ശാരിക ദാസ്.
ഋതുവിന്റെ വാർമേഘ തേരിലേറി പ്രിയസഖി വർഷിണി വന്നണഞ്ഞു
ധരയുടെ മാറിതിൽ വന്നിറങ്ങി
വരളും തനു തന്റെ ദാഹം തീർത്തു…
മാനത്തെ മാരിവിൽ കാന്തി കണ്ട് കേകികൾ പീലി വിരിച്ചുവല്ലോ ആൺമയിൽ തന്നിണച്ചന്തത്തിനൊപ്പമായ് ആനന്ദ നർത്തനമാടിയല്ലോ…
കോകില കൂജനം കേട്ടുണർന്നരുമയാം അവനി തന്നങ്കണം രാഗ സാന്ദ്രം
പുതുമണ്ണിൻ മായിക ഗന്ധമേറ്റ് പുതുനാമ്പുകളൊന്നൊന്നായ് കൺതുറന്നു…
ഇലകളിൽ നിന്നിറ്റു നീർകണങ്ങൾ മുത്തു പോൽ മിന്നി തിളങ്ങി നിന്നു
എങ്ങും മനോജ്ഞമാം ഹരിതമോടെ ധരണിയോ പട്ടുടയാട ചാർത്തി…
വർഷാംബു കൈകളിലേന്തിയ കാറ്റേറ്റു വൃക്ഷലതാദികൾ ചാഞ്ചാടുന്നു
അവളുടെ കുളിരോലും ഓമൽത്തലോടലിൽ തളിരില പുളകിതയായിടുന്നു…
മിന്നൽപിണരിൻ വെളിച്ചത്തിന്നൊപ്പമായ്
മേഘത്തിൻ ഗർജനതാളമോടെ തുള്ളിക്കൊരു കുമ്പിൾ സ്നേഹത്തിൻ ചോരലായ് വർഷിണിയാരവം തീർത്തിടുന്നു…
ഊഴിതന്നുരുകുന്ന അന്തരാത്മാവിലെ അഗ്നിസ്ഫുലിംഗമണച്ചീടുന്നു പ്രണയാർദ്രമാം മൃദുകൈകളാലെ അമൃതവർഷിണി രാഗംപോലെ…