ജോണ്‍സണ്‍ ചെറിയാന്‍.
തിരുവനന്തപുരം: ബിഎസ്‌എന്‍എല്‍ മൊബൈല്‍ നമ്പറുകളും ആധാറും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. കോര്‍പ്പറേറ്റ് കണക്ഷനുകളല്ലാത്ത പോസ്റ്റ് പെയ്ഡ്, പ്രീപെയ്ഡ് കണക്ഷനുകളാണ് ആദ്യഘട്ടത്തില്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്. ബിഎസ്‌എന്‍എല്‍ അംഗീകൃത ഏജന്‍സികള്‍, കസ്റ്റമര്‍ സര്‍വീസ് സെന്റുകള്‍ എന്നിവിടങ്ങളിലാണ് ആധാര്‍ വേരിഫിക്കേഷനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ബിഎസ്‌എന്‍എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഡോ പി ടി മാത്യൂവാണ് ഇക്കാര്യം അറിയിച്ചത്.
ബയോമെട്രിക് ഫിംഗര്‍ പ്രിന്റ് സ്കാനറിന്റെ സഹായത്തോടെയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്.ആധാറുമായി ബിഎസ്‌എന്‍എല്‍ നമ്പര്‍ ബന്ധിപ്പിക്കുന്നതിന് ബന്ധിപ്പിക്കേണ്ട മൊബൈല്‍ ഫോണും ആധാര്‍ കാര്‍ഡുമായി അംഗീകൃത ഏജന്‍സികള്‍, കസ്റ്റമര്‍ സര്‍വീസ് സെന്റുകള്‍ എന്നിവിടങ്ങളിലെത്തുകയാണ് വേണ്ടത്. ആധാറുമായി ബന്ധിപ്പിക്കുന്നതോടെ ഫോണിലേയ്ക്ക് ഒരു ഒടിപിയും ലഭിക്കും. പ്രവൃത്തി ദിവസങ്ങള്‍ക്ക് പുറമേ അവധി ദിവസങ്ങളിലും ഈ സേവനം ലഭ്യമാക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ട്.
ഇത്തരത്തില്‍ അനുവദിച്ച സമയത്തിനുള്ളില്‍ ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കാനാണ് ടെലികോം വകുപ്പിന്റെ നിര്‍ദേശം.2018 ജനുവരി 31 നകം മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണ് ബിഎസ്‌എന്‍എല്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.