ദീപ ഡേവിഡ്. (Street Light fb group)
സാമൂഹ്യ സേവനം ഒരു നല്ല കാര്യം ആണ്. പക്ഷെ തിരഞ്ഞെടുപ്പ് ആണ് അതിന്റെ മാനദണ്ഡം. നിങ്ങള്‍ എന്ത് സാമൂഹ്യ സേവനം ചെയ്യണം എന്ന് തിരഞ്ഞെടുക്കാന്‍ ഉള്ള കഴിവില്ലെങ്കില്‍ അതത്ര എളുപ്പം അല്ല. ഒരു വലിയ കാശുകാരിയും വലിയ മനസുകാരിയും ആയിരുന്നു ഞാന്‍ എങ്കില്‍ എനിക്ക് കുറച്ചു പൈസയോ മറ്റോ ദാനം ചെയ്യാമായിരുന്നു പിന്നെ വല്ല കറുത്ത മെല്ലിച്ച കുട്ടികള്‍ക്ക് സ്കൂള്‍ പുസ്തകമോ മറ്റോ ഫ്രീ ആയി നല്‍കി ഒരു ചിത്രം എടുത്ത് ഫെസ്ബൂകില്‍ ഇട്ടു കുറച്ചു പ്രശസ്ത ആകാമായിരുന്നു. പക്ഷെ കിട്ടുന്ന കാശിനു നല്ല ഒരു ചുരിദാര്‍ പോലും വാങ്ങാന്‍ കാശു ഇല്ലാത്ത കാലത്താണ് എനിക്ക് സാമൂഹ്യ സേവനം ചെയ്യാന്‍ തോന്നിയത്. കാശിന്റെ കാര്യം പോട്ടെന്നു വെച്ചാലും വലിയ മനസുകാരി ആണല്ലോ എന്ന് കരുതി സമാധാനിക്കാമോ? അതിനും കഴിയില്ല.
മാസം അവസാനം മിക്ക ദിവസവും ഒരു നേരവും പിന്നെ ആഴ്ചയില്‍ ഒരു ദിവസവും വെള്ളം മാത്രം കുടിച്ചു ജീവിക്കുന്നത് സെക്സി അഴകളവുകള്‍ സ്വന്തമാക്കാന്‍ ആണെന്ന് പരസ്പരം പറഞ്ഞു ഞങ്ങള്‍ പെണ്‍കുട്ടികള്‍ സമാധാനിപ്പിക്കും എങ്കിലും സംഗതി ഏതെങ്കിലും കടയിലെ ഡിസ്പ്ലേ സ്ടാണ്ടിലെ പുതിയ ചുരിദാര്‍ അല്ലെങ്കില്‍ സാന്‍ഡല്‍സ് നമ്മുടെ അലമാരയിലെക് വരുന്നതിനുള്ള ഓരോരോ ചവിട്ടു പടികള്‍ ആണ്. ആ സമയത്ത് ഒക്കെ സ്വന്തം വീട്ടില്‍ നിന്ന് ജോലിക്ക് പോകുന്നവരെ അസൂയയോടെ നോക്കും. ഭൂമിയില്‍ ഭാഗ്യവാന്മാരും ഭാഗ്യവതികളും അവരാണ്.
ജീവകാരുണ്യം സത്യത്തില്‍ അഹംകാരം ആണ്. എനിക്ക് അത് അംഗീകരിച്ചു തരാന്‍ ഒരു മടിയും ഇല്ല. എന്റെ ഈഗോയെ തൃപ്തി പെടുത്താന്‍ വേണ്ടിതന്നെ ആണ് ഞാന്‍ അതിനു പോയിട്ടുള്ളത്. ലോക ജനതയുടെ വിഷമതകള്‍ ഒക്കെ ഇട്ടു മൂടിവെച്ചു ഞാന്‍ എങ്ങനെ പുഞ്ചിരിചാലും അതങ്ങനെ തന്നെ ആണ് നോക്കണേ ദൈവ വിധി.
അങ്ങനെ തെരുവിലെ കുട്ടികള്‍ക്ക് കണക്ക് പഠിപ്പിച്ചും അവരുടെ അമ്മമാര്‍ ഉണ്ടാക്കി വില്‍ക്കുന്ന മെഴുകുതിരികളുടെ കണക്കു നോക്കിയും കഴിയുന്ന കാലം. ഇതൊക്കെ ഫ്രീ ആയി ആണ് ചെയ്യുന്നത്. എന്നേക്കാള്‍ ദരിദ്രരായ അവരുടെ കൂടെ ആയിരിക്കുമ്പോള്‍ എന്തൊക്ക സഹായം ഞാന്‍ അവര്‍ക്ക് സൌജന്യമായി ചെയ്തു കൊടുത്താലും. ഞാന്‍ കുറേകൂടി ഭേദം ആണെന്ന് ഒരു തോന്നല്‍ എനിക്ക് ഉണ്ടാകുമല്ലോ അതിനു പകരം ആവില്ല. അങ്ങനെ നോകിയാല്‍ ആത്മാവില്‍ ദരിദ്ര ആയ എന്നോട് കാരുണ്യം കാണിച്ചത് അവരൊക്കെ ആണ്.അതും സൌജന്യമായിട്ടും അല്ല. അവരുടെ വീടും സ്ഥലവും ഭക്ഷണവും ഒക്കെ എനിക്കുകൂടി പങ്കു വെച്ചിട്ടാണ്.
അങ്ങനെ ഒരു പുതിയ ഫാഷന്‍ ചുരിദാര്‍ എന്റെ ഷെല്‍ഫിലേക്ക് ഏതാണ്ട് പാതി ദൂരം വന്ന ഒരു കാലം. അന്നാണ് ഞങ്ങളുടെ കോ ഓഡിനേറ്റര്‍ പറയുന്നത് കുറച്ചു ചിത്രങ്ങള്‍ വേണമെന്ന്. എന്റെ കയ്യില്‍ അന്നൊരു സ്റ്റില്‍ ക്യാമറ ഉണ്ട്. അതിനെക്കുറിച്ച് പറഞ്ഞാല്‍ ഒരുപാട് ഉണ്ട്. മദ്രാസില്‍ ഒരു ഗെ ലെസ്ബിയന്‍ കംമ്യുനിട്ടി ഉണ്ട്. അവിടെ ഗ്ലാസ് പെയിന്റിംഗ് പോലെ ചില കുടില്‍ വ്യവസായം ഒക്കെ ചെയ്യും. അതിന്റെ കുറെചിത്രങ്ങള്‍ എടുത്തുകൊണ്ടു വരണം. ഇവിടെയാണ് ഞാന്‍ ആദ്യമേ പറഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രശ്നം വരുന്നത്. എനിക്ക് ഇതില്‍ തിരഞ്ഞെടുപ്പ് അധികമില്ല, ഇത് പറ്റില്ല എന്ന് എന്നും പറയാന്‍ കഴിയില്ല. പിന്നെ എല്ലാം തികഞ്ഞവരുടെ ഭാഷയില്‍ പറഞ്ഞാല്‍ എന്തെകിലും കുറഞ്ഞവര്‍ക്ക് ആണല്ലോ സഹായങ്ങള്‍ വേണ്ടത്.
ഞാന്‍ വിറച്ചു വിറച്ചു അവരെ ഫോണ്‍ വിളിച്ചു. അവര്‍ ഏതു ദിവസം പറഞ്ഞാലും എനിക്ക് കഴിയില്ല ബിസിയാണ് എന്ന് പറയണം എന്ന് ആണ് എന്റെ ഉദേശ്യം. ഒരു ജീവ കാരുണ്യ പ്രവര്‍ത്തക ഇങ്ങനെ ഒക്കെ ചെയ്യുമോ എന്ന് ശുദ്ധഗതി കൊണ്ട് നിങ്ങള്‍ വിചാരിച്ചുപോയാല്‍ ആടറിയുമോ അങ്ങാടി വാണിഭം എന്ന് മാത്രമേ പറയാന്‍ ഉള്ളു
ആദ്യമേ ഞാന്‍ സംഗതി ബിസി ആണെന്ന് പറഞ്ഞു എങ്കിലും എനിക്ക് അവിടെ പോകേണ്ടി വന്നു.
ഒരു ലസ്ബിയന്‍ എന്ന് പറയുന്നത് സ്ത്രീ രൂപം ധരിച്ച ഒരു റേപ്പിസ്റ്റ് എന്നാണ് ഞാന്‍ അറിഞ്ഞിട്ടുള്ളത്, ഒരു നോട്ടം കൊണ്ട് പോലും നിങ്ങളുടെ ശരീര അളവുകള്‍ അറിയുകയും ഭോഗിക്കുകയം ചെയ്യുന്ന ഒരു കൂട്ടം. ഗെ യെ കുറിച്ചും ഇത് തന്നെ കരുതാം.പാവം പുരുഷന്മാര്‍ ഇങ്ങനെ ഒക്കെ ചിന്തിച്ചു എന്റെ ഒരു ചലനം പോലും പ്രചോദനം ഉണ്ടാക്കരുത് എന്ന് മനസ്സില്‍ തീരുമാനിച്ചു അതിനായി നടപ്പിന്റെ സ്റ്റൈല്‍ പോലും പരിഷ്കരിച്ചു കൊണ്ടാണ് ഞാന്‍ അവിടെ എത്തിയത്. കര്‍ട്ടന്റെ മറവിലോ മറ്റോ അപ്രതീക്ഷിതമായി എന്തെകിലും കണ്ടാല്‍ പോലും പതറരുത് എന്ന് മനസ്സില്‍ കരുതിയാണ് ഞാന്‍ അവിടെ ചെല്ലുന്നത്. ഒരു ച്ചെറിയ പരിചയപെടുത്തല്‍. ഉടന്‍ തന്നെ ഞാന്‍ എന്റെ ക്യാമറ എടുത്തു മുഖത്തിന് മേലെ വെച്ച്. ഭയങ്കര ഫോട്ടോ എടുപ് തുടങ്ങി. അടുത്തടുത്ത രണ്ടു കെട്ടിടങ്ങളില്‍ ആയി ആണ് ഇവര്‍ താമസിക്കുന്നത്. ഞാന്‍ അവരുടെ ആര്‍ട്ട് വര്‍ക്കുകള്‍ കണ്ടില്ല. അടുത്ത് വരുന്ന ഓരോ സ്ത്രീയും അവരുടെ ഓരോ ചേഷ്ടയും എന്നെ വശീകരിക്കുവാന്‍ ആണോ എന്ന് ഞാന്‍ സൂക്ഷിച്ചു. പുരുഷന്‍ പുരുഷനെ മോഹത്തോടെ നോക്കുന്നത് എങ്ങനെ എന്ന് ഞാന്‍ അത്ഭുതപെട്ടു.
കൂട്ടത്തില്‍ മാലിനി ആണ് എന്നെ കൊണ്ട് നടന്നു അതൊക്കെ കാണിക്കുന്നത്. അവര്‍ എന്നെ വിളിച്ചു ഒരു ഇരുണ്ട മുറിയിലേക്ക് കൊണ്ട് പോയി. അവിടെയും ആര്‍ട്ട് വര്‍ക്കുകള്‍ ഉണ്ടത്രേ. എന്നാല്‍ അകത്തേക് കടക്കുംതോറും കിടപ്പ് മുറികളും മുഷിഞ്ഞ അടിവസ്ത്രങ്ങള്‍ തൂക്കിയ സ്റ്റാന്റ്കളും ഒക്കെ കാണാം. കോട്ടയം പുഷ്പനാഥ് പറയുമ്പോലെ ഞാന്‍ അപകടം മണത്തു.
പെട്ടാണ് ആണ് മാലിനി എന്റെ തോളില്‍ കൈ വെച്ചത് ..ഞാന്‍ ഞെട്ടി തിരിഞ്ഞു
“ഇവിടെ ഇരുന്നോളൂ, ഇവിടെയാണ് ബെഡ് റൂം ഒക്കെ. കുട്ടിക്ക് നല്ല പേടി ഉണ്ട് അല്ലെ? അവര്‍ തമിഴില്‍ എന്നോട് ചോദിച്ചു.
ഞാന്‍ എന്റെ ജീവിതത്തില്‍ ഏറ്റവും പരാജയമായ ഒരു ചിരി ചിരിച്ചു.
“ഞങ്ങള്‍ ലെസ്ബിയന്‍ ആയതുകൊണ്ട് കുട്ടിയെ എന്തെകിലും ചെയ്യും എന്ന് പേടിയുണ്ടോ?”
വീണ്ടും അതെ പരാജയ ചിരി
ചില സ്ത്രീകള്‍ക്ക് പുരുഷന്മാരെ ആയിരിക്കും ഇഷ്ടം ചിലര്‍ക്ക് സ്ത്രീകളെ ആണ്. എന്നുവെച്ചു പുരുഷന്മാരെ ഇഷ്ടം ഉള്ള സ്ത്രീകള്‍ എല്ലാ ആണുങ്ങളുടെയും കൂടെ കിടക്കാന്‍ പോകാറുണ്ടോ ?”
“ഇല്ല”
“അതുപോലെ ആണ് സ്ത്രീകളെ ഇഷ്ടം ഉള്ള സ്ത്രീകളും,കാണുന്ന എല്ലാ പെണ്‍കുട്ടികളുടെയും പിന്നാലെ നടക്കല്‍ അല്ല അവരുടെ ജോലി.”
പിന്നെയും അവര്‍ കുറെ ഏറെ പറഞ്ഞു. അവിടെ ഉള്ളവരും.സംഗ്ഗതി തെറ്റ് നമ്മുടെ ഭാഗത്ത് ഉണ്ട്, ഞാന്‍ അത്ര ആലോചിച്ചില്ല ഇതുവരെ.
പക്ഷെ എനിക്ക് പിന്നെ അവിടെ നില്ക്കാന്‍ ഭയം ഒന്നും തോന്നിയില്ല. അതുവരെ ഞാന്‍ കരുതിയത് പോലെ അവര്‍ വേറൊരു മനുഷ്യ വര്‍ഗം അല്ല. നമ്മളൊക്കെ തന്നെ ആണ്. നമ്മളില്‍ ഒരാള്‍ തന്നെ ആണ് അവരും. നമുക്ക് അവരുടെ തിരഞ്ഞെടുപ്പുകള്‍ഇഷ്ടപെടണം എന്നില്ല പക്ഷെ അവരെ വെറുക്കേണ്ടതില്ല
അവിടെവെച്ചാണ് ഞാന്‍ എന്റെ ജീവകാരുണ്യത്തിന്റെ കപടത മനസിലാക്കിയത്. ഞാന്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നല്‍കണം എന്ന് കരുതി. ദരിദ്രരെ ദരിദ്ര അല്ലാത്ത ഞാന്‍ സഹിയിക്കണം എന്ന് കരുതി. പക്ഷെ നാം സഹായിക്കുന്നത് പരസ്പരം ആണ്. മനസിലോ സ്വഭാവത്തില്‍ സ്നേഹത്തിലോ പണതിലോ ഒക്കെ എന്തെകിലും സഹായം വേണ്ടാത്തവര്‍ ആയി ആരുമില്ല. നമുക്ക് ഉള്ളത് നല്‍കുക വേണ്ടത് എടുക്കുക എന്നെ ഉള്ളു.
ഇതൊക്കെ എങ്ങനെ പ്രയോഗത്തില്‍ വരും എന്ന് കരുതുന്നവര്‍ ഉണ്ടാകാം. ഉദാഹരണത്തിന് ജഗന്‍ ഗെ ആണെങ്കിലും നല്ല തയ്യല്‍ക്കാരന്‍ ആയിരുന്നു. പ്രൊഫെഷണല്‍. ഞാന്‍ ആഗ്രഹിച്ച പുതിയ ഫാഷന്‍ ചുരിദാറിനു തുണിയുടെ ചിലവ് കൂടാതെ തയ്യല്‍മെഷീനില്‍ സാധാരണ ചുരിദാര്‍ തയ്ക്കുന്ന ചിലവേ ഉണ്ടായിരുനുള്ളൂ. അവിടെന്നിനും അത് സഞ്ചരിച്ചു എ സി മാളിന്റെ വെള്ളിവെളിച്ചതിന്റെ മുന്നില്‍, വലിയ ഫാഷന്‍ സ്റൊറിലേ ഡിസ്പ്ലേ ബോര്ടിലെക് കയറുമ്പോള്‍ അവനു എന്റെ സ്വപനത്തിന്റെ വിലയാകും. സൌഹൃദത്തിന്റെ മുന്നില്‍ വെള്ളിവെളിച്ചത്തിന് വലിയ സ്ഥാനമില്ല. അതിന്റെ കൂടെ ഉയരുന്ന വിലകള്‍ക്കും. അവിടെ തുണിയുടെയും അദ്ധ്വാനത്തിന്റെയും യഥാര്‍ത്ഥ വിലയെ ഉള്ളു.