വിനോദ് വി ദേവ്. (Street Light fb group)
വേശ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന
നഗരപാതയിലൂടെ
പാതിരാവിന്‍റെ മറപറ്റി
ഞാന്‍ ഒറ്റയ്ക്കു നടന്നു.
നഗരപാതയുടെ ഒടുക്കം
കുന്നിന്‍നെറുകയില്‍
മാലാഖക്കുഞ്ഞുങ്ങള്‍ മാത്രം
പാര്‍ക്കുന്ന ഒരിടമുണ്ട്.
ഒരിക്കല്‍ ഒരു വേശ്യയുടെ
നഗ്നമാറിടത്തിന്‍റെ ചിത്രം
വരച്ചതിന്
ഗോത്രത്തില്‍ നിന്ന് ഒറ്റപ്പെട്ടു
പോയ കലാകാരനാണു ഞാന്‍..
എന്‍റെ സ്വപ്നങ്ങളുടെ തളിര്‍ത്ത
ചില്ലയില്‍
ഒരിക്കല്‍ വെള്ളിച്ചിറകുകള്‍ വെച്ച
ഒരു കുഞ്ഞുമാലാഖ
കുന്നിന്‍നെറുകയില്‍ നിന്ന്
പറന്നുവന്നിരുന്നു.
അവളെനിക്ക് വിശുദ്ധിയുടെ കണ്ണുകളും
സമൃദ്ധിയുടെ ചുംബനവും തന്നു…
എന്നെ കുന്നിന്‍നെറുകയിലേക്കു ക്ഷണിച്ചിട്ട് യാത്രയായി..
അങ്ങനെ വേശ്യകള്‍ തിങ്ങിപ്പാര്‍ക്കുന്ന
നഗരപാതയിലൂടെ ഞാന്‍ ഒറ്റയ്ക്കു നടക്കുന്നു.
പക്ഷെ, പാതിരാനഗരത്തില്‍
വേശ്യകള്‍ ഉണരുന്നതിന് മുന്നേ
കുന്നിന്‍നെറുകയില്‍ എത്തിച്ചേരണം
ഇല്ലെങ്കില്‍, എന്‍റെ സ്വപ്നത്തിനൊപ്പം
മാലാഖക്കുഞ്ഞുങ്ങളും എന്നന്നേക്കുമായി മറഞ്ഞുപോകും.
വേശ്യകള്‍ ഉറങ്ങുമ്പോള്‍ മാത്രമേ
മാലാഖക്കുഞ്ഞുങ്ങള്‍ ജീവിക്കാറുള്ളൂ…
നഗരത്തിന്‍റെ സൂചിമുനപോലെ തുളച്ചു
കയറുന്ന തണുപ്പില്‍
വിയര്‍ത്ത് കുളിച്ച്
ഉന്‍മാദിയെപ്പോലെ ഞാന്‍
നഗരത്തെരുവിലൂടെ ഒാടി..
നിമിഷങ്ങള്‍ക്കകം,
ഒരു തീപ്പാമ്പുപോലെ എവിടെ
നിന്നെത്തിയ വെളിച്ചമാണ്
ഇരുളിനെ കൊത്തിത്തിന്നുന്നത്..
വെളിച്ചത്തിന് പിറകില്‍,
വേശ്യകളുടെ കൂട്ടച്ചിരി..
അങ്ങനെയാണ് സ്വപ്നത്തിലെ
മാലാഖക്കുഞ്ഞിനെ
എനിയ്ക്കു നഷ്ടമായത്..