ബിനോയി കിഴക്കനടി (പി. ആർ. ഒ.).
ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ ഫൊറോനാ പള്ളിയിലെ പ്രധാന തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അറിയിക്കുന്നു. ഇടവക മദ്ധ്യസ്ഥനായ ഈശോയുടെ തിരുഹൃദയത്തിന്റെ സ്തുതിക്കായുള്ള ഈ തിരുന്നാൾ ജൂൺ 9 മുതൽ 11 വരെയാണ് ഭക്തിപൂർവം ആഘോഷിക്കുന്നത്.
ജൂൺ 9, വെള്ളി വൈകുന്നേരം 6:30 ന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശ്ശേരിൽ കൊടിയേറ്റുന്നതോടെ തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യകാർമ്മികനും, വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത്, രൂപതാ പ്രൊക്യൂറേറ്റര്‍ റെവ. ഫാ. ജോർജ് മാളീയേക്കൽ എന്നിവർ സഹകാർമ്മികരുമായിരിക്കും. മാർ. ജോസഫ് പണ്ടാരശ്ശേരിൽ പിതാവ് തിരുന്നാൾ സന്ദേശം നൽകും. ഇതേ തുടർന്ന് മതബോധന സ്കൂൾ കലോത്സവം ഉണ്ടായിരിക്കും.
ജൂൺ 10, ശനി വൈകുന്നേരം 5:30 ന് തുടങ്ങുന്ന പാട്ടുകുര്‍ബ്ബാന, പ്രസുദേന്തി വാഴ്ച, കപ്ലോൻ വാഴ്ച എന്നീ തിരുക്കർമ്മങ്ങൾക്കുശേഷം, സേക്രഡ് ഹാർട്ട് കൂടാരയോഗങ്ങളും, സെന്റ് മേരീസ് ഇടവകയും അവതരിപ്പിക്കുന്ന കലാസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്. വികാരി ജനറാളും സെന്റ് മേരീസ് ക്നാനായ ഇടവക വികാരിയുമായ മോൺ. തോമസ് മുളവനാൽ മുഖ്യകാർമ്മികനും റെവ. ഫാ. എബ്രാഹം മുത്തോലത്ത്, അസി. വികാരി റവ. ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികരുമാകുന്ന വിശുദ്ധ കുര്‍ബ്ബാനയിൽ, സെന്റ് മേരീസ് ഗായകസംഘമാണ് ആത്മീയഗാന ശുശ്രൂഷകൾ നയിക്കുന്നത്. ഫാ. ബോബൻ വട്ടംപുറത്ത് വചന സന്ദേശം നൽകും.
പ്രധാന തിരുനാൾ ദിവസമായ ജൂൺ 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മുതൽ ആരഭിക്കുന്ന ആഘോഷമായ തിരുന്നാള്‍ റാസ കുർബാനക്ക്, ഡിട്രോയിട്ട് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ഇടവക വികാരി റെവ. ഫാ. ഫിലിപ്പ് രാമച്ചനാട്ട് മുഖ്യകാർമ്മികത്വം വഹിക്കുകയും, രൂപതാ ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത് എന്നിവർ സഹകാർമ്മികത്വം വഹിക്കുകയും ചെയ്യും. ഫാ. ജോണിക്കുട്ടി പുലിശ്ശേരി സന്ദേശം നൽകും. സജി മാലിത്തുരുത്തേലിന്റെ നേത്യുത്വത്തിലുള്ള സേക്രഡ് ഹാർട്ട് ഗായകസംഘം ഗാനശുശ്രൂഷകൾ നിർവഹിക്കും. തുടർന്നുള്ള വർണ്ണപകിട്ടാർന്ന തിരുന്നാള്‍ പ്രദക്ഷിണത്തിന് ഷിക്കാഗോ സീറോ മലങ്കര കത്തോലിക്ക ഇടവക വികാരി റവ. ഫാ. ബാബു മഠത്തിപറമ്പിൽ നേത്യുത്വം നൽകുന്നതായിരിക്കും.
മാത്യു & റെജി ഇടിയാലിൽ, അവരുടെ മക്കളായ ജിതിൻ, മെറിൽ & മാത്തുക്കുട്ടി എന്നിവരാണ് ഈ തിരുനാളിന്റെ പ്രസുദേന്തിമാർ. തിരുക്കര്‍മ്മങ്ങളില്‍ പെങ്കടുത്ത്, ഈശോയുടെ തിരുഹ്യദയത്തിന്റെ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഫൊറോനാ വികാരി ഫാ. എബ്രാഹം മുത്തോലത്ത്, ഫാ. ബോബൻ വട്ടംപുറത്ത്, പ്രസുദേന്തിമാർ, എക്സ്സിക്കൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ (ട്രസ്റ്റി കോഡിനേറ്റർ), ട്രസ്റ്റിമാരായ മാത്യു ഇടിയാലിൽ, സഖറിയ ചേലക്കൽ, മാത്യു ചെമ്മലക്കുഴി, സെക്രട്ടറി ടോണി പുല്ലാപ്പള്ളി, ട്രഷറർ സണ്ണി മുത്തോലത്ത്, പി. ആർ. ഒ. ബിനോയി കിഴക്കനടി എന്നിവര്‍ ചേർന്ന് തിരുഹൃദയ ദൈവാലയത്തിലേക്ക് സാദരം ക്ഷണിക്കുന്നു.