ഷിജി അനുപ്. (Street Light fb group)
ആരോ വികൃതമാക്കി
ഒറ്റപ്പെടുത്തിയ അക്ഷരങ്ങൾ
പൂത്തുലയുന്നവൻകരകളെ
നിരാശയുടെ ചെറുതുരുത്തുകളാക്കി മാറ്റുന്നു
കൂട്ടംതെറ്റി പറന്നിറങ്ങുന്ന ചെറുകിളികൾ
കരിഞ്ഞുണങ്ങിയ ചില്ലകൾക്ക് മേൽ ഇരിപ്പുറപ്പിക്കവെ
മഴമുകിലുകൾ വഴിമാറിപോകുന്ന തുരുത്തിനുള്ളിൽ
പാതിയിൽ ഒഴുക്കു നിലച്ചു വരണ്ടുപോയ
നദിയുടെ അടയാളം മാത്രം
വേറിട്ടൊഴുകുന്നൊരു ചെറുനീരുറവ
മുഴച്ചു നിൽക്കുന്ന ആശയങ്ങളുടെ
മലയടിവാരങ്ങളിൽ
സംസ്ക്കാരത്തിന്റെ നനവ് തേടുന്നു
പ്രാണവായു കാറ്റിന്റെ കരുണയാണ്
എന്നിട്ടും,
പറന്നകലാതെയാ കിളികൾ
വിശാലമായ ആകാശത്തെ മറക്കുമ്പോൾ
എന്തിനോ വേണ്ടിയാ ചില്ലയിലെ
അക്ഷര തുരുത്തുകളിൽ
വാക്കുകളുടെ മരണശയ്യയിൽ നിന്നും
വാക്ദേവതയുടെ നിലവിളികളുയരുന്നു