രശ്മി.
പ്രഭ നിറഞ്ഞ കിനാക്കളിൽ നിന്നും
ഒറ്റ ജനൽ മുറിയിലെ
അരണ്ട മഞ്ഞ വെളിച്ചത്തിന്റെ
വിറങ്ങലിപ്പിലേക്ക്
അത്രയൊന്നും അകലമുണ്ടായിരുന്നില്ല.
പ്യൂപ്പ പൊട്ടി വിരിഞ്ഞ
മോഹങ്ങളുടെ ചിറകിലേറി
വിളിക്കാതെ വന്ന
വിരുന്നുകാരിയായി ഞാൻ
നിന്നിലേക്ക് പടി കയറി –
അന്ന് നീയൊരു ഗഗനമായിരുന്നു.
മഴക്കാറുകൾ നിറഞ്ഞു നിന്ന
പെയ്തൊഴിയാത്ത സ്നേഹത്തിന്റ
കാവൽക്കാരൻ
ഇന്നീ അരണ്ട വെളിച്ചത്തിൽ
എനിക്കറിയാം നിന്നെ
വെളുത്ത് മെല്ലിച്ച്
പിന്നിലേക്കോടുന്ന
ഒരു പാഴ് നിലാവ്.
ഇല പൊഴിഞ്ഞു തീർന്ന
മരച്ചില്ലകളിൽ വീണ
മഞ്ഞ് തുള്ളി പോലെ
എന്നിലെ ആരവങ്ങൾക്ക്
ചിറക് തളർന്നു പോയി
ഇരുളടഞ്ഞ മഴ മേലങ്ങളിൽ
കനിവിന്റെ കാതൽ തിരഞ്ഞത്
നല്ല ഓർമ്മയുണ്ട്.
നിശാഗന്ധിയുടെ തണുത്ത
കരങ്ങൾ
എന്നെ സ്പർശിക്കുന്നതും
ഞാനറിഞ്ഞിരുന്നു
അതിനിടയിലെപ്പോഴോ
ആയിരിക്കാം
എനിക്ക് നിന്നെ
നഷ്ടമായത്.
ഇപ്പോഴെന്റെ ചിതലരിച്ച
ഓർമ്മ പുസ്തകത്തിൽ
ഒച്ചിഴയുന്നുണ്ട്.
നിന്റെ ഗന്ധവും പേറി .
മിന്നാമിനുങ്ങ് ചിറകടിച്ചിരുന്ന
എന്റെ കണ്ണുകളിൽ
ചിതയെരിയുന്നുണ്ട്
ഏതോ പാഴ്കിനാവിന്റെ .
ഞരമ്പുകളിലൂടെ തീ തുപ്പിക്കൊണ്ട് പായുന്ന
തീവണ്ടികൾക്ക്
കാലൻകോഴിയുടെ കൂവലാണ്.
കറുത്ത രണ്ട് ചിറകുകൾ
ജനലരികിലിരിപ്പുണ്ട്
തിരയില്ലാത്ത കടലാഴങ്ങളിലേക്ക്
വലിച്ചെറിയപ്പെടുന്നതും
കാത്ത് കാത്തങ്ങനെ