിലൊരുപട്ടി
റോഡിൽ പെറ്റിട്ട കുഞ്ഞുങ്ങളെ നക്കുന്നു
വിട്ടുവീഴ്ചയില്ലാത്ത മനോഭാവവുമായി
കരിഞ്ഞ സൂര്യൻ പ്രഭാതങ്ങളെ
പ്രാപിച്ചു കൊണ്ടേയിരുന്നു
– – – – – – – – – – – – – – – – – – – – – – – – – –